Sunday, April 17, 2011

The King's Speech (Oscar)

The King's Speech...
അവസാനം കണ്ട സിനിമ The King's Speech..
2011ലെ ഓസ്കാറില്‍ നാല് അവാര്‍ഡുകള്‍ നേടിയ സിനിമ..
ഏറ്റവും നല്ല സിനിമ, മികച്ച സംവിധായകന്‍ (Tom Hooper), മികച്ച നടന്‍ (Colin Firth), മികച്ച തിരക്കഥ (David Seidler) എന്നിവയായിരുന്നു അവാര്‍ഡുകള്‍..
118 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ രണ്ടു തവണ കണ്ടു..
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ബ്രിട്ടണിലെ ജോര്‍ജ്ജ് VI-മന്റെ കിരീടധാരണവും ജീവിതത്തിലെ പ്രധാന സംഭവവും ആണ് പ്രമേയം.. സാധാരണ കാണുന്ന രാജാവും പട്ടാളവും എതിരാളികളും യുദ്ധവും വാളും പരിചയും ഒന്നുമില്ലാതെ രാജാവിന്റെ വ്യക്തിപരമായ (വിശാലാര്‍ത്ഥത്തില്‍ രാഷ്ട്രീയവും ആയ) ഒരു വിഷയത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു..
തന്റെ അഞ്ചാം വയസ്സിനിടയില്‍ വന്നുപെട്ട വിക്കും അതിനെത്തുടര്‍ന്നുണ്ടാകുന്ന സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയും ബെര്‍ട്ടിയെന്നു വിളിക്കുന്ന രാജകുമാരനെ രാജാവാകാന്‍ പറ്റാത്തവനെന്ന ധാരണ പൊതുവില്‍ സൃഷ്ടിച്ചു. അത് അദ്ദേഹത്തില്‍ അപകര്‍ഷതാബോധം വളര്‍ത്തി..


ഒരു വലിയ എക്സിബിഷന്റെ സമാപനചടങ്ങില്‍ പിതാവിന്റെ (ജോര്‍ജ്ജ് V-മന്‍) സന്ദേശം വായിക്കാന്‍ നിയുക്തനാകുന്ന ബെര്‍ട്ടി വല്ലാത്ത പ്രതിസന്ധിയിലാകുകയാണ്.. കേള്‍വിക്കാരും പ്രാസംഗികനും ഒരു പോലെ നിസ്സഹായരായ സന്ദര്‍ഭം.. വാക്കുകള്‍ വരാതെ തൊണ്ടയില്‍ കുരുങ്ങുന്നത് കാണികളുടെ തൊണ്ടയിലേക്കു കൂടി പകരുന്ന അവതരണ രീതിയും വിഷ്വലൈസേഷനും അഭിനയമികവും അപാരമാണ്.. അഞ്ചാം വയസ്സു മുതല്‍ നേരിട്ട അവഗണനയുടേയും തിരസ്കരണത്തിന്റേയും അപമാനത്തിന്റേയും നിഴലുകള്‍ ബെര്‍ട്ടിയുടെ ജീവിതത്തെ പിന്തുടരുകയാണ്.. അതില്‍ നിന്നു മുക്തനാകാനാവാതെ സഭാകമ്പവും സംസാരവൈകല്യവും അദ്ദേഹത്തെ വേട്ടയാടുന്നു..
അദ്ദേഹത്തിന്റെ ഈ വൈകല്യം ഭേദമാക്കാന്‍ വിവിധ ഡോക്ടര്‍മാരെ മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.. യാഥാസ്ഥിതിക ചികിത്സാ സമ്പ്രദായത്തോട് ക്ഷിപ്രകോപിയായ ബെര്‍ട്ടിക്ക് സമരസപ്പെടാനും കഴിയുന്നില്ല.. അതിനുള്ള ക്ഷമയും അദ്ദേഹത്തിനില്ല.. ബെര്‍ട്ടിയുടെ ഭാര്യ എലിസബത്ത് അദ്ദേഹത്തിന്റെ ഈ വൈകല്യം മാറുന്നതിനായി വല്ലാതെ ആഗ്രഹിക്കുകയും അതിനു വേണ്ടി പിന്തുണയേകുകയും ചെയ്യുന്നുണ്ട്..

അതിനിടയില്‍ കിരീടാവകാശിയായ എഡ്വെര്‍ഡ്(ബെര്‍ട്ടിയുടെ സഹോദരന്‍) തന്റെ നിയോഗം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു. അയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് വിവാഹമോചിതയായ ഒരു അമേരിക്കക്കാരിയെയാണ്.. ഭരണാധികാരിയായ രാജാവാണ് നിയമപരമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍.. ചര്‍ച്ചിന്റെ തലവനാകുന്നയാള്‍ക്ക് വിധവയെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. സവിശേഷ അധികാരങ്ങളുള്ള രാജാക്കന്മാര്‍ക്ക് സാധാരണ പൗരന്മാര്‍ക്കുള്ള പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇതിന്റെയെല്ലാം പരിഹാരമായി കിരീടം ബെര്‍ട്ടിയുടെ തലയില്‍ വന്നുചേരുന്നു. ബെര്‍ട്ടിയുടെ സമ്മതമില്ലായെങ്കിലും വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതു വല്ലാത്തൊരു പ്രതിസന്ധിയിലേക്കു രാജ്യത്തെ എത്തിച്ചു. പ്രത്യേകിച്ചും ഹിറ്റ്ലറുമായിട്ടുള്ള ഒരു യുദ്ധമുഖത്ത് രാജ്യം നില്കുമ്പോള്‍.. അണികളെ അഭിസംബോധന ചെയ്യാനാകാത്ത രാജാവ് എന്നത് സങ്കല്പിക്കാനാകാത്തതാണ്.. ഈ പ്രതിസന്ധിയില്‍ നിന്നു ബെര്‍ട്ടിയെ കരകയറ്റാന്‍ യാഥാസ്ഥിതികനല്ലാത്ത സ്പീച് തെറാപ്പിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ്.. അദ്ദേഹത്തിന്റെ പുതിയ എക്സര്‍സൈസുകളും രീതികളും അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും ബെര്‍ട്ടി സാവകാശം ലയണല്‍ ലോഗ് എന്ന പരിശീലകനോട് അടുക്കുന്നു.. ഒരു രാജകുടുംബാംഗമെന്ന പരിഗണന ലോഗ് നല്കുന്നില്ല.. തിരുമനസ്സ് എന്നു വിളിക്കുന്നതിനു പകരം ബെര്‍ട്ടി എന്നാണ് വിളിക്കുന്നത്. അയാളുടെ സംസാരവൈകല്യത്തിനു പിന്നിലുള്ള മാനസിക പ്രശ്നം കണ്ടെത്തണമെങ്കില്‍ ചികിത്സകനു രോഗിയുടെ മേല്‍ ആധിപത്യം അനിവാര്യമായതിനാലാണ് അങ്ങിനെ വിളിക്കേണ്ടി വരുന്നത്.. അസഹിഷ്ണുതയുടെ രാജാവായ ബെര്‍ട്ടിയും ക്ഷമയുടെ രാജാവായ ലോഗും ഒന്നിച്ചുള്ള രംഗങ്ങള്‍ അതിഗംഭീരം തന്നെ.. അഭിനയത്തില്‍ ആരു ആരെ കവച്ചുവയ്ക്കുന്നുവെന്നു പറയാനാവുന്നില്ല.. ചികിത്സയുടെ പല ഘട്ടങ്ങളിലും ബെര്‍ട്ടി പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും അവസാനം മയപ്പെടുകയും ലോഗിന്റെ ചികിത്സ വിജയിക്കുകയും ചെയ്യുന്നു.. യുദ്ധത്തിനു കാതോര്‍ത്തിരിക്കുന്ന ജനതയോടു തന്മയത്വത്തോടെ അവര്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ റേഡിയോയിലൂടെ ഒഴുകിയപ്പോള്‍ സഹധര്‍മ്മിണി എലിസബത്തിന്റെ മുഖത്തെ ഭാവഭേദങ്ങള്‍, ഓരോരുത്തരുടേയും ഭാവങ്ങള്‍ ആ രാജ്യത്തിന്റെ സന്തോഷം പ്രകടമാക്കുന്നുണ്ടായിരുന്നു..
ആ പ്രഭാഷണത്തിനു ശേഷം വിജയശ്രീലാളിതനായി റെക്കോര്‍ഡിംഗ് റൂമില്‍ നിന്നു പുറത്തു വരുന്ന ജോര്‍ജ്ജ് ആറാമന്റെ ഗാംഭീര്യം.. നടത്തത്തിന്റെ ശൈലി.. കൈകള്‍ വീശുന്ന രീതി.. തോളിന്റെ ചലനം വരെ ഒരു രാജാവിന്റെ സമ്പൂര്‍ണ്ണതയെ ദൃശ്യവത്കരിക്കുന്നതായിരുന്നു.. അഭിനയത്തില്‍ ബെര്‍ട്ടിയായി വന്ന Colin Firth തന്നെ മുന്നില്‍.. അഭിനയത്തിലെ സ്വാഭാവികത കഥാപാത്രങ്ങള്‍ക്കു അസാമാന്യമാം വിധം ജീവന്‍ നല്കിയെന്നു മാത്രമല്ല, സിനിമ മുന്നോട്ടു വയ്ക്കുന്ന കഥാസന്ദര്‍ഭത്തിലെ ഭാഗമായി കാണികള്‍ മാറുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.. ഓരോ കഥാപാത്രത്തിനും അനുയോജ്യരായവരെ തിരഞ്ഞെടുത്തതില്‍ സംവിധായകന്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ട്..