Wednesday, September 16, 2009

സിനിമയിലെ മോഷണം

മലയാ‍ളസിനിമ മേഖലയില്‍ വളരെ ഗൌരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണു തിരക്കഥാദാരിദ്ര്യം.. നല്ല തിരക്കഥയില്ലാത്തതാണു നമ്മുടെ സിനിമകളുടെ അപചയത്തിനു കാരണമെന്നാണു പറയാറുള്ളത്.. എന്നാല്‍ നെയ്ത്തുകാരന്‍, പുലിജന്മം, തിരക്കഥ, ഏകാന്തം, തനിയെ, ഗുല്‍മോഹര്‍, തലപ്പാവ്, ഭൂമിമലയാളം, വിലാപങ്ങള്‍ക്കപ്പുറം, ഒരേ കടല്‍, നാലു പെണ്ണുങ്ങള്‍, കാഴ്ച, തന്മാത്ര, ഭ്രമരം എന്നിങ്ങനെ ഒരുപാടു നല്ല തിരക്കഥകള്‍ മലയാളത്തില്‍ ഉണ്ടായി.. ഇനിയും ധാരാളം ഉണ്ടാവുകയും ചെയ്യും.. ഫിലിംഫെസ്റ്റിവലുകളില്‍ എത്തുന്ന വിവിധ രാജ്യങ്ങളുടെ സിനിമകള്‍ തിരക്കഥകളുടെ പുതുമകള്‍ കൊണ്ടു സമ്പന്നമാണ്.. അവരുടെ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളെ സംബോധന ചെയ്യുന്ന വ്യത്യസ്തങ്ങളായ വിഷയങ്ങളാണു അവര്‍ പരിഗണിക്കുന്നത്.. പരിമിത സാധ്യതകള്‍ മാത്രമുള്ള സെനഗലില്‍ നിന്നു പോലും അതിമനോഹരസിനിമകള്‍ ഉണ്ടാകുന്നുവെങ്കില്‍ അനന്തസാധ്യതയുള്ള നമുക്കും അതു സാധ്യമാവില്ലേ..??
ഇതിനിടയില്‍ കാര്യമായ മോഷണങ്ങളും നടക്കുന്നുണ്ട്.. അതു മോഷണമാണെന്നോ remake ആണെന്നോ എവിടെയും പരാമര്‍ശിക്കാറുമില്ല.. അതു പ്രേക്ഷകരെ പറ്റിക്കലല്ലേ..?? ഏറ്റവും അടുത്തു കാണാനിടയായ ഒരു ഉദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം.. ഉള്ളടക്കത്തിലും സംഭാഷണത്തില്‍ പോലും കാര്യമായ മാറ്റങ്ങളില്ലാതെ കോപ്പിയടിച്ച മലയാള സിനിമയാണു അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ബിഗ്ബി.. John Singleton സംവിധാനം ചെയ്ത Four Brothers എന്ന അമേരിക്കന്‍ സിനിമയുടെ തനിപ്പകര്‍പ്പാണു ബിഗ്ബി.. എന്നാല്‍ അതു തുറന്നുപറയുന്നതല്ലേ അഭികാമ്യം.. കാരണം ഭൂരിഭാഗം മലയാളികളും Four Brothers കണ്ടിരിക്കില്ല.. തിരക്കഥാദാരിദ്ര്യം പരിഹരിക്കാന്‍ ഏറ്റവും നല്ലതു മോഷണമാണോ..? സൂപ്പര്‍ സ്റ്റാറുകളെ മനസ്സില്‍ കണ്ടു കഥ മെനയേണ്ടി വരുമ്പോള്‍ തിരക്കഥക്കു ദാരിദ്ര്യം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ...

Thursday, September 10, 2009

Dangerous Education

അപകടകരമായ വിദ്യാഭ്യാസം
വിദ്യാഭ്യാസമേഖലയില്‍ പൊതുസ്കൂളുകള്‍ക്കു(സര്‍ക്കാര്‍/എയ്ഡഡ്) പകരം പുത്തന്‍ തലമുറ സ്കൂളുകള്‍(CBSE) അരങ്ങുവാഴുന്നു.. വ്യത്യസ്ത മതവിഭാഗങ്ങളിലെ കുട്ടികള്‍ ഇടകലര്‍ന്നു പഠിക്കുന്ന പൊതുസ്കൂളുകളില്‍ ഓണം,വിഷു,ബക്രീദ്,ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളുടെ ഊറ്റങ്ങള്‍ പരസ്പരം കൈമാറുന്ന “പൊതുഇടങ്ങള്‍” അറിയാതെ സൃഷ്ടിക്കപ്പെടുന്നു.. ഞാന്‍ പഠിച്ച LPസ്കൂളില്‍ ഞാനും അറമുഖനും തൊട്ടടുത്ത ബെഞ്ചിലെ കാര്‍ത്യായനിയും സൂറാബീവിയും പരസ്പരം കൈമാറിയിരുന്ന തങ്ങളുടേതായ വിശേഷങ്ങള്‍ പരസ്പരം മടുപ്പിക്കുന്നതായിരുന്നില്ല, പകരം അടുപ്പിക്കുന്നതായിരുന്നു.. അവരുടെ ആഘോഷങ്ങള്‍ നമ്മുടേതുകൂടി ആയിരുന്നെങ്കില്‍ എന്നു ചിന്തിക്കുമായിരുന്നു.. എന്നാല്‍ ഇന്നത്തെ പുത്തന്‍ തലമുറ(unaided) സ്കൂളുകള്‍ മതപഠനം കൂടി സിലബസില്‍ അധികമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ മുസ്ലിം സ്കൂളുകളില്‍ മറ്റു മതവിഭാഗങ്ങള്‍ ചേരാതായി.. സരസ്വതിവന്ദനത്തോടെ ക്ലാസ് തുടങ്ങുന്ന സ്കൂളുകളില്‍ മറ്റു വിഭാഗങ്ങളും പോകുന്നില്ല.. ആഘോഷദിനങ്ങള്‍ക്കുള്ള പൊതുഅവധി ദിനങ്ങള്‍ പോലും സ്വന്തം വിഭാഗത്തിന്റെ ആഘോഷങ്ങള്‍ക്കു കൂടുതലാക്കിയും മറ്റുള്ളവ കുറച്ചും ക്രമീകരിക്കുന്നു.. ഇത്തരം സ്കൂളുകളില്‍ നിന്നു പുറത്തിറങ്ങുന്ന കുട്ടികള്‍ ഓണവും വിഷുവും ബക്രീദും ക്രിസ്തുമസും അറിയാത്തവരായി മാറുകയാണ്.. ഈ തലമുറ മതേതരവാദികളാകാനാണോ വര്‍ഗ്ഗീയവാദികളാകാനാണോ കൂടുതല്‍ സാധ്യത..?? ഈ പ്രവണതയെ അവധാനതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അനന്തരഫലം വലിയതായിരിക്കും.. പൊതുഇടങ്ങള്‍ നഷ്ടപ്പെടാതെ നാം സൂക്ഷിക്കുക...