Monday, March 20, 2017


ടാക്സി സിനിമയല്ല, ഇറാനിലെ ജീവിതം തന്നെ



2010 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ണ് 'ടാക്സി' (ടാക്സി ടെഹറാന്‍ എന്നും പേരുണ്ട്). മതാധിഷ്ടിത ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നോ മതത്തിനെ ധിക്കരിച്ചുവെന്നോ ആരോപിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. അത്തരത്തിലുള്ള ഒരു ശിക്ഷയുടെ ഭാഗമായി 20 ര്‍ഷത്തേക്കു സിനിമ എടുക്കുന്നതില്‍ നിന്നും പനാഹിയെ തടഞ്ഞിരിക്കുന്നു. സിനിമയുടെ തിരക്കഥാഘട്ടം മുതല്‍ അതിന്റെ ഉള്ളടക്കം കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണ് ഇറാനില്‍ നിലവിലുള്ളത്. നിയമത്തിനും ശരീഅത്തിനുമെതിരെ എന്തെങ്കിലും പരോക്ഷമായെങ്കിലും ഉണ്ടെങ്കില്‍ സിനിമയ്ക്കു അനുവാദം ലഭിക്കില്ലെന്നു മാതമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്യും. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതു തന്നെ. തന്റെ മേല്‍ ഭരണകൂടം ചാര്‍ത്തിയ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍, തനിക്കു ലഭ്യമായ ചെറിയ ഇടം പോലും ഉപയുക്തമാക്കി എന്നതിന്റെ സാക്ഷ്യമാണ് 'ടാക്സി' എന്ന സിനിമ.

ചിത്രത്തിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന ടാക്സി കാറിന്റെ ഡ്രൈവറായി അഭിനയിച്ചിരിക്കുന്നത് ജാഫര്‍ പനാഹി തന്നെയാണ്. കാറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച മൂന്നു ക്യാമറകള്‍ ഉപയോഗിച്ച് കാറിനുള്ളിലും പുറത്ത് തെരുവുകളിലും നടക്കുന്ന വ്യത്യസ്ത സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് സിനിമ രൂപപ്പെടിത്തിയിട്ടുള്ളത്. ഈ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ചിട്ടപ്പെടുത്തിയതായിട്ടു പോലും മികച്ച സിനിമയായി ടാക്സി മാറി. സിനിമാ നിര്‍മ്മാണത്തിലെ നിയന്ത്രണങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും സ്വന്തം ശിക്ഷക്കാധാരാമായ വിഷയങ്ങളെപ്പറ്റിയും അധികാരത്തെ കുറിച്ചും സദാചാരം, ധാര്‍മ്മികത എന്നിവയെക്കുറിച്ചുമെല്ലാം സിനിമ പ്രതിപാദിക്കുന്നു. ഷെയര്‍ ടാക്സിയായി ഓടുന്ന കാറില്‍ സ്ത്രീകളും പുരുഷന്മാരും, യുവാക്കളും വൃദ്ധരും, പണക്കാരും പാവപ്പെട്ടവരും, ആധുനികതാവാദികളും യാഥാസ്ഥിതികവാദികളും, വ്യാജ സി.ഡി വില്‍പ്പനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഉള്‍പ്പെടെ പലരും യാത്രക്കാരായി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവര്‍ അഭിനേതാക്കള്‍ ആയിരുന്നോ കേവലം യാത്രക്കാര്‍ മാത്രമാണോ എന്ന കാര്യത്തില്‍ കഴ്ചക്കാരനു സംശയം ഉണ്ടാകും. അവരുടെ സ്വാഭാവികമായ സംസാരങ്ങള്‍ ഇറാനില്‍ നിലനില്‍ക്കുന്ന നീതിനിഷേധങ്ങളെയും അന്യായങ്ങളെയും അസ്വാതന്ത്രങ്ങളേയും നിയന്ത്രണങ്ങളേയും തുറന്നു കാണിക്കുന്നുണ്ട്. പലതും ആഴത്തിലുള്ള ചിന്തകളിലേക്കു പ്രേക്ഷകനെ നയിക്കുന്നുണ്ട്. മരുമകളായ ഹന എന്ന കൊച്ചുമിടുക്കി കാറില്‍ കയറുന്നതോടെ കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ വ്യക്തമാക്കാനായി. സ്കൂളിലെ അസൈന്മെന്റ് പ്രോജക്റ്റ് ആയി ഒരു കൊച്ചു സിനിമ ചെയ്യാനാണ് ഹനയോട് ടീച്ചര്‍ ആവശ്യപ്പെട്ടത്. ധാര്‍മ്മികത ഉള്ളതാവണം, മതനിയമങ്ങള്‍ക്ക് എതിരാകരുത്, ഭരണകൂടത്തെ വിമര്‍ശിക്കുന്നതാകരുത് തുടങ്ങി ഒട്ടേറെ 'അരുതുകള്‍' സിനിമയുടെ വ്യവസ്ഥകള്‍ ആയി ടീച്ചര്‍ കല്‍പ്പിച്ചിട്ടുമുണ്ട്. അതിന്റെ സഹായത്തിനായി അമ്മാവനെ സമീപിക്കുകയാണ്. കാറിനുള്ളില്‍ നിന്നു ഒരു ചെറിയ മൂവി ക്യാമറ കൊണ്ട് അവള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ഉണ്ടാകുന്ന മിക്ക സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പനാഹിക്കു ഉത്തരം ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയായിരുന്നു ഹനയുടേതും. യഥാര്‍ത്ഥത്തില്‍ ജാഫര്‍ പനാഹിയുടെ ഇന്നത്തെ അവസ്ഥയുടേയും അനുഭവത്തിന്റെയും സെള്‍ഫിയാണ് ഈ ചിത്രം. 82 മിനുറ്റ് മാത്രമുള്ള ഈ സിനിമയുടെ ആദ്യപ്രദര്‍ശനം ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ നടത്തുകയും ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടുകയും ചെയ്തു. യാത്രാനുമതി ലഭിക്കാത്തതിനാല്‍ പനാഹിക്കു സമ്മാനം വാങ്ങാന്‍ കഴിഞ്ഞില്ല. പകരം സിനിമയില്‍ അഭിനയിച്ച ഹന സെയ്ദി എന്ന കൊച്ചുമിടുക്കി (പനാഹിയുടെ മരുമകള്‍) പുരസ്കാരം സ്വീകരിച്ചു. സിനിമ നിര്‍മ്മിക്കുന്നതിനു നിരോധനം ഉള്ളപ്പോഴും പനാഹി This is not a film, Closed Curtain എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിനു അവാര്‍ഡ് ലഭിച്ചതില്‍ ഇറാനിയന്‍ ഫിലിം സംഘടന അഭിനന്ദനം അറിയിച്ചപ്പോഴും, ഈ പുരസ്കാരത്തിലൂടെ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശമാണ് ബെര്‍ലിന്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ ചെയ്തതെന്നു കുറ്റപ്പെടുത്താനും മറന്നില്ല.

പനാഹി നേരിട്ടതിനേക്കാള്‍ അപകടകരമായ സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. കമല്‍, എം.ടി എന്നിവര്‍ക്കെതിരെയുള്ള പടപ്പുറപ്പാട് അതില്‍ അവസാനത്തെ സംഭവമാണ്. 'കാ ബോഡിസ്കേപ്' എന്ന സിനിമ കേരളത്തിലെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതാണല്ലോ കമലിനോടുള്ള യഥാര്‍ത്ഥ പ്രശ്നം. അല്ലാതെ ദേശീയതയും ദേശീയഗാനവും ഒന്നുമായിരുന്നില്ല. അതുപോലെ നോട്ട് അസാധുവാക്കിയതിന്റെ ദുരിതം അനുഭവിച്ച സാധാരണക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ പറഞ്ഞുവെന്നാതായിരുന്നല്ലോ എം.ടി ചെയ്ത 'മഹാ അപരാധം'. എന്തായാലും ഇതു പുതിയ സംഭവമാണെന്ന് കരുതുന്നത് മൗഢ്യമാണ്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം.ല്‍ബുര്‍ഗി എന്നിവര്‍ക്കുണ്ടായ ദുരന്തത്തിന്റെ തുടര്‍ച്ചയാണിത്. ഫാസിസത്തിന്റെ കാലൊച്ചകള്‍ നമ്മുടെ മുറ്റത്തും എത്തിയെന്നതിന്റെ മുന്നറിയിപ്പായി ഇതിനെ കാണാം.

No comments: