Thursday, November 3, 2011

ബ്ലാക്ക് സ്വാന്‍..

കഴിഞ്ഞ ഓസ്ക്കാറില്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നതാലി പോര്‍ട്ട്മാന് (Natalie Portman) ലഭിച്ചത് ബ്ലാക്ക് സ്വാനിലെ അഭിനയത്തിനാണ്. അന്തര്‍ദേശീയ മേളകളില്‍ മറ്റു അവാര്‍ഡുകളും ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ഈ സിനിമ നേടി. ഏറ്റവും നല്ല സിനിമക്കും സംവിധാനത്തിനുമുള്ള ഓസ്ക്കാര്‍ നോമിനേഷന്‍ ഡാരന്‍ ആരോനോവ്സ്കി (Darron Aronofsky) ചിട്ടപ്പെടുത്തിയ ഈ അമേരിക്കന്‍ സിനിമക്ക് ഉണ്ടായിരുന്നു.
സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്നാണു ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രസിദ്ധമായ ഒരു ബാലെ കമ്പനി അവരുടെ Swan Lake എന്ന ബാലേയിലെ വെള്ള അരയന്നത്തെയും കറുത്ത അരയന്നത്തെയും അവതരിപ്പിക്കാന്‍ അനുയോജ്യമായ ഒരാളെ തിരയുകയാണ്. ഏതൊരു ബാലെ കലാകാരിയുടെയും/കാലാകാരന്റെയും സ്വപ്നമാണ് അതിലെ ലീഡിംഗ് റോള്‍. ബാലെ സംവിധായകന്‍ Thomas Leroy കുറെ പേരില്‍ നിന്ന് നീന സെയേഴ്സ് (Nina Sayers) എന്ന യുവതിയെ തിരഞ്ഞെടുത്തതായി ഒരു പൊതുവേദിയില്‍ വെച്ച് പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം അതുവരെ ട്രൂപ്പില്‍ മുഖ്യ നര്‍ത്തകിയായിരുന്ന Berth Macintyre ന്റെ വിരമിക്കല്‍ കൂടി തോമസ്‌ പ്രഖ്യാപിക്കുന്നതു പലരെയും അമ്പരിപ്പിച്ചു. (അതൊരു നിര്‍ബന്ധ വിരമിക്കല്‍ ആയിരുന്നുവെന്നു ബെര്‍ത്തിന്റെ തുടര്‍ന്നുള്ള പ്രതികരണത്തില്‍ നിന്ന് ബോധ്യമാകും).. ബാലെ നര്‍ത്തകിയായിരുന്ന നീനയുടെ അമ്മ എറിക്ക ഇരുപത്തെട്ടാം വയസ്സില്‍ നീനയെ ഗര്‍ഭം ധരിച്ചപ്പോള്‍ രംഗം വിടാന്‍ നിര്‍ബന്ധിതയായതാണ്.‌ അതുകൊണ്ട് തന്നെ അമ്മയും മകളും പുതിയ നിയോഗത്തില്‍ അമിതമായ സന്തോഷം അനുഭവിക്കുന്നു.
ആ വേദിയില്‍ ലഭിച്ച സ്വകാര്യതയില്‍ തോമസിന്റെ മുന്നില്‍ വെച്ചു നീനയോടു മുന്‍ ലീഡിംഗ് ആര്‍ട്ടിസ്റ്റ് ബെര്‍ത്ത് പൊട്ടിത്തെറിക്കുന്നു. തോമസിനെ അവിഹിതമായി സ്വാധീനിച്ചു തന്റെ സ്ഥാനം തട്ടിയെടുത്തെന്നായിരുന്നു ആരോപണം. അതിനിടെ ബെര്‍ത്ത് ഒരു കാര്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആകുന്നു. തോമസ്‌ പറയുന്നത് അതൊരു ആത്മഹത്യാ ശ്രമം ആകാനാണ് സാധ്യത എന്നാണ്. ആശുപത്രി കിടക്കയില്‍ ബെര്ത്തിന്റെ ഒടിഞ്ഞ കാലുകള്‍ കണ്ട നീന മാനസികമായി അസ്വസ്ഥയാകുന്നു. (ഒരു പക്ഷെ ഇതിനു കാരണക്കാരി താനാണെന്ന ചിന്ത വേട്ടയാടുന്നുണ്ടാവാം )..

നിഷ്കളങ്കവും മനക്കട്ടിയില്ലാത്തതുമായ വെള്ള അരയന്നവും, കൌശലവും വിഷയാസക്തിയുള്ളതുമായ കറുത്ത അരയന്നവും.. റിഹേഴ്സല്‍ ഘട്ടങ്ങളില്‍ പലപ്പോഴും നീനക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. അതിനിടയില്‍ കറുത്ത അരയന്നമാവാന്‍ കൂടുതല്‍ അനുയോജ്യമായ മറ്റൊരു യുവതിയും (ലില്ലി) എത്തുന്നു. ലില്ലിയെ കറുത്ത അരയന്നം ആക്കുന്നത് സംബന്ധിച്ച് തോമസ്‌ നീനയോട് സൂചിപ്പിക്കുന്നുണ്ടെങ്കിലും നീന നിഷേധഭാവം പ്രകടിപ്പിക്കുന്നു. ഒരു പക്ഷെ നീനക്ക് അവസരം നല്കാന്‍ മറ്റൊരാളെ ബോധപൂര്‍വ്വം ഒഴിവാക്കാന്‍ മടിക്കാത്ത ആളാണല്ലോ തോമസ് എന്ന ചിന്ത അവളെ പിന്തുടരുന്നുണ്ടാകാം‌.. തോമസുമായി ലില്ലി കാണിക്കുന്ന അടുപ്പവും,ആവശ്യമെങ്കില്‍ തനിക്കുള്ള പകരക്കാരിയാവാന്‍ തയ്യാറെടുക്കുകയാണെന്നതും നീനയെ അലോസരപ്പെടുത്തുന്നു. ലില്ലിയുമായി അസ്വാരസ്യം ഉണ്ടാകുകയും പിന്നീട് രണ്ടു പേരും നല്ല സൌഹൃദത്തില്‍ എത്തുകയും ചെയ്യുന്നു.
എങ്കിലും പലപ്പോഴും നീനയുടെ ചുറ്റും മായാദൃശ്യങ്ങള്‍ (Hallucination) വലയം വെക്കുന്നു. അവള്‍ക്കു ചുറ്റും പല അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. ശരീരത്തില്‍ നിന്ന് ചോര പൊടിയുക, കാല്‍വിരലുകള്‍ ഒട്ടിപ്പിടിക്കുക, അമ്മയോട് പോലും പലതിനും വഴക്കിടുക, ലില്ലിയുമായി രതിയില്‍ ഏര്‍പ്പെടുക തുടങ്ങി പലതും.. ഇതില്‍ യാഥാര്‍ത്ഥ്യം ഏതെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തില്‍ ആക്കും. ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സിന്റെ തലേ ദിവസം ലില്ലിയുടെ കൂടെ ഒരു നൈറ്റ് ക്ലബ്ബില്‍ പോകുന്ന നീനക്ക് ഉത്തേജക ഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കുന്നു. പിന്നീട് പല മായാദൃശ്യങ്ങളിലൂടെയും കടന്നു പോകുന്ന നീന കാലത്ത് ഉണരാന്‍ വൈകി. മകള്‍ക്ക് സുഖമില്ലെന്നു ട്രൂപ്പിലേക്ക് അമ്മ വിളിച്ചു പറഞ്ഞു. വൈകി എണീറ്റ നീന അമ്മയുടെ എതിര്‍പ്പ് വകവയ്ക്കാതെ ട്രൂപ്പുമായി ചേരാന്‍ കുതിക്കുകയാണ്. അവള്‍ക്കു പകരക്കാരിയാകാന്‍ വേഷം മാറിയ ലില്ലിയെ കാണുമ്പോള്‍ സര്‍വ്വ നിയന്ത്രണവും വിടുന്നു. സ്വയം ചമയങ്ങള്‍ അണിഞ്ഞു സ്റ്റേജില്‍ കയറാന്‍ തയ്യാറാണെന്ന് പറയുന്ന നീനയെ തോമസ്‌ തടഞ്ഞില്ല. നീനയുടെ വെള്ള അരയന്നത്തിന്റെ ആദ്യ രംഗം തന്നെ കാണികളില്‍ വിസ്മയം ഉണര്‍ത്തുന്നതും സഹകലാകാരന്മാരെ പോലും അതിശയിപ്പിക്കുന്നതും ആയിരുന്നു. തോമസ്‌ ആവേശം കൊണ്ട് നീനയെ ആലിംഗനം ചെയ്തു. രണ്ടാം ഭാഗമായ കറുത്ത അരയന്നത്തിനായി തയ്യാറായി ഇരിക്കുന്ന ലില്ലിയെ ഡ്രസ്സിംഗ് റൂമില്‍ കണ്ട നീന അവളെ ആക്രമിക്കുകയും പൊട്ടിച്ച കണ്ണാടി ചില്ല് കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്യുന്നു. മൃതദേഹം ഒരു ബെഡ്ഷീറ്റ് കൊണ്ട് മൂടുന്നു. അതിനു ശേഷം വളരെ സമാധാനത്തോടെ അപാരമായ ചുവടുകളോടെ ശരീരത്തില്‍ കറുത്ത തൂവലുകള്‍ മുളക്കുന്ന, കൈകള്‍ ചിറകുകളായി രൂപാന്തരപ്പെടുന്ന വിധം നീന കറുത്ത അരയന്നമായി സ്റ്റേജില്‍ അവതരിച്ചു. അവസാന രംഗത്തിനായി വീണ്ടും വെള്ള അരയന്നമായി വേഷം മാറാന്‍ മുറിയില്‍ എത്തുന്ന നീന ഷീറ്റിനടിയില്‍ ലില്ലിയെ കാണുന്നില്ല. അപ്പോഴാണ്‌ സ്വന്തം വയറ്റില്‍ തറഞ്ഞു നില്‍ക്കുന്ന ചില്ലും അവിടെ നിന്ന് ചെറുതായി രക്തം പോടിയുന്നതും നീനയുടെ ശ്രദ്ധയില്‍ പെടുന്നത്. അത് വകവയ്ക്കാതെ അവള്‍ അവസാന രംഗം തകര്‍ത്താടി. വെള്ള അരയന്നം മറിഞ്ഞു വീഴുന്ന രംഗത്തോടെ കര്‍ട്ടന്‍ വീഴുന്നു. കാണികളുടെ നിലക്കാത്ത കരഘോഷം, സഹകലാകാരന്മാര്‍ മുഴുവന്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു, കൂട്ടത്തില്‍ ലില്ലിയും ഉണ്ട്.. (യഥാര്‍ത്ഥത്തില്‍ എല്ലാം നീനയുടെ hallucination ന്റെ ഭാഗമായിരുന്നു.. പ്രതിഷേധവും കുറ്റബോധവും അവളെ സ്വയം പീഡനത്തിലെത്തിക്കുകയാണ് എന്ന് പ്രേക്ഷകരിലേക്ക് പകരാന്‍ അവസാനരംഗം ധാരാളം മതി..) നീനയുടെ അവതരണത്തെ ഓരോരുത്തരും PERFECT എന്നാണു പറഞ്ഞത്. ആ പൂര്‍ണ്ണതയില്‍ എത്തിയ പെര്‍ഫോമന്‍സിന് ശേഷം അവളുടെ ജീവിതത്തില്‍ ഇനി ഒന്നും ബാക്കിയില്ല.. അവള്‍ കൊതിച്ച നൃത്തം, എല്ലാവരുടെയും സ്നേഹം, കൈവിട്ടു പോകുമെന്ന് തോന്നിയതെല്ലാം എത്തിപ്പിടിച്ച സാഫല്യം..അതുകൊണ്ടാവാം വയറ്റിലെ മുറിവില്‍ നിന്ന് രക്തം വാര്‍ന്നു അബോധാവസ്ഥയിലേക്ക് മറയുമ്പോഴും " I AM PERFECT ..." എന്ന് മന്ത്രിച്ചു കൊണ്ട് സംതൃപ്തി നിറഞ്ഞ മുഖവുമായി ഇനിയൊന്നും എനിക്ക് ആവശ്യമില്ലെന്ന് കാണികളോടും ലോകത്തോട്‌ മുഴുവനും പറയുന്നത് പോലെ..
ഫാന്റസിയും റിയാലിറ്റിയും ഇഴപിരിക്കാനാവാത്ത വിധം സന്നിവേശിപ്പിച്ച അവതരണ രീതി പ്രേക്ഷകനെയും ഒരു മായികലോകത്തിലേക്ക് എത്തിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍.. നതാലി പോര്‍ട്ട്മാന്റെ അഭിനയം അപാരം തന്നെ.. സിനിമക്കായി ബാലെ 8 മാസത്തോളം അവര്‍ പരിശീലിക്കുകയുണ്ടായി.. കഥാപാത്രവത്കരണം വളരെ നന്നായി.

1 comment:

binu said...

ഞാൻ സിനിമ കണ്ടു...ആ ക്യരാക്റെർ കാണിക്കുന്നത്....ശരിക്കും മനുഷ്യന്റെ ഉള്ളിലെ നല്ലതും ചീതയും തമ്മിലുള്ള അപാര സംകര്ഷതെയാണ് എന്ന് തോന്നുന്നു,അവസാന രംഗം ഹൃദയസ്പര്ശിയായി. ആയിരുന്നു.