Friday, April 28, 2017


ഹ്രസ്വ സിനിമകളുടെ വിജയം
സാധാരണ സിനിമാസ്വാദകരുടെ അജണ്ടയില്‍ വരാത്ത മേഖലയാണ് ഹ്രസ്വ സിനിമകളും ഡോക്യുമെന്ററിയും. ഒരു ആശയം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വ്യക്തമായി പറയാന്‍ കഴിയുന്ന ദൃശ്യാവിഷ്കാരമാണിത്. എന്നാല്‍ ഫീച്ചര്‍ സിനിമകളെ പോലെ വ്യാപകമായി പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഇത്തരം സിനിമകള്‍ക്ക് പരിമിതിയുണ്ട്. കേരളത്തില്‍ നടന്ന ഒമ്പതാമത് അന്താരഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ അതിന്റെ വിശാല സാധ്യതകള്‍ ബോധ്യമാകും.
ഏറ്റവും നല്ല ലഘുചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത 28 മിനിറ്റ് ദൈര്‍ഘ്യമുള്ള 'പാപ' എന്ന സിനിമ തന്നെ ശ്രദ്ധേയമായ പ്രമേയമാണ്. എന്നെന്നേക്കുമായി വ്രണപ്പെടുത്തുന്ന ഓള്‍മ്മകള്‍ ബാക്കിവെച്ച അപകടത്തെ തുടർന്നു ഒരു അമ്മയും മകനും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ശീലിക്കുന്നതാണ് ഇതിവൃത്തം. പക്ഷാഘാതം പിടിച്ച അമ്മ സുഷമ ഒരു ആശ്വാസം കണ്ടെത്തുന്നത് അവരുടെ ഭര്‍ത്താവ് മരണപ്പെട്ട ദിവസം അവരുടെ വീട്ടില്‍ കാണുന്ന പ്രാവിലാണ്. അവരുടെ ഇളയ മകന്‍ രാജീവും ഈ മാറ്റങ്ങളോട് സമരസപ്പെടുകയാണ്. മനുഷ്യന്റെ ദുഷിച്ച മാനസികാവസ്ഥയെ ഭാവപ്രകടനങ്ങളുടെ സാധ്യതകള്‍ ഉപയുക്തമാക്കിയുള്ള ആഖ്യാനശൈലിയിലൂടെ ആവിഷ്കരിച്ചുവെന്നതാണ് ജൂറി കണ്ടെത്തിയ സവിശേഷത. ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ 'ര്‍ബേ ഗുജേ' (സംവിധാനം: ജിഷ്ണു ശ്രീകണ്ഠന്‍) തങ്ങളുടെ ബോസിനു വേണ്ടി ഒരു വയസ്സായ കച്ചവടക്കാരനെ വധിക്കാന്‍ പോകുന്ന രണ്ടു പേര്‍. എന്നാല്‍ വിധി എല്ലാം കീഴ്മേല്‍ മറിക്കുന്നു. സന്തോഷ സന്താപ സമ്മിശ്രമായ ഒരു കഥാന്ത്യത്തിലേക്കാണ് 34 മിനിറ്റുള്ള ഈ സിനിമ എത്തുന്നത്. സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം ജൂങ് ഹ്യൂം സാക്ഷാത്കരിച്ച ഡാഡി, ഗ്രാന്‍ഡ്പ & മൈ ലേഡി എന്ന 26 മിനിറ്റ് സിനിമക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. കൊറിയയില്‍ നിന്നും ഇന്ത്യയിലെ ഒരു കൊച്ചു പട്ടണത്തില്‍ താമസത്തിനെത്തുന്ന ഒരു യുവതിയുടെ അയല്‍വീട്ടില്‍ താമസിക്കുന്ന അച്ഛന്‍, മുത്തച്ഛന്‍, 7 വയസ്സുള്ള മകന്‍ എന്നിവര്‍ക്കു ആ കൊറിയന്‍ യുവതിയോട് തോന്നുന്ന അവരുടേതായ സ്നേഹത്തെയാണ് കാണിക്കുന്നത്.
ഏറ്റവും നല്ല ക്യാമ്പസ് ചിത്രം 6 മിനിറ്റ് മാത്രമുള്ള അജയ് ആന്റണി ആലുങ്കലിന്റെ 'തിലക്' (പൊട്ട്) ആയിരുന്നു. മതം, രാഷ്ട്രീയം, ചരിത്രം, ദേശീയത, ജെന്‍ര്‍ തുടങ്ങി ജനങ്ങളെ വിഭജിക്കുന്ന ഘടകങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ജനങ്ങള്‍ അമിതവികാരം പ്രകടിപ്പിക്കുമ്പോഴും അവസാനം ഈ വികാരങ്ങള്‍ മനുഷ്യരെ ഒന്നിച്ചു ചേര്‍ക്കുന്നുവെന്നാണ് തിലക് പറയാന്‍ ശ്രമിക്കുന്നത്. പ്രണയത്തിലൂടെ സ്വാതന്ത്ര്യം തേടുന്ന ഒരു സ്ത്രീയുടെയും പുരുഷന്റേയും ജീവിതത്തിലെ ഒരേടാണിത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വിഭാഗത്തില്‍ സമ്മാനിതമായ ചന്ദ്രശേഖര്‍ റെഡ്ഢി ചിട്ടപ്പെടുത്തിയ 'Fireflies in the Abyss' ഇന്ത്യന്‍ല്‍ക്കരി ഖനികളിലെ അപകടകരമായ ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നു. ഖനികളിലെ ഇരുണ്ട ഗര്‍ത്തത്തില്‍ നിന്നും പുറത്തുകടന്നു സ്കൂളിലേക്ക് പോകാനുള്ള പതിനൊന്നു വയസ്സുകാരനായ കുട്ടിയുടെ അദമ്യമായ മോഹം തീവ്രമായി അവതരിപ്പിക്കാനായിട്ടുണ്ട്. തിളങ്ങുന്നു എന്നു ചിലര്‍ അവകാശപ്പെടുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന ബാല്യങ്ങള്‍ (അഗാധ ഗര്‍ത്തങ്ങളിലെ മിന്നാമിന്നുകള്‍) അപൂവ്വകാഴ്ചയല്ലയെന്ന് 88 മിനിറ്റുള്ള ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ സ്റ്റാന്‍സിന്‍ ഡോര്‍ജയുടെ 'Shepherdess of the Glaciers' ആടുകളെ മേയ്ക്കുന്ന ഒരു യുവതിയുടെ കഥയാണിത്. ഹിമാലയന്‍ താഴ്വാരങ്ങളില്‍ ആ നാല്‍ക്കാലികള്‍ക്കായി ഉഴിഞ്ഞു വെച്ച അവളുടെ ജീവിതത്തെ തന്മയത്വത്തോടെ ദൃശ്യവത്കരിച്ചിട്ടുണ്ട്. ഹ്രസ്വ ഡോക്യമെന്ററിയില്‍ പുരസ്കാരം നേടിയത് ബിജു ടോപോ സംവിധാനം ചെയ്ത 27 മിനിറ്റ് മാത്രമുള്ള The Hunt ആയിരുന്നു. നക്സല്‍ മേഖലകളായ ജാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. കാടിന്റെ മക്കളും ധാതുക്കളും കൂടുതലുള്ള ഈ മേഖലകള്‍ ചൂഷണത്തില്‍ ഗവേഷണം നടത്തുന്ന സ്വദേശ-വിദേശ കുത്തകകള്‍ക്കു എന്നും താല്പര്യമുള്ളതാണ്. അത്തരം മള്‍ട്ടിനാഷണല്‍ കമ്പനികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഖനനത്തിനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. തങ്ങളുടെ ഭൂമി ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത അവിടത്തെ ജനങ്ങളുടെ പ്രതിരോധങ്ങള്‍ ഈ കമ്പനികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആദിവാസി ജനത ഉള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന്റെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന അതിവേഗ വികസനമെന്ന പേരിലുള്ള പ്രകൃതിചൂഷണങ്ങള്‍ക്കേതിരെ ഉയരുന്ന ചൂണ്ടുവിരലാണ് ഈ സൃഷ്ടി. പട്ടം പറത്തല്‍ ഉത്സവവുമായി ബന്ധപ്പെട്ട വിഷയം പറയുന്ന ഹാര്‍ദിക് മേത്തയുടെ Famous in Ahmedabad പ്രത്യേക പരാമര്‍ശവും നേടി.
ഇത്തരത്തില്‍ വ്യത്യസ്തവും ഗൗരവമുള്ളതുമായ വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഒട്ടേറെ കൊച്ചു സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതു കാണാനും അറിയാനുമുള്ള വേദികള്‍ കുറവാണെന്ന ന്യൂനത പരിഹരിക്കപ്പെടേണ്ടതുണ്ട്.
തൃശൂര്‍ സ്വദേശി നിഖിലും സംഘവും ഒരുക്കിയ INERTIA എന്ന കൊച്ചു സിനിമ ലണ്ടനില്‍ നടന്ന ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയാണ്. അതേ കാരണത്താല്‍, Meals Ready, മാംസത്തുരുത്ത് തുടങ്ങി ടെലിവിഷന്‍ ചാനലിലെ ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോകളില്‍ മത്സരിച്ചതുള്‍പ്പെടെയുള്ളവ യുറ്റ്യൂബില്‍ ലഭ്യമാണ്. Chicken Ala Carta എന്ന 6 മിനിറ്റും 10 സെക്കന്റും മാത്രമുള്ള യഥാര്‍ത്ഥ സംഭവത്തിന്റെ അഭ്രാവിഷ്കാരം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. കേരള ചലചിത്ര അക്കാദമിയും ഫിലിം സൊസൈറ്റീസ് ഫെഢറേഷനും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. ഈ വര്‍ഷവും ജൂൺ മാസത്തില്‍ അന്താരഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലചിത്രമേള നടക്കും.

No comments: