Sunday, December 27, 2009

ഭീകരവാദവും അമേരിക്കയും

ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ പടപ്പുറപ്പാടുമായി ഇറങ്ങിയ രാജ്യമാണു അമേരിക്കയെന്നാണു ലോകത്താകമാനം പ്രചരിപ്പിക്കപ്പെടുന്നത്.. ലോകത്തിന്റെ ഏതു മൂലയില്‍ ഭീകരവാദം തലപൊക്കുന്നതു കണ്ടാല്‍ തുപ്പാക്കിയും ബോംബുമായി സ്വന്തം പട്ടാളക്കാരും സഖ്യരാഷ്ട്രങ്ങളുടെ പട്ടാളക്കാരും “ഭീകരവാദികളെ ഉന്മൂലനം“ ചെയ്യാന്‍ ശ്രമിക്കുന്നതു ഇറാഖിലും അഫ്ഘാനിസ്ഥാനിലും സമീപകാലത്തു കണ്ടതാണല്ലോ.. അവിടത്തെ സാധാരണ ജനങ്ങള്‍ ദുരിതത്തിലായി എന്നല്ലാതെ അവിടെ നിന്നൊന്നും ഭീകരവാദം തുടച്ചുനീക്കാന്‍ അമേരിക്കയുടെയും കൂട്ടാളികളുടെയും വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും സാധിച്ചില്ലയെന്നതു ലോകത്തിലെ നിഷ്പക്ഷമതികള്‍ക്കെല്ലാമറിയാം.. എങ്കിലും അമേരിക്ക പറയുന്നതു ലോകത്തില്‍ ഭീകരവാദം ഇല്ലാതാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നതു അവരാണെന്നാണ്.. അതു വാദത്തിനുവേണ്ടി സമ്മതിക്കാം..
അങ്ങിനെയെങ്കില്‍ താഴെ പറയുന്ന ന്യായമായ ചില സംശയങ്ങള്‍ നിഷ്പക്ഷമതികള്‍ക്കുണ്ടാകും..
1. David Headly യെന്ന അന്താരാഷ്ട്ര ഭീകരനെ അമേരിക്ക പിടികൂടി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നു.. അവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.. ഇന്ത്യയിലുണ്ടായ മുംബൈ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായി കണ്ടെത്തിയ വ്യക്തിയാണു
David Headly.. അദ്ദേഹത്തിന്റെ കൂട്ടാളി തഹാവൂര്‍ റാണയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു കണ്ടെത്തിയിട്ടുണ്ട്.. അവര്‍ രഹസ്യമായി താമസിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കിട്ടിക്കഴിഞ്ഞു.. ഇനി ചോദ്യം ചെയ്യുകയെന്ന സ്വാഭാവികപ്രക്രിയ മാത്രമാണു ബാക്കിയുള്ളത്.. അതിനു അവരെ അമേരിക്കന്‍ അധികാരികള്‍ വിട്ടിതരണം.. ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും ഭീകരവാദത്തിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ച അമേരിക്കന്‍ അധികാരികള്‍ David Headly യെ വിട്ടുതരാന്‍ തയ്യാറല്ല.. ഇന്ത്യയെ അവരുടെ തന്ത്രപരമായ കൂട്ടാളിയെന്ന ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടും വിട്ടുതരാന്‍ തയ്യാറല്ല.. എന്തുകൊണ്ട്..??
2. ഭീകരാക്രമണം ഇന്ത്യയിലായാലും അമേരിക്കയിലായാലും ഒരേ ഫലമല്ലേ ഉണ്ടാവുക.. എന്നിട്ടും
David Headly യെന്ന കൊടുംഭീകരനെ ഭീകരാക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ഏജന്‍സി ചോദ്യം ചെയ്യുന്നതിനോടു അമേരിക്കന്‍ ഭരണകൂടം അസഹിഷ്ണുത കാണിക്കുന്നതു ശരിയോ?
3.
അമേരിക്കന്‍ ഭരണകൂടം പറയുന്നതു, ഇന്ത്യക്കു ആവശ്യമുള്ള എല്ലാ വിവരവും അവര്‍ ചോദിച്ചു നല്കാമെന്നാണ്.. അതായതു ഇന്ത്യന്‍ അന്വേഷണത്തെ അവര്‍ ഭയപ്പെടുന്നുവെന്നര്‍ത്ഥം. അവര്‍ക്കെന്തോ ഒളിക്കാനുണ്ടെന്നു ചുരുക്കം.. എന്താണു ഭയപ്പെടുന്നത്..? എന്താണു ഒളിക്കാനുള്ളത്..? ഈ ഭീകരന്‍ CIA ചാരനാണെന്ന വാദം അംഗീകരിക്കേണ്ടി വരില്ലേ..?
4. ഇതു ഇന്ത്യയില്‍ പിടിക്കപ്പെട്ട പ്രതിയെ അമേരിക്കക്കു ചോദ്യം ചെയ്യാനായിരുന്നെങ്കില്‍ ഇതുപോലെ അനുമതി നിഷേധിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനു കഴിയുമായിരുന്നോ..? അമേരിക്ക സമ്മര്‍ദ്ദത്തിലൂടെ കാര്യം സാധിക്കുമായിരുന്നില്ലേ..? അജ്മല്‍ കസബിനെ അമേരിക്കന്‍ ഏജന്‍സികള്‍ ചോദ്യം ചെയ്തല്ലോ.. അങ്ങിനെയെങ്കില്‍ ഇന്ത്യ അമേരിക്കയുടെ അടിമയായി എന്നു പറയുന്നതു ശരിയെന്നു സമ്മതിക്കേണ്ടി വരില്ലേ..?
5. ജോര്‍ജ്ജ് ബുഷിന്റെ സുരക്ഷാകാര്യം മറയാക്കി മഹാത്മാഗാന്ധിയുടെ സമാധി സ്ഥലത്തുപോലും അമേരിക്കന്‍ നായയെക്കൊണ്ടു നക്കിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ മൌനികളായതെന്തുകൊണ്ട്..? അമേരിക്കയില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും പ്രധാനമന്ത്രിയേയും സുരക്ഷാപ്രശ്നം പറഞ്ഞു മുണ്ടുരിഞ്ഞു പരിശോധിച്ചപ്പോഴും നമ്മുടെ ഭരണാധികാരികള്‍ വായമൂടിയിരുന്നു.. അതു എന്തുകൊണ്ടാവാം..? ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ദാസന്മാരായതുകൊണ്ടാവാം..

ചുരുക്കത്തില്‍ അമേരിക്ക കുമ്പിടാന്‍ പറഞ്ഞാല്‍ മുട്ടില്‍ ഇഴയുന്ന മന്മോഹന്‍സിങ്ങ് എന്ന പ്രധാനമന്ത്രി ഇന്ത്യയെ വീണ്ടും പാരതന്ത്ര്യത്തിലെത്തിച്ചു.. ഈ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്നു ഇന്ത്യയെ രക്ഷിക്കുകയെന്നതു കഠിനപ്രയത്നമാണ്.. മാനസികമായെങ്കിലും സ്വയം സജ്ജരാകുക..

Tuesday, December 8, 2009

ടോമിന്‍ തച്ചങ്കരി ഒരു ബലിയാടോ...??
തടിയന്റവിട നസീര്‍ എന്ന തീവ്രവാദി അതിര്‍ത്തിസേനയുടെ പിടിയിലായി..ദേശാഭിമാനി ഉള്‍പ്പെടെ ചില പത്രങ്ങള്‍ ഈ വാര്‍ത്ത വളരെ മുന്‍പു തന്നെ പുറത്തുവിട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍ നിന്നു ആ സത്യം ദിവസങ്ങളോളം മറച്ചുവെച്ചു.. എന്തിനു വേണ്ടിയായിരുന്നു ഈ ഒളിച്ചുവെയ്ക്കല്‍ എന്നു ഇന്നുവരെ ഒരു മാധ്യമമോ രാഷ്ട്രീയപാര്‍ട്ടിയോ (സിപിഎം ഒഴികെ) ചര്‍ച്ച ചെയ്യുകയുണ്ടായില്ല.. അതു തല്‍ക്കാലം വിടുക..
ഒരു തീവ്രവാദിയെ (പ്രത്യേകിച്ചും ലഷ്കര്‍-ഇ-ത്വയ്ബയുമായി ബന്ധമുള്ള) പിടികൂടിയാല്‍ കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡും ഇന്റലിജന്‍സ് വിഭാഗവും ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ സമ്പൂര്‍ണ്ണ അന്വേഷണം നടത്തുമെന്നു അറിയാത്ത വിഢ്ഢികളാണോ മലയാളികള്‍..?? ഈ കേസില്‍ ബംഗളുരു പോലീസും അന്വേഷണം നടത്തുന്നു.. കോഴിക്കോടു നടന്ന സ്ഫോടനത്തിന്റെ തുടരന്വേഷണം കേന്ദ്രസ്ക്വാഡ് ഏറ്റെടുത്തുകഴിഞ്ഞു.. ഫയലുകള്‍ പോലും കൈമാറിക്കഴിഞ്ഞുവെന്നാണു പത്രവാര്‍ത്ത.. അതിനിടയില്‍ നായനാര്‍ വധശ്രമക്കേസ് ഉള്‍പ്പെടെയുള്ള ഏതാനും കേസുകളില്‍ പ്രതിയായ തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസും ബംഗളുരുവില്‍ എത്തി.. (നായനാര്‍ വധശ്രമക്കേസില്‍ ജാമ്യം നേടി ഒളിവില്‍ പോയ വ്യക്തിയാണു നസീര്‍).. കേസന്വേഷണത്തിനു പോയ കേരളപോലീസിന്റെ തലവന്‍ ടോമിന്‍ തച്ചങ്കരിയാണ്.. കേരളത്തിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ വിദേശത്തായതിനാല്‍ പകരക്കാരനായിട്ടാണു തച്ചങ്കരി നിയോഗിക്കപ്പെട്ടത്.. ഇപ്പോള്‍ അതും വിവാദമാക്കിയിരിക്കുന്നു.. കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാനതൊഴില്‍ വിവാദങ്ങള്‍ ഉല്പാദിപ്പിക്കുകയെന്നതാണ്..
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.. കേന്ദ്രതീവ്രവാദവിരുദ്ധ സ്ക്വാഡ്, ഇന്റലിജന്‍സ് വിഭാഗം, ബംഗളുരു പോലീസ് എന്നീ മൂന്നു ഏജന്‍സികള്‍ ചോദ്യം ചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന നസീറിന്റെ കാര്യത്തില്‍ ഐ.ജി. തച്ചങ്കരി എന്തു തട്ടിപ്പു നടത്തുമെന്നാണു മാധ്യമങ്ങളും പ്രതിപക്ഷവും രമേശ് ചെന്നിത്തലയും പി.പി.തങ്കച്ചനും കരുതുന്നത്..?? തച്ചങ്കരി വിചാരിച്ചാല്‍ ഈ ഏജന്‍സികളെയെല്ലാം സ്വാധീനിക്കാനവുമെന്നാണല്ലോ ഈ “വിവാദ ഉല്പാദകര്‍” പ്രചരിപ്പിക്കുന്നത്.. മലയാളികളെല്ലാം വിഢ്ഢികളാണെന്ന മുന്‍ധാരണയോടെ നടത്തുന്ന ഇത്തരം മണ്ടന്‍ പ്രസ്താവനകള്‍ പിന്‍വലിക്കാന്‍ ഇതില്‍ ഒരാളും തയ്യാറവില്ലെന്നു നമുക്കറിയാം.. നേരും നെറിയും തിരിച്ചറിയുന്നവര്‍ ഉണ്ടെന്ന ധാരണ മാധ്യമങ്ങള്‍ക്കെങ്കിലും ഉണ്ടാകണം.. മനോരമയ്ക്കും, വീരേന്ദ്രകുമാര്‍ ഉള്ളിടത്തോളം മാതൃഭൂമിയ്ക്കും നേരും നെറിയും കാണിക്കാനാവില്ല.. എങ്കിലും ബാക്കിയുള്ളവര്‍ക്കെങ്കിലും..!!! അതിനിടയില്‍ കുഞ്ഞാലിക്കുട്ടിയില്‍ നിന്നു മാത്രമാണു പോസിറ്റീവായ പരാമര്‍ശം ഉണ്ടായത്.. അദ്ദേഹം പറഞ്ഞത്, “തീവ്രവാദത്തെ നേരിടുന്ന കാര്യത്തിലെങ്കിലും എല്ലാവരും ഒരുമിച്ചു നില്ക്കണം..” എന്നായിരുന്നു.. ഇതു എല്ലാവരും പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍..!!!

Friday, October 23, 2009

ഡോക്ടര്‍മാരുടെ സമരം
മെഡിക്കല്‍ കോളേജിലെ ഏതാനും ഡോക്ടര്‍മാര്‍ ശമ്പളപരിഷ്കരണത്തിലെ അപാകതയെന്ന വ്യാജേന സമരത്തിലാണ്.. പത്രങ്ങളിലും ചാനലുകളിലും നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും സമരത്തിനു നേതൃത്വം നല്‍കുന്ന ഡോ.വര്‍ഗീസ് തോമസിന്റെ വാക്കുകളില്‍ നിന്നും ഏതൊരു സാധാരണക്കാരനും ഉണ്ടാകാവുന്ന ചില സംശയങ്ങള്‍ ഉണ്ട്.. യഥാര്‍ത്ഥത്തില്‍ എന്തിനുവേണ്ടിയാണിത്..??
1) സംസ്ഥാന ജീവനക്കാരുടെ ശമ്പളം 2006ല്‍ പരിഷ്കരിച്ചപ്പോള്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്കു ശമ്പളം വര്‍ദ്ധിച്ചിരുന്നില്ല.. കാരണം അവരുടേതു UGC ശമ്പളഘടനയിലേക്കു മാറ്റുകയായിരുന്നു.. അതായതു പഴയ ശമ്പളം (കുറഞ്ഞ ശമ്പളം) വാങ്ങിയപ്പോഴൊന്നും യാതൊരു പരാതിയും സമരവും ഉണ്ടായിരുന്നില്ല.. (അന്നു Private Practice നിരോധിച്ചില്ല)
2) ഇപ്പോഴത്തെ സര്‍ക്കാര്‍
UGC നിലവാരത്തില്‍ ശമ്പളം പരിഷ്കരിച്ചു.. ഭൂരിഭാഗം പേര്‍ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടായി.. പലതരം അലവന്‍സുകള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപ പ്രതിമാസം ലഭിക്കുന്നവര്‍ ഉണ്ട്.. എന്നിട്ടും ഡോ.വര്‍ഗീസ് തോമസിനും കൂട്ടര്‍ക്കും മാത്രം എന്തുകൊണ്ടു പരാതിയുണ്ടാകുന്നു..?? (ഇന്നു Private Practice നിരോധിച്ചു)
3) ഇപ്പോള്‍ ഡോ.വര്‍ഗീസ് തോമസ് പറയുന്നത്, Private Practice നിരോധനം അംഗീകരിക്കണമെങ്കില്‍ Indian Institute of Medical Science ല്‍ നല്‍കുന്ന വേതനം നല്‍കണമെന്നാണ്.. Indian Institute of Medical Science നിലവാരത്തിലേക്കു എത്താനും അവരുടെ അംഗീകാരം ലഭിക്കാനും വളരെയധികം പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്.. ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ ഒട്ടേറെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്.. ഇതിനു കാലതാമസം നേരിടുമെന്നു ഏതൊരാളേക്കാളും അറിയാവുന്നതു ഡോ.വര്‍ഗീസ് തോമസിനാണ്.. പിന്നെന്തിനാണു ഈ വാശി..??
4) ഇത്തരത്തില്‍ സമരം നടത്തുമ്പോഴും
Private Practice ഒഴിവാക്കുന്നില്ല.. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു MBBSഉം PGയും നേടിയതിനു ശേഷം പൊതുസമൂഹത്തെ മറന്നു പണത്തിനു പിന്നാലെ ഓടുന്നവര്‍ മനുഷ്യവര്‍ഗ്ഗത്തില്‍പ്പെടുമോ..??
5)
Private Practice സമയം കൂടി മെഢിക്കല്‍ കോളേജില്‍ സാധാരണക്കാരനുവേണ്ടിയും മെഢിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും ചെലവഴിക്കണമെന്നാണു സര്‍ക്കാര്‍ പറയുന്നത്.. ഡോ.വര്‍ഗ്ഗീസ് തോമസിനെപ്പോലുള്ളവര്‍ പറയുന്നതു വീട്ടില്‍ വിദഗ്ദചികിത്സ തേടിയെത്തുന്നവര്‍ക്കു ചികിത്സ ലഭിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ്.. (ധാരാളം വിദഗ്ദ ഡോക്ടര്‍മാര്‍ പുറത്തുണ്ടല്ലോ).. സ്വന്തം തൊഴില്‍ ഗുണകരമായി പൂര്‍ത്തിയാക്കുകയെന്നതല്ലേ ഒരു വ്യക്തിയുടെ ആദ്യത്തെ കടമ..
6) സമരം നിര്‍ത്താന്‍ ഒരേ ഒരു മാര്‍ഗ്ഗമാണു സമരം ചെയ്യുന്നവരുടെ മനസ്സിലുള്ളത്.. Private Practice പഴയപോലെ തുടരാന്‍ അനുവദിക്കുക.. ശമ്പളം കുറച്ചാലും ഡോ.വര്‍ഗ്ഗീസ് തോമസിനും കൂട്ടര്‍ക്കും യാതൊരു പ്രശ്നവുമുണ്ടാവില്ല..
ഇത്തരം അധാര്‍മ്മിക സമരത്തിനെതിരെ ESMA ഉള്‍പ്പെടെ പ്രയോഗിക്കണമെന്നാണു പൊതുജനാഭിപ്രായം.. സംസ്ഥാന ജീവനക്കാര്‍ 2002 ല്‍ നടത്തിയ 32 ദിവസം നീണ്ടുനിന്ന പണിമുടക്കില്‍ 100% ജീവനക്കാരും പങ്കെടുത്തപ്പോഴും, ഡോക്ടര്‍മാരോടു പണിമുടക്കില്‍ പങ്കെടുക്കേണ്ടെന്നാണു ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞത്.. കാരണം ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ അവരെ മാ‍റ്റി നിര്‍ത്തുകയായിരുന്നു.. എന്തായാലും ഒരു വിഭാഗം ഡോക്ടര്‍മാര്‍ വസ്തുത മനസിലാക്കി സമരത്തില്‍ നിന്നു പിന്മാറിയല്ലോ.. പ്രതിബദ്ധതയുള്ളവരും ഈ നാട്ടിലുണ്ട് എന്നു ഉറപ്പായി.. ഇത്തരത്തില്‍ വാരിയുണ്ടാക്കുന്ന പണം ഒരിക്കലും ഗുണം നല്‍കില്ല..

Monday, October 12, 2009

Kaanjeevaram (കാഞ്ചീവരം)

കാഞ്ചീവരം ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പ്രകാശ് രാജിനും ലഭിച്ചു.. ഒരു പട്ടുനെയ്ത്തു തൊഴിലാളിയുടെ കേവലമായ ജീവിതകഥയല്ല കാഞ്ചീവരം.. പട്ടുനൂല്‍ കൊണ്ടു അതിസുന്ദരമായ വസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴും സ്വന്തം ജീവിതം നെയ്തെടുക്കാന്‍ പാടുപെടുന്ന ലോകത്തിലെ ഏതൊരു തൊഴിലാളിയുടേയും ദുരിതാനുഭവം തന്നെയാണു ഈ സിനിമയുടെ ആത്മാവ്.. സ്വന്തം മകളുടെ ജനനസമയത്തു പട്ടുനെയ്ത്തു തൊഴിലാളിയായ അച്ഛന്‍ ചെവിയില്‍ മന്ത്രിക്കുന്നതു “നിന്നെ ഞാന്‍ പട്ടുചേല അണിയിച്ചു വിവാഹം ചെയ്തയക്കും” എന്നാണ്.. (ജനനസമയത്തു ചെവിയില്‍ മന്ത്രിക്കുന്നതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നതു ആ പ്രദേശത്തെ ആചാരമാണ്..) അതു കേട്ടുനിന്നവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ചു.. പട്ടുവസ്ത്രങ്ങള്‍ നെയ്യാനല്ലാതെ സ്വന്തമാക്കാനുള്ള വരുമാനം ഒരു തൊഴിലാളിക്കു ലഭിക്കില്ലെന്നു അറിയാവുന്നവരാണവര്‍.. താജ്മഹല്‍ നിര്‍മിച്ചതാരെന്നു ചോദിച്ചാല്‍ ഷാജഹാന്‍ എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശില്പി നിഴലില്‍ മാറി നില്‍ക്കുന്നുവെന്നു നാമോര്‍ക്കണം.. നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ അവകാശികളാവാന്‍ സാധിക്കാത്തവരാണല്ലോ തൊഴിലാളികള്‍.. ഈ സിനിമയില്‍ തന്നെ മുതലാളിയുടെ മകള്‍ക്കു വിവാഹവേളയില്‍ ധരിക്കുന്നതിനു വേണ്ടി വേങ്കടം (പ്രകാശ് രാജ്) നെയ്ത സാരി സ്വന്തം ഭാര്യയ്ക്കു കാണാന്‍ വിവാഹവേദിയുടെ ദൂരെചെന്നു നില്‍ക്കുന്ന രംഗമുണ്ട്..
എന്തായാലും വേങ്കടം എന്ന നെയ്ത്തുകാരന്‍ വലിയ ആത്മവിശ്വാസത്തോടെ മകളുടെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു.. വിവിധങ്ങളായ കാരണങ്ങളാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ്.. അവിടെയെത്തിയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വാധീനത്താല്‍ മുതലാളിയുടെ ചൂഷണത്തിനെതിരെ സഹപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നു.. തന്റെ മകള്‍ക്കു നല്‍കിയ വാക്കുകള്‍ വേങ്കടത്തെ ചില തെറ്റുകളിലേയ്ക്കു നയിക്കുകയും അദ്ദേഹത്തെ ഒറ്റുകാരനായും കള്ളനായും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.. ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു പക്ഷാഘാതം സംഭവിക്കുന്നു.. നിശ്ചലയായിക്കിടക്കുന്ന മകളെ കാണാന്‍ ജയിലില്‍ നിന്നു എത്തുന്ന വേങ്കടം മകളുടെ ദുരിതം സഹിക്കാനാവാതെ അവള്‍ക്കു വിഷം നല്‍കി ദയാവധം നല്‍കുകയാണ്.. തന്റെ മകള്‍ക്കു വേണ്ടി താന്‍ നെയ്തുകൊണ്ടിരുന്ന പട്ടുപുടവ വെട്ടിക്കീറി മരിച്ചു കിടക്കുന്ന മകളുടെ മേലെ പുതപ്പിക്കുന്ന വേങ്കടത്തിന്റെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെയാണു പ്രകാശ് രാജ് അവതരിപ്പിക്കുന്നത്..ആ ഘട്ടത്തില്‍ അയാളുടെ മനോനില നഷ്ടപ്പെടുന്നതു എത്ര സുന്ദരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.. പ്രകാശ് രാജിന്റെ അഭിനയത്തിന്റെ വ്യാപ്തി സമ്പൂര്‍ണ്ണമായി ഈ സിനിമ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.. അവസാനരംഗത്തു പോലീസുകാരന്‍ വേങ്കടത്തോടു പോകാമെന്നു ചോദിക്കുമ്പോള്‍ ക്യാമറയിലേക്കു നോക്കി ഒരു ചിരിയുണ്ട്.. മാനസികനില തെറ്റിയെന്നു വ്യക്തമാകുന്ന ആ ചിരി (സിനിമ കഴിഞ്ഞിറങ്ങിയാലും) മനസ്സില്‍നിന്നു മായില്ല..
ശരിക്കും നല്ല ഒരു സിനിമ കണ്ടുവെന്ന സംതൃപ്തിയുണ്ട്.. ഏതൊരു തൊഴിലാളിയുടേയും അനുഭവവും വ്യക്തിപരമായ അസ്വസ്ഥതകളും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്.. പ്രിയദര്‍ശനു അഭിമാനിക്കാം..

Wednesday, September 16, 2009

സിനിമയിലെ മോഷണം

മലയാ‍ളസിനിമ മേഖലയില്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണു തിരക്കഥാദാരിദ്ര്യം.. നല്ല തിരക്കഥയില്ലാത്തതാണു നമ്മുടെ സിനിമകളുടെ അപചയത്തിനു കാരണമെന്നാണു പറയാറുള്ളത്.. എന്നാല്‍ നെയ്ത്തുകാരന്‍, പുലിജന്മം, തിരക്കഥ, ഏകാന്തം, തനിയെ, ഗുല്‍മോഹര്‍, തലപ്പാവ്, ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ഒരേ കടല്‍, നാലു പെണ്ണുങ്ങള്‍, കാഴ്ച, തന്മാത്ര, ഭ്രമരം എന്നിങ്ങനെ ഒരുപാടു നല്ല തിരക്കഥകള്‍ മലയാളത്തില്‍ ഉണ്ടായി.. ഇനിയും ധാരാളം ഉണ്ടാവുകയും ചെയ്യും.. ഫിലിംഫെസ്റ്റിവലുകളില്‍ എത്തുന്ന വിവിധ രാജ്യങ്ങളുടെ സിനിമകള്‍ തിരക്കഥകളുടെ പുതുമകള്‍ കൊണ്ടു സമ്പന്നമാണ്.. അവരുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളെ സംബോധന ചെയ്യുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങളാണു അവര്‍ പരിഗണിക്കുന്നത്.. പരിമിത സാധ്യതകള്‍ മാത്രമുള്ള സെനഗലില്‍ നിന്നു പോലും അതിമനോഹരസിനിമകള്‍ ഉണ്ടാകുന്നുവെങ്കില്‍ അനന്തസാധ്യതയുള്ള നമുക്കും അതു സാധ്യമാവില്ലേ..??
ഇതിനിടയില്‍ കാര്യമായ മോഷണങ്ങളും നടക്കുന്നുണ്ട്.. അതു മോഷണമാണെന്നോ remake ആണെന്നോ എവിടെയും പരാമര്‍ശിക്കാറുമില്ല.. അതു പ്രേക്ഷകരെ പറ്റിക്കലല്ലേ..?? ഏറ്റവും അടുത്തു കാണാനിടയായ ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. ഉള്ളടക്കത്തിലും സംഭാഷണത്തില്‍ പോലും കാര്യമായ മാറ്റങ്ങളില്ലാതെ കോപ്പിയടിച്ച മലയാള സിനിമയാണു അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബിഗ്ബി.. John Singleton സംവിധാനം ചെയ്ത Four Brothers എന്ന അമേരിക്കന്‍ സിനിമയുടെ തനിപ്പകര്‍പ്പാണു ബിഗ്ബി.. എന്നാല്‍ അതു തുറന്നുപറയുന്നതല്ലേ അഭികാമ്യം.. കാരണം ഭൂരിഭാഗം മലയാളികളും Four Brothers കണ്ടിരിക്കില്ല.. തിരക്കഥാദാരിദ്ര്യം പരിഹരിക്കാന്‍ ഏറ്റവും നല്ലതു മോഷണമാണോ..? സൂപ്പര്‍ സ്റ്റാറുകളെ മനസ്സില്‍ കണ്ടു കഥ മെനയേണ്ടി വരുമ്പോള്‍ തിരക്കഥക്കു ദാരിദ്ര്യം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ...

Thursday, September 10, 2009

Dangerous Education

അപകടകരമായ വിദ്യാഭ്യാസം
വിദ്യാഭ്യാസമേഖലയില്‍ പൊതുസ്കൂളുകള്‍ക്കു(സര്‍ക്കാര്‍/എയ്ഡഡ്) പകരം പുത്തന്‍ തലമുറ സ്കൂളുകള്‍(CBSE) അരങ്ങുവാഴുന്നു.. വ്യത്യസ്ത മതവിഭാഗങ്ങളിലെ കുട്ടികള്‍ ഇടകലര്‍ന്നു പഠിക്കുന്ന പൊതുസ്കൂളുകളില്‍ ഓണം,വിഷു,ബക്രീദ്,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളുടെ ഊറ്റങ്ങള്‍ പരസ്പരം കൈമാറുന്ന “പൊതുഇടങ്ങള്‍” അറിയാതെ സൃഷ്ടിക്കപ്പെടുന്നു.. ഞാന്‍ പഠിച്ച LPസ്കൂളില്‍ ഞാനും അറമുഖനും തൊട്ടടുത്ത ബെഞ്ചിലെ കാര്‍ത്യായനിയും സൂറാബീവിയും പരസ്പരം കൈമാറിയിരുന്ന തങ്ങളുടേതായ വിശേഷങ്ങള്‍ പരസ്പരം മടുപ്പിക്കുന്നതായിരുന്നില്ല, പകരം അടുപ്പിക്കുന്നതായിരുന്നു.. അവരുടെ ആഘോഷങ്ങള്‍ നമ്മുടേതുകൂടി ആയിരുന്നെങ്കില്‍ എന്നു ചിന്തിക്കുമായിരുന്നു.. എന്നാല്‍ ഇന്നത്തെ പുത്തന്‍ തലമുറ(unaided) സ്കൂളുകള്‍ മതപഠനം കൂടി സിലബസില്‍ അധികമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ മുസ്ലിം സ്കൂളുകളില്‍ മറ്റു മതവിഭാഗങ്ങള്‍ ചേരാതായി.. സരസ്വതിവന്ദനത്തോടെ ക്ലാസ് തുടങ്ങുന്ന സ്കൂളുകളില്‍ മറ്റു വിഭാഗങ്ങളും പോകുന്നില്ല.. ആഘോഷദിനങ്ങള്‍ക്കുള്ള പൊതുഅവധി ദിനങ്ങള്‍ പോലും സ്വന്തം വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കു കൂടുതലാക്കിയും മറ്റുള്ളവ കുറച്ചും ക്രമീകരിക്കുന്നു.. ഇത്തരം സ്കൂളുകളില്‍ നിന്നു പുറത്തിറങ്ങുന്ന കുട്ടികള്‍ ഓണവും വിഷുവും ബക്രീദും ക്രിസ്തുമസും അറിയാത്തവരായി മാറുകയാണ്.. ഈ തലമുറ മതേതരവാദികളാകാനാണോ വര്‍ഗ്ഗീയവാദികളാകാനാണോ കൂടുതല്‍ സാധ്യത..?? ഈ പ്രവണതയെ അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അനന്തരഫലം വലിയതായിരിക്കും.. പൊതുഇടങ്ങള്‍ നഷ്ടപ്പെടാതെ നാം സൂക്ഷിക്കുക...

Thursday, August 27, 2009

വിവിധയിനം ഗാന്ധികള്‍...

നെഹ്രുവിന്റെ മകള്‍ ഇന്ദിരയെ വിവാഹം ചെയ്യാന്‍ ഫിറോസ്ഖാന്‍ എന്ന പാഴ്സിയുടെ പേര്‍ ഫിറോസ്ഗാന്ധി എന്നാക്കാന്‍ ബുദ്ധി ഉപദേശിച്ച മഹാത്മാഗാന്ധി അതിന്റെ പ്രത്യാഘാതം ഇത്ര വലിയതാകുമെന്നു കരുതിയിരിക്കില്ല.. എല്ലാകാര്യങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘദൃഷ്ടി ഇവിടെ ഉണ്ടായില്ല.. അതിന്റെ അനന്തരഫലമാണു വിവിധയിനം ഗാന്ധിമാര്‍ ആധുനികഭാരതത്തില്‍ തകര്‍ത്താടുന്നത്.. ആദ്യ ഉല്പന്നം ഫിറോസ്(ഗാന്ധി).. അതില്‍നിന്നു അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര(ഗാന്ധി)യായി.. മക്കള്‍ അതുകൊണ്ടു മാത്രം രാജീവ്(ഗാന്ധി)യും സഞ്ജയ്(ഗാന്ധി)യും ആയി.. മരുമക്കള്‍ വിദേശിയായ സോണിയ, സോണിയാ(ഗാന്ധി)യായി.. സിക്കുകാരി മേനക, മേനകാ(ഗാന്ധി)യായി.. പേരമക്കള്‍ പ്രിയങ്ക(ഗാന്ധി)യും രാഹുല്‍(ഗാന്ധി)യും വരുണ്‍(ഗാന്ധി)യും ആയി.. ഇനിയും ഇതിന്റെ അനന്തരാവകാശികളാവാന്‍ പുതിയ ഗാന്ധിമാര്‍ രംഗപ്രവേശം ചെയ്യുന്നതു കാണേണ്ടിവരുന്ന ഭാരതീയരുടെ ഗതികേടിനു പരിഹാരമില്ല... ഇവരെല്ലാം ഗാന്ധിജിയുടെ അനന്തരാവകാശികളായി തെറ്റിധരിക്കപ്പെടുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍...
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്....
കേരളത്തിലെ മാധ്യമങ്ങള്‍ ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്.. വസ്തുതകള്‍ അറിയാന്‍ കാത്തിരിക്കുന്ന ജനത്തിനു വേണ്ടിയല്ല..തീര്‍ച്ച.. യഥാര്‍ത്ഥ മാധ്യമധര്‍മ്മമല്ല അവര്‍ നിര്‍വഹിക്കുന്നത്.. വസ്തുതകളും സത്യങ്ങളും ഒളിപ്പിച്ചുവെക്കുന്നു.. കള്ളം പ്രചരിപ്പിക്കുന്നു.. പക്ഷം ഇല്ലാത്തവരെന്നു ഉറക്കെപറയുകയും പക്ഷം ചേരുകയും ചെയ്യുന്നു.. ചിലരെ മാത്രം corner ചെയ്തു ആക്രമിക്കുന്നതു മാധ്യമനീതിയല്ല..
BJP യില്‍ ജസ്വന്ത് സിങെന്ന സീനിയര്‍ നേതാവിനെ പുറത്താക്കുകയും, അരുണ്‍ ഷൂരിക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, സുധീന്ദ്ര കുല്‍ക്കര്‍ണിയെന്ന മുതിര്‍ന്ന നേതാവ് രാജിവെക്കുകയും, വസുന്ധരരാജെ സിന്ധ്യയെ പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും മാറ്റുകയും, ബി.എസ്.ഖണ്ഡൂരി ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ എതിര്‍ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തിട്ടും ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്കു അതു ചര്‍ച്ചയായില്ല.. അവര്‍ക്കതു വളരെ ചെറിയ വാര്‍ത്ത മാത്രം.. ദൃശ്യമാധ്യമങ്ങള്‍ക്കതു കേവലം ആറാമത്തെ വാര്‍ത്തയായി ചുരുങ്ങി.. എന്നാല്‍ CPI(M) കേന്ദ്രക്കമ്മിറ്റി വി.എസ്.അച്ചുതാനന്ദനെ PB യില്‍ നിന്നു മാറ്റിയപ്പോള്‍ ഇതേ മാധ്യമങ്ങള്‍ മുഖ്യവാര്‍ത്തയായി ആഴ്ചകളോളം കൊണ്ടാടി.. കൊണ്ടാടുന്നതില്‍ തെറ്റില്ല.. അങ്ങിനെയെങ്കില്‍ എല്ലാവരുടേതും കൊണ്ടാടണ്ടേ..? പിണറായി വിജയന്‍ ലാവലിന്‍ കേസില്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷ ലഭിക്കട്ടെ.. CAG ഓഡിറ്റില്‍ ചൂണ്ടിക്കാണിച്ച ചില പരാമര്‍ശങ്ങളെ വളച്ചൊടിച്ചു കുറ്റക്കാരനാണെന്നു മാധ്യമങ്ങള്‍ അന്തിമവിധി നടത്തുന്നതു ശരിയാണോ..? എന്നാല്‍ അതേ CAG ആയുധ ഇടപാടിനെക്കുറിച്ചു എ.കെ.ആന്റണിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അതേ മാധ്യമങ്ങള്‍ക്കു കാര്യമായ വാര്‍ത്തയായില്ല.. ഒരു ചര്‍ച്ചയും ടി.വി.യില്‍ കണ്ടതുമില്ല.. ഇതു പൊതുജനത്തെ വഞ്ചിക്കലല്ലേ.. മാധ്യമധര്‍മ്മം പാലിച്ചില്ലെങ്കിലും minimum ethics എന്നൊന്നില്ലേ..? The HINDU പോലെ ചുരുക്കം ചില പത്രങ്ങള്‍ ഇതിനിടയില്‍ ചെറിയ വെളിച്ചമേകുന്നു.. അവ മാത്രമാണു 4th Estate എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ മൂല്യം നിലനിര്‍ത്തുന്നത്..

Wednesday, July 1, 2009

MATHRUBHUMI DAILY


I stopped subcription of malayalam daily mathrubhumi from 2009 APRIL onwards..Coz one day morning, when I opened that Newspaper, the character of that newspaper had changed a lot which was beyond my expectation..I think the only reason for such a drastic change was denial of Loksabha seat for M.P.Veerendrakumar,who is the MD of Mathrubhumi daily..Though the MD has any personal grieve, that shouldnt be reflected in the character of Newspaper..Its against the ethics of Medias..Mathrubhumi was almost independent and not biased like this..It had a good past history..Not like Malayala Manorama. Everybody know that Manorama has always expressed their anti-communist/CPI(M) mind..But Mathrubhumi lost all that positive attitude from April onwards..

I think no one can accept or support this attitude change of a Newspaper for the personal interest of its MD..

Hence, I stopped its subscription..Coz no other way to console my mind..

Looking for another change into the real path for reviving its subscription..

Saturday, April 4, 2009

...ഞാന്‍ ഗാന്ധിയേയല്ല
നമ്മുടെ രാഷ്ട്രപിതാവ് ഇന്നു ജീവിച്ചിരുന്നെങ്കില്‍ പറയുമായിരുന്നു..”ഇവരൊക്കെ ഗാന്ധിയാണെങ്കില്‍, ഞാന്‍ ഗാന്ധിയേയല്ലയെന്ന്“... കൂടാതെ ഗസറ്റ് വിജ്ഞാപനത്തിലൂടെ തന്റെ പേരില്‍ നിന്നു ഗാന്ധിയെന്ന ഭാഗം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെടുമായിരുന്നു.. കാരണം മുസ്ലിംവിരുദ്ധ വികാരം ഉണര്‍ത്താന്‍ വരുണ്‍ ഗാന്ധി നടത്തിയ വര്‍ഗ്ഗീയവിഷം വമിക്കുന്ന തീപ്പൊരിപ്രസംഗം വിവാദമായപ്പോള്‍ പത്രസമ്മേളനം വിളിച്ചുനടത്തിയ ന്യായീകരണത്തില്‍ ആ യുവാവ് പറഞ്ഞത് ഞാനും ഒരു ഗാന്ധിയാണെന്നാണു.. ഇതു കേള്‍ക്കുന്ന യഥാര്‍ത്ത ഗാന്ധിയുടെ മനസ്സ് ചുട്ടുപൊള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ...
അമ്മ മേനകഗാന്ധിക്കും ഇതില്‍ ആശങ്കയോ കുണ്ഠിതമോയില്ല.. വല്ല പട്ടിയോ പൂച്ചയോ ആടോ മാടോ കുരങ്ങോ പാമ്പോ കീരിയോ ആയിരുന്നു വിഷയമെങ്കില്‍ മൃഗസ്നേഹിയായ അവര്‍ സടകുടഞ്ഞെഴുന്നേറ്റ് കൊലവിളി നടത്തുമായിരുന്നില്ലേ..?? പട്ടിക്കും പൂച്ചക്കും കുരങ്ങനും വേണ്ടി വാദിക്കുന്ന അവര്‍ക്ക് മകന്‍ ആക്രോശിച്ച മനുഷ്യവിഭാഗത്തെ അതിനേക്കാള്‍ വില കുറഞ്ഞ ജീവനായി തോന്നിയതു BJP യില്‍ ചേര്‍ന്നതു കൊണ്ടാണോ..? അതോ മകനു എന്തു തോന്നിവാസവും ആകാമെന്നാണോ..??
ഏതായാലും നരേന്ദ്രമോഡിക്കും പ്രവീണ്‍ തൊഗാഡിയക്കും ശേഷം ആരെന്ന ചോദ്യത്തിനു BJP ക്കാര്‍ക്ക് ഉത്തരമായി.. സിക്കുകാരിയായ മേനകയുടേയും പാഴ്സിയായ സഞ്ജയിന്റേയും മകന്‍ എങ്ങിനെ ഹിന്ദുവാകുമെന്നു BJP യും ഓര്‍ത്തിരിക്കില്ല.. ഇത്തരം ഗാന്ധിമാരേയും ഭാരതീയര്‍ ഇനി ചുമക്കണമല്ലോ..

Saturday, January 3, 2009

ഗാസാ ചിന്തിലെ ഇസ്രയേലിന്റെ മനുഷ്യത്വമില്ലാത്ത ആക്രമണത്തെ തടയാന്‍ ഐക്യരാഷ്ട്രസഭയോ ലോകപോലീസ് ചമയുന്ന അമേരിക്കയോ മറ്റേതെങ്കിലും പടിഞ്ഞാറന്‍ രാജ്യങ്ങളോ തയ്യാറായില്ല. അപലപിക്കാന്‍ പോലും തയ്യാറയില്ലയെന്നതു ഇസ്രയേലിന്റെ ആക്രമണത്തിനു തുല്യമായ അന്യായമാണ്. കുവൈത്തിന്റെ അതിര്‍ത്തി ഇറാഖ് കയ്യേറി എന്ന കുറ്റത്തിനാണല്ലോ ഐക്യരാഷ്ട്രസഭയുടെ അനുമതിയ്ക്കു പോലും കാത്തു നില്‍ക്കാതെ ഇറാഖിന്റെ മേല്‍ അമേരിക്കയും സഖ്യകക്ഷികളും ബോംബ് വര്‍ഷിച്ചു തകര്‍ത്തത്. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ഉപരോധവും...
ഈ നിയമം എന്തുകൊണ്ട് ഇസ്രയേലിനു ബാധകമല്ല...???
ആണവാ‍യുധം ഉണ്ടെന്ന കാരണം കണ്ടെത്തി അടുത്തതായി ടാര്‍ജറ്റ് ചെയ്യുന്നതു ഇറാനെയാണ്.. അങ്ങിനെയെങ്കില്‍ ആണവാ‍യുധം കൈവശമുണ്ടെന്നു ഉറപ്പുള്ള ഇസ്രയേലിനെ എന്തുകൊണ്ട് ടാര്‍ജറ്റ് ചെയ്യുന്നില്ല..??????
ഇന്ത്യക്കെതിരെ ഉപരോധം എന്തിനായിരുന്നു..???
പഴകി ദ്രവിച്ച ഒരു അണുബോംബ് പൊട്ടിച്ചത്നായിരുന്നു..
പക്ഷെ..നമ്മുടെ പ്രതിരോധ മന്ത്രിക്ക്(എ.കെ.ആന്റണി) ഇപ്പോഴും ഇസ്രയേലിനെ പെരുത്ത് ഇഷ്ടമാണത്രെ.. കേന്ദ്രമന്ത്രി ഇ.അഹമ്മദിനും..