Monday, October 12, 2009

Kaanjeevaram (കാഞ്ചീവരം)

കാഞ്ചീവരം ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടി.. ഏറ്റവും നല്ല നടനുള്ള അവാര്‍ഡ് പ്രകാശ് രാജിനും ലഭിച്ചു.. ഒരു പട്ടുനെയ്ത്തു തൊഴിലാളിയുടെ കേവലമായ ജീവിതകഥയല്ല കാഞ്ചീവരം.. പട്ടുനൂല്‍ കൊണ്ടു അതിസുന്ദരമായ വസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴും സ്വന്തം ജീവിതം നെയ്തെടുക്കാന്‍ പാടുപെടുന്ന ലോകത്തിലെ ഏതൊരു തൊഴിലാളിയുടേയും ദുരിതാനുഭവം തന്നെയാണു ഈ സിനിമയുടെ ആത്മാവ്.. സ്വന്തം മകളുടെ ജനനസമയത്തു പട്ടുനെയ്ത്തു തൊഴിലാളിയായ അച്ഛന്‍ ചെവിയില്‍ മന്ത്രിക്കുന്നതു “നിന്നെ ഞാന്‍ പട്ടുചേല അണിയിച്ചു വിവാഹം ചെയ്തയക്കും” എന്നാണ്.. (ജനനസമയത്തു ചെവിയില്‍ മന്ത്രിക്കുന്നതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നതു ആ പ്രദേശത്തെ ആചാരമാണ്..) അതു കേട്ടുനിന്നവര്‍ മുഴുവന്‍ ഞെട്ടിത്തരിച്ചു.. പട്ടുവസ്ത്രങ്ങള്‍ നെയ്യാനല്ലാതെ സ്വന്തമാക്കാനുള്ള വരുമാനം ഒരു തൊഴിലാളിക്കു ലഭിക്കില്ലെന്നു അറിയാവുന്നവരാണവര്‍.. താജ്മഹല്‍ നിര്‍മിച്ചതാരെന്നു ചോദിച്ചാല്‍ ഷാജഹാന്‍ എന്നു പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ശില്പി നിഴലില്‍ മാറി നില്‍ക്കുന്നുവെന്നു നാമോര്‍ക്കണം.. നിര്‍മ്മിക്കുന്ന ഉല്പന്നത്തിന്റെ അവകാശികളാവാന്‍ സാധിക്കാത്തവരാണല്ലോ തൊഴിലാളികള്‍.. ഈ സിനിമയില്‍ തന്നെ മുതലാളിയുടെ മകള്‍ക്കു വിവാഹവേളയില്‍ ധരിക്കുന്നതിനു വേണ്ടി വേങ്കടം (പ്രകാശ് രാജ്) നെയ്ത സാരി സ്വന്തം ഭാര്യയ്ക്കു കാണാന്‍ വിവാഹവേദിയുടെ ദൂരെചെന്നു നില്‍ക്കുന്ന രംഗമുണ്ട്..
എന്തായാലും വേങ്കടം എന്ന നെയ്ത്തുകാരന്‍ വലിയ ആത്മവിശ്വാസത്തോടെ മകളുടെ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുന്നു.. വിവിധങ്ങളായ കാരണങ്ങളാല്‍ ഓരോ ശ്രമങ്ങളും പരാജയപ്പെടുകയാണ്.. അവിടെയെത്തിയ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്റെ സ്വാധീനത്താല്‍ മുതലാളിയുടെ ചൂഷണത്തിനെതിരെ സഹപ്രവര്‍ത്തകരെ സംഘടിപ്പിക്കുന്നു.. തന്റെ മകള്‍ക്കു നല്‍കിയ വാക്കുകള്‍ വേങ്കടത്തെ ചില തെറ്റുകളിലേയ്ക്കു നയിക്കുകയും അദ്ദേഹത്തെ ഒറ്റുകാരനായും കള്ളനായും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.. ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു പക്ഷാഘാതം സംഭവിക്കുന്നു.. നിശ്ചലയായിക്കിടക്കുന്ന മകളെ കാണാന്‍ ജയിലില്‍ നിന്നു എത്തുന്ന വേങ്കടം മകളുടെ ദുരിതം സഹിക്കാനാവാതെ അവള്‍ക്കു വിഷം നല്‍കി ദയാവധം നല്‍കുകയാണ്.. തന്റെ മകള്‍ക്കു വേണ്ടി താന്‍ നെയ്തുകൊണ്ടിരുന്ന പട്ടുപുടവ വെട്ടിക്കീറി മരിച്ചു കിടക്കുന്ന മകളുടെ മേലെ പുതപ്പിക്കുന്ന വേങ്കടത്തിന്റെ മാനസികാവസ്ഥ എത്ര തന്മയത്വത്തോടെയാണു പ്രകാശ് രാജ് അവതരിപ്പിക്കുന്നത്..ആ ഘട്ടത്തില്‍ അയാളുടെ മനോനില നഷ്ടപ്പെടുന്നതു എത്ര സുന്ദരമായി ദൃശ്യവത്കരിച്ചിരിക്കുന്നു.. പ്രകാശ് രാജിന്റെ അഭിനയത്തിന്റെ വ്യാപ്തി സമ്പൂര്‍ണ്ണമായി ഈ സിനിമ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.. അവസാനരംഗത്തു പോലീസുകാരന്‍ വേങ്കടത്തോടു പോകാമെന്നു ചോദിക്കുമ്പോള്‍ ക്യാമറയിലേക്കു നോക്കി ഒരു ചിരിയുണ്ട്.. മാനസികനില തെറ്റിയെന്നു വ്യക്തമാകുന്ന ആ ചിരി (സിനിമ കഴിഞ്ഞിറങ്ങിയാലും) മനസ്സില്‍നിന്നു മായില്ല..
ശരിക്കും നല്ല ഒരു സിനിമ കണ്ടുവെന്ന സംതൃപ്തിയുണ്ട്.. ഏതൊരു തൊഴിലാളിയുടേയും അനുഭവവും വ്യക്തിപരമായ അസ്വസ്ഥതകളും ഭംഗിയായി പ്രതിപാദിച്ചിട്ടുണ്ട്.. പ്രിയദര്‍ശനു അഭിമാനിക്കാം..

No comments: