Thursday, March 10, 2011

ഗദ്ദാമ അഥവാ ഖദ്ദാമ

ഖദ്ദാമയാണ് ശരിയായ പദം എന്നു തോന്നുന്നു.. കാരണം അറബിയില്‍ ഗ എന്ന അക്ഷരം ഇല്ല..

അതു ആധികാരികമായി പറയാന്‍ നമ്മുടെ ഫേസ്ബുക്ക് പ്രവാസികള്‍ രംഗത്തുവരട്ടെ..

വര്‍ത്തമാനകാല സിനിമാ സംവിധായകരില്‍ മധ്യവര്‍ത്തി സിനിമകളിലേക്കു തിരിഞ്ഞ കമലിന്റെ ഏറ്റവും പുതിയ സിനിമ "ഗദ്ദാമ" പ്രമേയത്തിലും കഥാഗതി നിയന്ത്രണത്തിലും വ്യത്യസ്തത പുലര്‍ത്തി.. സമീപകാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.. ഒരു സ്ത്രീയെ മുഖ്യ കഥാപാത്രമാക്കുകയെന്നതു തന്നെ വലിയ പരീക്ഷണമാണ്.. അതിനു ധൈര്യം കാണിക്കാന്‍ ഒരു രഞ്ജിത്തല്ലാതെ വേറെ സംവിധായകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല..

ശ്രീനിവാസന്‍(റസാക്ക്) പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്റെ സാമൂഹ്യപ്രവര്‍ത്തന വലിപ്പം കാണിക്കാന്‍ കെട്ടിടത്തില്‍ നിന്നു വീഴ്ത്തി കാലൊടിക്കുന്ന ഒരാളൊഴികെയുള്ള മുഴുവന്‍ കഥാപാത്രസൃഷ്ടിയും പ്രശംസനീയം തന്നെ.. ആ കഥാപാത്രവും അയാള്‍ക്കുവേണ്ടിയുള്ള ശ്രീനിവാസന്റെ സേവനവും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നു മാത്രമല്ല കുറച്ചു exaggeratedഉം ആണ്.. ശ്രീനിവാസന്‍ ആണ് കാവ്യാമാധവന്‍(അശ്വതി) എന്ന ഗദ്ദാമയെ രക്ഷപ്പെട്രുത്താന്‍ ഉള്ള സാമൂഹ്യപ്രവര്‍ത്തകനെന്നു മനസ്സിലാക്കാന്‍ അതിനു മുന്‍പുള്ള റസാക്കിന്റെ രംഗങ്ങള്‍ തന്നെ ധാരാളം..

അശ്വതിയെന്ന ഗദ്ദാമയുടെ ഭാഗം കൃത്യതയോടെയും ഭംഗിയോടെയും കാവ്യാമാധവന്‍ അവതരിപ്പിച്ചു.(കാവ്യയുടെ രണ്ടാം വരവ് അതിഗംഭീരം).. രണ്ടാമതൊരു കുടുംബത്തിന്റെ കഷ്ടപ്പാടു കൂടി ഏറ്റെടുക്കുന്ന തീരുമാനമായിരുന്നു അശ്വതിയെ വിവാഹം ചെയ്യാനുള്ള ബിജുമെനോന്റെ തീരുമാനം.. വിദേശത്ത് പോയി രക്ഷപ്പെടാമെന്നു തീരുമാനിച്ച ബിജുമേനോന്റെ അപ്രതീക്ഷിത മരണം അശ്വതിക്കും രണ്ടു കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലും ഏറെയായിരുന്നു.. നിശ്ചയിക്കപ്പെട്ട വിദേശതൊഴില്‍ അശ്വതി ഏറ്റെടുക്കുന്നു.. വിദേശത്ത് വീട്ടുവേലക്കാരി.. ദുരിതക്കയത്തില്‍ നിന്നു കരകയറാമെന്ന ആഗ്രഹത്തോടെയെത്തുന്ന അശ്വതിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തൊട്ട് നേരിടേണ്ടി വരുന്ന ദുരിതം അവസാനം വരെയും പിന്തുടരുന്നു.. അറബി വീട്ടില്‍.. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍.. ദിക്കറിയാതെയുള്ള അലച്ചിലുകള്‍ക്കിടയില്‍.. വിവിധ ഘട്ടങ്ങളില്‍.. രക്ഷ പോലും ശിക്ഷയാകുന്ന സന്ദര്‍ഭങ്ങള്‍.. പാപി ചെന്നേടം പാതാളം എന്നതിനു പകരം അശ്വതി ചെന്നേടം പാതാളം എന്നു തിരുത്താവുന്ന അനുഭവങ്ങള്‍.. അതിനിടയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ബഷീര്‍(പുതിയ നടന്‍).. ആടുകള്‍ക്കിടയില്‍ ആടുജീവിതം നയിക്കുന്ന ബഷീര്‍.. കാമവെറിയന്മാരില്‍ നിന്നും അവളെ രക്ഷിച്ച് സ്വയം ബലിയാടാകുന്നവന്‍.. അവന്റെ ജീവിതം കൊണ്ടു അവനുപോലും ഒരു ഗുണമില്ലെന്ന തിരിച്ചറിവാകാം അവനില്‍ ആ മാനവികത ഉണരാന്‍ ഹേതു.. അവന്റെ രൂപവും നിര്‍വികാര ഭാവവും ആണ് എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നത്.. വളരെ കുറച്ചു സമയം സിനിമയില്‍ പ്രത്യക്ഷപ്പെടുകയും ഏറ്റവും കൂടുതല്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തത് ബഷീറെന്ന കഥാപാത്രമായിരിക്കും..

ദുരിതത്തില്‍ നിന്നു ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെട്ട അശ്വതി അവസാനം ജയിലില്‍ എത്തിപ്പെടുന്നു.. രക്ഷകനായ അന്യപുരുഷന്റെ വീട്ടില്‍ താമസിച്ചു എന്നതാണ് കുറ്റം.. അശ്വതിയേയും കൂടെ ജയിലിലടക്കപ്പെട്ടയാളെയും(കൊടിയേറ്റം ഗോപിയുടെ മകന്‍) റസാക്ക് പൂറത്തെത്തിക്കുകയും നാട്ടിലേക്ക് ഒരേ വണ്ടിയില്‍ കയറ്റി വിടുകയും ചെയ്യുമ്പോള്‍ അതു പ്രതീക്ഷയുടെ പുതുജീവിതത്തിലേക്കുള്ള പ്രയാണമാകുകയാണ്.. പുതുമയുള്ള പ്രമേയവും അവതരണവും സമീപനവും..

ഇത്രയോക്കെ ദുരിതങ്ങള്‍ ഉണ്ടാകുമോ.. സിനിമയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ.. സ്വന്തം തൊഴിലും ജീവിതവും കുടുംബവും മറന്ന് ഇത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന റസാക്കുമാര്‍ ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പ്രേക്ഷകനു ചോദിക്കാം.. പ്രവാസികളായ സുഹൃത്തുക്കള്‍ മറുപടി പറയട്ടെ..