Saturday, May 20, 2017

ബാഹുബലി 2 : ഉപസംഹാരമാണോ..?
എം.എ.ലത്തീഫ്

250 കോടി കൊണ്ട് നിർമ്മിച്ച 168 മിനുറ്റുള്ള ബാഹുബലി 2 ഇതെഴുതുമ്പോൾ 1227 കോടിയിലധികം പണം നേടിക്കഴിഞ്ഞു. ബാഹുബലി 2 ഈ സീരീസിലെ ഉപസംഹാരമാണെന്നാണ് (Conclusion) സിനിമയുടെ പേരിൽ നിന്നു മനസ്സിലാകുന്നത്. എന്നാൽ ഇതിന്റെ സാമ്പത്തിക വിജയവും കഥാന്ത്യത്തിലെ വാക്കുകളിലും വരികളിലും ഒളിഞ്ഞിരിക്കുന്ന സൂചനകളും ഇനിയും തുടർ ഭാഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ നിലനിർത്തിയിട്ടുണ്ട്. ഈ സിനിമയുടെ ഉള്ളടക്കമോ യുക്തിയോ ചരിത്രപരമായ വസ്തുതകളോ ഇഴകീറി പരിശോധിക്കാതെ കേവലമൊരു മുത്തശ്ശിക്കഥയായി മാത്രം മനസ്സിൽ കരുതി ആസ്വദിക്കാവുന്ന ഒരു ചിത്രം. അന്തർദേശീയതലത്തിൽ അറിയപ്പെടുന്ന സിനിമാ നിരൂപകൻ രാഘവേന്ദ്ര പറയുന്നത് ഇതൊരു അമർചിത്രകഥയുടെ സിനിമാരൂപമാണെന്നാണ്. ഗ്രാഫിക് സാധ്യതകളെയും കച്ചവട സാധ്യതകളേയും പരമാവധി ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ബ്രഹ്മാണ്ഡ സിനിമ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതു കാണാൻ ജനം ഇടിച്ചു കയറി എന്നത് ശ്രദ്ധേയമാണ്. എല്ലാ കച്ചവട ചേരുവകളുമുള്ള ഈ ബിഗ്ബജറ്റ് സിനിമയുടെ സുനാമിയിൽ കുറഞ്ഞ ചെലവിലുള്ള മലയാളം ഉൾപ്പെടെയുള്ള നല്ല പ്രാദേശിക ഭാഷാ ചിത്രങ്ങൾ മുങ്ങിപ്പോയി. ഇതു ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണ്.
ബാഹുബലി ഒന്നാം ഭാഗത്തിന്റെ തുടർച്ചയായി രാജാവിന്റെ വിശ്വസ്തനായ അടിമ കട്ടപ്പ (സത്യരാജ്) മഹേന്ദ്ര ബാഹുബലിയോട് (പ്രഭാസ്) അച്ഛനായ അമരേന്ദ്ര ബാഹുബലിയെ (പ്രഭാസ്) കുറിച്ച് പറഞ്ഞുകൊടുക്കുന്നതാണ് രണ്ടാം ഭാഗം. സീനിയർ ബാഹുബലിയെ കട്ടപ്പ കൊന്നത് എന്തിനായിരുന്നുവെന്നതായിരുന്നുവല്ലോ സിനിമയുടെ പ്രധാന രഹസ്യം. അതു തന്നെയായിരുന്നു സിനിമയുടെ പരസ്യവും. ഈ സിനിമയിൽ നീതിയുടേയും ധർമ്മത്തിന്റെയും ഭാഗത്തു നിൽക്കുന്ന നന്മയുടെ പ്രതീകങ്ങൾക്കൊപ്പം അധർമ്മത്തിന്റെയും ആക്രമണത്തിന്റേയും ഭാഗത്തു നിൽക്കുന്ന തിന്മയുടെ പ്രതീകങ്ങളും കഥാപാത്രങ്ങളാകുന്നുണ്ട്. കുതന്ത്രത്തിന്റെയും കൗശലത്തിന്റേയും പ്രതിരൂപമായ കഥാപാത്രത്തേയും കാണാം. വളർത്തുമകനായ അമരേന്ദ്ര ബാഹുബലിയെ മഹിഴ്മതി രാജ്യത്തിന്റെ രാജാവാക്കുകയും, സ്വന്തം മകനായ ബല്ലാൾ ദേവനെ (റാണ ദഗ്ഗുബട്ടി) സേനാപതിയാക്കുകയും ചെയ്ത രാജമാത ശിവഗാമിയുടെ (രമ്യ കൃഷ്ണൻ) തീരുമാനത്തിൽ ബല്ലായോടൊപ്പം അച്ഛൻ പിംഗൾ ദേവനും (നാസർ) അസംതൃപ്തനാണ്. തനിക്കു നഷ്ടപ്പെട്ട രാജപദവി മകനു ലഭ്യമാക്കാൻ ശ്രമിക്കുന്ന അച്ഛൻ രാജ്യഭരണം എങ്ങിനെയെങ്കിലും കൈപ്പിടിയിലാക്കാൻ നടത്തുന്ന കുതന്ത്രങ്ങളും കൗശലങ്ങളും ബാഹുബലിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ, രാജമാതയ്ക്ക് ഉണ്ടാക്കുന്ന മന:സംഘർഷങ്ങൾ എന്നിവയാണ് സിനിമയുടെ കഥാപരിസരം.
അതുകൊണ്ടു തന്നെ നിരൂപകൻ രാഘവേന്ദ്രയുടെ വിശകലനത്തിൽ പറഞ്ഞ പല കാര്യങ്ങളും പ്രസക്തമാണ്. മഹാഭാരതത്തിലെ അർജ്ജുനനെപ്പോലെയുള്ള ബാഹുബലി, ദുര്യോധനന്റെ പ്രതിരൂപമായ ബല്ലാൾ ദേവ, ശകുനിയെ ഓർമ്മപ്പെടുത്തുന്ന ബല്ലാൾ ദേവന്റെ അച്ഛൻ പിംഗൾ ദേവൻ, ധർമ്മം പുലരണമെന്നാഗ്രഹിക്കുകയും, എന്നാൽ സ്വന്തം തീരുമാനങ്ങൾ നടപ്പിലാകണമെന്നും അംഗീകരിക്കപ്പെടണമെന്നും ഉള്ള അധികാരത്തിന്റെ വാശിയിൽ അധർമ്മത്തിലേക്ക് തെറ്റിദ്ധാരണയുടെ പേരിലാണെങ്കിലും എത്തിപ്പെടുന്ന രാജമാതാ ശിവഗാമി, സ്വന്തം മന:സ്സാക്ഷിക്കു അംഗീകരിക്കാനാവാത്തതാണെങ്കിലും രാജാവിന്റെ തീരുമാനം നടപ്പാക്കുകയെന്നത് തന്റെ കടമയായി കാണുന്ന രാജഭക്തിയുള്ള വിശ്വസ്തനായ അടിമ കട്ടപ്പ (സത്യരാജ്) എന്നിവരെല്ലാം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്. അഭിനയത്തിൽ മികച്ചു നിൽക്കുന്നത് രമ്യാകൃഷ്ണന്റെ രാജമാത ശിവഗാമി തന്നെ.
നീതിക്കും ന്യായത്തിനും വേണ്ടി രാജമാതാവിന്റെ വിധികളെ പോലും എതിർക്കേണ്ടി വരുന്ന അമരേന്ദ്ര ബാഹുബലിക്കു തന്റെ പ്രണയ സാഫല്യത്തിനു വേണ്ടി രാജപദവി ഉപേക്ഷിക്കേണ്ടിവരുന്നു, പെണ്ണിന്റെ മാനം സംരക്ഷിക്കുന്നതിനു പെണ്ണിനോടൊപ്പം നിന്നു രാജാവിനെ വെല്ലുവിളിച്ചതിനു കൊട്ടാരത്തിൽ നിന്നു പോലും പുറത്താക്കപ്പെടുന്ന അവസ്ഥയിലെത്തുന്നുണ്ട്. ഒരു പെണ്ണിന്റെ മനസ്സിലുള്ള ആഗ്രഹം എന്താണെന്നറിയാതെ അവളുടെ മേൽ ഒരു തീരുമാനം അടിച്ചേല്പിക്കുന്നതു ശരിയാണോ എന്ന് രാജമാതാവിനോടുള്ള ചോദ്യവും, പെണ്ണിന്റെ മേൽ കൈവെച്ചവന്റെ വിരൽ ഛേദിക്കുകയല്ല വേണ്ടത്, തലയറുക്കുകയാണെന്നു പറഞ്ഞ് വിചാരണ സദസ്സിൽ സേനാതലവന്റെ തലയറുത്ത് രാജാവായ ബല്ലാൾ ദേവന്റെ നെറികേടിനെ ചോദ്യം ചെയ്യുന്നതും ഉൾപ്പെടെയുള്ള ചില രംഗങ്ങൾ സാധാരണ പ്രേക്ഷകനെ വളരെയധികം ആകർഷിക്കുന്നുവെന്നു തിയേറ്ററിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. ബല്ലാൾ ദേവന്റേയും അച്ഛന്റേയും കുതന്ത്രത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു ബാഹുബലിയെ കൊല്ലണമെന്ന തീരുമാനമെടുത്ത രാജമാതാവിന്റെ ആജ്ഞ അടിമബോധം കടമയായി പരിണമിച്ച കട്ടപ്പ നിർവ്വഹിക്കുമ്പോഴും പ്രേക്ഷകനു കട്ടപ്പയുടെ നിസ്സഹായത ബോധ്യപ്പെടുന്ന വിധം സംവിധായകൻ രംഗം ചിട്ടപ്പെടുത്തി.
സിനിമയുടെ സാങ്കേതികത ഇന്നത്തെ കാലത്ത് പണത്തിന്റെ അളവിനനുസരിച്ചു വർദ്ധിപ്പിക്കാവുന്ന തരത്തിൽ വികാസം പ്രാപിച്ചിട്ടുണ്ട്. ഏരിയൽ ഷോട്ടുകളുടേയും ലോങ് ഷോട്ടുകളുടേയും സാധ്യതകൾ ദൃശ്യഭംഗിക്കായി ഉപയോഗിച്ചിരിക്കുന്നു. കയറിൽ തൂക്കി പറത്തുന്ന രംഗങ്ങൾ ഒന്നാം ഭാഗത്തിലെ പോലെ നന്നായില്ലെന്നു മാത്രമല്ല, പല ഭാഗങ്ങളിലും മുഴച്ചു നിൽക്കുകയും ചെയ്യുന്നു. എന്തായാലും സിനിമയെ ഗൗരവമായി സമീപിക്കാത്ത പ്രേക്ഷകർക്കും കുട്ടികൾക്കും ആസ്വാദ്യകരമാകും വിധം, അനീതിക്കും അക്രമത്തിനും ദുഷ്ടലാക്കുള്ള വില്ലന്മാർക്കും എതിരെ വിജയം വരിക്കുന്ന ധർമ്മിഷ്ടനായ നായക കഥാപാത്രമുള്ള ഒരു സാധാരണ സിനിമ. പ്രേംനസീർ, എം.ജി.ആർ, എൻ.ടി.രാമറാവു തുടങ്ങിയവരുടെ സിനിമകൾ കണ്ടിരുന്ന തലമുറ ഇത്തരം പ്രമേയങ്ങൾ കണ്ടു ശീലമുള്ളവരാണ്. അമർചിത്രകഥയും മുത്തശ്ശിക്കഥയും കേട്ടവരാണ്. ഇതൊന്നും കേൾക്കാത്ത അനുഭവിക്കാത്ത ഒരു തലമുറയ്ക്കു അവരുടെ കാലത്തെ സാങ്കേതിക വളർച്ചയുടെ സാധ്യതകളിലൂടെ രൂപപ്പെടുത്തിയ ഒരു സൃഷ്ടി കാണാൻ ലഭിച്ച അവസരം പരമാവധി ഉപയുക്തമാക്കി. അല്ലാതെ ഇതിലെ യുക്തിയോ യാഥാർത്ഥ്യബോധമോ ചരിത്രവസ്തുതകളോ അല്ല ഈ സാമ്പത്തികവിജയത്തിനാധാരം. കലാമൂല്യത്തിനുള്ള ഘടകങ്ങൾ തിരഞ്ഞാൽ നിരാശയാകും ഫലം. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം ഒരു വാൾ കൊണ്ട് (ആയുധങ്ങൾ ഇല്ലാതെയും) നൂറു കണക്കിനു എതിരാളികളെ അയത്നലളിതമായി കൊലപ്പെടുത്തി വിജയശ്രീലാളിതനായി വരുന്ന അമാനുഷ നായകന്മാരെ മാത്രം അവതരിപ്പിച്ചിരുന്ന കാലം ഉണ്ടായിരുന്നു. അതുപോലൊരു പ്രമേയം നൂതന ഗ്രാഫിക് സാങ്കേതിക വിദ്യകൾ കൂട്ടിക്കലർത്തി കേവലാസ്വാദനത്തിനു മാത്രമായി ഉണ്ടാക്കിയ ഒരു സിനിമ നിർമ്മിച്ചവരുടെ ഉദ്ദേശ്യലക്ഷ്യം സാക്ഷാത്കരിച്ചു. ഒന്നാം ഭാഗത്തിനു ദേശീയ അവാർഡ് കിട്ടിയതുകൊണ്ട് രണ്ടാം ഭാഗത്തിനും ഒരു സാധ്യതയുണ്ട്..

Friday, April 28, 2017


ഹ്രസ്വ സിനിമകളുടെ വിജയം
സാധാരണ സിനിമാസ്വാദകരുടെ അജണ്ടയില്‍ വരാത്ത മേഖലയാണ് ഹ്രസ്വ സിനിമകളും ഡോക്യുമെന്ററിയും. ഒരു ആശയം കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ വ്യക്തമായി പറയാന്‍ കഴിയുന്ന ദൃശ്യാവിഷ്കാരമാണിത്. എന്നാല്‍ ഫീച്ചര്‍ സിനിമകളെ പോലെ വ്യാപകമായി പ്രേക്ഷകരിലേക്ക് എത്തുന്നതിന് ഇത്തരം സിനിമകള്‍ക്ക് പരിമിതിയുണ്ട്. കേരളത്തില്‍ നടന്ന ഒമ്പതാമത് അന്താരഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുടെ ഉള്ളടക്കം പരിശോധിച്ചാല്‍ അതിന്റെ വിശാല സാധ്യതകള്‍ ബോധ്യമാകും.
ഏറ്റവും നല്ല ലഘുചിത്രത്തിനുള്ള പുരസ്കാരം ലഭിച്ച സിദ്ധാര്‍ത്ഥ് ചൗഹാന്‍ സംവിധാനം ചെയ്ത 28 മിനിറ്റ് ദൈര്‍ഘ്യമുള്ള 'പാപ' എന്ന സിനിമ തന്നെ ശ്രദ്ധേയമായ പ്രമേയമാണ്. എന്നെന്നേക്കുമായി വ്രണപ്പെടുത്തുന്ന ഓള്‍മ്മകള്‍ ബാക്കിവെച്ച അപകടത്തെ തുടർന്നു ഒരു അമ്മയും മകനും തങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ ശീലിക്കുന്നതാണ് ഇതിവൃത്തം. പക്ഷാഘാതം പിടിച്ച അമ്മ സുഷമ ഒരു ആശ്വാസം കണ്ടെത്തുന്നത് അവരുടെ ഭര്‍ത്താവ് മരണപ്പെട്ട ദിവസം അവരുടെ വീട്ടില്‍ കാണുന്ന പ്രാവിലാണ്. അവരുടെ ഇളയ മകന്‍ രാജീവും ഈ മാറ്റങ്ങളോട് സമരസപ്പെടുകയാണ്. മനുഷ്യന്റെ ദുഷിച്ച മാനസികാവസ്ഥയെ ഭാവപ്രകടനങ്ങളുടെ സാധ്യതകള്‍ ഉപയുക്തമാക്കിയുള്ള ആഖ്യാനശൈലിയിലൂടെ ആവിഷ്കരിച്ചുവെന്നതാണ് ജൂറി കണ്ടെത്തിയ സവിശേഷത. ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ 'ര്‍ബേ ഗുജേ' (സംവിധാനം: ജിഷ്ണു ശ്രീകണ്ഠന്‍) തങ്ങളുടെ ബോസിനു വേണ്ടി ഒരു വയസ്സായ കച്ചവടക്കാരനെ വധിക്കാന്‍ പോകുന്ന രണ്ടു പേര്‍. എന്നാല്‍ വിധി എല്ലാം കീഴ്മേല്‍ മറിക്കുന്നു. സന്തോഷ സന്താപ സമ്മിശ്രമായ ഒരു കഥാന്ത്യത്തിലേക്കാണ് 34 മിനിറ്റുള്ള ഈ സിനിമ എത്തുന്നത്. സൗത്ത് കൊറിയന്‍ സംവിധായകന്‍ കിം ജൂങ് ഹ്യൂം സാക്ഷാത്കരിച്ച ഡാഡി, ഗ്രാന്‍ഡ്പ & മൈ ലേഡി എന്ന 26 മിനിറ്റ് സിനിമക്കും പ്രത്യേക പരാമര്‍ശം ലഭിച്ചു. കൊറിയയില്‍ നിന്നും ഇന്ത്യയിലെ ഒരു കൊച്ചു പട്ടണത്തില്‍ താമസത്തിനെത്തുന്ന ഒരു യുവതിയുടെ അയല്‍വീട്ടില്‍ താമസിക്കുന്ന അച്ഛന്‍, മുത്തച്ഛന്‍, 7 വയസ്സുള്ള മകന്‍ എന്നിവര്‍ക്കു ആ കൊറിയന്‍ യുവതിയോട് തോന്നുന്ന അവരുടേതായ സ്നേഹത്തെയാണ് കാണിക്കുന്നത്.
ഏറ്റവും നല്ല ക്യാമ്പസ് ചിത്രം 6 മിനിറ്റ് മാത്രമുള്ള അജയ് ആന്റണി ആലുങ്കലിന്റെ 'തിലക്' (പൊട്ട്) ആയിരുന്നു. മതം, രാഷ്ട്രീയം, ചരിത്രം, ദേശീയത, ജെന്‍ര്‍ തുടങ്ങി ജനങ്ങളെ വിഭജിക്കുന്ന ഘടകങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നു. ജനങ്ങള്‍ അമിതവികാരം പ്രകടിപ്പിക്കുമ്പോഴും അവസാനം ഈ വികാരങ്ങള്‍ മനുഷ്യരെ ഒന്നിച്ചു ചേര്‍ക്കുന്നുവെന്നാണ് തിലക് പറയാന്‍ ശ്രമിക്കുന്നത്. പ്രണയത്തിലൂടെ സ്വാതന്ത്ര്യം തേടുന്ന ഒരു സ്ത്രീയുടെയും പുരുഷന്റേയും ജീവിതത്തിലെ ഒരേടാണിത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി വിഭാഗത്തില്‍ സമ്മാനിതമായ ചന്ദ്രശേഖര്‍ റെഡ്ഢി ചിട്ടപ്പെടുത്തിയ 'Fireflies in the Abyss' ഇന്ത്യന്‍ല്‍ക്കരി ഖനികളിലെ അപകടകരമായ ജീവിതങ്ങളിലേക്ക് ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നു. ഖനികളിലെ ഇരുണ്ട ഗര്‍ത്തത്തില്‍ നിന്നും പുറത്തുകടന്നു സ്കൂളിലേക്ക് പോകാനുള്ള പതിനൊന്നു വയസ്സുകാരനായ കുട്ടിയുടെ അദമ്യമായ മോഹം തീവ്രമായി അവതരിപ്പിക്കാനായിട്ടുണ്ട്. തിളങ്ങുന്നു എന്നു ചിലര്‍ അവകാശപ്പെടുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസം ലഭിക്കാതെ പോകുന്ന ബാല്യങ്ങള്‍ (അഗാധ ഗര്‍ത്തങ്ങളിലെ മിന്നാമിന്നുകള്‍) അപൂവ്വകാഴ്ചയല്ലയെന്ന് 88 മിനിറ്റുള്ള ഈ ചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ സ്റ്റാന്‍സിന്‍ ഡോര്‍ജയുടെ 'Shepherdess of the Glaciers' ആടുകളെ മേയ്ക്കുന്ന ഒരു യുവതിയുടെ കഥയാണിത്. ഹിമാലയന്‍ താഴ്വാരങ്ങളില്‍ ആ നാല്‍ക്കാലികള്‍ക്കായി ഉഴിഞ്ഞു വെച്ച അവളുടെ ജീവിതത്തെ തന്മയത്വത്തോടെ ദൃശ്യവത്കരിച്ചിട്ടുണ്ട്. ഹ്രസ്വ ഡോക്യമെന്ററിയില്‍ പുരസ്കാരം നേടിയത് ബിജു ടോപോ സംവിധാനം ചെയ്ത 27 മിനിറ്റ് മാത്രമുള്ള The Hunt ആയിരുന്നു. നക്സല്‍ മേഖലകളായ ജാര്‍ഖണ്ഡ്, ഒറീസ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മനുഷ്യാവകാശ വിഷയവുമായി ബന്ധപ്പെട്ട വിഷയങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. കാടിന്റെ മക്കളും ധാതുക്കളും കൂടുതലുള്ള ഈ മേഖലകള്‍ ചൂഷണത്തില്‍ ഗവേഷണം നടത്തുന്ന സ്വദേശ-വിദേശ കുത്തകകള്‍ക്കു എന്നും താല്പര്യമുള്ളതാണ്. അത്തരം മള്‍ട്ടിനാഷണല്‍ കമ്പനികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഖനനത്തിനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുമുണ്ട്. തങ്ങളുടെ ഭൂമി ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്ത അവിടത്തെ ജനങ്ങളുടെ പ്രതിരോധങ്ങള്‍ ഈ കമ്പനികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ആദിവാസി ജനത ഉള്‍പ്പെടെയുള്ള പിന്നോക്ക ജനവിഭാഗത്തിന്റെ ജീവിതത്തെ ആഴത്തില്‍ ബാധിക്കുന്ന അതിവേഗ വികസനമെന്ന പേരിലുള്ള പ്രകൃതിചൂഷണങ്ങള്‍ക്കേതിരെ ഉയരുന്ന ചൂണ്ടുവിരലാണ് ഈ സൃഷ്ടി. പട്ടം പറത്തല്‍ ഉത്സവവുമായി ബന്ധപ്പെട്ട വിഷയം പറയുന്ന ഹാര്‍ദിക് മേത്തയുടെ Famous in Ahmedabad പ്രത്യേക പരാമര്‍ശവും നേടി.
ഇത്തരത്തില്‍ വ്യത്യസ്തവും ഗൗരവമുള്ളതുമായ വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ഒട്ടേറെ കൊച്ചു സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതു കാണാനും അറിയാനുമുള്ള വേദികള്‍ കുറവാണെന്ന ന്യൂനത പരിഹരിക്കപ്പെടേണ്ടതുണ്ട്.
തൃശൂര്‍ സ്വദേശി നിഖിലും സംഘവും ഒരുക്കിയ INERTIA എന്ന കൊച്ചു സിനിമ ലണ്ടനില്‍ നടന്ന ഫെസ്റ്റിവലിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ സിനിമയാണ്. അതേ കാരണത്താല്‍, Meals Ready, മാംസത്തുരുത്ത് തുടങ്ങി ടെലിവിഷന്‍ ചാനലിലെ ഷോര്‍ട്ട് ഫിലിം റിയാലിറ്റി ഷോകളില്‍ മത്സരിച്ചതുള്‍പ്പെടെയുള്ളവ യുറ്റ്യൂബില്‍ ലഭ്യമാണ്. Chicken Ala Carta എന്ന 6 മിനിറ്റും 10 സെക്കന്റും മാത്രമുള്ള യഥാര്‍ത്ഥ സംഭവത്തിന്റെ അഭ്രാവിഷ്കാരം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. കേരള ചലചിത്ര അക്കാദമിയും ഫിലിം സൊസൈറ്റീസ് ഫെഢറേഷനും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുകള്‍ എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. ഈ വര്‍ഷവും ജൂൺ മാസത്തില്‍ അന്താരഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വ ചലചിത്രമേള നടക്കും.

Monday, March 20, 2017


ടാക്സി സിനിമയല്ല, ഇറാനിലെ ജീവിതം തന്നെ



2010 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്‍ണ് 'ടാക്സി' (ടാക്സി ടെഹറാന്‍ എന്നും പേരുണ്ട്). മതാധിഷ്ടിത ഇറാനില്‍ ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നോ മതത്തിനെ ധിക്കരിച്ചുവെന്നോ ആരോപിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പാണ്. അത്തരത്തിലുള്ള ഒരു ശിക്ഷയുടെ ഭാഗമായി 20 ര്‍ഷത്തേക്കു സിനിമ എടുക്കുന്നതില്‍ നിന്നും പനാഹിയെ തടഞ്ഞിരിക്കുന്നു. സിനിമയുടെ തിരക്കഥാഘട്ടം മുതല്‍ അതിന്റെ ഉള്ളടക്കം കര്‍ശന പരിശോധനയ്ക്കു വിധേയമാക്കുന്ന രീതിയാണ് ഇറാനില്‍ നിലവിലുള്ളത്. നിയമത്തിനും ശരീഅത്തിനുമെതിരെ എന്തെങ്കിലും പരോക്ഷമായെങ്കിലും ഉണ്ടെങ്കില്‍ സിനിമയ്ക്കു അനുവാദം ലഭിക്കില്ലെന്നു മാതമല്ല, ശിക്ഷിക്കപ്പെടുകയും ചെയ്യും. സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതു തന്നെ. തന്റെ മേല്‍ ഭരണകൂടം ചാര്‍ത്തിയ ചങ്ങലക്കെട്ടുകളെ പൊട്ടിച്ചെറിയാന്‍, തനിക്കു ലഭ്യമായ ചെറിയ ഇടം പോലും ഉപയുക്തമാക്കി എന്നതിന്റെ സാക്ഷ്യമാണ് 'ടാക്സി' എന്ന സിനിമ.

ചിത്രത്തിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന ടാക്സി കാറിന്റെ ഡ്രൈവറായി അഭിനയിച്ചിരിക്കുന്നത് ജാഫര്‍ പനാഹി തന്നെയാണ്. കാറിനുള്ളില്‍ ഒളിപ്പിച്ചു വെച്ച മൂന്നു ക്യാമറകള്‍ ഉപയോഗിച്ച് കാറിനുള്ളിലും പുറത്ത് തെരുവുകളിലും നടക്കുന്ന വ്യത്യസ്ത സംഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് സിനിമ രൂപപ്പെടിത്തിയിട്ടുള്ളത്. ഈ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ചിട്ടപ്പെടുത്തിയതായിട്ടു പോലും മികച്ച സിനിമയായി ടാക്സി മാറി. സിനിമാ നിര്‍മ്മാണത്തിലെ നിയന്ത്രണങ്ങളെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും സ്വന്തം ശിക്ഷക്കാധാരാമായ വിഷയങ്ങളെപ്പറ്റിയും അധികാരത്തെ കുറിച്ചും സദാചാരം, ധാര്‍മ്മികത എന്നിവയെക്കുറിച്ചുമെല്ലാം സിനിമ പ്രതിപാദിക്കുന്നു. ഷെയര്‍ ടാക്സിയായി ഓടുന്ന കാറില്‍ സ്ത്രീകളും പുരുഷന്മാരും, യുവാക്കളും വൃദ്ധരും, പണക്കാരും പാവപ്പെട്ടവരും, ആധുനികതാവാദികളും യാഥാസ്ഥിതികവാദികളും, വ്യാജ സി.ഡി വില്‍പ്പനക്കാരനും മനുഷ്യാവകാശ പ്രവര്‍ത്തകനും ഉള്‍പ്പെടെ പലരും യാത്രക്കാരായി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവര്‍ അഭിനേതാക്കള്‍ ആയിരുന്നോ കേവലം യാത്രക്കാര്‍ മാത്രമാണോ എന്ന കാര്യത്തില്‍ കഴ്ചക്കാരനു സംശയം ഉണ്ടാകും. അവരുടെ സ്വാഭാവികമായ സംസാരങ്ങള്‍ ഇറാനില്‍ നിലനില്‍ക്കുന്ന നീതിനിഷേധങ്ങളെയും അന്യായങ്ങളെയും അസ്വാതന്ത്രങ്ങളേയും നിയന്ത്രണങ്ങളേയും തുറന്നു കാണിക്കുന്നുണ്ട്. പലതും ആഴത്തിലുള്ള ചിന്തകളിലേക്കു പ്രേക്ഷകനെ നയിക്കുന്നുണ്ട്. മരുമകളായ ഹന എന്ന കൊച്ചുമിടുക്കി കാറില്‍ കയറുന്നതോടെ കൂടുതല്‍ കൃത്യതയോടെ കാര്യങ്ങള്‍ വ്യക്തമാക്കാനായി. സ്കൂളിലെ അസൈന്മെന്റ് പ്രോജക്റ്റ് ആയി ഒരു കൊച്ചു സിനിമ ചെയ്യാനാണ് ഹനയോട് ടീച്ചര്‍ ആവശ്യപ്പെട്ടത്. ധാര്‍മ്മികത ഉള്ളതാവണം, മതനിയമങ്ങള്‍ക്ക് എതിരാകരുത്, ഭരണകൂടത്തെ വിമര്‍ശിക്കുന്നതാകരുത് തുടങ്ങി ഒട്ടേറെ 'അരുതുകള്‍' സിനിമയുടെ വ്യവസ്ഥകള്‍ ആയി ടീച്ചര്‍ കല്‍പ്പിച്ചിട്ടുമുണ്ട്. അതിന്റെ സഹായത്തിനായി അമ്മാവനെ സമീപിക്കുകയാണ്. കാറിനുള്ളില്‍ നിന്നു ഒരു ചെറിയ മൂവി ക്യാമറ കൊണ്ട് അവള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ഉണ്ടാകുന്ന മിക്ക സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും പനാഹിക്കു ഉത്തരം ഉണ്ടായിരുന്നില്ല. കാരണം അദ്ദേഹം നേരിടുന്ന പ്രശ്നങ്ങള്‍ തന്നെയായിരുന്നു ഹനയുടേതും. യഥാര്‍ത്ഥത്തില്‍ ജാഫര്‍ പനാഹിയുടെ ഇന്നത്തെ അവസ്ഥയുടേയും അനുഭവത്തിന്റെയും സെള്‍ഫിയാണ് ഈ ചിത്രം. 82 മിനുറ്റ് മാത്രമുള്ള ഈ സിനിമയുടെ ആദ്യപ്രദര്‍ശനം ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയില്‍ നടത്തുകയും ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടുകയും ചെയ്തു. യാത്രാനുമതി ലഭിക്കാത്തതിനാല്‍ പനാഹിക്കു സമ്മാനം വാങ്ങാന്‍ കഴിഞ്ഞില്ല. പകരം സിനിമയില്‍ അഭിനയിച്ച ഹന സെയ്ദി എന്ന കൊച്ചുമിടുക്കി (പനാഹിയുടെ മരുമകള്‍) പുരസ്കാരം സ്വീകരിച്ചു. സിനിമ നിര്‍മ്മിക്കുന്നതിനു നിരോധനം ഉള്ളപ്പോഴും പനാഹി This is not a film, Closed Curtain എന്നീ സിനിമകള്‍ നിര്‍മ്മിക്കുകയുണ്ടായി. അദ്ദേഹത്തിനു അവാര്‍ഡ് ലഭിച്ചതില്‍ ഇറാനിയന്‍ ഫിലിം സംഘടന അഭിനന്ദനം അറിയിച്ചപ്പോഴും, ഈ പുരസ്കാരത്തിലൂടെ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശമാണ് ബെര്‍ലിന്‍ ഫെസ്റ്റിവല്‍ സംഘാടകര്‍ ചെയ്തതെന്നു കുറ്റപ്പെടുത്താനും മറന്നില്ല.

പനാഹി നേരിട്ടതിനേക്കാള്‍ അപകടകരമായ സ്ഥിതിവിശേഷമാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. കമല്‍, എം.ടി എന്നിവര്‍ക്കെതിരെയുള്ള പടപ്പുറപ്പാട് അതില്‍ അവസാനത്തെ സംഭവമാണ്. 'കാ ബോഡിസ്കേപ്' എന്ന സിനിമ കേരളത്തിലെ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതാണല്ലോ കമലിനോടുള്ള യഥാര്‍ത്ഥ പ്രശ്നം. അല്ലാതെ ദേശീയതയും ദേശീയഗാനവും ഒന്നുമായിരുന്നില്ല. അതുപോലെ നോട്ട് അസാധുവാക്കിയതിന്റെ ദുരിതം അനുഭവിച്ച സാധാരണക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സ്വന്തം ഭാഷയില്‍ പറഞ്ഞുവെന്നാതായിരുന്നല്ലോ എം.ടി ചെയ്ത 'മഹാ അപരാധം'. എന്തായാലും ഇതു പുതിയ സംഭവമാണെന്ന് കരുതുന്നത് മൗഢ്യമാണ്. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം.ല്‍ബുര്‍ഗി എന്നിവര്‍ക്കുണ്ടായ ദുരന്തത്തിന്റെ തുടര്‍ച്ചയാണിത്. ഫാസിസത്തിന്റെ കാലൊച്ചകള്‍ നമ്മുടെ മുറ്റത്തും എത്തിയെന്നതിന്റെ മുന്നറിയിപ്പായി ഇതിനെ കാണാം.
എസ്ര

കേരളത്തില്‍ ഇത്തരമൊരു സിനിമ ആദ്യമാണെന്ന പ്രചരണവുമായാണ് ജയ് കെ എന്ന ജയകൃഷ്ണന്‍ സംവിധാനം ചെയ്ത 'എസ്ര' പ്രദര്‍ശനത്തിനെത്തിയത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ആദ്യദിനത്തില്‍ തന്നെ സിനിമ കാണാന്‍ പോയത്. സിനിമ കണ്ടിറങ്ങുമ്പോള്‍ വെള്ളിനക്ഷത്രം, ആകാശഗംഗ, ന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, പഴയ സിനിമ ലിസ, തുടങ്ങിയ മലയാള സിനിമകളുടേയും ഹോളിവുഢ് ഹൊറര്‍ സിനിമകളുടേയും ഒരു അവിയല്‍ രൂപമായാണ് അനുഭവപ്പെട്ടത്. അണിയറ ശില്പികള്‍ അവകാശപ്പെടുന്ന പുതുമ എവിടേയും ദര്‍ശിക്കാനായില്ല. ഈ സിനിമയില്‍ ക്രിസ്തീയ പുരോഹിതനായി വരുന്ന വിജയരാഘവന്റെ കഥാപാത്രം (ഫാദര്‍ സാമുവല്‍) പോലീസ് ഓഫീസറായ ഷഫീര്‍ അഹമ്മദിനോട് (ടോവിനോ തോമസ്) പറയുന്ന വാചകമുണ്ട്. "സാമാന്യയുക്തിക്ക് നിരയ്ക്കാത്ത അതിന്ദ്രീയ പ്രതിഭാസങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന് സംശയിച്ചതുകൊണ്ടാണ് പറയാതിരുന്നത്" എന്നാണത്. അതാണ് സിനിമയുടെ ഉള്ളടക്കം. ലോക സിനിമാ ചരിത്രത്തിലെ ഏതു പ്രേത സിനിമകളെടുത്താലും അതു സാമാന്യയുക്തിക്കു ബോധ്യമാകാത്തതാണെന്നതില്‍ സംശയമില്ല. എസ്രയിലും പുതിയതായി ഒന്നുമില്ല.

ജൂതന്മാരുടെ മിത്തോളജിയിലുള്ള ഡിബ്ബുക്ക് (dybbuk) എന്ന സങ്കല്പത്തെയാണ് ഇതില്‍ പ്രമേയമാക്കിയത്. അതുകൊണ്ടുതന്നെ സിനിമയിലെ പ്രേതം ജൂതനാണ്. ഈ പ്രേതത്തെ തളയ്ക്കാന്‍ സിനിമാ പ്രോട്ടോകാള്‍ അനുസരിച്ച് സ്വാഭാവികമായും ജൂതപുരോഹിതന്‍ തന്നെ വേണ്ടിവരുന്നു. ക്രിസ്തീയ പുരോഹിതനായ വിജയരാഘവന് ആവാഹിക്കാനാവില്ലത്രെ. പ്രേതങ്ങള്‍ക്കും ജാതിയും മതവും നിശ്ചയിക്കപ്പെട്ടുവെന്നതാണ് മറ്റൊരു കാര്യം. ജീവന്‍ വെടിയുന്ന ശരീരത്തില്‍ നിന്ന് ആത്മാവിനെ ആഭിചാര ക്രിയയിലൂടെ ആവാഹിച്ച് ഒരു പെട്ടിയില്‍ അടയ്ക്കുന്നു. ആ പെട്ടി തുറന്നാല്‍ പുറത്തുവരുന്ന പ്രതികാരദാഹിയായ ആത്മാവ് പ്രതികാര ദൗത്യം നിര്‍വ്വഹിക്കാന്‍ അനുയോജ്യമായ ഒരു ശരീരത്തില്‍ പ്രവേശിക്കും. ദൗത്യം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ആ ശരീരത്തില്‍ നിന്നും സ്വയം ഒഴിഞ്ഞു പോകും. ഇതാണ് ഡിബ്ബുക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രേതത്തെ ആവാഹിച്ചു ആല്‍മരത്തില്‍ ആണിയടിച്ച് തളയ്ക്കുക, കുപ്പിയില്‍ അടയ്ക്കുക, മണിച്ചിത്രത്താഴിട്ട് പൂട്ടുക തുടങ്ങിയ മലയാളീ സങ്കല്പത്തില്‍ നിന്നു പേരില്‍ മാത്രമാണ് ഡിബ്ബുക്കിന്റെ കാര്യത്തില്‍ വ്യത്യാസമുള്ളത്.

ആണവറിയാക്റ്ററുകളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ സംസ്കരിക്കുന്ന ഫാക്റ്ററിയിലെ ഉന്നത ഓഫീസറാണ് രഞ്ജന്‍ മാത്യു (പൃഥിരാജ്). സ്ഥലംമാറ്റത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നു കൊച്ചിയിലേക്കു താമസം മാറുകയാണ്. ഭാര്യ പ്രിയ രഘുറാമും (പ്രിയ ആനന്ദ്) വേലക്കാരിയും കൂടെയുണ്ട്. മിശ്രവിവാഹിതരായതിനാല്‍ പ്രിയയുടെ കുടുംബത്തിന്റെ പിന്തുണയില്ല. രഞ്ജന്‍ ചെറുതായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ ഒരു കാറപകടത്തില്‍ മരണപ്പെടുകയും ചെയ്തു. താമസത്തിനു വാടകക്കെടുത്ത പഴയ വീടിനെ പ്രാചീനമായ രീതിയില്‍ അലങ്കരിച്ച് മാറ്റിയെടുക്കാന്‍ ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ പ്രിയ ശ്രമിക്കുകയാണ്. അതിനായി പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കയറിയിറങ്ങി വിവിധ ഉരുപ്പടികള്‍ വാങ്ങുന്നു. അതില്‍ ഒരു ഡിബ്ബുക്കും ഉണ്ടായിരുന്നു. ബാക്കി കാര്യങ്ങള്‍ വായനക്കാര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതു മനസ്സില്‍ തെളിയാന്‍ സിനിമാസ്വാദനത്തിന്റെ ധിഷണാവൈഭവമൊന്നും ആവശ്യമില്ല.

പ്രതാപ് പോത്തനെ പോലെയുള്ള ഒരു നടനെ കേവലം രണ്ട് രംഗങ്ങള്‍ക്കു വേണ്ടി മാത്രമായി കൊണ്ടുവന്നത്, അദ്ദേഹത്തിന്റെ വീട്ടിലെ നായയെ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു.പ്രേതം പ്രവേശിച്ചയാളെ കാണുമ്പോള്‍ നായ ഒരു പ്രത്യേക മുരള്‍ച്ചയും അസ്വസ്ഥതയും പ്രകടിപ്പിക്കുന്നുണ്ട്. ഡിബ്ബുക്കില്‍ നിന്നു രക്ഷനേടാനുള്ള സാഹയം തേടി രഞ്ജന്‍ കാണുകയും, അടുത്ത ദിവസം മരണപ്പെടുകയും ചെയ്യുന്ന മാര്‍ക്കേസ് (ബാബു ആന്റണി) എന്ന ജൂതപുരോഹിതനും അനാവശ്യകഥാപാത്രമായിപ്പോയി. വിജയരാഘവന്റെ ഫാദര്‍ സാമുവലിനും ടോവിനോ തോമസിന്റെ പോലീസ് ഓഫീസര്‍ക്കും ഇതില്‍ കാര്യമായ ഒന്നും ചെയ്യാനില്ലാത്തവരാണ്.

സിനിമയില്‍ ഭയാനകമായ അവസ്ഥ ഒരു ഘട്ടത്തിലും പ്രേക്ഷകനില്‍ അനുഭവപ്പെടുന്നില്ല. ഉദ്ദേശിച്ച ഫലം ലഭിക്കാത്ത ഏരിയല്‍ ദൃശ്യങ്ങളുടെ അതിപ്രസരം പല സന്ദര്‍ഭങ്ങളിലും അരോചകമാകുന്നു. പ്രേതമാകുന്ന ജൂതയുവാവ് എബ്രഹാം എസ്രയുടെ (സുദേവ് നായര്‍) ചരിത്രം തേടി രഞ്ജനും മാര്‍ക്കേസിന്റെ മകനായെത്തുന്ന റബ്ബി മാര്‍ക്കേസും (സുജിത് ശങ്കര്‍) ജൂതകുലത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളെ സമീപിക്കുന്നു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച രേഖകളില്‍ നിന്നും എസ്രയുടെ ജീവിതത്തിന്റെ ഏടുകള്‍ തെളിയുന്നു. ഡിബ്ബുക്കിന്റെ പൊരുളും വ്യക്തമാകുന്നു. എബ്രഹം എസ്രയുടെ ജീവിതം പറയുന്ന 1940കളെ നന്നായി ദൃശ്യവത്കരിച്ചിട്ടുണ്ട്. സുജിത് ശങ്കറിന്റെ റബ്ബി മാര്‍ക്കേസും അഭിനന്ദനം അര്‍ഹിക്കുന്നു. പശ്ചാത്തല സംഗീതവും മോശമായില്ല.

Monday, August 26, 2013

5 സുന്ദരികള്‍.. ഒരു കാഴ്ച..

August 24, 2013 at 3:02pm

ഒരു ചെറുകഥാ സമാഹാരം പോലെ അഞ്ചു ചെറിയ സിനിമകളുടെ സമാഹാരമാണ് "5 സുന്ദരികള്‍".. പരസ്പര ബന്ധമില്ലാത്ത അഞ്ചു സൃഷ്ടികള്‍ അഞ്ചു സംവിധായകര്‍ സാക്ഷാത്കരിച്ചു 140 മിനുറ്റ് ദൈര്‍ഘ്യത്തില്‍ ഒരു തലവാചകത്തില്‍ ആക്കിയതാണിത്. ഇതും ന്യൂ ജനറേഷന്‍ സിനിമയുടെ പുത്തന്‍ പരീക്ഷണമായാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. രഞ്ജിത്തിന്റെ 'കേരള കഫെ' യുമായി ഘടനയില്‍ സാമ്യമുണ്ട്‌. അതില്‍ എല്ലാ ഭാഗങ്ങളെയും കൂട്ടിയിണക്കാന്‍ ഒരു പൊതുസ്ഥലം ഉണ്ടായിരുന്നു. ഇതിനു മുന്‍പ് ലോകസിനിമയില്‍ കുറസോവയുടെ "DREAMS" ഉം മലയാളത്തില്‍ അടൂരിന്റെ "നാല് പെണ്ണുങ്ങളും" ഇത്തരം അവതരണരീതി അവലംബിച്ചിട്ടുണ്ട്.
അനിക (സേതുലക്ഷ്മി), ഇഷ ഷെര്‍വാണി (ഇഷ), കാവ്യ മാധവന്‍ (ഗൌരി), റീനു മാത്യൂസ് (കുള്ളന്റെ ഭാര്യ), അസ്മിത സൂദ് (ആമി) എന്നിവരാണ് അഞ്ചു സുന്ദരികള്‍. സിനിമയുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത് പ്രണയത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളാണ് ഇതിലെ പോതുഘടകം എന്നാണ്. എന്റെ കാഴ്ചയില്‍ ഉയര്‍ന്ന വികാരങ്ങള്‍ ആണ് ഞാന്‍ പങ്കു വയ്ക്കുന്നത്.

സേതുലക്ഷ്മി..
എം.മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ അധികരിച്ച് ചായായാഗ്രഹകനായ ഷൈജു ഖാലിദ് ഒരുക്കിയ 'സേതുലക്ഷ്മി' ഏതൊരാളുടെയും ഹൃദയത്തില്‍ കൊളുത്തിവലിക്കും. കെണിയില്‍ അകപ്പെട്ട സേതുലക്ഷ്മി എന്ന കുഞ്ഞു പെണ്‍കുട്ടിയുടെ (ഇര) ദൈന്യതയാര്‍ന്ന നോട്ടവും, അശക്തനായ കൂട്ടുകാരന്റെ നിസ്സയാഹയമായ വിതുമ്പലും തിയറ്ററില്‍ നിന്നിറങ്ങുമ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പത്രങ്ങളില്‍ കാണുന്ന നവദമ്പതിമാരുടെ ഫോട്ടോകളില്‍ കൌതുകം തോന്നി സഹപാഠികളായ സേതുലക്ഷ്മിയും കൂട്ടുകാരനും (ചേതന്‍) നാട്ടിന്‍പുറത്തെ സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ പോകുന്നതും അതിലൂടെ ചതിയില്‍ പെടുന്നതും തികച്ചും കാലികപ്രസക്തമായ വിഷയമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍.. അഞ്ചെണ്ണത്തില്‍ മികച്ചത് ഈ ഒന്നാം ഭാഗം തന്നെ. കുട്ടികളുടെ അഭിനയം അപാരം. കൊറിയന്‍ സ്പര്‍ശമുള്ള പശ്ചാത്തല സംഗീതം അതിസുന്ദരം.

ഇഷ..
സമീര്‍ താഹിറിന്റെ 'ഇഷ'യില്‍ ജിനു എന്ന കള്ളനെ (നിവിന്‍ പോളി) നിഷ്പ്രഭനാക്കുന്ന ഇഷയെന്ന കളിയുടെ കഥ പറയുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഒരു രാത്രിയില്‍ മോഷണമെന്ന ലക്ഷ്യത്തോടെ ഒരേ വീട്ടില്‍ എത്തുന്ന അപരിചിതരായ യുവാവും യുവതിയും (മോഷ്ടാക്കള്‍) കാര്യസാധ്യത്തിനായി ചതിക്കുന്നുവെങ്കിലും, പ്രണയം അവരെ ഒന്നിപ്പിക്കുന്ന ഘടകമാകുന്നു. ഒരു വീട്ടിനുള്ളിലെ സംഭവമാണ് ചിത്രീകരിച്ചതെങ്കിലും ദൃശ്യങ്ങളില്‍ വിരസതയുണ്ടാകുന്നില്ല. ഒന്നാം ഭാഗത്തിന്റെ സംവിധായകന്‍ ഷൈജു ഖാലിദ് ആണ് ചായാഗ്രഹണം.

ഗൌരി..
നൃത്തം പഠിക്കുന്ന ഗൌരിയും, ട്രക്കിംഗ് തല്പരനായ ജോനാഥന്‍ ആന്റണിയും (ബിജു മേനോന്‍) പ്രണയവിവാഹാനന്തരം താമസത്തിന് തിരഞ്ഞെടുക്കുന്നത് പ്രകൃതി ഭംഗിയാര്‍ന്ന ഒറ്റപ്പെട്ട പ്രദേശമാണ്. രണ്ടു പേരുടെ താല്‍പര മേഖലകള്‍ ഭിന്നമെങ്കിലും, പൊരുത്തക്കേടുകള്‍ ഇല്ലാതെ സന്തോഷം കണ്ടെത്തുന്നവരാണ്. അവരുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ സംഭവിക്കുന്ന ദുരന്തം ഫാന്റസിയും റിയാലിറ്റിയും കലര്‍ത്തി ആവിഷ്കരിച്ചതാണ് 'ഗൌരി'. ഈ സിനിമയിലൂടെ എന്തെങ്കിലും സന്ദേശമോ വികാരമോ പ്രദാനം ചെയ്യാന്‍ അമല്‍ നീരദിന്റെ കഥക്കോ, ആഷിഖ് അബുവിന്റെ സംവിധാനത്തിനോ കഴിഞ്ഞിട്ടില്ല.

കുള്ളന്റെ ഭാര്യ..
The toll woman and short husband എന്ന ചൈനീസ് ചെറുകഥയെ ആസ്പദമാക്കി അമല്‍ നീരദ് തയ്യാറാക്കിയ 'കുള്ളന്റെ ഭാര്യ' അവതരണത്തില്‍ പുതുമയുണ്ട്. സാമൂഹ്യപ്രസക്തിയും അനുഭവപ്പെടും. പ്രധാന കഥാപാത്രങ്ങളുടെ ശബ്ദം ഇതില്‍ ഇല്ല. വീല്‍ചെയറില്‍ ചലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തിന്റെ മനസ്സിന്റെ പ്രതിഫലനവും ജനവാതിലിലൂടെയുള്ള കാഴ്ചകളുമാണ് സംഭാഷണം. അനാവശ്യകാര്യങ്ങളില്‍ ഉത്സാഹത്തോടെ ഇടപെടുന്ന എന്നാല്‍ അവശ്യകാര്യങ്ങളില്‍ മുഖം തിരിക്കുന്ന സ്ഥിരം കാഴ്ചയായ വര്‍ത്തമാനകാല സമൂഹത്തിന്റെ ഉത്തമ ഉദാഹരണമായ ഒരു കോളനിയും അതിലെ നിവാസികളും ഉയര്‍ത്തുന്ന പരിഹാസങ്ങളോ ചര്‍ച്ചകളോ തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും സ്പര്‍ശിക്കുന്നില്ലെന്ന് കുള്ളനും (ജിനുബെന്‍), ഭാര്യയും (റീനു മാത്യൂസ്) തെളിയിക്കുന്നു. ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം തന്റെ ഭാര്യയുടെ സ്ഥാനം ശൂന്യതയില്‍ സങ്കല്പിച്ച് മഴയത്ത് കുട ഉയര്‍ത്തിപ്പിടിച്ചു (ഭാര്യയുടെ പൊക്കത്തില്‍) ചോരക്കുഞ്ഞുമായി മുന്നോട്ട് നീങ്ങുന്ന കുള്ളന്റെ ദൃശ്യത്തില്‍ ക്യാമറ നിശ്ചലമാകുന്ന അന്ത്യം ഗംഭീരം..

ആമി..
അന്‍വര്‍ റഷീദിന്റെ ആമി ഒരു റോഡു മൂവിയാണെന്നും പറയാം. ഒരു രാത്രിയിലെ സംഭവങ്ങള്‍. കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സംഘര്‍ഷത്തിന്റെയും നിമിഷങ്ങള്‍.. തന്റെ ബോസ്സായ അറബിയുടെ ശകാരം പരിധി കടക്കുമ്പോള്‍ (അഭിമാനത്തിന് ക്ഷതം ഏല്‍ക്കുമ്പോള്‍) ഉണ്ടാകുന്ന പ്രതികരണത്തിന്റെ സ്വാഭാവികത, അഭിമാനബോധമുള്ള ഏതൊരാള്‍ക്കും കയ്യടിക്കാന്‍ തോന്നുന്ന അനുഭവം ഉണ്ടാക്കുന്നതാണ്. അജ്മല്‍ (ഫഹദ് ഫാസില്‍), ആമി (അസ്മിത സൂദ്) എന്നിവരുടെ മലപ്പുറം ശൈലിയിലുള്ള സംഭാഷണവും, രാത്രിയുടെ നിറക്കൂട്ടുകളും ശ്രദ്ധേയമായി. ഫഹദ് ഉണ്ടെങ്കില്‍ രണ്ടാമതൊരു സുന്ദരി അഭികാമ്യമാണല്ലോ. അങ്ങിനെയൊരു സങ്കല്‍പം പുത്തന്‍ തലമുറ സിനിമാക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ നാന്‍സി (ഹണി റോസ്) എന്ന കഥാപാത്രം ഇതില്‍ അധികപ്പറ്റായി പ്രത്യക്ഷപ്പെടുന്നുണ്ട്..

നവസിനിമകളുടെ പൊതു ന്യൂനതയായി വിമര്‍ശകര്‍ പറയുന്നത്, കേവലവ്യക്തിബന്ധങ്ങളുടെ കഥ പറച്ചിലുകളായി ഇവ ചുരുങ്ങുന്നുവന്നതാണ്. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളോ സന്ദേശങ്ങളോ ഭൂരിഭാഗം സിനിമകളിലും കാണാനാവില്ല. പച്ചതെറിയും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഒരലങ്കാരമായി നിറഞ്ഞവയില്‍ നിന്നും തികച്ചും ഭിന്നമായ ഒരു സമീപനം 5 സുന്ദരികളില്‍ കാണാം..

Tuesday, March 27, 2012

ഈ അടുത്ത കാലത്ത്...

മലയാള സിനിമയില്‍ നവാഗതരായ പുതുതലമുറ പ്രതീക്ഷ നല്‍കുന്ന സൃഷ്ടികളുമായി കടന്നു വരുന്നു.. അതിലൂടെ നല്കുന്ന moral സന്ദേശം ശരിയോ എന്നത് പരിശോധിക്കപ്പെടെണ്ടതാണ്. ട്രാഫിക്, സാള്‍ട്ട് & പെപ്പര്‍, കൊക്ക്ടെയില്‍, ഓര്‍ഡിനറി, തത്സമയം ഒരു പെണ്‍കുട്ടി, ഈ അടുത്ത കാലത്ത് എന്നിവയുടെ വിജയം ചിന്തനീയമാണ് .. ഇതില്‍ "ഈ അടുത്ത കാലത്ത്" എന്ന സിനിമ പ്രമേയത്തിലും അവതരണത്തിലും സമീപനത്തിലും പുതുമയുള്ളതാണ്.. ഒരു സൂപ്പര്‍ സ്റ്റാര്‍ പോലും ഇല്ലാതെ, പണം അധികമായി ചെലവാക്കാതെ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങള്‍ ഇല്ലാതെ.. പക്ഷെ കാലിക പ്രസക്തമായ പരിചിത സംഭവങ്ങള്‍ കോര്‍ത്തിണക്കിയ പ്രമേയം.. സ്വന്തം കഴിവുകേടുകള്‍ മറയ്ക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുക, അതിനു വേണ്ടി ഇല്ലാത്ത തെറ്റുകള്‍ കണ്ടെത്തുക (മുരളി ഗോപിയും കുടുംബവും), ഇന്റര്‍നെറ്റും ചാറ്റും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് medias ഉപയോഗിച്ച് സൌഹൃദങ്ങളെ ചൂഷണം ചെയ്യുന്ന രീതി (നിഷാന്‍).. അത്തരം trap കളിലേക്ക് എത്തിക്കുന്ന സംഭവങ്ങള്‍ (തനുശ്രീ ഘോഷിനെ trap ചെയ്യുന്നത്).. റൂബിക് ക്യൂബുമായി ബന്ധിപ്പിച്ചു കുടുംബബന്ധങ്ങളെ താരതമ്യം ചെയ്യുന്നത് .. എല്ലാം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു..ഏതു ഇല്ലായ്മയിലും അന്യായത്തിലേക്ക് പോകാന്‍ തയ്യാറാകാത്ത മനുഷ്യത്വമുള്ളവന്‍ (ഇന്ദ്രജിത്ത്).. ചെയ്തികള്‍ക്ക് ന്യായീകരണം ആകുന്ന ദൈവ വചനങ്ങള്‍ സന്നിവേശിപ്പിച്ച അവതരണ ശൈലി (യേശുദേവന്റെ വചനങ്ങള്‍ ചില പ്രവൃത്തികള്‍ക്ക് ശേഷം കാണിക്കുന്നത്).. രക്ഷകന്‍ ആകുമെന്ന് കിനാവ്‌ കണ്ടവന്‍ ചൂഷകനാകുന്നതും(നിഷാന്‍) മോഷ്ടിക്കാന്‍ കയറിയവന്‍ രക്ഷകനാകുന്നതും (ഇന്ദ്രജിത്ത്) ആയ വിധിവൈപരീത്യം.. കൊലപാതകങ്ങളുടെ ശൃംഖലകളെ കുറിച്ചുള്ള (അനൂപ്‌ മേനോന്റെ) പോലീസ് അന്വേഷണത്തില്‍ തുടങ്ങി മറ്റൊരു കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ, മറ്റു പല കഥാപാത്രങ്ങളെയും വിവിധങ്ങളായ വിഷയങ്ങളെയും മുഖ്യ കഥാതന്തുവുമായി ബന്ധിപ്പിക്കുന്ന കഥാഗതി പ്രശംസനീയം തന്നെ.. ചാനല്‍ റിപ്പോര്‍ട്ടറുടെ (ലെന) പുരുഷ വിദ്വേഷി എന്നത് വെറും നാട്യമാണെന്ന യാഥാര്‍ത്ഥ്യം പുറത്തറിയുന്നത്..സ്വന്തം കാര്യം വരുമ്പോള്‍ സൌഹൃദവും ബന്ധവും മറന്നു ആത്മസുഹൃത്തിനെ (തനുശ്രീ) ഒറ്റിക്കൊടുക്കാന്‍ തയ്യാറാകുന്ന സ്വാര്‍ത്ഥത (ലെന).. അതിനെ തടുക്കാന്‍ പഴയ രഹസ്യം ഉപയോഗിക്കാന്‍ (തനുശ്രീ) നിര്‍ബന്ധിതയാകുന്ന സന്ദര്‍ഭം. അങ്ങിനെ ഓരോ രംഗവും നന്നായി ആസ്വദിക്കാനാവും.. കൊക്ക്ടെയില്‍ എന്ന സിനിമക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ്  സംവിധാനം ചെയ്ത ഈ സിനിമ വ്യത്യസ്തരായ 6 കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്‌.. തികച്ചും യാദൃചികവും അപ്രതീക്ഷിതവും ആയ ചില സംഭവങ്ങള്‍ ആണ് ഒരു പരിചയവും ഇല്ലാത്ത ഈ കഥാപാത്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നത്.. ട്രാജഡി പ്രതീക്ഷിക്കുമെങ്കിലും കാണികളെ സന്തോഷിപ്പിക്കുന്ന സിനിമാന്ത്യവും നന്നായി.. മുരളി ഗോപിയുടെയും തനുശ്രീ ഘോഷിന്റെയും മകന്‍ സിനിമയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാം ഒരു റൂബിക് ക്യൂബു ശരിയാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് കാണുന്നത്.. അവസാന രംഗം ക്യൂബ് ശരിയാകുന്നതാണ്.. കുടുംബ ബന്ധങ്ങള്‍ ശരിയാകുന്നത്തിന്റെ പ്രതീകമായി.. തിരക്കഥാരചന നിര്‍വഹിച്ച മുരളി ഗോപി (ഭരത് ഗോപിയുടെ മകന്‍) 100 ശതമാനം മാര്‍ക്കും അര്‍ഹിക്കുന്നു.. അയാളുടെ അഭിനയവും അതിഗംഭീരം.. ഇന്ദ്രജിത്ത്, അനൂപ്‌ മേനോന്‍, നിഷാന്‍, മൈഥിലി, ലെന എന്നിവര്‍ക്കൊപ്പം ബംഗാളിയായ തനുശ്രീ ഘോഷും.. എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി