Tuesday, December 21, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - മൂന്നാം ഭാഗം

2010 ഡിസംബര്‍ 15..

ഇന്നു രാവിലെ ഒരു സിനിമ മാത്രമാണ് കണ്ടത്.. "പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്".. അതിനെക്കുറിച്ചു രണ്ടാം ഭാഗത്തില്‍ എഴുതിയിട്ടുണ്ട്.. ഓഫീസ് സമയത്തിനു ശേഷം വൈകീട്ട് വീണ്ടും ഉത്സവലഹരിയില്‍..

6:00 മണി - അപര്‍ണസെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമ "ജാപ്പനീസ് വൈഫ്".. സൂപ്പര്‍ സിനിമ.. അപാരം.. ആശയം, അവതരണം, കാസ്റ്റിംഗ്, അഭിനയം, ചിത്രസന്നിവേശം.. എല്ലാം..

മിയാഗി എന്ന ജാപ്പാനീസ് യുവതിയുമായി ബംഗാളിയായ സ്നേഹമയി ചാറ്റര്‍ജിക്കുണ്ടാകുന്ന തൂലികാ സൗഹൃദം പ്രണയമായി വളരുന്നതും പരസ്പരം കാണാതെ തന്നെ വിവാഹിതരാകുന്നതും(?) ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതും(?) വളരെ തന്മയത്വത്തോടെയും പുതുമയോടെയും അപര്‍ണാസെന്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ അഭ്രപാളിയിലെത്തിച്ചിരിക്കുന്നു.. (ഇതു മതിയായില്ലെന്നു എനിക്കുതന്നെ അറിയാം)

മൊബൈല്‍ ഇല്ലാത്ത, ഇ-മെയിലും ഫേസ്ബുക്കുമില്ലാത്ത, ഫോണ്‍ വ്യാപകമല്ലാത്ത, ഫാക്സ് ചെയ്യണമെങ്കില്‍ ടൗണില്‍ മാത്രം ലഭ്യമായ, ആശയവിനിമയത്തിനു കത്തെഴുത്തു മാത്രം ഏകസാധ്യതയായ ആ കാലഘട്ടത്തിലാണ് കഥയെന്നതു പ്രത്യേകം ഓര്‍ക്കണം..!! കൂടാതെ ഇംഗ്ലീഷില്‍ എഴുതുന്നതു ഡിക്ഷനറിയില്‍ നോക്കി അര്‍ത്ഥം മനസ്സിലാക്കുന്നവരാണ് അവര്‍.. അതുകൊണ്ട് വിദൂരസാധ്യതയായ ഫോണില്‍ സംസാരിക്കുന്നതും നിഷ്ഫലം..!!

മിയാഗിയുടെ പേരു കൊത്തിയ മോതിരം തപാലില്‍ സ്നേഹമയിക്കു കിട്ടുന്നു, ബംഗാളി രീതിയിലുള്ള രണ്ടു വളകളും സിന്ദൂരവും മിയാഗിക്കും അയക്കുന്നു.. പരസ്പരം ധരിക്കുന്നതിലൂടെ അവര്‍ രണ്ടു രാജ്യങ്ങളില്‍ നിന്നു കൊണ്ടുതന്നെ വിവാഹിതരാകുന്നു.. അപ്പോഴും സ്നേഹമയി എന്ന പേര് മിയാഗിയുടെ നാവിനു വഴങ്ങിയിരുന്നില്ല.. പകരം അവള്‍ വിളിക്കുന്നത് സിനമോയ് എന്നാണ്.. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജീവിക്കുന്ന പ്രൈമറി അധ്യാപകനാണ് സ്നേഹമയി.. അയാളുടെ ചിറ്റമ്മയ്ക്കു ഒരിക്കലും ദഹിക്കുന്നതായിരുന്നില്ല അത്.. ജപ്പാനില്‍ ഷോപ്പ് നടത്തുന്ന മിയാഗിയുടെ സമ്മാനങ്ങളും കത്തുകളും ബംഗാളിലേക്കും, സ്നേഹമയിയുടേത് തിരിച്ചു ജപ്പാനിലേക്കും കൃത്യമായ ഇടവേളകളില്‍ തപാല്‍ വകുപ്പ് എത്തിച്ചുകൊണ്ടേയിരുന്നു.. അകന്ന ബന്ധുവുമായും മറ്റും വിവാഹം നടത്താനുള്ള ചിറ്റമ്മയുടെ ശ്രമം തള്ളിക്കളയുകയാണ് അയാള്‍.. മിയാഗി അദ്ദേഹത്തെ അത്രയും സ്വാധീനിച്ചു കഴിഞ്ഞിരുന്നു.. മുടി നരച്ചെങ്കിലും, ശരീരം തളര്‍ന്നെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പ്, ഒരിക്കലെങ്കിലും നേരില്‍ കാണാമെന്ന കൊതിയോടെയാണ്.. 15 വര്‍ഷത്തെ കാത്തിരിപ്പ്..

അതിനിടയില്‍ മിയാഗിയുടെ രോഗം പ്രതീക്ഷകളെ തകിടം മറിക്കുകയാണ്.. സ്നേഹമയ് നാട്ടിലുള്ള എല്ലാ ചികിത്സകരേയും(ആയുര്‍വേദം, ഹോമിയോ, അലോപതി,യൂനാനി) കണ്ട് മരുന്നു വാങ്ങി അയച്ചുനല്കുന്നുണ്ട്.. ഈ വേദനക്കും തത്രപ്പാടിനുമിടയില്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന സിനമോയ്ക്കു പനി ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു..

തികച്ചും അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്, കാണികളിലേക്കു പകര്‍ന്ന അവരുടെ സംഗമപ്രതീക്ഷ തകര്‍ക്കുന്നതായി.. അവരുടെ വേദന തിയേറ്ററിലെ അരിച്ചെത്തുന്ന തണുപ്പു പോലെ അഭ്രപാളിയില്‍ നിന്നു ഓരോരുത്തരിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു.. ഒരു വല്ലാത്ത ശൂന്യത..

ഒരു സുപ്രഭാതത്തില്‍ കടവില്‍ തല മുണ്ഠനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച ഒരു ജപ്പാന്‍കാരി വഞ്ചിയിറങ്ങി. (ബംഗാളില്‍ വിധവകള്‍ വെള്ളവസ്ത്രം ധരിക്കുമെന്നും ഭര്‍ത്താവിനോട് അതിയായ സ്നേഹം ഉള്ളവര്‍ തലമുണ്ഠനം ചെയ്യുമെന്നും സ്നേഹമോയ് ഒരിക്കല്‍ എഴുതിയിരുന്നു)

ആ വീട്ടിലേക്കുള്ള അവരുടെ പ്രവേശനം സഫലമാകാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരികരണമാവാം..

(അതു നിങ്ങള്‍ക്കു വിടുന്നു..)

(Miyagi reaches Snehamoy's Home)

9:00 മണി Ahamad Abdalla സംവിധാനം ചെയ്ത HELIOPOLIS എന്ന ഈജിപ്ഷ്യന്‍ ചിത്രമായിരുന്നു അടുത്തത്..

ഈജിപ്തിന്റെ സാമ്പത്തിക, രാഷ്ട്രീയ അപചയങ്ങളും, വൃഥാവിലാകുന്ന പ്രയത്നങ്ങളും അഞ്ചു വ്യത്യസ്ത ക്യാരക്റ്ററുകളിലൂടെ അവതീര്‍ണ്ണമാക്കുകയാണ് ഈ ചിത്രം.. (അത്രയും മതി..) സത്യം പറയാലോ.. ജാപ്പനീസ് വൈഫ് മനസ്സില്‍നിറഞ്ഞിരിക്കുന്നതിനാല്‍ ഇന്നിനി മറ്റു സിനിമക്കു സാധ്യതയില്ലായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയേണ്ടതായിരുന്നു..

(അവസാനിക്കുന്നില്ല..)

ഫിലിം ഫെസ്റ്റിവല്‍ 2010 - രണ്ടാം ഭാഗം

2010 ഡിസംബര്‍ 15

ഇന്നലെ രാത്രി 11 മണിക്കു റൂമില്‍ എത്തിയതിനു ശേഷം ഇന്നു കാണേണ്ട സിനിമകള്‍ തിരഞ്ഞെടുത്തു..

ഒരേ സമയം 10 തിയേറ്ററിലാണെന്നു ഇന്നലെ പറഞ്ഞല്ലോ.. പിന്നെ ഓഫീസ് സമയവും ക്രമീകരിച്ചു 3 എണ്ണം ഉറപ്പിച്ചു..

9:00 മണി Carlos Gaviria സംവിധാനം ചെയ്ത PORTRAITS IN A SEA OF LIES (കൊളംബിയ)

മണ്ണിടിച്ചിലില്‍ മുത്തച്ചന്‍ മരണപ്പെടുന്നതോടെ അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിയാകുന്ന (ഒരു കണക്കിനു മുത്തശ്ശന്റെ രോഷത്തില്‍ നിന്നും കുറ്റപ്പെടുത്തലില്‍ നിന്നുമുള്ള രക്ഷപ്പെടല്‍) മരീന എന്ന യുവതി. അവളുടെ കൂടെ അവളുടെ കസിന്‍ ജെയ്റോയുണ്ട്. അവന്‍ ഫോട്ടോഗ്രാഫറാണ്. യാത്ര ഒരു പഴയ കാറില്‍.. യാത്രയുടെ ലക്ഷ്യം അവര്‍ക്കു ഉപേക്ഷിച്ചു പോരേണ്ടിവന്ന സ്വദേശമാണ്. അവരുടെ വീടും സ്ഥലവും സ്വപ്നങ്ങളും എല്ലാം അവിടെയാണ്. യാത്രയുടെ ഘട്ടങ്ങളില്‍ കൊളംബിയയുടെ വര്‍ത്തമാനകാല സ്ഥിതി അനാവരണം ചെയ്യപ്പെടുന്നുണ്ട്.. അശാന്തമായ രാഷ്ട്രീയാവസ്ഥ, അരാജകാവസ്ഥ, ഏറ്റുമുട്ടലുകള്‍... സിനിമയുടെ അര്‍ദ്ധഭാഗം വരെ മരീന മൂകയാണെന്നു തോന്നിപ്പോകുന്ന മൗനം. അതുപോലും പല സന്ദര്‍ഭങ്ങളിലും വാചാലമാണ്. ഏറെ പ്രതീക്ഷയോടെ കാണുന്ന കസിന്റെ വഴിവിട്ട ബന്ധങ്ങളില്‍ അവള്‍ അസ്വസ്ഥയാകുന്നതറിയാന്‍ സംഭാഷണത്തിന്റെ അനിവാര്യതയില്ലെന്നു ഈ ചിത്രം തെളിയിക്കുന്നു. യാത്രക്കിടയില്‍ പല തവണ അവളോടു കാണിക്കുന്ന അടുപ്പം പോലും അവള്‍ ഗൗനിക്കുന്നില്ല. ഒരു ഘട്ടത്തില്‍ അവന്റെ മുഖത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി നോക്കാന്‍ പറയുന്നുണ്ട്. അവര്‍ സ്വന്തം ഗ്രാമത്തില്‍ എത്തുകയും സ്വന്തം ഭൂമി വീണ്ടെടുക്കുകയെന്ന അവരുടെ ആഗമനലക്ഷ്യം മനസ്സിലാക്കിയ അവിടെയുള്ള ഗുണ്ടാസംഘം അവരെ തട്ടിക്കൊണ്ടുപോവുന്നു. അവരുടെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ ജെയ്റോയ്ക്കു വെടിയേല്‍ക്കുന്നു. കുടുംബസ്വത്തിന്റെ ആധാരം മുത്തശ്ശന്‍ മണ്ണില്‍ കുഴിച്ചിട്ടത് മരീന കണ്ടെത്തുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെ ജെയ്റോ മരണപ്പെടുന്നു. അതുവരെ അവനെ മാറ്റി നിര്‍ത്തിയ മരീനക്കു അവന്റെ നഷ്ടം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ബോധ്യമാക്കുന്നതായിരുന്നു അവനെ പുണര്‍ന്നുകൊണ്ടുള്ള അവളുടെ കരച്ചില്‍. കടലിന്റെ മാറില്‍കിടന്നു മരിക്കുകയെന്ന അവന്റെ അവസാന ആഗ്രഹവും മരീന സാധിച്ചുകൊടുക്കുന്നു..

ഈ യാത്രയുടെ ഓരോ ഘട്ടത്തിലും മരീന നേരിടുന്ന/കാണുന്ന സംഭവങ്ങള്‍ ഓരോന്നും അവളെ വേട്ടയാടുന്ന ഭൂതകാലത്തിലേക്കുള്ള പാലങ്ങളായിരുന്നു. ഭൂതകാലത്തിലെ ദുരന്തങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന ചിത്രസന്നിവേശ രീതി പുതുമയല്ലെങ്കിലും ആസ്വദകരമാണ്. അച്ഛനും അമ്മയും എല്ലാം കൊല്ലപ്പെടുന്നതിനു മൂകസാക്ഷിയായ മരീന മൂകയായില്ലല്ലോയെന്നു സമാധാനിക്കാം..

(ഈ സിനിമ കണ്ടത് സംവിധായകന്‍ കാര്‍ലോസ് ഗവീരിയയുടെ തൊട്ടടുത്ത സീറ്റിലിരുന്നായിരുന്നുവെന്നതും ഒരു സവിശേഷത)

10:30നു തീര്‍ന്നതോടെ ഓഫീസിന്റെ തിരക്കിലേക്കു വീണ്ടും..

ഇനി 6:00 മണി വരെ കാത്തിരിക്കുക.. അടുത്തത് അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത "ജാപ്പനീസ് വൈഫ്"..

(അവസാനിക്കുന്നില്ല..)

മരീന ജയ്റോമിനെ കടലില്‍ കൊണ്ടുവന്ന് ഒഴുക്കിയതിനു ശേഷം.. (അവസാനരംഗം)

Monday, December 20, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - ഒന്നാം ഭാഗം

2010 ഡിസംബര്‍ 14...

തിരുവനന്തപുരത്ത് കാലുകുത്തി..

ഫിലിം ഫെസ്റ്റിവല്‍ സിനിമകള്‍ കാണാന്‍ വല്ലാത്ത മോഹമാണ്.. അതുകൊണ്ടു തന്നെ വളരെ മുന്‍കൂട്ടി പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാറുണ്ട്.. ഇത്തവണയും പതിവു തെറ്റിച്ചില്ല. പക്ഷേ തിരുവനന്തപുരത്തായിട്ടും ഉദ്ഘാടന ചിത്രം "പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്" (ഇറാന്‍) കാണാനായില്ലയെന്നത് വല്ലാത്ത സങ്കടം ആയി.. തിരക്കുപിടിച്ച ജോലിക്കിടയില്‍ ഒരു ഇടവേള ലഭിച്ചില്ല. 10 തിയേറ്ററുകളില്‍ 5 ഷോ വീതം 50 സിനിമകള്‍ ഒരു ദിവസം ഉണ്ട്.. ഇതില്‍ തിരഞ്ഞെടുപ്പ് ആണ് പ്രശ്നം.. 50ല്‍ നിന്നു 5 എണ്ണം..

നാട്ടില്‍ പോയതിനാല്‍ ശനി,ഞായര്‍,തിങ്കള്‍ തീര്‍ത്തും നഷ്ടമായി.. പിന്നീട് 14 നാണ് അവസരം ലഭിച്ചത്.. തിരക്കിനിടയില്‍ വൈകിട്ടുള്ള രണ്ടെണ്ണം കണ്ടു.. Diego Fried സംവിധാനം ചെയ്ത അര്‍ജന്റീന ചിത്രം Wine, Belma Bas സാക്ഷാത്കരിച്ച ടര്‍ക്കിഷ് ഫിലിം Zephyr.. രണ്ടും മത്സരവിഭാഗത്തിലുള്ള സിനിമകള്‍..

6.00 PM.. 'വൈന്‍'

ഒരാണും പെണ്ണും തമ്മിലുള്ള ഏറ്റുമുട്ടലും സന്ധി ചെയ്യലും, ബന്ധങ്ങളിലേയും സങ്കല്പങ്ങളിലേയും വിശദാംശങ്ങളുടെ വൈരുദ്ധ്യങ്ങള്‍, കുറഞ്ഞ സംഭാഷണത്തെ മറികടക്കുന്ന ഭാവാഭിനയം, ഒറ്റമുറിയെ ആസ്പദമാക്കിയുള്ള രംഗസജ്ജീകരണം,, പ്രണയത്തിന്റെ സാധ്യതകള്‍ക്കും അസാധ്യതകള്‍ക്കും ഇടയിലെ വ്യതിയാനങ്ങള്‍.. വ്യാകരണങ്ങളില്‍ നിന്നു പുറത്തു ചാടിയ ക്യാമറ വിന്യാസങ്ങള്‍.. ഇതൊക്കെയാണ് അതില്‍ കണ്ടെത്താവുന്നത്.. പക്ഷേ അവതരണത്തിലെ വ്യത്യസ്തത ആസ്വാദനത്തില്‍ എവിടെയോ നഷ്ടപ്പെടുന്നു.. ശരാശരി നിലവാരത്തിലേക്ക് എത്തിയില്ലെന്ന് എന്റെ നിരീക്ഷണം..

7:30 PM

സിനിമയ്ക്കു ശേഷം വീണ്ടും ഓഫീസില്‍..

9:00 PM.. 'സഫീര്‍'

(Zephyr with her Grandma & മദര്‍)

വലിയ പ്രതീക്ഷയോടെ അമ്മയെ കാത്തിരിക്കുന്ന സഫീര്‍ എന്ന കൗമാരക്കാരിയുടെ മാനസിക വിഹ്വലതകള്‍ വളരെ സുന്ദരമായും ശക്തമായും ആവിഷ്കരിച്ചിട്ടുണ്ട്..

(Zephyr & മദര്‍)

മാതൃസാമീപ്യത്തിനായുള്ള അവളുടെ അടങ്ങാത്ത മോഹം, ചുറ്റുപാടുകളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു.. പങ്കുവയ്ക്കപ്പെടാനാവാത്ത വേദനകള്‍ അവളുടെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്കു എത്തിക്കുന്നുണ്ട്.. അവള്‍ക്കു അമ്മയെ കിട്ടുമ്പോള്‍ അടുത്ത വീട്ടിലെ പശുക്കിടാവിനു അമ്മയെ നഷ്ടപ്പെടുന്നു.. അവള്‍ കൂടി അതിനു കാരണക്കാരിയാകുന്നു. ആക്റ്റിവിസ്റ്റ് ആയ അമ്മ വിദൂരദേശത്തേക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ സന്തോഷവും നിയത്രണവും നഷ്ടപ്പെടുന്നു.. അവളുടെ കയ്യബദ്ധംഅമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്.. ചലനമറ്റ അമ്മയുടെ ശരീരത്തിനടുത്ത്, മുന്‍പ് കാണാതായ പശുവിനെ കണ്ടുമുട്ടുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു..

ഒരു പക്ഷേ നഷ്ടപ്പെട്ട അമ്മയേക്കാള്‍ അവള്‍ക്കു കുടിക്കാനുള്ള പാല്‍ നല്കിക്കൊണ്ടിരുന്ന ആ പശുവായിരിക്കാം അവളുടെ ജീവിതത്തില്‍ അനിവാര്യം എന്നതിലൂടെ അമ്മയെന്ന ബിംബം ഉടയുകയാവാം..

എന്തായാലും തൃപ്തി നല്കുന്ന സിനിമ..

(Zephyr & Grandma)

(അവസാനിക്കുന്നില്ല..)

Wednesday, October 6, 2010

HOME (ഒരു പരിസ്ഥിതി സിനിമ)

2009 ല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലീസ് ചെയ്ത ഹോം എന്ന 95 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഭൂമിയുടെ ആശ്ചര്യജനകമായ ദൃശ്യവര്‍ണ്ണനയാണ്.. Yaan Arthus-Bertrandന്റെ സംരംഭമായ ഈ അമേരിക്കന്‍ ഫിലിം ഡിസ്കവറി ചാനലിനെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും കാഴ്ചക്കപ്പുറം ചിന്തയിലേക്ക് ഒട്ടേറെ ആശങ്കകളും ചോദ്യങ്ങളും എറിഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.. ആഗോളതാപനത്തിന്റേയും ഭൗമവിഷയങ്ങളേയും അവതരിപ്പിക്കുന്ന രീതി തികച്ചും ആസ്വാദകരവും ലളിതവുമായാണ്.. ഭൂമിയുടെ പ്രശ്നങ്ങള്‍ എങ്ങനെ പരസ്പരബന്ധിതമാണെന്നു ചിത്രീകരിക്കാന്‍ 54 രാജ്യങ്ങളിലൂടെ ക്യാമറ സഞ്ചരിക്കുന്നുണ്ട്.. ബലൂണിലുടെ ആകാശത്തു സഞ്ചരിച്ചു ക്യാമറ ഒപ്പിയെടുത്തതു അത്ഭുതമുളവാക്കുന്ന ദൃശ്യങ്ങളാണെന്നതില്‍ രണ്ടഭിപ്രായമില്ല. വിവിധ ജന്തുവര്‍ഗ്ഗങ്ങളുടെ സൃഷ്ടിയും പരിണാമവും ചര്‍ച്ച ചെയ്യുന്ന സിനിമ മനുഷ്യവര്‍ഗ്ഗം വരെയെത്തുന്നു. ആദ്യകാലത്ത് പ്രകൃതിയുമായി സമരസപ്പെട്ട് സമാധാനപരമായി ജീവിച്ച മനുഷ്യന്‍ ജനസംഖ്യാവര്‍ദ്ധനവിലൂടെയും എണ്ണയുടെ കണ്ടെത്തലിലൂടെയും സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചകളിലൂടെ ഒരു കാര്യം ഉറപ്പിക്കുന്നു.. ഈ ദുരന്തങ്ങളുടെയെല്ലാം ഏക ഉത്തരവാദി മനുഷ്യന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം..

ലോകജനസംഖ്യയുടെ 20% ലോകത്തിലെ വിഭവത്തിന്റെ 80% ഉപഭോഗം ചെയ്യുന്നു.

മലിനജലം കുടിക്കുന്നതിനാല്‍ ലോകത്ത് പ്രതിദിനം 5000 ആളുകള്‍ മരണപ്പെടുന്നു.

ലോകത്ത് കച്ചവടം ചെയ്യപ്പെടുന്ന ധാന്യങ്ങളില്‍ പകുതിയിലധികവും ഉപയോഗിക്കുന്നത് മൃഗങ്ങളുടെ ഭക്ഷണത്തിനും ബയോഇന്ധനത്തിനുമാണ്.

ലോകത്തുള്ള ജന്തുവര്‍ഗ്ഗങ്ങളുടെ എണ്ണം ഭീതിതമായി കുറയുന്നു.

ലോകത്തെ കാട് കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 40% നശിച്ചു/നശിപ്പിച്ചു..

അന്റാര്‍ട്ടിക്കയിലെ ഐസ് പാളികളുടെ കനം അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു..

ആഗോളതാപനത്തിന്റെ ഉയര്‍ച്ച അപകടകരമായി വര്‍ദ്ധിച്ചത്.

തുടങ്ങി മനുഷ്യനും വികസിതരാജ്യങ്ങളും ഗൗരവമായി പരിഗണിക്കപ്പെടേണ്ട സാമൂഹ്യപ്രസക്തമായ 13 കാര്യങ്ങള്‍ പ്രേക്ഷകചിന്തയിലേക്കു പ്രദാനം ചെയ്തുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.. അപ്പോഴും കാഴ്ചയുടെ മായികലോകത്തില്‍ എത്തിപ്പെട്ട അനുഭവം പ്രേക്ഷകനില്‍ ബാക്കിയാവുന്നു..

88000 ആളുകള്‍ ഈ ഡോക്യുമെന്ററിക്കു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തുന്നു..

U can watch it in http://www.youtube.com/watch?v=jqxENMKaeCU

Wednesday, July 7, 2010

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി

ആവിഷ്കാരസ്വാതന്ത്ര്യമെന്നത് പല ഘട്ടങ്ങളിലായി വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണ്.. സല്‍മാന്‍ റുഷ്ദി, തസ്ലീമ നസ്രീന്‍, എം.എഫ്. ഹുസൈന്‍, കൃസ്തുവിന്റെ അന്ത്യപ്രലോഭനം എഴുതിയ വ്യക്തി കസന്ദ് സാക്കിസ് തുടങ്ങി കേരളീയര്‍ക്കു പരിചിതമായ ആവിഷ്കാരസ്വാതന്ത്ര്യ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നവര്‍...
യഥാര്‍ത്ഥത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യമെന്നാല്‍ എന്തും എഴുതാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണോ..? അതോ അതിനു പരിധിയുണ്ടോ..? മേല്പറഞ്ഞ വ്യക്തികളെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടത് അവരുടെ ചില കൃതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നതായിരുന്നു.. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങളും, തസ്ലീമയുടെ ലജ്ജയും, എം.എഫ്.ഹുസൈന്റെ ഹിന്ദു ദൈവങ്ങളെ മോശമായ വിധം ചിത്രീകരിച്ചതും, ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തില്‍ ക്രിസ്തുദേവനെ വികലപ്പെടുത്തുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുമോ..? വരുമെങ്കില്‍ അത്തരം ആവിഷ്കാരസ്വാതന്ത്ര്യം വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മുറിപ്പെടുന്ന വിഭാഗം പ്രതിഷേധിക്കുമ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിക്കുന്നു.. ഇത്തരം പ്രവൃത്തികള്‍ വര്‍ഗ്ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടും..
മതവിശ്വാസം, ദൈവം എന്നതെല്ലാം ഓരോരുത്തരുടേയും മനസ്സില്‍ വ്യത്യസ്ത രീതിയിലാണു കുടികൊള്ളുന്നത്.. ചിലര്‍ക്കു അതു ജീവിതമാണ്, ചിലര്‍ക്കു സങ്കടങ്ങളിലെ സമാധാനമാണ്, മറ്റു ചിലര്‍ക്കു പലതില്‍ നിന്നുള്ള മോചനവും ആശ്വാസവുമാണ്.. അത്തരം വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന, ഹനിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം അനുവദനീയമാണോ എന്നു പരിശോധിക്കപ്പെടണം.. മനസ്സില്‍ പുണ്യമായി കരുതുന്ന, മഹനീയമായി കരുതുന്ന, എന്തിനും അത്താണിയായി കരുതുന്ന ദൈവത്തെ, മതത്തെ, പ്രവാചകനെ, ദൈവപുത്രനെ അവഹേളിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.. വിമര്‍ശനമാവാം, എതിര്‍പ്പുകളാവാം, വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാം.. പക്ഷേ അതു അവഹേളനമാകരുത്.. നിന്ദിക്കലാകരുത്.. ഇടമറുകിനെപ്പോലുള്ളവര്‍ മതകാര്യങ്ങളിലെ, വിശ്വാസങ്ങളിലെ പലകാര്യങ്ങളേയും വിമര്‍ശിച്ചിട്ടുണ്ട്.. ശാസ്ത്രീയമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.. അതിനെ തിരിച്ചു വിമര്‍ശിക്കുന്നവരും ഉണ്ടല്ലോ.. അതു ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആരോഗ്യകരമായ രീതി.. ദൈവത്തെ, പ്രവാചകനെ, ദൈവവപുത്രനെ, വിശുദ്ധ മാതാവിനെ, ദേവിയെ, ദേവനെ മ്ലേച്ഛമായ ഭാഷയില്‍, സഭ്യമല്ലാത്ത ഭാഷയില്‍ ആരെങ്കിലും എഴുതുന്നുവെങ്കില്‍ /ആവിഷ്കരിക്കുന്നുവെങ്കില്‍ അതു ആരോഗ്യകരമായ ആവിഷ്കാരസ്വാതന്ത്ര്യമല്ല..
രാഷ്ട്രീയപാര്‍ട്ടികളേയോ സാംസ്കാരിക സംഘടനകളേയോ സര്‍ക്കാരുകളേയോ കണക്കാക്കുന്നതുപോലെയുള്ള പരിഗണന മതിയാവില്ല മതത്തിനും ദൈവവിശ്വാസത്തിനും.. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്.. അതു പക്ഷേ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ല.. അഥവാ ആരെങ്കിലും അവഹേളിച്ചാല്‍ അവഹേളിച്ചവരെ ആക്രമിക്കാനോ വധശിക്ഷ നടപ്പാക്കാനോ ഒരു മനുഷ്യനും അധികാരം നല്‍കിയിട്ടില്ല.. നല്ല വിശ്വാസി/ യഥാര്‍ത്ഥ വിശ്വാസി കരുതേണ്ടത് അവഹേളിച്ചവര്‍ക്ക് (എല്ലാം കാണുന്ന, അറിയുന്ന) ദൈവം അര്‍ഹമായ ശിക്ഷ നല്‍കുമെന്നാണ്..
ഇതൊക്കെയാണെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തിനു ഒരു പരിധി നിര്‍ബന്ധമാണ്..

Tuesday, June 8, 2010

വിലയില്ലാത്ത ജീവനുകള്‍..

വിലയില്ലാത്ത ജീവനുകള്‍...

ഇരുപതിനായിരത്തോളം പേര്‍ പിടഞ്ഞു മരിച്ച ഭോപാല്‍ ദുരന്തന്തില്‍ കുറ്റവാളികള്‍ ഉണ്ടെന്നു കോടതി കണ്ടെത്തി.. വാറന്‍ ആന്‍ഡേഴ്സണ്‍(ഒന്നാം പ്രതി) എന്ന പിടികിട്ടാപുള്ളി മാത്രം വിചാരണക്കു എത്തുകയോ സമന്‍സുകള്‍ക്കു പ്രതികരിക്കുകയോ ചെയ്തില്ല.. അദ്ദേഹത്തേയും 1984ല്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കിയെങ്കിലും ജാമ്യം നല്‍കി വിട്ടു.. പിന്നീട് ഇന്ത്യയിലേക്കു വന്നില്ല.. യൂണിയണ്‍ കാര്‍ബൈഡിന്റെ അമേരിക്കന്‍ ആസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു.. 1992മുതല്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ സുഖിച്ചു വിലസുകയായിരുന്നു.. 2003ല്‍ ഇന്ത്യ അദ്ദേഹത്തെ വിട്ടു തരണമെന്നു ആദ്യമായി അമേരിക്കയോടു ഔദ്യോഗികമാ‍യി ആവശ്യപ്പെട്ടെങ്കിലും അതു നിരസിക്കപ്പെട്ടു..

യൂണിയന്‍ കാര്‍ബൈഡിന്റെ മറ്റു പ്ലാന്റുകളെ അപേക്ഷിച്ചു ഭോപാലില്‍ ദുരന്തസാധ്യത കൂടുതലാണെന്നു ആരേക്കാളും നന്നായി ബോധ്യമുണ്ടായിരുന്ന വ്യക്തി ആന്‍ഡേഴ്സണ്‍ ആയിരുന്നു..കാരണങ്ങള്‍ പലതാണ്..
1. പരീക്ഷണം നടത്തി മേന്മ ഉറപ്പു വരുത്താത്ത സാങ്കേതികവിദ്യയാണു ഉപയോഗിച്ചത്
2. അപകടകരമായ രീതിയിലായിരുന്നു യന്ത്രസംവിധാനങ്ങളുടെ നിര്‍മ്മാണം
3. സുരക്ഷിതമല്ലാത്ത മേഖലയിലായിരുന്നു.. അതുകൊണ്ടുതന്നെ ചെറിയ പാകപ്പിഴപോലും സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടത്തിന്റെ വ്യാപ്തി വലുതായിരുന്നു
4. സുരക്ഷാസംവിധാനങ്ങളോ ചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ചെലവുചുരുക്കലിനു വേണ്ടി ഒരുക്കിയില്ല.. (ഇതു ആന്‍ഡേഴ്സണിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു..)
ഇതിനെല്ലാം കര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്കു കേവലം 5ലക്ഷം രൂപ പിഴ, പിന്നെ പലവകയായി 1750രൂപയും..!!!
അരുടെയെല്ലാമോ നിഷ്ക്രിയത്വം കൊണ്ടും ബോധപൂര്‍വ്വമായതോ അല്ലാത്തതോ ആയ അശ്രദ്ധ കൊണ്ടോ ഇരകള്‍ക്കു നീതി ലഭിച്ചില്ലയെന്നതു ഒരു വലിയ സത്യം.. (അതുകൊണ്ടാവാം “നീതി കുഴിച്ചുമൂടിയെന്നു” കേന്ദ്രനിയമമന്ത്രി വീരപ്പമൊയിലി പറഞ്ഞത്)

ധാബോളിലെ എന്റോണ്‍ കമ്പനി (അമേരിക്കന്‍ കമ്പനി) മറ്റോരു വിധത്തിലാണ് ഇന്ത്യന്‍ ജനതയെ ചതിച്ചത്.. മഹാരാഷ്ട്രയില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും അതു സംസ്ഥാനസര്‍ക്കാരിനു യൂണിറ്റിനു 7രൂപ(വില കൃത്യമല്ല) നിരക്കില്‍ വില്ക്കാനും കരാറായി.. അതിനാവശ്യമായ പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്ത്യയിലെ ബാങ്കില്‍ നിന്നും കടമെടുത്തു.. അതിനു ഗ്യാരണ്ടി (ജാമ്യം) നിന്നതു മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു.. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളോടൊപ്പം ചില കമ്പനികളും കൂട്ടത്തോടെ പാപ്പരായി.. അതിലൊന്നു എന്റോണ്‍ ആയിരുന്നു.. അവര്‍ പാപ്പരായി അമേരിക്കന്‍ കോടതി അംഗീകരിച്ചതിന്റെ കോപ്പി നല്‍കി പെട്ടിയും മടക്കി ധാബോളില്‍ നിന്നും പോയി.. അവര്‍ക്കു ഒരു നഷ്ടവുമുണ്ടായില്ല.. വൈദ്യതി വിറ്റുണ്ടാക്കിയ ലാഭവും അവര്‍ക്ക്.. ഇന്ത്യന്‍ ബാങ്കിലുള്ള കടത്തിന്റെ ഉത്തരവാദിത്തം മഹാരാഷ്ട്ര സര്‍ക്കാരിനും.. നമ്മുടെ പണമെടുത്ത് (ഇന്ത്യന്‍ ബാങ്ക്) പ്ലാന്റ് തുടങ്ങി ലാഭം പോക്കറ്റിലാക്കി മുങ്ങിയവരുടെ കടവും നമ്മുടെ പണമെടുത്ത്(മഹരാഷ്ട്ര സര്‍ക്കാര്‍ പിരിച്ച നികുതിപ്പണം) വീട്ടേണ്ട അവസ്ഥയിലെത്തി..

ഇനി അടുത്ത മണ്ടത്തരമാണു ആണവബാധ്യതാബില്‍.. അതും അമേരിക്കന്‍ കമ്പനി.. നമ്മുടെ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും അതീതരായ അമേരിക്കന്‍ കമ്പനി തന്നെയാണു ആണവറിയാക്റ്ററും സപ്ലൈ ചെയ്യുന്നത്.. അതുവഴി എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ മൊത്തം നഷ്ടപരിഹാരം 500കോടിയില്‍ ഒതുക്കണമെന്നതാണു ആണവബാധ്യതാ ബില്ലിലെ മുഖ്യനിബന്ധന.. അതു സമ്മതിച്ചുകൊടുക്കാനാണു മന്മോഹന്‍സിങ് ആ ബില്ല് ലോകസഭയില്‍ പാസ്സാക്കാന്‍ തിടുക്കപ്പെടുന്നത്.. ഇതു ഇന്ത്യന്‍ ജനതയുടെ ഗുണത്തിനാണോ എന്നു വിലയിരുത്തുക.. വീരപ്പമൊയിലിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ആണവദുരന്തത്തിന്റെ സമ്പൂര്‍ണ്ണബാധ്യത ഏറ്റെടുക്കാന്‍ (റഷ്യയേയും ഫ്രാന്‍സിനേയും പോലെ) അമേരിക്കന്‍ കമ്പനിയെ സമ്മതിപ്പിക്കുകയാണു വേണ്ടത്.. ചെര്‍ണോബില്‍ ദുരന്തത്തില്‍ മരണപ്പെട്ടതു 6000ത്തോളം ആളുകളായിരുന്നു.. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യന്‍ സാ‍ഹചര്യത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ നഷ്ടം അതിലും എത്രയോ കൂടുമെന്നു സംശയമില്ല.. അതുകൊണ്ടു വിദേശകമ്പനികളെ സഹായിക്കുമ്പോള്‍ സ്വന്തം ജനതയെ മറന്നുകൊണ്ടാകരുത്..

ദുരന്തം തന്നെ ഒരു ജനതക്കു സമ്മാനിക്കുന്നത് തീരനഷ്ടമാണ്.. നഷ്ടപരിഹാരം പോലും നല്‍കാതെ അവരെ തീരാദുരിതത്തിലേക്കു നയിക്കുകയും അവഹേളിക്കുകയുമാണ്.. ഇതു ഇനിയും അനുവദിക്കരുത്..

Monday, May 31, 2010

ഇറാന്‍ സിനിമയിലെ സ്ത്രീസാന്നിധ്യം..

എം.എ.ലത്തീഫ്

സ്ത്രീ-പുരുഷ സമത്വം സാമൂഹ്യഘടനയുടെ ആധാരശിലകളിലൊന്നായി കാണുന്ന ആധുനിക സമൂഹം ചലചിത്രരംഗത്തേക്കു എത്ര വനിതാപ്രതിഭകളെ സംഭാവന ചെയ്തു എന്നു പരിശോധിക്കുമ്പോഴാണ് പുരുഷമേധാവിത്വം അചഞ്ചലമായി വാഴുന്ന മതാധിഷ്ഠിത ഇറാനിയന്‍ സമൂഹത്തില്‍ നിന്നു ആചാര്യസ്ഥാനത്തേക്കുയര്‍ന്ന ഇറാനിയന്‍ വനിതാസംവിധായകരുടെ ചരിത്രപരമായ പ്രാധാന്യം നമുക്കു ബോധ്യമാവുന്നത്. ലൈംഗികതയുടെ അതിപ്രസരവും അക്രമങ്ങളും കുത്തിനിറച്ച ജീവനില്ലാത്ത ഹോളിവുഢ് സിനിമകളുടേയും കാല്പനികപ്രണയത്തിന്റെ നിഴലില്‍ നിന്നു പുറത്തു ചാടാനാവാത്ത ബോളിവുഢിന്റേയും ചരിത്രത്തില്‍ കാണാനാവാത്ത സവിശേഷത വിപ്ലവാനന്തര ഇറാനില്‍ സിനിമാരംഗത്തു ദൃശ്യമായിട്ടുണ്ട്. പല അറേബ്യന്‍ നാടുകളുമായി താരതമ്യം ചെയ്താല്‍ കടുത്ത യാഥാസ്ഥികത്വം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകളുടെ ഇടം അത്യുന്നതിയിലാണെന്ന അഭിപ്രായമില്ല. എങ്കിലും സാംസ്കാരിക മണ്ഡലങ്ങളില്‍ (പ്രത്യേകിചും സിനിമാരംഗത്ത്) വിശാലമായ പ്രവര്‍ത്തനസാധ്യതകള്‍ അവര്‍ ഒരുക്കിയെടുത്തിരുന്നുവെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇറാനിയന്‍ സിനിമയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ തഹ്മിന അര്‍ദക്കനി, രഖ്ഷാന്‍ ബനീ‍ ഇത്തിമാദ്, പുരന്‍ ദിരഖ് ഷാന്ദെ തുടങ്ങിയ വനിതാസംവിധായകരെ ഒഴിവാക്കാനാവില്ല. പുത്തന്‍ തലമുറയിലെ തഹ്മിന മിലാനി, സമീറ മഖ്മല്‍ബാഫ്, ഹനാ മഖ്മല്‍ബാഫ്, മാനിയ അക്ബാരി എന്നിവര്‍ ഈ ഗണത്തില്‍ സ്ഥനം നേടിക്കഴിഞ്ഞു..
ഇറാനിലെ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവാത്തവിധം കഠിനമാണെങ്കിലും സര്‍ക്കാരിന്റെ ഈ കടും പിടുത്തം ചലച്ചിത്രപ്രവര്‍ത്തകരെ പുതിയ ആവിഷ്കാരസാധ്യതകള്‍ കണ്ടെത്തുന്നതിനും വൈവിധ്യമാര്‍ന്ന ഭാവനകള്‍ മെനയുന്നതിനും നിര്‍ബന്ധിതരാക്കുന്നു. ഇതൊരു വിരോധാഭാസമാണെങ്കിലും പരിമിതമായ ഈ തലം പരമാവധി അവര്‍ ഉപയുക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച തിരക്കഥകള്‍ മാത്രമാണു സിനിമയാക്കാന്‍ അനുവാദമുള്ളതെന്നതില്‍ നിന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണുകള്‍ ബോധ്യമാവും. ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നു ഇറാനിലെ വനിതകള്‍ സാക്ഷാത്കരിച്ച സിനിമകള്‍ ലോകസിനിമാവേദികളില്‍ സമ്മാനിതമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ സംവിധായകരിലെ വനിതാപ്രാതിനിധ്യം താരതമ്യം ചെയ്യേണ്ടതാണ്. അപര്‍ണാസെന്‍ (36 ചൌരംഗിലൈന്‍, മിസ്റ്റര്‍&മിസ്സിസ് അയ്യര്‍), ദീപാ മേത്ത (ഫയര്‍, വാട്ടര്‍. എര്‍ത്ത്), മീരാ നയ്യാര്‍ (സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ്) എന്നിവരില്‍ ഒതുങ്ങുകയാണ്. ഈ സംവിധായകരുടെ പ്രമേയങ്ങളേക്കാള്‍ ശക്തമായ ആശയങ്ങളും സങ്കല്പങ്ങളും ഇറാനിലെ വനിതാപ്രതിഭകള്‍ പ്രേക്ഷകര്ര്കു നല്‍കിയിട്ടുണ്ട്. പ്രധാനമായും സ്ത്രീപക്ഷ ആശയമുള്ള രചനകള്‍ ഒരു പുരുഷമേധാവിത്വ മതാധിഷ്ഠിത സമൂഹത്തിലെ കര്‍ക്കശസെന്‍സര്‍ഷിപ്പുകളെ അതിജീവിച്ചു പുറത്തു വരുന്നുവെന്നതു ആശ്ചര്യകരമണ്..
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിമര്‍ശനാത്മകവശങ്ങള്‍ സ്ത്രീപക്ഷകാഴ്ചയിലൂടെ (പ്രത്യക്ഷ സംവേദനത്തിലൂടെയല്ലെങ്കിലും) നമുക്കു മുന്നില്‍ അവതരിപ്പിച്ച പ്രധാനിയാ‍യ സിനിമാപ്രവര്‍ത്തകയാണു റഖ്ഷാന്‍ ബനീ ഇത്തിമാദ്. കാനറി യെല്ലോ (1989), ഫോറിന്‍ കറന്‍സി (1990), നര്‍ഗീസ് (1992),ദി ബ്ലൂ വെയ്ല്ഡ് (1995) എന്നിവ ഇതിനു സാക്ഷ്യമാണ്. സ്ത്രീകളെ മാത്രം ബാ‍ധിക്കുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന പുരന്‍ ദിരഖ് ഷാന്ദെയുടെ മ്യൂട്ട് കോണ്ട്രാക്റ്റ് (1986), ലിറ്റില്‍ ബോണ്ട് ഓഫ് ഹാപ്പിനെസ് (1988), പാസിംഗ് ത്രു ദ് മിസ്റ്റ് (1990), ലോസ്റ്റ് ടൈം (1990) എന്നിവ ശ്രദ്ധേയമായ സൃഷ്ടികളാണ്. സ്ത്രീപ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടിയിണക്കി, അധികാരി വര്‍ഗ്ഗത്തിനും മൂക്കുകയറിടുന്നവര്‍ക്കും നേരെ വിരല്‍ ചൂണ്ടാനും മേധാവിത്വങ്ങള്‍ക്കെതിരെ കലഹിക്കാനും തഹ്മിന മിലാനി തെരഞ്ഞെടുത്ത പരോക്ഷമാര്‍ഗ്ഗമാണു സിനിമ. ടൂ വിമന്‍ എന്ന ആദ്യ സിനിമ തന്നെ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തേയും മതമേധാവിത്വത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു. നിനക്കു അയാള്‍ ഭക്ഷണം തരുന്നില്ലേ, വസ്ത്രം തരുന്നില്ലേ, സംരക്ഷണം തരുന്നില്ലേ, അയാള്‍ മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന മതമേധാവികളുടെ ചോദ്യത്തിനു “ ഞാനൊരു മനുഷ്യജീവി കൂടിയാണ്” എന്ന പെണ്ണിന്റെ മറുപടിയില്‍ ഒട്ടേറെ ഉത്തരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍കൂടുതല്‍ സുവ്യക്തതയോടെ അവതരിപ്പിക്കാന്‍ മനസ്സുണ്ടായാലും സെന്‍സര്‍ബോര്‍ഡിന്റെ കത്രിക അനുവദിക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. അവരുടെ രണ്ടാമത്തെ സിനിമ ഇറാന്‍ വിപ്ലവത്തിലെ ചില ഏടുകള്‍ വ്യത്യസ്ത വീക്ഷണകോണില്‍ ദര്‍ശിക്കുന്നതായിരുന്നു. ഇറാനിയന്‍ വിപ്ലവപോരാട്ടങ്ങളില്‍ ഇസ്ലാമിസ്റ്റുകളുടെ കൂടെ തോളോടുതോള്‍ ചേര്‍ന്നു ജീവന്‍ ബലിയര്‍പ്പിച്ച ബുദ്ധിജീവികളേയും കമ്മ്യൂണിസ്റ്റുകളേയും ഇസ്ലാമികഭരണകൂടം രേഖകളില്‍നിന്നു ബോധപൂര്‍വ്വം തിരസ്കരിച്ചുവെങ്കിലും അവരുടെ സംഭാവന ചരിത്രത്തിനു മറക്കനാവില്ല. ലോകത്തിനു മുന്നില്‍ തുറന്ന പുസ്തകമായി നിലനില്‍കുന്ന അത്തരം ചരിത്രസത്യങ്ങളെ എത്ര തന്നെ മൂടിവെച്ചാലും അതിന്റെ പ്രകാശകിരണങ്ങള്‍ ജ്വലിക്കാതിരിക്കില്ല. ‘ഹിഢണ്‍ ഹാഫ്’ എന്ന തന്റെ സിനിമയിലൂടെ തിരക്കഥാ പരിശോധനയേയും അതിജീവിച്ചു, ‘രാജ്യത്തിനു വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളും ഇന്നെവിടെപ്പോയി’ എന്ന ചോദ്യമുയര്‍ത്തിയതിനു തഹ്മിനയെ കുറ്റവാളിയാക്കി. ഹിഢണ്‍ ഹാഫ് എന്ന നാമകരണത്തിലൂടെ ചരിത്രത്തിന്റെ പകുതി ഒളിപ്പിച്ചതിനെയാണ് അവര്‍ സൂചിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയാണു ഭരണകൂടം അവര്‍ക്കു വിധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു ശിക്ഷ നാടുകടത്തലായി ചുരുങ്ങി. ഇത്തരം മതിലുകള്‍ ചാടിക്കടക്കാനുള്ള മനോബലം ഇല്ലാത്തതുകൊണ്ടാവാം പരിയാ റിസ്വാനാ സബൂക്കിയെപ്പോലുള്ള വനിതാനിര്‍മ്മാതാക്കള്‍ വിദേശരാജ്യങ്ങളില്‍ വെച്ചു ഇറാന്‍ സിനിമ ചിട്ടപ്പെടുത്തുന്നത്.
ഒരു കുടുംബത്തില്‍ നിന്നു തന്നെ മൂന്നു വനിതാസംവിധായകര്‍ ഉണ്ടായിയെന്നതും അവരുടെ സൃഷ്ടികളെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതും ഒരു ഇറാനിയന്‍ സവിശേഷത മാത്രമായിട്ടല്ല, മറിച്ചു ജനങ്ങളോടു ഏറ്റവും നന്നായി സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തോടുള്ള ആ കുടുംബത്തിന്റെ പ്രതിബദ്ധതയാണ്. മൊഹ്സിന്‍ മഖ്മല്‍ബാഫ് എന്ന വിഖ്യാത ഇറാനിയന്‍ സംവിധായകന്റെ ഭാര്യ മാര്‍ഷിയേ മെഷ്കിനി, മൂത്തമകള്‍ സമീറ മഖ്മല്‍ബാഫ്, ഇളയമകള്‍ ഹാന മഖ്മല്‍ബാഫ് എന്നിവരാണവര്‍. മഖ്മല്‍ബാഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ച സാങ്കേതിക പരിജ്ഞാനത്തേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെട്ടതു പിതാവിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച അനുഭവജ്ഞാനം തന്നെയായിരുന്നു. ‘ദി ഡേ ഐ ബികേം എ വുമണ്‍’ എന്ന പ്രഥമ ചിത്രത്തിലൂടെ മെഷ്കിനി വിഷയമാക്കിയതും ഇറാനിലെ സ്ത്രീപദവി തന്നെയായിരുന്നു. ഒന്‍പതു വയസ്സായ ഒരു പെണ്‍കുട്ടി, ഒരു യുവതി, ഒരു വൃദ്ധ എന്നിങ്ങനെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടാണു അവര്‍ അതു പ്രതിഫലിപ്പിച്ചത്. മകള്‍ സമീറ പിതാവിന്റെ സിനിമയില്‍ (സൈക്ലിസ്റ്റ്) അഭിനയിച്ചുകൊണ്ടാണു രംഗത്തെത്തിയത്. പതിനെട്ടാം വയസ്സില്‍ ആദ്യസിനിമ ‘ദി ആപ്പിള്‍’. ഇരുപതാം വയസ്സില്‍ ചെയ്ത ‘ബ്ലാക്ക് ബോര്‍ഡ്’ കാന്‍ ഫെസ്റ്റിവലില്‍ അവാര്‍ഡു നേടി. കാനിലെ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ഖ്യാതിയും നേടി. അനിയത്തി ഹാനയുടെ ആദ്യസിനിമ വെനീസ് ചലചിത്രമേളയില്‍ സമ്മാനിതമായി. പക്ഷേ, ആ മേളയിലെ സിനിമകള്‍ കാണാന്‍ പതിനാലികാരിയായിരുന്ന യുവസംവിധായികക്കു അനുവാദമുണ്ടായിരുന്നില്ല. 18 വയസു തികയാത്തവര്‍ക്കു ഫിലിം ഫെസ്റ്റിവലുകളില്‍ പ്രവേശനം അനുവദനീയമല്ല. അതിനു ശേഷം സംവിധാനം ചെയ്ത ബുദ്ധ കൊലാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം, ഗ്രീന്‍ ഡെയ്സ് എന്നിവയും ലോകവേദികളില്‍ പുരസ്കാരങ്ങള്‍ നേടി.

ഇറാനിലെ പര്‍ദ്ദക്കുള്ളില്‍ നിന്നും ഇച്ഛാശക്തിയുള്ള, പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ ആര്‍ജ്ജവമുള്ള, സാംസ്കാരികാവബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള മേല്‍ പരാമര്‍ശിക്കപ്പെട്ട വനിതകള്‍ സ്ത്രീപക്ഷചിന്തകള്‍ തന്മയത്വത്തോടെ പ്രായോഗികമായി ഫലപ്രാപ്തിയിലെത്തിച്ചവരാണ്. ആവിഷ്കാരപരിമിതികള്‍ക്കകത്തുനിന്നു ഉദിച്ചുവന്ന ഈ വനിതാപ്രതിഭകള്‍ സൂചകങ്ങള്‍ മാത്രം. അങ്ങിനെയെങ്കില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലഭൂമിക നിലനില്‍കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വനിതാപ്രതിഭകളുടെ ദാരിദ്ര്യത്തിനു ഏതു ആധിപത്യത്തെയാണു നാം കുറ്റപ്പെടുത്തുക..? മൂന്നിലൊന്നു സംവരണം കൊണ്ടെങ്കിലും രംഗത്തിറങ്ങുവാന്‍ നിര്‍ബദ്ധരാവുന്നവരില്‍ ഒരു വിഭാഗമെങ്കിലും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കാം.. അതിനും വനിതാസംവരണം യാഥാര്‍ത്ഥ്യമാവണം..

Thursday, May 27, 2010

നിഷ്പക്ഷതയുടെ പക്ഷം..

വിവിധ ലേഖനങ്ങളും ചാനല്‍ ചര്‍ച്ചകളും ഫേസ്ബുക്ക് ചര്‍ച്ചകളും കണ്ടപ്പോള്‍ കുറിക്കണമെന്നു തോന്നിയതാണ്.. വസ്തുതയേക്കാള്‍ കൂടുതല്‍ ആരോപണങ്ങള്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുന്നതിനാണു മാധ്യമങ്ങള്‍ക്കും ചില നിഷ്പക്ഷര്‍ക്കും താല്പര്യം..

നിഷ്പക്ഷരെന്നു ഉറക്കെ പറയുന്നവരെല്ലാം നന്നാക്കാന്‍ (ആക്രമിക്കാന്‍) ശ്രമിക്കുന്നതു സി.പി.എമ്മിനെയാണെന്നതു ഒരു വിരോധാഭാസമാവാം.. ഒരേ കാര്യത്തില്‍ ഇരട്ടത്താപ്പുനയമാണു അത്തരത്തിലുള്ളവര്‍ സ്വീകരിക്കുന്നതെന്നു കാണാനാവും.. ഒരു ഉദാഹരണം മാത്രം പറയാം.. അമിതാഭ് ബച്ചനെ കേരളത്തിലെ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള ധാരണയില്‍ നിന്നു പിന്മാറിയ കേരള സര്‍ക്കാരിനെ (സി.പി.എമ്മിനെ) ചില മാധ്യമങ്ങള്‍ വേട്ടയാടിയ പോലെ ഫേസ്ബുക്കിലെ ചില സുഹൃത്തുക്കളും ഈ അവസരം സി.പി.എമ്മിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാരിനു ബച്ചനെ (അല്ലെങ്കില്‍ മറ്റാരെയെങ്കിലും) അംബാസിഡറാക്കി തീരുമാനിക്കാന്‍ അവകാശമുണ്ടെങ്കില്‍ ഒഴിവാക്കാനും അവകാശമുണ്ടാവില്ലേ..? അതു ഇത്രയും വിവാദമാക്കാന്‍ മാത്രമുള്ള ഒരു വിഷയമായിരുന്നോ..? വിവാദം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന ആരെല്ലാമോ ഇതിനു പിന്നില്‍ ഉണ്ട് എന്നു സംശയിക്കുന്നവരെ കുറ്റം പറയാനാവുമോ..? മുതിര്‍ന്ന നേതാവായ വാജ്പേയി പോലും കുറ്റപ്പെടുത്തിയ ഗുജറാത്ത് വംശഹത്യാ നായകനായ നരേന്ദ്രമോഡിയുടെ സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി സ്വീകരിച്ച ബച്ചനെ കേരളം ഒഴിവാക്കിയില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു വിവാദവ്യവസായക്കാരുടെ ആക്രമണം.. നരേന്ദ്രമോദിയുടെ ഒരു കോടി രൂപയുടെ സാമ്പത്തികസഹായം രണ്ടാമതൊന്നാലോചിക്കാതെ നിരസിച്ച കവിതാ കര്‍ക്കരെ (മുംബൈ കലാപത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ) കാണിച്ച നിശ്ശബ്ദ പ്രതിഷേധമെങ്കിലും ബച്ചന്‍ കാണിച്ചിരുന്നുവെങ്കില്‍ ചിത്രം മാറുമായിരുന്നു.. പിന്നെ ബച്ചനോടുള്ള ആദരവോ സ്നേഹമോ ആയിരുന്നില്ല മാധ്യമങ്ങളേയും “നിഷ്പക്ഷരേയും” നയിച്ചിരുന്നത്.. പകരം സി.പി.എമ്മിനെ ആക്രമിക്കാനുള്ള ഒരു സാധ്യത സൃഷ്ടിച്ചെടുക്കുകയായിരുന്നു.. അല്ലായിരുന്നെങ്കില്‍ അതേ ബച്ചനെ ഒഴിവാക്കിയ/ബഹിഷ്കരിച്ച മഹാരാഷ്ട്രാ സര്‍ക്കാരിനേയും ആക്രമിക്കുമായിരുന്നല്ലോ. ബച്ചന്റെ മകനെ ആഗോളതാപനവുമായി ബന്ധപ്പെട്ട പരിപാടിയുടെ അംബാസിഡറാക്കുകയും പിന്നീട് പരിപാടിയില്‍ നിന്നു ഒഴിവാക്കുകയും ചെയ്ത ഷീല ദീക്ഷിതിന്റെ ഡല്‍ഹി സര്‍ക്കാരിനേയും വിമര്‍ശിക്കേണ്ടതായിരുന്നില്ലേ.. അവിടെയൊന്നും സി.പി.എം അല്ലാത്തതുകൊണ്ടു ആക്രമണം ഉണ്ടായില്ല..(ഞാന്‍ കരുതുന്നത് കേരളത്തിലെ സര്‍ക്കാര്‍ ചെയ്തതു ശരിയാണെങ്കില്‍ മഹാരാഷ്ട്ര/ഡല്‍ഹി സര്‍ക്കാരുകള്‍ ചെയ്തതും ശരിയാണ്..തെറ്റാണെങ്കില്‍ എല്ലാവരുടേതും തെറ്റാണ്)

അതുകൊണ്ടാണു പറയുന്നത്.. നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞ പല സുഹൃത്തുക്കളും ചാനല്‍ ജീവികളും ആക്രമിക്കുന്നതും കുറ്റം തേടി നടക്കുന്നതും സി.പി.എമ്മിനെതിരെ മാത്രമാകുമ്പോള്‍ അതു നിഷ്പക്ഷമല്ലല്ലോ.. അത്തരം വ്യക്തികള്‍ കൃത്യമായ പക്ഷമുണ്ടെന്നു സമ്മതിച്ചുകൊണ്ടു വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്യണമെന്നാണു ഞാന്‍ ആഗ്രഹിക്കുന്നത്.. നിഷ്പക്ഷരാണെങ്കില്‍ ഏതു പാര്‍ട്ടിക്കാരന്റേയും തെറ്റുകളെ വിമര്‍ശിക്കണം.. “മറ്റുള്ളവരുടെ തെറ്റുകളും ഞങ്ങള്‍ കാണുന്നുണ്ട്, പക്ഷെ ഞങ്ങള്‍ക്കു പ്രതീക്ഷ സി.പി.എമ്മിലായതുകൊണ്ടാണു അവരെ വിമര്‍ശിക്കുന്നത്” എന്നു പറയുന്നതു പക്ഷം ചേരുന്നതിന്റെ ആധുനികമുഖമെന്നു പറയേണ്ടി വരും..

അതുകൊണ്ടു തന്നെ നിഷ്പക്ഷരെന്ന ഗണത്തില്‍ ഉള്‍പ്പെടുത്താവുന്നവര്‍ മേല്‍ സൂചിപ്പിച്ചവരില്‍ പോലും വിരലിലെണ്ണാവുന്നവര്‍ മാ‍ത്രം.. ഭൂരിഭാഗം നിഷ്പക്ഷരും കൃത്യമായ പക്ഷമുള്ളവര്‍ തന്നെ..!!!! (എനിക്കു കൃത്യമായ പക്ഷമുണ്ട്..ഇടതുപക്ഷമാണത്..പക്ഷേ അതു അന്ധമായ പക്ഷമല്ല..വ്യക്തിപരമല്ല, ആശയപരമാണത്..)

Friday, March 19, 2010

പന്നിപ്പനിയും പരീക്ഷണമോ..?

ഫ്രഞ്ചു ഗ്രാമത്തില്‍ ഭ്രാന്ത് വിതച്ചത് സി.ഐ.എ പരീക്ഷണം

ന്യൂയോര്ക്: ശീത സമരകാലത്തു ഫ്രഞ്ച് ഗ്രാമത്തിലെ മുഴുവനാളുകള്ക്കും ഭ്രാന്തു പിടിപെട്ട ദുരൂഹ സംഭവത്തിനു പിന്നില്‍ യു.എസ് ചാര സംഘടനയായ സി.ഐ.എ ആണെന്നു വെളിപ്പെടുത്തല്‍. 1951ല്‍ ദക്ഷിണ ഫ്രാന്സിലെ പോണ്ട് സെയിന്റ് എസ്പിരിറ്റ് ഗ്രാമവാസികള്‍ താല്കാലിക ഭ്രാന്തിനു അടിപ്പെട്ട സംഭവത്തിലാണ് സി.ഐ.എയുടെ പങ്കു പുറത്തുവന്നത്.
യു.എസ് ഗവേഷകനും മാധ്യമ പ്രവര്ത്തകനുമായ ഹാംഗ് ആല്‍ബറെല്ലി ജൂനിയറാണ് നിരവധി സി.ഐ.എ രേഖകള്‍ പരിശോധിച്ചു ഇക്കാര്യം കണ്ടെത്തിയത്. മസ്തിഷ്ക പ്രവര്ത്തനത്തെ ബാധിക്കുന്ന എല്‍.എസ്.ഡി എന്ന മയക്കുമരുന്ന് റൊട്ടിയില്‍ കലര്ത്തി നടത്തിയ പരീക്ഷണമാണ് ഗ്രാമത്തെ ഭ്രാന്തിനു അടിമപ്പെടുത്തിയത്. ആല്‍ബറെല്ലിയുടെ 'എ ടെറിബിള്‍ മിസ്റ്റേക്: ദ മര്ഡര്‍ ഓഫ് ഫ്രാങ്ക് ഓല്സണ്‍ ആന്ഡ് ദ സി.ഐ.ഏസ് സീക്രട്ട് കോള്ഡ് വാര്‍ എക്സ്പെരിമെന്റ്സ്' [http://www.crimemagazine.com/olson.htm] എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. പത്തു വര്ഷത്തെ ഗവേഷണത്തെ തുടര്ന്നാണ് പുസ്തകം പുറത്തുവന്നത്.
ശീതസമര കാലത്തു മയക്കുമരുന്നുകള്‍ സൈനികായുധമാക്കുന്നതുമായി ബന്ധപ്പെട്ടു അമേരിക്കന്‍ സൈന്യവും സി.ഐ.എയും നടത്തിയ എം.കെ. അള്ട്രാ എന്ന രഹസ്യ പദ്ധതിയുടെ ഭാഗമായാണ് ഫ്രാന്സില്‍ പരീക്ഷണം നടന്നത്. ക്യാമ്പ് ഡെട്രിക് എന്ന യു.എസ് സൈനിക ലബോറട്ടറിയാണ് പ്രധാനമായും ഇത്തരം പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. ഹെറോയിന്‍, മെസ്കലൈന്‍, എല്.എസ്.ഡി. മോര്ഫിന്‍ തുടങ്ങിയ മയക്കുമരുന്നുകള്‍ എങ്ങനെ യുദ്ധത്തില്‍ ഉപയോഗിക്കാമെന്നതായിരുന്നു പ്രധാന വിഷയം. ഈ ലബോറട്ടറിയിലെ ബയോകെമിസ്റ്റായ ഫ്രാങ്ക് ഓസ്ലന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് ആല്‍ബറെല്ലി ഞെട്ടിക്കുന്ന വിവരങ്ങളിലേക്കു എത്തിപ്പെട്ടത്. ഫ്രഞ്ച് ഗ്രാമത്തിലെ രോഗ ബാധയുമായി ഫ്രാങ്കിന്റെ ആത്മഹത്യക്കു ബന്ധമുണ്ടെന്നായിരുന്നു ആല്‍ബറെല്ലിയുടെ ആദ്യ കണ്ടെത്തല്‍. രഹസ്യ മരുന്നു പരീക്ഷണത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നു സി.ഐ.എ ഫ്രാങ്കിനെ കൊലപ്പെടുത്തുകയായിരുന്നെന്നു
പിന്നീടു കണ്ടെത്തി.
1951 ആഗസ്റ്റ് 16ലാണ് പോണ്ട് സെയിന്റ് എസ്പിരിറ്റ് ഗ്രാമത്തില്‍ ദുരൂഹ സംഭവങ്ങളുണ്ടായത്. 500ഓളം പേര് താമസിക്കുന്ന കൊച്ചു ഗ്രാമത്തിലെ മുഴുവന്‍ പേര്ക്കും അസാധാരണ മനോവിഭ്രാന്തി ഉണ്ടായി. ജനങ്ങള്‍ കൂട്ടത്തോടെ ഭ്രാന്തരായി. അയഥാര്ഥ കാഴ്ചകളും അനുഭവങ്ങളും ഗ്രാമീണരെ കൂട്ടത്തോടെ മനോരോഗ ആശുപത്രികളില്‍ എത്തിച്ചു. അഞ്ചു പേര്‍ ഭ്രാന്തു മൂലം മരിച്ചു. 50ഓളം പേര്‍ പൂര്ണമായും ഭ്രാന്തരായി.
രോഗബാധിതനായ ഒരാള്‍ മുങ്ങിമരിക്കാന്‍ ശ്രമിച്ചു. പാമ്പുകള്‍ തന്റെ വയര്‍ തിന്നുന്നുവെന്നു പറഞ്ഞായിരുന്നു ഇത്. ഒരു 11കാരന്‍ അമ്മൂമ്മയെ കൊല്ലാന്‍ ശ്രമിച്ചു. താനൊരു വിമാനമായി മാറിയെന്നു അലറി വിളിച്ചു ഒരാള്‍ രണ്ടു നില കെട്ടിടത്തില്‍ നിന്നു ചാടി. ഹൃദയം കാലുകള്ക്കിടയില്‍ കുടുങ്ങിയെന്നു പറഞ്ഞാണ് ഒരാള്‍ ഡോക്ടറെ കാണാനെത്തിയത്. 'ഹൃദയം' പഴയ സ്ഥാനത്തു വെച്ചു തരണമെന്നായിരുന്നു അയാളുടെ അഭ്യര്ഥന. നിരവധി പേര്‍ ഭ്രാന്തില്‍ നിന്നു കരകയറിയെങ്കിലും പലരും പൂര്ണ ഉന്മാദികളായി മാറി.
ഗ്രാമത്തിലെ ബേക്കറിയില്‍ നിന്നു വാങ്ങിയ റൊട്ടി കഴിച്ചതിനെ തുടര്ന്നാണ് അസുഖമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ധാരണ. രസം (മെര്ക്കുറി) കലര്ന്ന റൊട്ടി കഴിച്ചവര്ക്കാണ് ഉന്മാദം പിടിപെട്ടതെന്നായിരുന്നു പഠനങ്ങളില്‍ തെളിഞ്ഞത്. രാസവളങ്ങളുടെ അമിത ഉപയോഗമാണ് ഇതിനു വഴിവെച്ചതെന്നു ചില ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'ശപിക്കപ്പെട്ട റൊട്ടി' രോഗമെന്നാണ് ഈ അവസ്ഥയെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. മാധ്യമങ്ങളില്‍ ചൂടുള്ള വാര്ത്തയായിരുന്നു ഈ വിചിത്ര രോഗം. 'ടൈം' മാസികയുടെ കവര്‍ സ്റ്റോറിയായിരുന്നു ഇത്.
സംഭവം നടന്നു രണ്ടു വര്ഷത്തിനു ശേഷമാണ് യു.എസ് സൈന്യത്തിലെ ബയോ കെമിസ്റ്റായ ഫ്രാങ്ക് ഓസ്ലന്‍ മരിച്ചത്. 1975ന് ശേഷമാണ് ഇയാളുടെ മരണത്തെക്കുറിച്ച വിവരങ്ങള്‍ പുറത്തു വന്നത്. ആത്മഹത്യ എന്ന ഔദ്യോഗിക ഭാഷ്യം ഫ്രാങ്കിന്റെ കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്തെങ്കിലും മറ്റു നടപടികള്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ചരിത്രകാരന്‍ കൂടിയായ ആല്‍ബറെല്ലിയെ ഫ്രഞ്ച് ഗ്രാമത്തിലെത്തിച്ചത്.
ഫ്രാങ്കിനെ സി.ഐ.എ വധിക്കുകയായിരുന്നെന്നാണ് ആല്‍ബറെല്ലി കണ്ടെത്തിയത്. സി.ഐ.എ രേഖകള്‍ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തില്‍ ഇതിനുള്ള കാരണവും വെളിപ്പെട്ടു. ശാഠ്യക്കാരനും വഴക്കാളിയുമായ ഫ്രാങ്ക് യു.എസ് രഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതായി ആല്‍ബറെല്ലി കണ്ടെത്തി. ഫ്രഞ്ച് ഗ്രാമത്തിലെ രോഗ ബാധക്കു പിന്നില്‍ തങ്ങളുടെ മരുന്നു പരീക്ഷണമാണെന്നു ഫ്രാങ്ക് പറഞ്ഞതായി അടുത്ത സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. പരീക്ഷണ രഹസ്യങ്ങള്‍ പുറത്തു വിടില്ലെന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഫ്രാങ്കിന്റെ കൊലപാതകത്തിനു കാരണമെന്നു അന്വേഷണത്തില്‍ തെളിഞ്ഞു.
സ്വിറ്റ്സര്‍ലാന്ഡിലെ സാന്റോസ് മരുന്നു കമ്പനിയാണ് യു.എസ് സൈന്യത്തിനും സി.ഐ.എക്കും പരീക്ഷണത്തിനു ആവശ്യമായ എല്‍.എസ്.ഡി മരുന്നുകള്‍ എത്തിച്ചു കൊടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഈ മയക്കുമരുന്നുകള്‍ പ്രത്യേക അളവില്‍ ആകാശത്തില്‍ തളിക്കുകയും ഭക്ഷ്യ വസ്തുക്കളില്‍ കലര്ത്തുകയുമായിരുന്നു. സി.ഐ.എ ഉദ്യോഗസ്ഥരും സാന്റോസ് കമ്പനിയുമായി നടത്തിയ ആശയ വിനിമയത്തിന്റെ രേഖകള്‍ ആല്‍ബറെല്ലി കണ്ടെത്തി. സാന്റോസും സി.ഐ.എയും ചേര്ന്നാണ് പരീക്ഷണം നടത്തിയതെന്നു ഈ രേഖകള്‍ വ്യക്തമാക്കുന്നു.

ക്യാമ്പ് ഡെട്രിക് ലബോറട്ടറി കേന്ദ്രമായി നടത്തിയ ഇത്തരം പരീക്ഷണങ്ങളെക്കുറിച്ചുള്ള വൈറ്റ്ഹൌസ് രേഖകളും ആല്‍ബറെല്ലി ഉദ്ധരിക്കുന്നുണ്ട്. സി.ഐ.എയുടെ പരീക്ഷണങ്ങള്‍ അന്വേഷിക്കുന്നതിനു 1975ല്‍ സര്ക്കാര്‍ രൂപം നല്കിയ റോക് ഫെല്ലര്‍ കമീഷനും ഇക്കാര്യം വെളിപ്പെടുത്തുന്നു. ഗ്രാമത്തില്‍ വിഷം കലര്ത്തുന്നതിനു സി.ഐ.എ രഹസ്യമായി നിയോഗിച്ച 15 ഫ്രഞ്ചുകാരുടെ പേരു വിവരങ്ങള്‍ റോക് ഫെല്ലര്‍ കമീഷന്റെ റിപ്പോര്ട്ടിലുണ്ട്. 1953 മുതല് 1965വരെ അമേരിക്കന്‍ സൈനികര്ക്കിടയിലും ഇത്തരം രഹസ്യ പരീക്ഷണങ്ങള്‍ സി.ഐ.എ നടത്തിയിരുന്നതായി പുസ്തകം വെളിപ്പെടുത്തുന്നു. സംഭവത്തെക്കുറിച്ചു അമേരിക്കയോടു ഫ്രാന്സ് വിശദീകരണം തേടിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്തു.

Wednesday, March 3, 2010

HELL

കേവലം നാലു മിനുട്ടും നാല്പത്തിമൂന്നു സെക്കന്റും കൊണ്ടു പ്രേക്ഷകമനസില്‍ അസ്വസ്ഥത സൃഷ്ടിക്കാനുതകുന്ന ഒരു സിനിമ ഉണ്ടായെങ്കില്‍ അതു ദൃശ്യവത്കരിച്ച സംവിധായകന്‍ അഭിനന്ദനം അര്‍ഹിക്കുന്നു.. നന്ദലാല എന്ന സംവിധായകന്റെ നരകം (Hell) എന്ന ഷോര്‍ട്ട് ഫിലിം ഉദ്ദേശ്യലക്ഷ്യം കൈവരിച്ചുവെന്നു കാഴ്ചക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രമായ “ട്രൂ നൂണി“നൊപ്പം “നരക“മെന്ന കൊച്ചുസിനിമയും പ്രദര്‍ശിപ്പിച്ചു..
ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ദൃശ്യത്തില്‍ നിന്നു ചലിച്ചു തുടങ്ങിയ ക്യാമറ പ്രേക്ഷകനെ തികച്ചും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ടു നീങ്ങുകയാണ്.. സംഭാഷണമില്ലാത്തതിനാല്‍ എന്തു സംഭവിക്കുമെന്നു ഊഹിക്കാനുമാവാത്ത തലത്തിലേക്കു പ്രേക്ഷകനെ എത്തിക്കുന്നു.. കത്തിയെ പിന്തുടരുന്ന ക്യാമറ അറവുശാലയില്‍ എത്തുന്നതോടെ ആകാംക്ഷക്കു അര്‍ധവിരാമം ഉണ്ടാകും.. ചലനമറ്റ മാടുകളുടെ വിവിധ ദൃശ്യങ്ങള്‍ അധികപ്പറ്റായതുകൊണ്ടാകാം ക്യാമറ തട്ടിത്തടഞ്ഞു പോയതുപോലെ തോന്നി.. അവസാനം ക്യാമറ എത്തി നില്‍കുന്നതു കശാപ്പു ചെയ്ത മാടിന്റെ ഗര്‍ഭസ്തശിശുവിലേക്കാണ്.. ജീവിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട ആ കുഞ്ഞിനെ
മാലിന്യങ്ങള്‍ക്കിടയില്‍ വലിച്ചെറിയപ്പെട്ട ദൃശ്യവും അതിനു ഒരു പൂമാല ചാര്‍ത്തുന്ന വികലാംഗനായ ഒരു യുവാവിനെയും കാണുന്നതിലൂടെ ഒരു പൂര്‍ണ്ണവിരാമത്തിലേക്കു മനസ്സിനെ കൊണ്ടെത്തിക്കാന്‍ സംവിധായകന്‍ നമ്മെ സമ്മതിക്കുകയില്ല.. ആ വികലാംഗനായ യുവാവ് വളരെ ദു:ഖത്തോടെ ക്യാമറയില്‍ നിന്നു അകന്നു അകന്നു പോകുകയാണ്.... പൂമാല ചാര്‍ത്തുന്ന ദൃശ്യവും നുറുങ്ങുന്ന മനസ്സുമായി നീങ്ങുന്ന വികലാംഗനേയും നേരില്‍ കാണാനിടയാവുന്ന അറവുകാരന്റെ മാനസികാവസ്ഥ എന്തെന്നു തിരിച്ചറിയാനാവാത്ത പ്രേക്ഷകനു തുടര്‍ന്നുള്ള കാഴ്ചകള്‍ അതൊരു മരവിപ്പായിരുന്നുവെന്നു ബോധ്യമാക്കിത്തരും.. മാംസത്തിനുവേണ്ടി കൊല്ലുന്ന മാടിന്റെ ഗര്‍ഭസ്തശിശുവിന്റെ ജീവിക്കാനുള്ള അവസരം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി നിഷേധിച്ചു..?? ഈ ചോദ്യമായിരിക്കാം അറവുകാരനെ പുനര്‍ചിന്തക്കു വിധേയനാക്കിയത്.. അവസാന ദൃശ്യത്തില്‍ കത്തി അയാളുടെ കയ്യില്‍ നിന്നു ഊര്‍ന്നുവീഴുന്നതിലൂടെ (ഒരര്‍ത്ഥത്തില്‍ ഉപേക്ഷിക്കുന്നതിലൂടെ) ഇനി ഞാന്‍ ഈ ക്രൂരതക്കു തയ്യാറല്ലെന്നാണോ, അതോ കുറ്റബോധം വേട്ടയാടുന്ന തനിക്കു ഇനി ഈ തൊഴില്‍ സാധ്യമല്ലെന്നാണോ ഉദ്ദേശിച്ചതെന്നു കാഴ്ചക്കാരനു വിട്ടുതരുന്നു.. കത്തി അയാളുടെ അടയാളമായതുകൊണ്ടു കയ്യില്‍ ആദ്യാവസാനം ഉണ്ട് (ആ കത്തി ഒരു അറവുകാരനു യോജിച്ചതായി തോന്നുന്നില്ല)..ഇതിലെ ഭാഷ മൌനം ആയതുകൊണ്ടുതന്നെ ചിന്തകളെ തുറന്നു വിടാന്‍ ധാരാളം സാധ്യതയുണ്ട്.. അതു സംവേദനത്തിനു ഒരു പരിമിതിയായി തോന്നുന്നുമില്ല.. കോടികള്‍ മുടക്കി നിര്‍മ്മിക്കുന്ന എത്രയോ സിനിമകള്‍ എട്ടു നിലയില്‍ പൊട്ടി പണം ചെലവഴിച്ചവന്‍ കുത്തുപാളയെടുത്താലും പ്രേക്ഷകനില്‍ എന്തെങ്കിലും സ്വാധീനം ചെലുത്താന്‍ അത്തരം സിനിമകള്‍ക്കു സാധിച്ചിരുന്നുവെങ്കില്‍ അങ്ങിനെയെങ്കിലും സമാധാനിക്കാമായിരുന്നു.. അവര്‍ക്കെല്ലാം ഒരു പാഠമാണു ഈ “നരകം”..

വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കാന്‍ ആ കൊച്ചുസിനിമക്കായി എന്നതു ശ്രദ്ധേയമാണ്.. തിരുവനന്തപുരത്തെ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു... ഇതിനു മുന്‍പ് ഞെട്ടിപ്പിച്ച കൊച്ചു സിനിമ “ഇന്‍സിഡന്റ് അറ്റ് ഔള്‍ ക്രീക് ബ്രിഡ്ജ്” ആയിരുന്നു.. അതിനുപോലും 23 മിനിറ്റ് ദൈര്‍ഘ്യം ഉണ്ട്..

Monday, February 1, 2010



കോട്ടക്കുന്നിന്റെ സങ്കടം...
മലപ്പുറത്തിന്റെ സിരകള്‍ സന്ധിക്കുന്നതു കോട്ടക്കുന്നിലാണെന്നതു പരമാര്‍ത്ഥം.. മലപ്പുറത്തുകാരനു മായം കലരാത്ത വായുവും കടലുണ്ടിപ്പുഴയെ തഴുകിയെത്തുന്ന ഹൃദ്യമായ കാറ്റും ലഭിക്കണമെങ്കില്‍ കോട്ടക്കുന്നായിരുന്നു പരിഹാരം.. ഉണങ്ങിയ പുല്ലുകള്‍ക്കിടയില്‍ കറുത്ത കല്‍പ്പാറകള്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുമായിരുന്നു.. ആ കുന്നിന്‍ നെറുകയില്‍ എത്തണമെങ്കില്‍ ആദ്യകാലത്തു കുറച്ചു സാഹസപ്പെടണമായിരുന്നു.. ഇടുങ്ങിയ വഴികളില്‍ അള്ളിപ്പിടിച്ചുള്ള കയറ്റം ഒരു പ്രതിബന്ധം തന്നെയായിരുന്നു.. അതിനു കഴിയാത്തവര്‍ക്കു താഴ്വാരം തന്നെ മതിയായ ഇടം ആയിരുന്നു.. എങ്കിലും മുകളില്‍ എത്തിയാല്‍ ലഭിക്കുന്ന അനുഭവം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതും വ്യത്യസ്തവുമായിരുന്നു.. മലപ്പുറത്തിന്റെ ഒരു വിദൂരകാഴ്ച നാലതിരുകളില്‍ നിന്നു കാണുന്നതു തന്നെ മനസ്സിനെ സ്വസ്ഥമാക്കാന്‍ ഉതകുന്നതായിരുന്നു.. അസ്തമയക്കാഴ്ച അവര്‍ണ്ണനീയമാണ്.. ചിത്രകാരന്റെ ഛായാചിത്രത്തെ അനുസ്മരിപ്പിക്കുന്ന ചക്രവാളവര്‍ണ്ണങ്ങള്‍ മലപ്പുറത്തുകാരന്റെ ഭാവനയെ ഉണര്‍ത്തിയിരുന്നു.. പൂര്‍ണ്ണനിലാവുള്ള രാത്രികളില്‍ കോട്ടക്കുന്നിനു സൌന്ദര്യം കൂടാറുണ്ടായിരുന്നു.. ആ പ്രകൃതിദത്തമായ കാഴ്ചകള്‍ ഇന്നു ഒരു സ്വപ്നമായി മാറിക്കഴിഞ്ഞു..

ഒരു ആര്‍ക്കിടെക്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ (തകര്‍ക്കപ്പെട്ട) പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോട്ടക്കുന്നിനെയാവും ഇന്നു നിങ്ങള്‍ കാണുക.. ടൈലുകള്‍ പാകിയ നടപ്പാതകളും കല്‍പ്പാറകള്‍ പറിച്ചെടുത്തു മുറിപ്പെടുത്തി പച്ചപ്പുല്ലുകള്‍ പാകി കൃത്രിമ സൌന്ദര്യം സൃഷ്ടിച്ച മേനിയഴകും, മുകള്‍ത്തട്ടുവരെ യാതൊരു ക്ലേശവുമില്ലാതെ എത്താനാവുന്ന നല്ല റോഡുകളും.. കൂട്ടത്തില്‍ ഒട്ടേറെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും.. സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുടച്ചതിനാല്‍ കത്താന്‍ മറന്ന കാല്‍വിളക്കുകള്‍ ആരുടെയോ ദയാവായ്പിനായി കാത്തുകിടക്കുന്നതും.. ഒരേ ദിശയിലേക്കു മാത്രം സഞ്ചരിക്കുന്ന കാഴ്ചക്കാര്‍ ഒഴിവു ദിനങ്ങളില്‍ നിറയുന്നു.. നിങ്ങളെ നയിക്കുന്നതു ടൈലുകള്‍ പതിച്ച നടപ്പാതകള്‍.. എല്ലാം അവസാനിക്കുന്നതു ഐസ് ക്രീം, പോപ്കോണ്‍ കടകള്‍ക്കു മുന്നില്‍..

മലപ്പുറത്തുകാരന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ ശബ്ദമാലിന്യങ്ങളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡില്‍ നിന്നും രക്ഷതേടി സ്വസ്ഥമായി ചേക്കേറാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ കോട്ടക്കുന്നിനെ “സൌന്ദര്യവത്കരണത്തിന്റെ” പേരില്‍ എല്ലാ തനിമയും നഷ്ടപ്പെടുത്തി വികലമാക്കി.. താഴ്വാരം മുനിസിപ്പാലിറ്റിയുടെ വാട്ടര്‍ തീം പാര്‍ക്ക് വിഴുങ്ങിക്കളഞ്ഞു.. അസ്തമയക്കാഴ്ചകളെയും ചിത്രകാരനുപോലും അപ്രാപ്യമായ നിറങ്ങളേയും പൂര്‍ണ്ണ ചന്ദ്രന്റെ നിലാവിനേയും തകര്‍ക്കാന്‍ ഈ നിര്‍മ്മിതികള്‍ക്കൊന്നും കഴിയില്ല എന്നാശ്വസിക്കാമെങ്കിലും.. കാര്‍ബണ്‍ മോണോക്സൈഡും ശബ്ദമലിനീകരണവും കോട്ടക്കുന്നിന്റെ മുകള്‍ത്തട്ടിലും എത്തിക്കഴിഞ്ഞു... എങ്കിലും ഏതോ ചില കോണുകളില്‍ സ്പര്‍ശനമേല്‍ക്കാതെ തനിമയുടെ ബാക്കിപത്രം ഒളിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്കും അഞ്ചു സുഹൃത്തുക്കള്‍ക്കും മാത്രമായി കാത്തിരുന്ന പരന്ന കല്‍പ്പാറ എവിടെയോ ഉണ്ടെന്നു തോന്നും...

കോട്ടക്കുന്നിന്റെ പഴയ പ്രതാപം ഇനി ഒരു കിനാവു മാത്രം...

Wednesday, January 6, 2010

തിരുവനന്തപുരം ഫെസ്റ്റിവലും ഗോവന്‍ ഫെസ്റ്റിവലും
നവംബറില്‍ ഗോവയില്‍ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും താരതമ്യം ചെയ്യേണ്ടതാണ്.. സംഘാടനത്തിന്റെ കാര്യം മുതല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വരെ അജഗജാന്തരം ദര്‍ശിക്കാവുന്നതാണ്.. കാര്യമായ മുന്നൊരുക്കമില്ലാതെയാണു ഗോവന്‍ ഫെസ്റ്റിവല്‍ നടത്തുന്നതെന്നു കരുതിയാല്‍ തെറ്റാവില്ല.. വിവിധ രാജ്യങ്ങളില്‍ സിനിമയോടുള്ള സമീപനം, ആഖ്യാനശൈലികളിലെ വൈവിധ്യം, സിനിമാചരിത്രത്തിനു മുതല്‍ക്കൂട്ടാകാവുന്ന ഗതിനിര്‍ണ്ണായക സൃഷ്ടികള്‍, ചരിത്രാഖ്യാനങ്ങള്‍, അതിനൂതനമായ വ്യാകരണരീതികള്‍, നവസാങ്കേതികയെ സന്നിവേശിപ്പിക്കുന്നത് തുടങ്ങി വിവിധങ്ങളായ മേഖലകള്‍ സ്പര്‍ശിക്കുന്ന സിനിമകള്‍ പ്രദാനം ചെയ്യുന്നതാവണം ഇത്തരം മേളകള്‍.. അല്ലാതെ നൂറുകണക്കിനു സിനിമകള്‍ ലക്ഷ്യബോധമില്ലാതെ പ്രദര്‍ശിപ്പിക്കുകയെന്നതല്ലല്ലോ ഇതിന്റെ ലക്ഷ്യം.. ആ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഗോവന്‍ ഫെസ്റ്റിവലിനേക്കാള്‍ എത്രയോ കാതം മുന്നിട്ടുനില്‍ക്കാന്‍ കേരള ഫെസ്റ്റിവലിനു സാധിച്ചുവെന്നതു അതിന്റെ സംഘാടര്‍ക്കു (ചലച്ചിത്ര അക്കാദമി) അഭിമാനിക്കാന്‍ വക നല്‍കുന്നു..

ഏതൊരു രജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങള്‍ അവിടെനിന്നു വരുന്ന സൃഷ്ടികളില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.. കേവലവിനോദോപാധി എന്നതിനപ്പുറം സിനിമയെ ഗൌരവമായി പരിഗണിക്കുന്ന സിനിമകളാണു ഈ മേളയുടെ സവിശേഷത.. സിനിമയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന സിനിമകള്‍ക്കൊപ്പം ചില രാജ്യങ്ങളിലെ സിനിമകളെ പ്രത്യേകമാ‍യി ഫോക്കസ് ചെയ്തു അവിടത്തെ സിനിമാവികാസത്തെ കണ്ടറിയാനും അവസരം ഒരുക്കുന്നു.. അവതരണത്തിന്റെ പുത്തന്‍ പരീക്ഷണമായ ഇറാന്‍ സിനിമ ‘ഷിറിന്‍‘ (അബ്ബാസ് കിയറോസ്തമി) പോലുള്ളവ സിനിമയെ ആഴത്തില്‍ പഠിക്കുന്നവര്‍ക്കും പുതുമ തേടുന്നവര്‍ക്കും ഒരു ഉപകരണമാണ്..

ആദ്യകാലഘട്ടത്തില്‍ ചലചിത്ര അക്കാദമി ഫിലിംസൊസൈറ്റി ഫെഢറേഷന്‍ മുഖേന കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്കു സൌജന്യമായി പാസ്സുകള്‍ വിതരണം ചെയ്തുകൊണ്ടാണു പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നത്.. അന്നു മൂവായിരത്തോളം ആളുകള്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തിരുന്നത്.. എന്നാല്‍ ഇന്നു മുന്നൂറു രൂപ പ്രതിനിധിഫീസായി നല്‍കിക്കൊണ്ടു 10000ല്‍ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നതു തന്നെ ഇതിന്റെ ജനകീയപിന്തുണ വര്‍ദ്ധിച്ചതിന്റെ ഉത്തമോദാഹരണമാണ്.. പകുതിയോളം യുവാക്കളായിരുന്നുവെന്നതും പ്രതീക്ഷയേകുന്നു.. ചില ഘട്ടങ്ങളില്‍ ഉണ്ടായ അച്ചടക്കമില്ലായ്മ മുന്‍ കാലങ്ങളില്‍ കാണാത്തതായിരുന്നു..

എന്തായാലും കമ്പോളസിനിമയുടെ ആര്‍ഭാടങ്ങള്‍ക്കും അധീശത്വങ്ങള്‍ക്കും ഒരു വെല്ലുവിളിയാകാന്‍ ഈ ഫെസ്റ്റിവലുകളുടെ സാന്നിധ്യം ഒരു പരിധി വരെ സാധ്യമാകുന്നുവെന്നതു വാസ്തവികമായ കാര്യമാണ്.. സാംസ്കാരികരംഗത്തെ ഈ കൂട്ടായ്മ കേരളക്കരയാകെ ഒരു ഉത്സവമാക്കി മാറുമ്പോള്‍ ഓരോ മലയാളിയ്കും പരോക്ഷമായെങ്കിലും ഇതില്‍ ഭാഗഭാക്കാകാതിരിക്കാന്‍ കഴിയില്ല.. അതുകൊണ്ടു തന്നെ കാര്‍ണിവെല്‍ സംസ്കാരത്തില്‍ നിന്നു മാറി ഗോവന്‍ ഫെസ്റ്റിവലിനു കേരള മാതൃകയിലെത്താന്‍ ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരുമെന്നതില്‍ രണ്ടഭിപ്രായമില്ല...