Monday, August 26, 2013

5 സുന്ദരികള്‍.. ഒരു കാഴ്ച..

August 24, 2013 at 3:02pm

ഒരു ചെറുകഥാ സമാഹാരം പോലെ അഞ്ചു ചെറിയ സിനിമകളുടെ സമാഹാരമാണ് "5 സുന്ദരികള്‍".. പരസ്പര ബന്ധമില്ലാത്ത അഞ്ചു സൃഷ്ടികള്‍ അഞ്ചു സംവിധായകര്‍ സാക്ഷാത്കരിച്ചു 140 മിനുറ്റ് ദൈര്‍ഘ്യത്തില്‍ ഒരു തലവാചകത്തില്‍ ആക്കിയതാണിത്. ഇതും ന്യൂ ജനറേഷന്‍ സിനിമയുടെ പുത്തന്‍ പരീക്ഷണമായാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. രഞ്ജിത്തിന്റെ 'കേരള കഫെ' യുമായി ഘടനയില്‍ സാമ്യമുണ്ട്‌. അതില്‍ എല്ലാ ഭാഗങ്ങളെയും കൂട്ടിയിണക്കാന്‍ ഒരു പൊതുസ്ഥലം ഉണ്ടായിരുന്നു. ഇതിനു മുന്‍പ് ലോകസിനിമയില്‍ കുറസോവയുടെ "DREAMS" ഉം മലയാളത്തില്‍ അടൂരിന്റെ "നാല് പെണ്ണുങ്ങളും" ഇത്തരം അവതരണരീതി അവലംബിച്ചിട്ടുണ്ട്.
അനിക (സേതുലക്ഷ്മി), ഇഷ ഷെര്‍വാണി (ഇഷ), കാവ്യ മാധവന്‍ (ഗൌരി), റീനു മാത്യൂസ് (കുള്ളന്റെ ഭാര്യ), അസ്മിത സൂദ് (ആമി) എന്നിവരാണ് അഞ്ചു സുന്ദരികള്‍. സിനിമയുടെ വക്താക്കള്‍ പ്രചരിപ്പിക്കുന്നത് പ്രണയത്തിന്റെ വൈവിധ്യമാര്‍ന്ന തലങ്ങളാണ് ഇതിലെ പോതുഘടകം എന്നാണ്. എന്റെ കാഴ്ചയില്‍ ഉയര്‍ന്ന വികാരങ്ങള്‍ ആണ് ഞാന്‍ പങ്കു വയ്ക്കുന്നത്.

സേതുലക്ഷ്മി..
എം.മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ അധികരിച്ച് ചായായാഗ്രഹകനായ ഷൈജു ഖാലിദ് ഒരുക്കിയ 'സേതുലക്ഷ്മി' ഏതൊരാളുടെയും ഹൃദയത്തില്‍ കൊളുത്തിവലിക്കും. കെണിയില്‍ അകപ്പെട്ട സേതുലക്ഷ്മി എന്ന കുഞ്ഞു പെണ്‍കുട്ടിയുടെ (ഇര) ദൈന്യതയാര്‍ന്ന നോട്ടവും, അശക്തനായ കൂട്ടുകാരന്റെ നിസ്സയാഹയമായ വിതുമ്പലും തിയറ്ററില്‍ നിന്നിറങ്ങുമ്പോഴും ഒരു നൊമ്പരമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കും. പത്രങ്ങളില്‍ കാണുന്ന നവദമ്പതിമാരുടെ ഫോട്ടോകളില്‍ കൌതുകം തോന്നി സഹപാഠികളായ സേതുലക്ഷ്മിയും കൂട്ടുകാരനും (ചേതന്‍) നാട്ടിന്‍പുറത്തെ സ്റ്റുഡിയോയില്‍ ഫോട്ടോയെടുക്കാന്‍ പോകുന്നതും അതിലൂടെ ചതിയില്‍ പെടുന്നതും തികച്ചും കാലികപ്രസക്തമായ വിഷയമാണ്. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍.. അഞ്ചെണ്ണത്തില്‍ മികച്ചത് ഈ ഒന്നാം ഭാഗം തന്നെ. കുട്ടികളുടെ അഭിനയം അപാരം. കൊറിയന്‍ സ്പര്‍ശമുള്ള പശ്ചാത്തല സംഗീതം അതിസുന്ദരം.

ഇഷ..
സമീര്‍ താഹിറിന്റെ 'ഇഷ'യില്‍ ജിനു എന്ന കള്ളനെ (നിവിന്‍ പോളി) നിഷ്പ്രഭനാക്കുന്ന ഇഷയെന്ന കളിയുടെ കഥ പറയുന്നു. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഒരു രാത്രിയില്‍ മോഷണമെന്ന ലക്ഷ്യത്തോടെ ഒരേ വീട്ടില്‍ എത്തുന്ന അപരിചിതരായ യുവാവും യുവതിയും (മോഷ്ടാക്കള്‍) കാര്യസാധ്യത്തിനായി ചതിക്കുന്നുവെങ്കിലും, പ്രണയം അവരെ ഒന്നിപ്പിക്കുന്ന ഘടകമാകുന്നു. ഒരു വീട്ടിനുള്ളിലെ സംഭവമാണ് ചിത്രീകരിച്ചതെങ്കിലും ദൃശ്യങ്ങളില്‍ വിരസതയുണ്ടാകുന്നില്ല. ഒന്നാം ഭാഗത്തിന്റെ സംവിധായകന്‍ ഷൈജു ഖാലിദ് ആണ് ചായാഗ്രഹണം.

ഗൌരി..
നൃത്തം പഠിക്കുന്ന ഗൌരിയും, ട്രക്കിംഗ് തല്പരനായ ജോനാഥന്‍ ആന്റണിയും (ബിജു മേനോന്‍) പ്രണയവിവാഹാനന്തരം താമസത്തിന് തിരഞ്ഞെടുക്കുന്നത് പ്രകൃതി ഭംഗിയാര്‍ന്ന ഒറ്റപ്പെട്ട പ്രദേശമാണ്. രണ്ടു പേരുടെ താല്‍പര മേഖലകള്‍ ഭിന്നമെങ്കിലും, പൊരുത്തക്കേടുകള്‍ ഇല്ലാതെ സന്തോഷം കണ്ടെത്തുന്നവരാണ്. അവരുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ സംഭവിക്കുന്ന ദുരന്തം ഫാന്റസിയും റിയാലിറ്റിയും കലര്‍ത്തി ആവിഷ്കരിച്ചതാണ് 'ഗൌരി'. ഈ സിനിമയിലൂടെ എന്തെങ്കിലും സന്ദേശമോ വികാരമോ പ്രദാനം ചെയ്യാന്‍ അമല്‍ നീരദിന്റെ കഥക്കോ, ആഷിഖ് അബുവിന്റെ സംവിധാനത്തിനോ കഴിഞ്ഞിട്ടില്ല.

കുള്ളന്റെ ഭാര്യ..
The toll woman and short husband എന്ന ചൈനീസ് ചെറുകഥയെ ആസ്പദമാക്കി അമല്‍ നീരദ് തയ്യാറാക്കിയ 'കുള്ളന്റെ ഭാര്യ' അവതരണത്തില്‍ പുതുമയുണ്ട്. സാമൂഹ്യപ്രസക്തിയും അനുഭവപ്പെടും. പ്രധാന കഥാപാത്രങ്ങളുടെ ശബ്ദം ഇതില്‍ ഇല്ല. വീല്‍ചെയറില്‍ ചലിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തിന്റെ മനസ്സിന്റെ പ്രതിഫലനവും ജനവാതിലിലൂടെയുള്ള കാഴ്ചകളുമാണ് സംഭാഷണം. അനാവശ്യകാര്യങ്ങളില്‍ ഉത്സാഹത്തോടെ ഇടപെടുന്ന എന്നാല്‍ അവശ്യകാര്യങ്ങളില്‍ മുഖം തിരിക്കുന്ന സ്ഥിരം കാഴ്ചയായ വര്‍ത്തമാനകാല സമൂഹത്തിന്റെ ഉത്തമ ഉദാഹരണമായ ഒരു കോളനിയും അതിലെ നിവാസികളും ഉയര്‍ത്തുന്ന പരിഹാസങ്ങളോ ചര്‍ച്ചകളോ തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും സ്പര്‍ശിക്കുന്നില്ലെന്ന് കുള്ളനും (ജിനുബെന്‍), ഭാര്യയും (റീനു മാത്യൂസ്) തെളിയിക്കുന്നു. ഭാര്യയുടെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം തന്റെ ഭാര്യയുടെ സ്ഥാനം ശൂന്യതയില്‍ സങ്കല്പിച്ച് മഴയത്ത് കുട ഉയര്‍ത്തിപ്പിടിച്ചു (ഭാര്യയുടെ പൊക്കത്തില്‍) ചോരക്കുഞ്ഞുമായി മുന്നോട്ട് നീങ്ങുന്ന കുള്ളന്റെ ദൃശ്യത്തില്‍ ക്യാമറ നിശ്ചലമാകുന്ന അന്ത്യം ഗംഭീരം..

ആമി..
അന്‍വര്‍ റഷീദിന്റെ ആമി ഒരു റോഡു മൂവിയാണെന്നും പറയാം. ഒരു രാത്രിയിലെ സംഭവങ്ങള്‍. കാത്തിരിപ്പിന്റെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സംഘര്‍ഷത്തിന്റെയും നിമിഷങ്ങള്‍.. തന്റെ ബോസ്സായ അറബിയുടെ ശകാരം പരിധി കടക്കുമ്പോള്‍ (അഭിമാനത്തിന് ക്ഷതം ഏല്‍ക്കുമ്പോള്‍) ഉണ്ടാകുന്ന പ്രതികരണത്തിന്റെ സ്വാഭാവികത, അഭിമാനബോധമുള്ള ഏതൊരാള്‍ക്കും കയ്യടിക്കാന്‍ തോന്നുന്ന അനുഭവം ഉണ്ടാക്കുന്നതാണ്. അജ്മല്‍ (ഫഹദ് ഫാസില്‍), ആമി (അസ്മിത സൂദ്) എന്നിവരുടെ മലപ്പുറം ശൈലിയിലുള്ള സംഭാഷണവും, രാത്രിയുടെ നിറക്കൂട്ടുകളും ശ്രദ്ധേയമായി. ഫഹദ് ഉണ്ടെങ്കില്‍ രണ്ടാമതൊരു സുന്ദരി അഭികാമ്യമാണല്ലോ. അങ്ങിനെയൊരു സങ്കല്‍പം പുത്തന്‍ തലമുറ സിനിമാക്കാര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ നാന്‍സി (ഹണി റോസ്) എന്ന കഥാപാത്രം ഇതില്‍ അധികപ്പറ്റായി പ്രത്യക്ഷപ്പെടുന്നുണ്ട്..

നവസിനിമകളുടെ പൊതു ന്യൂനതയായി വിമര്‍ശകര്‍ പറയുന്നത്, കേവലവ്യക്തിബന്ധങ്ങളുടെ കഥ പറച്ചിലുകളായി ഇവ ചുരുങ്ങുന്നുവന്നതാണ്. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളോ സന്ദേശങ്ങളോ ഭൂരിഭാഗം സിനിമകളിലും കാണാനാവില്ല. പച്ചതെറിയും ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഒരലങ്കാരമായി നിറഞ്ഞവയില്‍ നിന്നും തികച്ചും ഭിന്നമായ ഒരു സമീപനം 5 സുന്ദരികളില്‍ കാണാം..

No comments: