Wednesday, January 6, 2010

തിരുവനന്തപുരം ഫെസ്റ്റിവലും ഗോവന്‍ ഫെസ്റ്റിവലും
നവംബറില്‍ ഗോവയില്‍ നടന്ന ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും താരതമ്യം ചെയ്യേണ്ടതാണ്.. സംഘാടനത്തിന്റെ കാര്യം മുതല്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വരെ അജഗജാന്തരം ദര്‍ശിക്കാവുന്നതാണ്.. കാര്യമായ മുന്നൊരുക്കമില്ലാതെയാണു ഗോവന്‍ ഫെസ്റ്റിവല്‍ നടത്തുന്നതെന്നു കരുതിയാല്‍ തെറ്റാവില്ല.. വിവിധ രാജ്യങ്ങളില്‍ സിനിമയോടുള്ള സമീപനം, ആഖ്യാനശൈലികളിലെ വൈവിധ്യം, സിനിമാചരിത്രത്തിനു മുതല്‍ക്കൂട്ടാകാവുന്ന ഗതിനിര്‍ണ്ണായക സൃഷ്ടികള്‍, ചരിത്രാഖ്യാനങ്ങള്‍, അതിനൂതനമായ വ്യാകരണരീതികള്‍, നവസാങ്കേതികയെ സന്നിവേശിപ്പിക്കുന്നത് തുടങ്ങി വിവിധങ്ങളായ മേഖലകള്‍ സ്പര്‍ശിക്കുന്ന സിനിമകള്‍ പ്രദാനം ചെയ്യുന്നതാവണം ഇത്തരം മേളകള്‍.. അല്ലാതെ നൂറുകണക്കിനു സിനിമകള്‍ ലക്ഷ്യബോധമില്ലാതെ പ്രദര്‍ശിപ്പിക്കുകയെന്നതല്ലല്ലോ ഇതിന്റെ ലക്ഷ്യം.. ആ അര്‍ത്ഥത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഗോവന്‍ ഫെസ്റ്റിവലിനേക്കാള്‍ എത്രയോ കാതം മുന്നിട്ടുനില്‍ക്കാന്‍ കേരള ഫെസ്റ്റിവലിനു സാധിച്ചുവെന്നതു അതിന്റെ സംഘാടര്‍ക്കു (ചലച്ചിത്ര അക്കാദമി) അഭിമാനിക്കാന്‍ വക നല്‍കുന്നു..

ഏതൊരു രജ്യത്തെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സാഹചര്യങ്ങള്‍ അവിടെനിന്നു വരുന്ന സൃഷ്ടികളില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല.. കേവലവിനോദോപാധി എന്നതിനപ്പുറം സിനിമയെ ഗൌരവമായി പരിഗണിക്കുന്ന സിനിമകളാണു ഈ മേളയുടെ സവിശേഷത.. സിനിമയുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന സിനിമകള്‍ക്കൊപ്പം ചില രാജ്യങ്ങളിലെ സിനിമകളെ പ്രത്യേകമാ‍യി ഫോക്കസ് ചെയ്തു അവിടത്തെ സിനിമാവികാസത്തെ കണ്ടറിയാനും അവസരം ഒരുക്കുന്നു.. അവതരണത്തിന്റെ പുത്തന്‍ പരീക്ഷണമായ ഇറാന്‍ സിനിമ ‘ഷിറിന്‍‘ (അബ്ബാസ് കിയറോസ്തമി) പോലുള്ളവ സിനിമയെ ആഴത്തില്‍ പഠിക്കുന്നവര്‍ക്കും പുതുമ തേടുന്നവര്‍ക്കും ഒരു ഉപകരണമാണ്..

ആദ്യകാലഘട്ടത്തില്‍ ചലചിത്ര അക്കാദമി ഫിലിംസൊസൈറ്റി ഫെഢറേഷന്‍ മുഖേന കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ക്കു സൌജന്യമായി പാസ്സുകള്‍ വിതരണം ചെയ്തുകൊണ്ടാണു പ്രതിനിധികളെ പങ്കെടുപ്പിച്ചിരുന്നത്.. അന്നു മൂവായിരത്തോളം ആളുകള്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തിരുന്നത്.. എന്നാല്‍ ഇന്നു മുന്നൂറു രൂപ പ്രതിനിധിഫീസായി നല്‍കിക്കൊണ്ടു 10000ല്‍ അധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നതു തന്നെ ഇതിന്റെ ജനകീയപിന്തുണ വര്‍ദ്ധിച്ചതിന്റെ ഉത്തമോദാഹരണമാണ്.. പകുതിയോളം യുവാക്കളായിരുന്നുവെന്നതും പ്രതീക്ഷയേകുന്നു.. ചില ഘട്ടങ്ങളില്‍ ഉണ്ടായ അച്ചടക്കമില്ലായ്മ മുന്‍ കാലങ്ങളില്‍ കാണാത്തതായിരുന്നു..

എന്തായാലും കമ്പോളസിനിമയുടെ ആര്‍ഭാടങ്ങള്‍ക്കും അധീശത്വങ്ങള്‍ക്കും ഒരു വെല്ലുവിളിയാകാന്‍ ഈ ഫെസ്റ്റിവലുകളുടെ സാന്നിധ്യം ഒരു പരിധി വരെ സാധ്യമാകുന്നുവെന്നതു വാസ്തവികമായ കാര്യമാണ്.. സാംസ്കാരികരംഗത്തെ ഈ കൂട്ടായ്മ കേരളക്കരയാകെ ഒരു ഉത്സവമാക്കി മാറുമ്പോള്‍ ഓരോ മലയാളിയ്കും പരോക്ഷമായെങ്കിലും ഇതില്‍ ഭാഗഭാക്കാകാതിരിക്കാന്‍ കഴിയില്ല.. അതുകൊണ്ടു തന്നെ കാര്‍ണിവെല്‍ സംസ്കാരത്തില്‍ നിന്നു മാറി ഗോവന്‍ ഫെസ്റ്റിവലിനു കേരള മാതൃകയിലെത്താന്‍ ഇനിയും ഒരുപാടു കാലം കാത്തിരിക്കേണ്ടിവരുമെന്നതില്‍ രണ്ടഭിപ്രായമില്ല...

3 comments:

Anonymous said...

Good review... Its true..

sujathan said...

Expecting more about films

Unknown said...

Thanks...