Saturday, May 21, 2011

127 Hours..

വളരെ ചെറിയ ഒരു വിഷയത്തെ (small thread) പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാങ്കേതികത്തികവാര്‍ന്ന ഒരു സൃഷ്ടിയായി സാക്ഷാത്കരിക്കുകയും ചെയ്ത ഡാനി ബോയലിനെ പരിചയമില്ലാത്ത ഇന്ത്യക്കാര്‍ കറവായിരിക്കും.. ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലം ഡോഗ് മില്ലെനയര്‍ എന്ന സിനിമയുടെയും സംവിധായകനാണ് അദ്ദേഹം..

വളരെ രസകരമായ, സന്തോഷകരമായ യാത്രക്കിടയില്‍ ഒരു യുവാവിനു സംഭവിക്കുന്ന ലളിതമായ അപകടം സങ്കീര്‍ണ്ണമാകുന്നതും യാദൃഛിക തലങ്ങളിലേക്കു ഗതി മാറുന്നതും എല്ലാം ദൃശ്യവത്കരണത്തിന്റെ വൈവിധ്യത്തിലൂടെ സന്നിവേശിപ്പിച്ചിരിക്കുന്നു. Ralston's autobiography എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ സിനിമ ചിട്ടപ്പടുത്തിയത്.വെളിച്ചത്തെ പോലും പ്രതീക്ഷയുടെ പ്രതീകമാക്കിയ സന്ദര്‍ഭം കാഴ്ചക്കാരനിലും പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.. ആറു അക്കാദമി അവാര്‍ഡുകള്‍ക്ക് ഈ സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടു.
ഇത്തരം പ്രമേയങ്ങള്‍ (ചെറിയ ത്രഡ് വികസിപ്പിക്കുന്ന രീതി) ലോകസിനിമകളിലും ഇന്ത്യന്‍ സിനിമകളിലും മലയാള സിനിമകളിലും മുന്‍പും ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം വന്ന ട്രാഫിക് എന്ന സിനിമയെ ഇതുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ചെറിയ ത്രഡ്ഡിനെ മറ്റു പലതുമായും കൂട്ടിയിണക്കുന്നുണ്ട്.

ഈ സിനിമയില്‍ സാഹസിക മലകയറ്റത്തിനിടയില്‍ ഒരു വ്യക്തിയ്ക്കു സംഭവിക്കുന്ന അപകടവും രക്ഷാശ്രമങ്ങളുമാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഒറ്റയ്ക്കുള്ള മലകയറ്റത്തിനിടയില്‍ ആഴത്തിലുള്ള പാറയിടുക്കിലൂടെ അള്ളിപ്പിടിച്ച് താഴേക്കു ഇറങ്ങുന്ന യുവാവിന്റെ വലതുകൈ ഒരു പാറക്കിടയില്‍ കുടുങ്ങുകയണ്. അതില്‍ നിന്നു രക്ഷപ്പെടാന്‍ സ്വയം നടത്തുന്ന ശ്രമങ്ങള്‍.. ആദ്യം വളരെ നിസ്സാരമെന്ന വിധത്തിലുള്ള സമീപനം.. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ അതു പിന്നീട് അതിജീവനത്തിനുള്ള ശ്രമമായി രൂപാന്തരപ്പെടുന്നത്.. അതിനിടയില്‍ പ്രകൃതിയുടെ പരീക്ഷണങ്ങള്‍.. അനാഥമായിപ്പോകുന്ന അലര്‍ച്ചകള്‍.. വ്യര്‍ത്ഥമാകുന്ന സ്വന്തം രക്ഷാശ്രമങ്ങള്‍.. വായുവില്‍ മുങ്ങിയ സഹായ അഭ്യര്‍ത്ഥനകള്‍.. എല്ലാം എല്ലാം നിഷ്ഫലമായ നിരാലംബമായ ദുരിതത്തിന്റെ മണിക്കൂറുകള്‍..ഭക്ഷണമില്ലാതെ വെള്ളം പോലും തീര്‍ന്ന നിസ്സഹായാവസ്ഥ.. ശരീരത്തിലെ രക്തം പോലും ദാഹം ശമിപ്പിക്കാന്‍ ഉപകരിക്കുന്ന ദയനീയാവസ്ഥ.. ആ പാറയിടുക്കിനുള്ളില്‍ തന്നെ ജീവിതം അവസാനിക്കുമെന്ന ഘട്ടത്തില്‍, അനിര്‍വചനീയമായ മാനസികാവസ്ഥയില്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമേ ആ യുവാവിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. ജീവനു പകരം ജീവനൊഴിച്ച് എന്തും സമര്‍പ്പിക്കാമെന്നു ദൈവത്തോട് കേണപേക്ഷിക്കുന്ന നിസ്സഹായവസ്ഥയില്‍ അതു അയാള്‍ ചെയ്തു..
(എന്തായിരിക്കാമത്..? നിങ്ങളും ഞാനുമാണെങ്കിലും അതു ചെയ്യുമോ..?)
രക്ഷപ്പെടലിന്റെ ആശ്വാസം.. കാഴ്ചയിലേക്കെത്തുന്ന ആകാശം..

ഡാനി ബോയല്‍ വളരെ സുന്ദരമായി ഇതില്‍ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നു (പുത്തന്‍ വ്യാകരണം അല്ലെങ്കില്‍ പോലും).. സിനിമ നല്‍കുന്ന സന്ദേശം എന്തെന്നു ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം തരുന്നില്ല. എന്നാല്‍ സിനിമയെന്ന മാധ്യമത്തിന്റെ നൂതന സാങ്കേതികതയും അനന്തസാധ്യതയും വ്യക്തമാക്കുന്ന സൃഷ്ടിയാണിതെന്നു പറയാം..പ്രമേയത്തിന്റെ ശക്തിയും കെട്ടുറപ്പും അപാരമാണ്..അതാണ് അതിന്റെ സവിശേഷതയും..
See this link also http://www.imdb.com/video/screenplay/vi1403951897/