Sunday, December 27, 2009

ഭീകരവാദവും അമേരിക്കയും

ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ പടപ്പുറപ്പാടുമായി ഇറങ്ങിയ രാജ്യമാണു അമേരിക്കയെന്നാണു ലോകത്താകമാനം പ്രചരിപ്പിക്കപ്പെടുന്നത്.. ലോകത്തിന്റെ ഏതു മൂലയില്‍ ഭീകരവാദം തലപൊക്കുന്നതു കണ്ടാല്‍ തുപ്പാക്കിയും ബോംബുമായി സ്വന്തം പട്ടാളക്കാരും സഖ്യരാഷ്ട്രങ്ങളുടെ പട്ടാളക്കാരും “ഭീകരവാദികളെ ഉന്മൂലനം“ ചെയ്യാന്‍ ശ്രമിക്കുന്നതു ഇറാഖിലും അഫ്ഘാനിസ്ഥാനിലും സമീപകാലത്തു കണ്ടതാണല്ലോ.. അവിടത്തെ സാധാരണ ജനങ്ങള്‍ ദുരിതത്തിലായി എന്നല്ലാതെ അവിടെ നിന്നൊന്നും ഭീകരവാദം തുടച്ചുനീക്കാന്‍ അമേരിക്കയുടെയും കൂട്ടാളികളുടെയും വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും സാധിച്ചില്ലയെന്നതു ലോകത്തിലെ നിഷ്പക്ഷമതികള്‍ക്കെല്ലാമറിയാം.. എങ്കിലും അമേരിക്ക പറയുന്നതു ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നതു അവരാണെന്നാണ്.. അതു വാദത്തിനുവേണ്ടി സമ്മതിക്കാം..
അങ്ങിനെയെങ്കില്‍ താഴെ പറയുന്ന ന്യായമായ ചില സംശയങ്ങള്‍ നിഷ്പക്ഷമതികള്‍ക്കുണ്ടാകും..
1. David Headly യെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്ക പിടികൂടി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നു.. അവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.. ഇന്ത്യയിലുണ്ടായ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായി കണ്ടെത്തിയ വ്യക്തിയാണു
David Headly.. അദ്ദേഹത്തിന്റെ കൂട്ടാളി തഹാവൂര്‍ റാണയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.. അവര്‍ രഹസ്യമായി താമസിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞു.. ഇനി ചോദ്യം ചെയ്യുകയെന്ന സ്വാഭാവികപ്രക്രിയ മാത്രമാണു ബാക്കിയുള്ളത്.. അതിനു അവരെ അമേരിക്കന്‍ അധികാരികള്‍ വിട്ടിതരണം.. ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഭീകരവാദത്തിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ അധികാരികള്‍ David Headly യെ വിട്ടുതരാന്‍ തയ്യാറല്ല.. ഇന്ത്യയെ അവരുടെ തന്ത്രപരമായ കൂട്ടാളിയെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടും വിട്ടുതരാന്‍ തയ്യാറല്ല.. എന്തുകൊണ്ട്..??
2. ഭീകരാക്രമണം ഇന്ത്യയിലായാലും അമേരിക്കയിലായാലും ഒരേ ഫലമല്ലേ ഉണ്ടാവുക.. എന്നിട്ടും
David Headly യെന്ന കൊടുംഭീകരനെ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഏജന്‍സി ചോദ്യം ചെയ്യുന്നതിനോടു അമേരിക്കന്‍ ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നതു ശരിയോ?
3.
അമേരിക്കന്‍ ഭരണകൂടം പറയുന്നതു, ഇന്ത്യക്കു ആവശ്യമുള്ള എല്ലാ വിവരവും അവര്‍ ചോദിച്ചു നല്കാമെന്നാണ്.. അതായതു ഇന്ത്യന്‍ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നുവെന്നര്‍ത്ഥം. അവര്‍ക്കെന്തോ ഒളിക്കാനുണ്ടെന്നു ചുരുക്കം.. എന്താണു ഭയപ്പെടുന്നത്..? എന്താണു ഒളിക്കാനുള്ളത്..? ഈ ഭീകരന്‍ CIA ചാരനാണെന്ന വാദം അംഗീകരിക്കേണ്ടി വരില്ലേ..?
4. ഇതു ഇന്ത്യയില്‍ പിടിക്കപ്പെട്ട പ്രതിയെ അമേരിക്കക്കു ചോദ്യം ചെയ്യാനായിരുന്നെങ്കില്‍ ഇതുപോലെ അനുമതി നിഷേധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയുമായിരുന്നോ..? അമേരിക്ക സമ്മര്‍ദ്ദത്തിലൂടെ കാര്യം സാധിക്കുമായിരുന്നില്ലേ..? അജ്മല്‍ കസബിനെ അമേരിക്കന്‍ ഏജന്‍സികള്‍ ചോദ്യം ചെയ്തല്ലോ.. അങ്ങിനെയെങ്കില്‍ ഇന്ത്യ അമേരിക്കയുടെ അടിമയായി എന്നു പറയുന്നതു ശരിയെന്നു സമ്മതിക്കേണ്ടി വരില്ലേ..?
5. ജോര്‍ജ്ജ് ബുഷിന്റെ സുരക്ഷാകാര്യം മറയാക്കി മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്തുപോലും അമേരിക്കന്‍ നായയെക്കൊണ്ടു നക്കിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ മൌനികളായതെന്തുകൊണ്ട്..? അമേരിക്കയില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സുരക്ഷാപ്രശ്നം പറഞ്ഞു മുണ്ടുരിഞ്ഞു പരിശോധിച്ചപ്പോഴും നമ്മുടെ ഭരണാധികാരികള്‍ വായമൂടിയിരുന്നു.. അതു എന്തുകൊണ്ടാവാം..? ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ദാസന്മാരായതുകൊണ്ടാവാം..

ചുരുക്കത്തില്‍ അമേരിക്ക കുമ്പിടാന്‍ പറഞ്ഞാല്‍ മുട്ടില്‍ ഇഴയുന്ന മന്മോഹന്‍സിങ്ങ് എന്ന പ്രധാനമന്ത്രി ഇന്ത്യയെ വീണ്ടും പാരതന്ത്ര്യത്തിലെത്തിച്ചു.. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ഇന്ത്യയെ രക്ഷിക്കുകയെന്നതു കഠിനപ്രയത്നമാണ്.. മാനസികമായെങ്കിലും സ്വയം സജ്ജരാകുക..

Tuesday, December 8, 2009

ടോമിന്‍ തച്ചങ്കരി ഒരു ബലിയാടോ...??
തടിയന്റവിട നസീര്‍ എന്ന തീവ്രവാദി അതിര്‍ത്തിസേനയുടെ പിടിയിലായി..ദേശാഭിമാനി ഉള്‍പ്പെടെ ചില പത്രങ്ങള്‍ ഈ വാര്‍ത്ത വളരെ മുന്‍പു തന്നെ പുറത്തുവിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു ആ സത്യം ദിവസങ്ങളോളം മറച്ചുവെച്ചു.. എന്തിനു വേണ്ടിയായിരുന്നു ഈ ഒളിച്ചുവെയ്ക്കല്‍ എന്നു ഇന്നുവരെ ഒരു മാധ്യമമോ രാഷ്ട്രീയപാര്‍ട്ടിയോ (സിപിഎം ഒഴികെ) ചര്‍ച്ച ചെയ്യുകയുണ്ടായില്ല.. അതു തല്‍ക്കാലം വിടുക..
ഒരു തീവ്രവാദിയെ (പ്രത്യേകിച്ചും ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള) പിടികൂടിയാല്‍ കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സമ്പൂര്‍ണ്ണ അന്വേഷണം നടത്തുമെന്നു അറിയാത്ത വിഢ്ഢികളാണോ മലയാളികള്‍..?? ഈ കേസില്‍ ബംഗളുരു പോലീസും അന്വേഷണം നടത്തുന്നു.. കോഴിക്കോടു നടന്ന സ്ഫോടനത്തിന്റെ തുടരന്വേഷണം കേന്ദ്രസ്ക്വാഡ് ഏറ്റെടുത്തുകഴിഞ്ഞു.. ഫയലുകള്‍ പോലും കൈമാറിക്കഴിഞ്ഞുവെന്നാണു പത്രവാര്‍ത്ത.. അതിനിടയില്‍ നായനാര്‍ വധശ്രമക്കേസ് ഉള്‍പ്പെടെയുള്ള ഏതാനും കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസും ബംഗളുരുവില്‍ എത്തി.. (നായനാര്‍ വധശ്രമക്കേസില്‍ ജാമ്യം നേടി ഒളിവില്‍ പോയ വ്യക്തിയാണു നസീര്‍).. കേസന്വേഷണത്തിനു പോയ കേരളപോലീസിന്റെ തലവന്‍ ടോമിന്‍ തച്ചങ്കരിയാണ്.. കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ വിദേശത്തായതിനാല്‍ പകരക്കാരനായിട്ടാണു തച്ചങ്കരി നിയോഗിക്കപ്പെട്ടത്.. ഇപ്പോള്‍ അതും വിവാദമാക്കിയിരിക്കുന്നു.. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാനതൊഴില്‍ വിവാദങ്ങള്‍ ഉല്പാദിപ്പിക്കുകയെന്നതാണ്..
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.. കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡ്, ഇന്റലിജന്‍സ് വിഭാഗം, ബംഗളുരു പോലീസ് എന്നീ മൂന്നു ഏജന്‍സികള്‍ ചോദ്യം ചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന നസീറിന്റെ കാര്യത്തില്‍ ഐ.ജി. തച്ചങ്കരി എന്തു തട്ടിപ്പു നടത്തുമെന്നാണു മാധ്യമങ്ങളും പ്രതിപക്ഷവും രമേശ് ചെന്നിത്തലയും പി.പി.തങ്കച്ചനും കരുതുന്നത്..?? തച്ചങ്കരി വിചാരിച്ചാല്‍ ഈ ഏജന്‍സികളെയെല്ലാം സ്വാധീനിക്കാനവുമെന്നാണല്ലോ ഈ “വിവാദ ഉല്പാദകര്‍” പ്രചരിപ്പിക്കുന്നത്.. മലയാളികളെല്ലാം വിഢ്ഢികളാണെന്ന മുന്‍ധാരണയോടെ നടത്തുന്ന ഇത്തരം മണ്ടന്‍ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ ഇതില്‍ ഒരാളും തയ്യാറവില്ലെന്നു നമുക്കറിയാം.. നേരും നെറിയും തിരിച്ചറിയുന്നവര്‍ ഉണ്ടെന്ന ധാരണ മാധ്യമങ്ങള്‍ക്കെങ്കിലും ഉണ്ടാകണം.. മനോരമയ്ക്കും, വീരേന്ദ്രകുമാര്‍ ഉള്ളിടത്തോളം മാതൃഭൂമിയ്ക്കും നേരും നെറിയും കാണിക്കാനാവില്ല.. എങ്കിലും ബാക്കിയുള്ളവര്‍ക്കെങ്കിലും..!!! അതിനിടയില്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്നു മാത്രമാണു പോസിറ്റീവായ പരാമര്‍ശം ഉണ്ടായത്.. അദ്ദേഹം പറഞ്ഞത്, “തീവ്രവാദത്തെ നേരിടുന്ന കാര്യത്തിലെങ്കിലും എല്ലാവരും ഒരുമിച്ചു നില്ക്കണം..” എന്നായിരുന്നു.. ഇതു എല്ലാവരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍..!!!