Wednesday, November 30, 2011

Dam 999 - ഒരു പരാജയം

ഇപ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കത്തി നില്‍ക്കുന്നതിനാല്‍ ഈ ഹോളിവുഡ് സിനിമ വിജയിക്കേണ്ടതായിരുന്നു. പക്ഷെ അത് ഉദ്ദേശിച്ച വിധം വിജയിച്ചിട്ടില്ല എന്നാണു എന്റെ അഭിപ്രായം. ഈ സിനിമ നിരോധിച്ച തനിഴുനാട് പോലും അതിന്റെ ഉള്ളടക്കം എന്തെന്ന് മനസ്സിലാക്കിയിട്ടില്ല. സിനിമയുടെ നാമവും ഇപ്പോഴത്തെ പ്രശ്നവും തമിഴ്‌നാടിന്റെ നിരോധനവും എല്ലാം കൂടിച്ചേര്‍ന്നു ഒരു വന്‍ പ്രതീക്ഷ പ്രേക്ഷകനില്‍ ഉണ്ടാക്കുന്നുണ്ടാവാം. ആ പ്രതീക്ഷ സിനിമ കാണുമ്പോള്‍ തകരുന്നു. അതിലെ ഡാം തകരുന്ന പോലെ.

111 മിനുട്ട് സിനിമയില്‍ ഡാം പ്രത്യക്ഷപ്പെടുന്നത് പോലും കേവലം 10 മിനുട്ടോളം മാത്രം. ഡാം ചോരുന്നതും തകരുന്നതും ജനങ്ങള്‍ രക്ഷക്കായി മലമുകളിലെ ചര്‍ച്ചില്‍ അഭയം തേടുന്നതും കുറെ പേര്‍ മരണപ്പെടുന്നതും മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതും എല്ലാം 10 മിനുട്ടില്‍ താഴെ മാത്രം. ഒരിക്കലും ഒരു ഡാം ദുരന്തത്തിന്റെ തീവ്രതയോ ഗൌരവമോ പ്രേക്ഷകനിലേക്ക് പകരാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. അപകടം മുന്നില്‍ കാണുമ്പോള്‍ ജീവനക്കാര്‍ നടത്തുന്ന രക്ഷാശ്രമങ്ങളും മേയറോട് അതിനു അനുമതി തേടുമ്പോള്‍ ഉള്ള നിസ്സംഗതയും (ഭരണാധികാരികളുടെ നിസ്സംഗത) അവതരിപ്പിക്കുന്നുണ്ട്. പക്ഷെ യഥാര്‍ത്ഥത്തില്‍ സംവിധായകന് എവിടെയോ തെറ്റുപറ്റി. 50 കോടി മുടക്കിയ ഈ സിനിമയേക്കാള്‍ സംവിധായകന്‍ സോഹന്‍ റോയിയുടെ "DAMS -Lethal Water Bombs" എന്ന ഡോക്യുമെന്‍ററി ഇതിനേക്കാള്‍ ശക്തവും പ്രസക്തവും ആയിരുന്നു. ഒരു നിരൂപണത്തില്‍ പറഞ്ഞത്  "ഇതാണ് സിനിമ എന്ന് ജയലളിത അറിഞ്ഞാല്‍ തമിഴ് നാട്ടില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ഉണ്ടാക്കും" എന്നാണ്. മറ്റൊരാള്‍ പറഞ്ഞത് "ഇതിനേക്കാള്‍ നല്ലത് മുല്ലപ്പെരിയാര്‍ തകരുകയായിരുന്നു" എന്നാണ്. ഇത് Dam 999 അല്ല, DAMN ആണെന്നാണ്‌ വേറൊരു അഭിപ്രായം.

ഈ സിനിമ യഥാര്‍ത്തത്തില്‍ കൈകാര്യം ചെയ്യുന്നത് പ്രണയം, ജ്യോതിഷം, ആയുര്‍വ്വേദം, രാഷ്ട്രീയക്കാരന്റെ കുതന്ത്രം എന്നിവയാണ്. ഒരു ആറാം ഇന്ദ്രിയത്തിന്റെ സാന്നിധ്യം കൂടി ദൃശ്യവത്കരിക്കുന്നുണ്ട്. പ്രണയിക്കുന്ന യുവതിയും യുവാവും ഒന്നിക്കാന്‍ ശ്രമിച്ചാല്‍ അനര്‍ത്ഥങ്ങള്‍ ഉണ്ടാകുമെന്ന ജ്യോതിഷിയും ആയൂര്‍വ്വേദ ആചാര്യനുമായ സ്വന്തം പിതാവ് നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ അമ്മ കുളത്തില്‍ മുങ്ങി മരിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഡാം തകരുന്നു. അല്ലാതെ കാലപ്പഴക്കമോ, മറ്റു സാങ്കേതികതയോ ആയിട്ടല്ല ഡാം തകരുന്നത് എന്നാണു സിനിമ നല്‍കുന്ന പാഠം. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ മിത്തുകളെ നെഗറ്റീവായാണ് ഉപയോഗിച്ചിരിക്കുന്നത്. ആയുര്‍വ്വേദത്തിന്റെ ഗുണവശങ്ങളെയും ഇന്ത്യന്‍ സംസ്കാരത്തിന്റെയും പാശ്ചാത്യ സംസ്കാരത്തിന്റെയും സങ്കലനത്തില്‍ മുഴച്ചു നില്‍ക്കുന്ന പ്രശ്നങ്ങളും വലിയ കുഴപ്പമില്ലാതെ പ്രതിപാദിച്ചിരിക്കുന്നു. അല്ലാതെ ഡാം തകര്‍ച്ചയും അതിന്റെ അനന്തരഫലങ്ങളും ചെറുതായി സ്പര്‍ശിച്ചു എന്ന് മാത്രം. അതുകൊണ്ട് ആ സിനിമ കാണുന്നവര്‍ അമിത പ്രതീക്ഷകള്‍ ഒഴിവാക്കുക. നിരാശരായ കാണികള്‍ തിയേറ്ററില്‍ അപശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടെയിരുന്നു. ഈ സിനിമ കാണുന്നവര്‍ ഡാമുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ല അതില്‍ പ്രതിപാദിക്കുന്നതെന്നും ഏതു ദുരന്തവും മുന്‍കൂട്ടി അറിയാന്‍ ജ്യോതിഷികള്‍ക്ക് ആവുമെന്ന കേവല വാദം മാത്രമാണ് അത് മുന്നോട്ട് വെക്കുന്നതെന്നും മനസ്സില്‍ കരുതി കാണാന്‍ പോയാല്‍ നിരാശ ഒഴിവാക്കാം..

ഇനി ഡാമുകളുടെ പ്രശ്നം കാണണമെന്ന് കരുതുന്നവര്‍ ഇതേ സംവിധായകന്റെ "DAMS -Lethal Water Bombs" എന്ന ഡോക്യുമെന്‍ററി കാണുക. അത് ശരിക്കും ഗംഭീരം തന്നെ.

No comments: