Monday, February 1, 2010



കോട്ടക്കുന്നിന്റെ സങ്കടം...
മലപ്പുറത്തിന്റെ സിരകള്‍ സന്ധിക്കുന്നതു കോട്ടക്കുന്നിലാണെന്നതു പരമാര്‍ത്ഥം.. മലപ്പുറത്തുകാരനു മായം കലരാത്ത വായുവും കടലുണ്ടിപ്പുഴയെ തഴുകിയെത്തുന്ന ഹൃദ്യമായ കാറ്റും ലഭിക്കണമെങ്കില്‍ കോട്ടക്കുന്നായിരുന്നു പരിഹാരം.. ഉണങ്ങിയ പുല്ലുകള്‍ക്കിടയില്‍ കറുത്ത കല്‍പ്പാറകള്‍ ഒരു വല്ലാത്ത നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുമായിരുന്നു.. ആ കുന്നിന്‍ നെറുകയില്‍ എത്തണമെങ്കില്‍ ആദ്യകാലത്തു കുറച്ചു സാഹസപ്പെടണമായിരുന്നു.. ഇടുങ്ങിയ വഴികളില്‍ അള്ളിപ്പിടിച്ചുള്ള കയറ്റം ഒരു പ്രതിബന്ധം തന്നെയായിരുന്നു.. അതിനു കഴിയാത്തവര്‍ക്കു താഴ്വാരം തന്നെ മതിയായ ഇടം ആയിരുന്നു.. എങ്കിലും മുകളില്‍ എത്തിയാല്‍ ലഭിക്കുന്ന അനുഭവം എന്നും ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്നതും വ്യത്യസ്തവുമായിരുന്നു.. മലപ്പുറത്തിന്റെ ഒരു വിദൂരകാഴ്ച നാലതിരുകളില്‍ നിന്നു കാണുന്നതു തന്നെ മനസ്സിനെ സ്വസ്ഥമാക്കാന്‍ ഉതകുന്നതായിരുന്നു.. അസ്തമയക്കാഴ്ച അവര്‍ണ്ണനീയമാണ്.. ചിത്രകാരന്റെ ഛായാചിത്രത്തെ അനുസ്മരിപ്പിക്കുന്ന ചക്രവാളവര്‍ണ്ണങ്ങള്‍ മലപ്പുറത്തുകാരന്റെ ഭാവനയെ ഉണര്‍ത്തിയിരുന്നു.. പൂര്‍ണ്ണനിലാവുള്ള രാത്രികളില്‍ കോട്ടക്കുന്നിനു സൌന്ദര്യം കൂടാറുണ്ടായിരുന്നു.. ആ പ്രകൃതിദത്തമായ കാഴ്ചകള്‍ ഇന്നു ഒരു സ്വപ്നമായി മാറിക്കഴിഞ്ഞു..

ഒരു ആര്‍ക്കിടെക്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ (തകര്‍ക്കപ്പെട്ട) പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കോട്ടക്കുന്നിനെയാവും ഇന്നു നിങ്ങള്‍ കാണുക.. ടൈലുകള്‍ പാകിയ നടപ്പാതകളും കല്‍പ്പാറകള്‍ പറിച്ചെടുത്തു മുറിപ്പെടുത്തി പച്ചപ്പുല്ലുകള്‍ പാകി കൃത്രിമ സൌന്ദര്യം സൃഷ്ടിച്ച മേനിയഴകും, മുകള്‍ത്തട്ടുവരെ യാതൊരു ക്ലേശവുമില്ലാതെ എത്താനാവുന്ന നല്ല റോഡുകളും.. കൂട്ടത്തില്‍ ഒട്ടേറെ കോണ്‍ക്രീറ്റ് നിര്‍മ്മിതികളും.. സാമൂഹ്യദ്രോഹികള്‍ എറിഞ്ഞുടച്ചതിനാല്‍ കത്താന്‍ മറന്ന കാല്‍വിളക്കുകള്‍ ആരുടെയോ ദയാവായ്പിനായി കാത്തുകിടക്കുന്നതും.. ഒരേ ദിശയിലേക്കു മാത്രം സഞ്ചരിക്കുന്ന കാഴ്ചക്കാര്‍ ഒഴിവു ദിനങ്ങളില്‍ നിറയുന്നു.. നിങ്ങളെ നയിക്കുന്നതു ടൈലുകള്‍ പതിച്ച നടപ്പാതകള്‍.. എല്ലാം അവസാനിക്കുന്നതു ഐസ് ക്രീം, പോപ്കോണ്‍ കടകള്‍ക്കു മുന്നില്‍..

മലപ്പുറത്തുകാരന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍ ശബ്ദമാലിന്യങ്ങളില്‍ നിന്നും കാര്‍ബണ്‍ മോണോക്സൈഡില്‍ നിന്നും രക്ഷതേടി സ്വസ്ഥമായി ചേക്കേറാന്‍ പ്രകൃതി കനിഞ്ഞു നല്‍കിയ കോട്ടക്കുന്നിനെ “സൌന്ദര്യവത്കരണത്തിന്റെ” പേരില്‍ എല്ലാ തനിമയും നഷ്ടപ്പെടുത്തി വികലമാക്കി.. താഴ്വാരം മുനിസിപ്പാലിറ്റിയുടെ വാട്ടര്‍ തീം പാര്‍ക്ക് വിഴുങ്ങിക്കളഞ്ഞു.. അസ്തമയക്കാഴ്ചകളെയും ചിത്രകാരനുപോലും അപ്രാപ്യമായ നിറങ്ങളേയും പൂര്‍ണ്ണ ചന്ദ്രന്റെ നിലാവിനേയും തകര്‍ക്കാന്‍ ഈ നിര്‍മ്മിതികള്‍ക്കൊന്നും കഴിയില്ല എന്നാശ്വസിക്കാമെങ്കിലും.. കാര്‍ബണ്‍ മോണോക്സൈഡും ശബ്ദമലിനീകരണവും കോട്ടക്കുന്നിന്റെ മുകള്‍ത്തട്ടിലും എത്തിക്കഴിഞ്ഞു... എങ്കിലും ഏതോ ചില കോണുകളില്‍ സ്പര്‍ശനമേല്‍ക്കാതെ തനിമയുടെ ബാക്കിപത്രം ഒളിഞ്ഞു നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്കും അഞ്ചു സുഹൃത്തുക്കള്‍ക്കും മാത്രമായി കാത്തിരുന്ന പരന്ന കല്‍പ്പാറ എവിടെയോ ഉണ്ടെന്നു തോന്നും...

കോട്ടക്കുന്നിന്റെ പഴയ പ്രതാപം ഇനി ഒരു കിനാവു മാത്രം...

6 comments:

Anonymous said...

You are right.. Ellavarum koodi kottakkunnine nashippichu...

സുന്ദരന്‍ said...

പ്രിയ ലത്തീഫ്,
കോട്ടക്കുന്നിന്‍ താഴ്വരയിലെ എന്റെ ബാല്യം ഒരിക്കല്‍ കൂടി ഓര്‍മ്മ വന്നു..പല മലപ്പുറം കൂട്ടായ്മകളുടേയും തുടക്കം കോട്ടക്കുന്നിന്റെ മടിത്തട്ടിലായിരുന്നുവല്ലോ..

Unknown said...

സുഹൃത്തേ..നന്ദി..

Naseef said...

That was a gud 1. N the thing s that u hv done a grt job......

മനോഹര്‍ കെവി said...

Lateef, I dont know much about Kottakkunnu. except the grand conference held two years back.
Sitting in gulf countries, we are more concerned in each and every pulse of the Malayali mind. Since I find you also from the era of "swantham jeevaraktham thirichariyukayum, sanghadikkukayum"... I thought to comment on it.
If possible, please do visit my Blog and comment. You may find it interesting. Manohar-DOHA-QATAR

Unknown said...

Kottakkunnu was a real natural beauty at the time of that conference. It was about 5 yrs back..