Friday, October 23, 2009

ഡോക്ടര്‍മാരുടെ സമരം
മെഡിക്കല്‍ കോളേജിലെ ഏതാനും ഡോക്ടര്‍മാര്‍ ശമ്പളപരിഷ്കരണത്തിലെ അപാകതയെന്ന വ്യാജേന സമരത്തിലാണ്.. പത്രങ്ങളിലും ചാനലുകളിലും നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും സമരത്തിനു നേതൃത്വം നല്‍കുന്ന ഡോ.വര്‍ഗീസ് തോമസിന്റെ വാക്കുകളില്‍ നിന്നും ഏതൊരു സാധാരണക്കാരനും ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ ഉണ്ട്.. യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണിത്..??
1) സംസ്ഥാന ജീവനക്കാരുടെ ശമ്പളം 2006ല്‍ പരിഷ്കരിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കു ശമ്പളം വര്‍ദ്ധിച്ചിരുന്നില്ല.. കാരണം അവരുടേതു UGC ശമ്പളഘടനയിലേക്കു മാറ്റുകയായിരുന്നു.. അതായതു പഴയ ശമ്പളം (കുറഞ്ഞ ശമ്പളം) വാങ്ങിയപ്പോഴൊന്നും യാതൊരു പരാതിയും സമരവും ഉണ്ടായിരുന്നില്ല.. (അന്നു Private Practice നിരോധിച്ചില്ല)
2) ഇപ്പോഴത്തെ സര്‍ക്കാര്‍
UGC നിലവാരത്തില്‍ ശമ്പളം പരിഷ്കരിച്ചു.. ഭൂരിഭാഗം പേര്‍ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടായി.. പലതരം അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുന്നവര്‍ ഉണ്ട്.. എന്നിട്ടും ഡോ.വര്‍ഗീസ് തോമസിനും കൂട്ടര്‍ക്കും മാത്രം എന്തുകൊണ്ടു പരാതിയുണ്ടാകുന്നു..?? (ഇന്നു Private Practice നിരോധിച്ചു)
3) ഇപ്പോള്‍ ഡോ.വര്‍ഗീസ് തോമസ് പറയുന്നത്, Private Practice നിരോധനം അംഗീകരിക്കണമെങ്കില്‍ Indian Institute of Medical Science ല്‍ നല്‍കുന്ന വേതനം നല്‍കണമെന്നാണ്.. Indian Institute of Medical Science നിലവാരത്തിലേക്കു എത്താനും അവരുടെ അംഗീകാരം ലഭിക്കാനും വളരെയധികം പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.. ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ ഒട്ടേറെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.. ഇതിനു കാലതാമസം നേരിടുമെന്നു ഏതൊരാളേക്കാളും അറിയാവുന്നതു ഡോ.വര്‍ഗീസ് തോമസിനാണ്.. പിന്നെന്തിനാണു ഈ വാശി..??
4) ഇത്തരത്തില്‍ സമരം നടത്തുമ്പോഴും
Private Practice ഒഴിവാക്കുന്നില്ല.. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു MBBSഉം PGയും നേടിയതിനു ശേഷം പൊതുസമൂഹത്തെ മറന്നു പണത്തിനു പിന്നാലെ ഓടുന്നവര്‍ മനുഷ്യവര്‍ഗ്ഗത്തില്‍പ്പെടുമോ..??
5)
Private Practice സമയം കൂടി മെഢിക്കല്‍ കോളേജില്‍ സാധാരണക്കാരനുവേണ്ടിയും മെഢിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ പറയുന്നത്.. ഡോ.വര്‍ഗ്ഗീസ് തോമസിനെപ്പോലുള്ളവര്‍ പറയുന്നതു വീട്ടില്‍ വിദഗ്ദചികിത്സ തേടിയെത്തുന്നവര്‍ക്കു ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ്.. (ധാരാളം വിദഗ്ദ ഡോക്ടര്‍മാര്‍ പുറത്തുണ്ടല്ലോ).. സ്വന്തം തൊഴില്‍ ഗുണകരമായി പൂര്‍ത്തിയാക്കുകയെന്നതല്ലേ ഒരു വ്യക്തിയുടെ ആദ്യത്തെ കടമ..
6) സമരം നിര്‍ത്താന്‍ ഒരേ ഒരു മാര്‍ഗ്ഗമാണു സമരം ചെയ്യുന്നവരുടെ മനസ്സിലുള്ളത്.. Private Practice പഴയപോലെ തുടരാന്‍ അനുവദിക്കുക.. ശമ്പളം കുറച്ചാലും ഡോ.വര്‍ഗ്ഗീസ് തോമസിനും കൂട്ടര്‍ക്കും യാതൊരു പ്രശ്നവുമുണ്ടാവില്ല..
ഇത്തരം അധാര്‍മ്മിക സമരത്തിനെതിരെ ESMA ഉള്‍പ്പെടെ പ്രയോഗിക്കണമെന്നാണു പൊതുജനാഭിപ്രായം.. സംസ്ഥാന ജീവനക്കാര്‍ 2002 ല്‍ നടത്തിയ 32 ദിവസം നീണ്ടുനിന്ന പണിമുടക്കില്‍ 100% ജീവനക്കാരും പങ്കെടുത്തപ്പോഴും, ഡോക്ടര്‍മാരോടു പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്നാണു ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞത്.. കാരണം ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അവരെ മാ‍റ്റി നിര്‍ത്തുകയായിരുന്നു.. എന്തായാലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വസ്തുത മനസിലാക്കി സമരത്തില്‍ നിന്നു പിന്മാറിയല്ലോ.. പ്രതിബദ്ധതയുള്ളവരും ഈ നാട്ടിലുണ്ട് എന്നു ഉറപ്പായി.. ഇത്തരത്തില്‍ വാരിയുണ്ടാക്കുന്ന പണം ഒരിക്കലും ഗുണം നല്‍കില്ല..

Monday, October 12, 2009

Kaanjeevaram (കാഞ്ചീവരം)

കാഞ്ചീവരം ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പ്രകാശ് രാജിനും ലഭിച്ചു.. ഒരു പട്ടുനെയ്ത്തു തൊഴിലാളിയുടെ കേവലമായ ജീവിതകഥയല്ല കാഞ്ചീവരം.. പട്ടുനൂല്‍ കൊണ്ടു അതിസുന്ദരമായ വസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴും സ്വന്തം ജീവിതം നെയ്തെടുക്കാന്‍ പാടുപെടുന്ന ലോകത്തിലെ ഏതൊരു തൊഴിലാളിയുടേയും ദുരിതാനുഭവം തന്നെയാണു ഈ സിനിമയുടെ ആത്മാവ്.. സ്വന്തം മകളുടെ ജനനസമയത്തു പട്ടുനെയ്ത്തു തൊഴിലാളിയായ അച്ഛന്‍ ചെവിയില്‍ മന്ത്രിക്കുന്നതു “നിന്നെ ഞാന്‍ പട്ടുചേല അണിയിച്ചു വിവാഹം ചെയ്തയക്കും” എന്നാണ്.. (ജനനസമയത്തു ചെവിയില്‍ മന്ത്രിക്കുന്നതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നതു ആ പ്രദേശത്തെ ആചാരമാണ്..) അതു കേട്ടുനിന്നവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ചു.. പട്ടുവസ്ത്രങ്ങള്‍ നെയ്യാനല്ലാതെ സ്വന്തമാക്കാനുള്ള വരുമാനം ഒരു തൊഴിലാളിക്കു ലഭിക്കില്ലെന്നു അറിയാവുന്നവരാണവര്‍.. താജ്മഹല്‍ നിര്‍മിച്ചതാരെന്നു ചോദിച്ചാല്‍ ഷാജഹാന്‍ എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശില്പി നിഴലില്‍ മാറി നില്‍ക്കുന്നുവെന്നു നാമോര്‍ക്കണം.. നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ അവകാശികളാവാന്‍ സാധിക്കാത്തവരാണല്ലോ തൊഴിലാളികള്‍.. ഈ സിനിമയില്‍ തന്നെ മുതലാളിയുടെ മകള്‍ക്കു വിവാഹവേളയില്‍ ധരിക്കുന്നതിനു വേണ്ടി വേങ്കടം (പ്രകാശ് രാജ്) നെയ്ത സാരി സ്വന്തം ഭാര്യയ്ക്കു കാണാന്‍ വിവാഹവേദിയുടെ ദൂരെചെന്നു നില്‍ക്കുന്ന രംഗമുണ്ട്..
എന്തായാലും വേങ്കടം എന്ന നെയ്ത്തുകാരന്‍ വലിയ ആത്മവിശ്വാസത്തോടെ മകളുടെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു.. വിവിധങ്ങളായ കാരണങ്ങളാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ്.. അവിടെയെത്തിയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വാധീനത്താല്‍ മുതലാളിയുടെ ചൂഷണത്തിനെതിരെ സഹപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നു.. തന്റെ മകള്‍ക്കു നല്‍കിയ വാക്കുകള്‍ വേങ്കടത്തെ ചില തെറ്റുകളിലേയ്ക്കു നയിക്കുകയും അദ്ദേഹത്തെ ഒറ്റുകാരനായും കള്ളനായും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.. ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു പക്ഷാഘാതം സംഭവിക്കുന്നു.. നിശ്ചലയായിക്കിടക്കുന്ന മകളെ കാണാന്‍ ജയിലില്‍ നിന്നു എത്തുന്ന വേങ്കടം മകളുടെ ദുരിതം സഹിക്കാനാവാതെ അവള്‍ക്കു വിഷം നല്‍കി ദയാവധം നല്‍കുകയാണ്.. തന്റെ മകള്‍ക്കു വേണ്ടി താന്‍ നെയ്തുകൊണ്ടിരുന്ന പട്ടുപുടവ വെട്ടിക്കീറി മരിച്ചു കിടക്കുന്ന മകളുടെ മേലെ പുതപ്പിക്കുന്ന വേങ്കടത്തിന്റെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെയാണു പ്രകാശ് രാജ് അവതരിപ്പിക്കുന്നത്..ആ ഘട്ടത്തില്‍ അയാളുടെ മനോനില നഷ്ടപ്പെടുന്നതു എത്ര സുന്ദരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.. പ്രകാശ് രാജിന്റെ അഭിനയത്തിന്റെ വ്യാപ്തി സമ്പൂര്‍ണ്ണമായി ഈ സിനിമ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.. അവസാനരംഗത്തു പോലീസുകാരന്‍ വേങ്കടത്തോടു പോകാമെന്നു ചോദിക്കുമ്പോള്‍ ക്യാമറയിലേക്കു നോക്കി ഒരു ചിരിയുണ്ട്.. മാനസികനില തെറ്റിയെന്നു വ്യക്തമാകുന്ന ആ ചിരി (സിനിമ കഴിഞ്ഞിറങ്ങിയാലും) മനസ്സില്‍നിന്നു മായില്ല..
ശരിക്കും നല്ല ഒരു സിനിമ കണ്ടുവെന്ന സംതൃപ്തിയുണ്ട്.. ഏതൊരു തൊഴിലാളിയുടേയും അനുഭവവും വ്യക്തിപരമായ അസ്വസ്ഥതകളും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്.. പ്രിയദര്‍ശനു അഭിമാനിക്കാം..