Wednesday, July 7, 2010

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി

ആവിഷ്കാരസ്വാതന്ത്ര്യമെന്നത് പല ഘട്ടങ്ങളിലായി വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണ്.. സല്‍മാന്‍ റുഷ്ദി, തസ്ലീമ നസ്രീന്‍, എം.എഫ്. ഹുസൈന്‍, കൃസ്തുവിന്റെ അന്ത്യപ്രലോഭനം എഴുതിയ വ്യക്തി കസന്ദ് സാക്കിസ് തുടങ്ങി കേരളീയര്‍ക്കു പരിചിതമായ ആവിഷ്കാരസ്വാതന്ത്ര്യ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നവര്‍...
യഥാര്‍ത്ഥത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യമെന്നാല്‍ എന്തും എഴുതാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണോ..? അതോ അതിനു പരിധിയുണ്ടോ..? മേല്പറഞ്ഞ വ്യക്തികളെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടത് അവരുടെ ചില കൃതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നതായിരുന്നു.. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങളും, തസ്ലീമയുടെ ലജ്ജയും, എം.എഫ്.ഹുസൈന്റെ ഹിന്ദു ദൈവങ്ങളെ മോശമായ വിധം ചിത്രീകരിച്ചതും, ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തില്‍ ക്രിസ്തുദേവനെ വികലപ്പെടുത്തുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുമോ..? വരുമെങ്കില്‍ അത്തരം ആവിഷ്കാരസ്വാതന്ത്ര്യം വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മുറിപ്പെടുന്ന വിഭാഗം പ്രതിഷേധിക്കുമ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിക്കുന്നു.. ഇത്തരം പ്രവൃത്തികള്‍ വര്‍ഗ്ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടും..
മതവിശ്വാസം, ദൈവം എന്നതെല്ലാം ഓരോരുത്തരുടേയും മനസ്സില്‍ വ്യത്യസ്ത രീതിയിലാണു കുടികൊള്ളുന്നത്.. ചിലര്‍ക്കു അതു ജീവിതമാണ്, ചിലര്‍ക്കു സങ്കടങ്ങളിലെ സമാധാനമാണ്, മറ്റു ചിലര്‍ക്കു പലതില്‍ നിന്നുള്ള മോചനവും ആശ്വാസവുമാണ്.. അത്തരം വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന, ഹനിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം അനുവദനീയമാണോ എന്നു പരിശോധിക്കപ്പെടണം.. മനസ്സില്‍ പുണ്യമായി കരുതുന്ന, മഹനീയമായി കരുതുന്ന, എന്തിനും അത്താണിയായി കരുതുന്ന ദൈവത്തെ, മതത്തെ, പ്രവാചകനെ, ദൈവപുത്രനെ അവഹേളിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.. വിമര്‍ശനമാവാം, എതിര്‍പ്പുകളാവാം, വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാം.. പക്ഷേ അതു അവഹേളനമാകരുത്.. നിന്ദിക്കലാകരുത്.. ഇടമറുകിനെപ്പോലുള്ളവര്‍ മതകാര്യങ്ങളിലെ, വിശ്വാസങ്ങളിലെ പലകാര്യങ്ങളേയും വിമര്‍ശിച്ചിട്ടുണ്ട്.. ശാസ്ത്രീയമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.. അതിനെ തിരിച്ചു വിമര്‍ശിക്കുന്നവരും ഉണ്ടല്ലോ.. അതു ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആരോഗ്യകരമായ രീതി.. ദൈവത്തെ, പ്രവാചകനെ, ദൈവവപുത്രനെ, വിശുദ്ധ മാതാവിനെ, ദേവിയെ, ദേവനെ മ്ലേച്ഛമായ ഭാഷയില്‍, സഭ്യമല്ലാത്ത ഭാഷയില്‍ ആരെങ്കിലും എഴുതുന്നുവെങ്കില്‍ /ആവിഷ്കരിക്കുന്നുവെങ്കില്‍ അതു ആരോഗ്യകരമായ ആവിഷ്കാരസ്വാതന്ത്ര്യമല്ല..
രാഷ്ട്രീയപാര്‍ട്ടികളേയോ സാംസ്കാരിക സംഘടനകളേയോ സര്‍ക്കാരുകളേയോ കണക്കാക്കുന്നതുപോലെയുള്ള പരിഗണന മതിയാവില്ല മതത്തിനും ദൈവവിശ്വാസത്തിനും.. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്.. അതു പക്ഷേ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ല.. അഥവാ ആരെങ്കിലും അവഹേളിച്ചാല്‍ അവഹേളിച്ചവരെ ആക്രമിക്കാനോ വധശിക്ഷ നടപ്പാക്കാനോ ഒരു മനുഷ്യനും അധികാരം നല്‍കിയിട്ടില്ല.. നല്ല വിശ്വാസി/ യഥാര്‍ത്ഥ വിശ്വാസി കരുതേണ്ടത് അവഹേളിച്ചവര്‍ക്ക് (എല്ലാം കാണുന്ന, അറിയുന്ന) ദൈവം അര്‍ഹമായ ശിക്ഷ നല്‍കുമെന്നാണ്..
ഇതൊക്കെയാണെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തിനു ഒരു പരിധി നിര്‍ബന്ധമാണ്..

2 comments:

adam said...

വിമര്‍ശനമാവാം, എതിര്‍പ്പുകളാവാം, വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാം.. പക്ഷേ അതു അവഹേളനമാകരുത്.. നിന്ദിക്കലാകരുത്..

നല്ല യാദര്ത്യ ബോദം ഉള്ള അഭിപ്രായം.... ഒന്ന കൂടി ചെര്‍കട്ടെ

"ഇതേചിന്തയുടെ മറ്റൊരു വശമാണ് ഓരോ മതത്തിലെയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കേണ്ടത് അതത് മതത്തില്‍ പെട്ടവരായിരിക്കണം എന്ന ആശയം. യേശുക്രിസ്തു മദ്യവ്യവസായി ആയിരുന്നു എന്നോ ശ്രീകൃഷ്ണന്‍ സ്ത്രീലമ്പടനായിരുന്നു എന്നോ പ്രവാചക വചനങ്ങളില്‍ എന്തെങ്കിലും അസ്വീകാര്യമാണ് എന്നോ പറയുന്നത് അതത് മതങ്ങളില്‍പെട്ടവരാകട്ടെ" അവലംബം D Babu Paul മധ്യ രേഖ , മാധ്യമം 26 th July .

കെ said...

ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുളള ഈ ആലോചനകളില്‍ തിളച്ചു നില്‍ക്കുന്നത് മതബോധത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്. ഇവിടെ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് ആരോ നല്‍കുന്ന ഔദാര്യമാണ് എന്ന കടുത്ത വിശ്വാസമാണ് നിഴലിക്കുന്നത്. സാല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങളും തസ്ലിമയുടെ ലജ്ജയും എംഎഫ് ഹുസൈന്റെ ചിത്രങ്ങളും ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങളും പ്രകോപിപ്പിച്ചത് മതഭീകരതയെയാണ്. ഈ കൃതികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ചതും കലാപങ്ങളുണ്ടാക്കിയതും മതഭീകരന്മാരാണ്. താങ്കളുടെ ചിന്തകള്‍ പിന്‍പറ്റിയാല്‍, മതഭീകരന്മാരെ പ്രകോപിക്കുന്നതൊന്നും ആരും എഴുതരുത് എന്നാകും.

ആവിഷ്കാര സ്വാതന്ത്ര്യം വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കുമെന്ന ന്യായവും മതതീവ്രവാദികളുടെ വാദങ്ങള്‍ക്കാണ് ശക്തിപകരുന്നത്. പ്രതികരണങ്ങളില്‍ പ്രകോപിതരാകുംവിധം ദുര്‍ബലമാണ് മതവിശ്വാസമെങ്കില്‍ പ്രശ്നം, വിശ്വാസത്തിന്റേതാണ് പ്രതികരണത്തിന്റേതല്ല.

ആവിഷ്കാരസ്വാതന്ത്ര്യത്തിന് പരിധി വേണമെന്ന ആവശ്യത്തില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത, തങ്ങള്‍ എതിര്‍ക്കുന്ന, തങ്ങളെ പ്രകോപിപ്പിക്കുന്ന ആശയങ്ങളെ ഭ്രൂണഹത്യ ചെയ്യാമെന്ന വ്യാമോഹമാണ്. കടുത്ത ഭാഷയില്‍ എതിര്‍ക്കപ്പെടേണ്ടതും...