Sunday, December 25, 2011

Delhi in a Day ..

ഡല്‍ഹിയിലെ ഒരു വരേണ്യ കുടുംബത്തില്‍ നടക്കുന്ന ഒരു ദിവസത്തെ സംഭവം ആണ് പ്രമേയം. ആ കുടുംബത്തിലേക്ക് ഒരു വിദേശി അതിഥിയായി എത്തുന്നതും അയാളുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 3 ലക്ഷത്തോളം രൂപ കളവു പോകുകയും ചെയ്യുന്നു. ആ വീട്ടിലെ പൊതു അന്തരീക്ഷത്തില്‍ നിലനിന്ന സന്തുലനാവസ്ഥ  ഈ സംഭവം താറുമാറാക്കുന്നു. വീട്ടില്‍ കുടുംബനാഥനും ഭാര്യയും മകനും മകളും കൂടാതെ ഏതാനും ജോലിക്കാര്‍ ആണുള്ളത്. സ്വാഭാവികമായും അതിഥിയുടെ മുറി വൃത്തിയാക്കാനും മറ്റും കയറിയ വേലക്കാര്‍ തന്നെ സംശയത്തിന്റെ നിഴലില്‍ ആയി. (അത് ലോകതത്വം). തൊഴില്‍പരമായ സവിശേഷതകള്‍ , അടിമ ഉടമ ബന്ധങ്ങള്‍ തുടങ്ങി വര്‍ഗ്ഗപരമായ വിഷയങ്ങള്‍ സിനിമ ഉയര്‍ത്തുന്നുണ്ട്. ഏതൊരു വീട്ടിലും കളവു നടന്നാല്‍ സംശയത്തിന്റെ ദൃഷ്ടി വേലക്കാരില്‍ തന്നെ ആയിരിക്കും എന്നത് ഒരു സ്വാഭാവിക സംഭവമായി പൊതുസമൂഹം അംഗീകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ഗൃഹനാഥയ്ക്ക് കുറ്റം ചാര്‍ത്താന്‍ മറ്റൊരാളെ തേടേണ്ടി വന്നില്ല. കളവു ചെയ്യപ്പെട്ട പണം തിരിച്ചു നല്‍കാന്‍ ഒരു യുവതി ഉള്‍പ്പെടെയുള്ള അടുക്കളയിലെ വേലക്കാര്‍ക്ക് 24 മണിക്കൂര്‍ സമയ പരിധി നിശ്ചയിക്കുകയും, അല്ലാത്തപക്ഷം (പോലീസ് നടപടി ഉള്‍പ്പെടെ) ഭവിഷ്യത്ത് അനുഭവിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അപ്പോഴും ഗൃഹനാഥന്‍ പറയുന്നത് വര്‍ഷങ്ങളായി സത്യസന്ധമായി ജോലി ചെയ്യുന്ന അവരെ സംശയിക്കുന്നത് പോലും ശരിയല്ലെന്നാണ്. കൂടാതെ പോലീസ് വരുന്നത് കുടുംബത്തിനു അഭിമാനക്ഷതം ആണെന്നും.. (അഭിമാനമെന്നതു പോലും വരേണ്യ വര്‍ഗ്ഗത്തിന് സ്വന്തം..)

നിരപരാധികള്‍ ആണെന്ന് ആവര്‍ത്തിച്ചു അവര്‍ ബോധിപ്പിക്കുന്നുന്ടെങ്കിലും അതൊന്നും സ്വീകരിക്കപ്പെടുന്നില്ല. അതോടൊപ്പം യുവതി ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും തുക സംഘടിപ്പിക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നു. അങ്ങിനെയെങ്കിലും മോഷ്ടാക്കള്‍ എന്ന ദുഷ്പേര് ഇല്ലാതാക്കാന്‍... എല്ലാ ശ്രമങ്ങളും വിഫലമാകുന്നു. ഒരു ഘട്ടത്തില്‍ പണം നഷ്ടപ്പെട്ട അതിഥിയോട് ഞങ്ങള്‍ നിരപരാധികളാണെന്ന് നേരിട്ട് അറിയിക്കുന്നു. (അവതരിപ്പിക്കുന്നത്‌ അയാള്‍ക്ക്‌ പ്രത്യേക ഇഷ്ടം തോന്നുന്ന വേലക്കാരി പെണ്‍കുട്ടിയാണ്.)

അതോടൊപ്പം പണം മോഷ്ടിച്ചത് സ്വന്തം മകളാണെന്ന സത്യം കൊച്ചമ്മ അറിയുന്നു. മകളുടെ കാമുകന്റെ സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ മകള്‍ ചെയ്തതാണ്.. കുടുംബമഹിമയുടെ പ്രവാചകര്‍ ആയവര്‍ കുടുംബത്തിന്റെ മാനം നഷ്ടപ്പെടുമെന്നതിനാല്‍ അത് രഹസ്യമാക്കി വയ്ക്കുകയാണ്. വേലക്കാരില്‍ ആരെയെങ്കിലും കുറ്റവാളിയാക്കി കുടുംബത്തിന്റെ മാനം രക്ഷിക്കുക. മാനുഷികതയും സത്യവും പരാജയപ്പെടുന്ന അവസ്ഥ.. (അവിടെയും തൊഴിലാളിയുടെ മാനത്തെക്കാള്‍ വില മുതലാളിയുടെ മാനത്തിന് നിശ്ചയിക്കുന്ന മുതലാളിത്ത വ്യവസ്ഥയുടെ ആഖ്യാനം)..

അടുത്ത ദിവസം അതിഥി തിരിച്ചു പോകുന്നതിനു മുന്‍പേ എല്ലാവരും വിചാരണക്കായി ഡൈനിംഗ് റൂമില്‍ ഒത്തുകൂടുമ്പോള്‍ അപ്രതീക്ഷിതമായി തന്റെ പണം തിരിച്ചു കിട്ടിയതായി അതിഥി ഒരു പ്രഖ്യാപനം നടത്തുന്നു. ഇല്ലായിരുന്നെങ്കില്‍ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടാന്‍ സാധ്യതയുള്ളത് അയാള്‍ക്ക്‌ ഇഷ്ടപ്പെട്ട ആ പെണ്‍കുട്ടിയും അവളുടെ വളര്ത്തച്ഛനും ആകുമെന്ന് അയാള്‍ക്ക്‌ ബോധ്യമായിരിക്കാം. തികച്ചും മാനുഷികമൂല്യം ഉയര്‍ന്നു നിന്ന ഒരു പ്രതലം സൃഷ്ടിക്കപ്പെടുമ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ കുറ്റബോധത്തില്‍ നിന്നും മോചിതരാകുന്നുമില്ല. പണം അയാള്‍ക്ക്‌ തിരിച്ചു കിട്ടിയില്ലെന്ന് തിരിച്ചറിയാവുന്ന മൂന്നു പേര്‍ മാത്രമേ പ്രപഞ്ചത്തില്‍ ബാക്കിയുള്ളൂ.. അതിഥി, കളവു നടത്തിയ മകള്‍, അറിഞ്ഞിട്ടും രഹസ്യമാക്കി വച്ച അമ്മ..
ഇതില്‍ മാനുഷികമൂല്യം, വര്‍ഗ്ഗ താല്പര്യങ്ങള്‍ , ദല്‍ഹിയിലെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ജീവിതാന്തരങ്ങള്‍ , ഡല്‍ഹിയുടെ ദൃശ്യവൈവിധ്യങ്ങള്‍ ,നീതിയും നിയമവും പണാധിപത്യത്തിനു വഴങ്ങുന്നത് തുടങ്ങി പണം ഭൌതികാവസ്ഥകളില്‍ മാത്രമല്ല ഏതു സാമൂഹ്യാവസ്തകളുടെയും നിര്‍ണ്ണായക ഘടകമാണെന്ന വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം വളരെ ലളിതമായി പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ മലയാളിയായ പ്രശാന്ത് നായര്‍ക്ക്  ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മോശമല്ലാത്ത ഈ സിനിമയിലൂടെ സാധിച്ചിരിക്കുന്നു.