Tuesday, August 16, 2011

അഴിമതിയും ഹസാരെയും സര്‍ക്കാരും..

അന്ന ഹസാരെയുടെ അഴിമതിക്കെതിരെ ഉള്ള നിരാഹാര സമരം 22 നിബന്ധനകള്‍ ചുമത്തി സര്‍ക്കാര്‍ തടഞ്ഞു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് "നിരോധിച്ചു" എന്നാവും.. ഇത്തരം നിബന്ധനകള്‍ സ്വാതന്ത്ര്യ സമരത്തിനും ഗാന്ധിജിയുടെ നിരാഹാര സമരത്തിനും ‌എതിരെ ബ്രിട്ടീഷുകാര്‍ പോലും ഏര്‍പ്പെടുതിയിരുന്നില്ല.. ഇത് പറയാതെ നടത്തുന്ന അടിയന്തരാവസ്ഥയാണ്.. എന്താണ് ഈ ഇന്ത്യയുടെ അവസ്ഥ.. ഹസാരെയുടെ പുറകില്‍ ഇപ്പോള്‍ ബി.ജെ.പി. കൂടിയോ മറ്റു വിഭാഗങ്ങള്‍ ഉണ്ടോ എന്നതല്ല യഥാര്‍ത്ഥ പ്രശ്നം.. അദ്ദേഹം ഉയര്‍ത്തിയ മുദ്രാവാക്യം ശരിയാണോ..? ആവശ്യങ്ങള്‍ ന്യായമാണോ..? പാര്‍ലമെന്റിന്റെ അധികാരത്തില്‍ കൈ കടത്തലാണോ..? അദ്ദേഹം അഴിമാതിക്കാരന്‍ ആണെന്ന മറുവാദം ശരിയോ..?
1 . അഴിമതി തടയുക എന്ന ആവശ്യം ആര് തള്ളിയാലും ഇന്ത്യന്‍ ജനത തള്ളില്ല.. അത്രയും ഞെട്ടിക്കുന്ന വിവരങ്ങള്‍ ദിനം പ്രതി നാം കേള്‍ക്കുന്നു..
2 . ലോക്പാല്‍ ബില്ലില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം.. പ്രധാനമന്ത്രി സ്ഥാനം വഹിക്കുന്ന കാലത്തോളം അദ്ദേഹം ബില്ലിന്റെ പരിധിക്കു പുറത്താണ്.. അതായത് സഹപ്രവര്‍ത്തകര്‍ കുറ്റവാളികളാകുമ്പോള്‍ അദ്ദേഹം ഒഴിവാകും.. പ്രതിസ്ഥാനത്ത് വരേണ്ട ഒരാള്‍ പുറത്തായാല്‍ കേസ് ദുര്‍ബലമാകും.. പിന്നീട് PM സ്ഥാനം ഒഴിയുന്നത് വരെ കാത്തിരിക്കണം.. അതുവരെ അധികാരത്തില്‍ ഇരുന്നു സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍ PM നു കഴിയുന്നു.. ഈ അവസ്ഥ മാറണമെന്നാണ് ഹസാരെ പറയുന്നത്.. (ഇടതുപക്ഷവും ഈ ആവശ്യം ഉന്നയിച്ചു)
3 . നിരാഹാരമെന്നത് (കൊണ്ഗ്രസ്സുകാര്‍ മറന്നുപോയ) തികച്ചും ഗാന്ധിയന്‍ രീതിയിലുള്ള സമരമാണ്.. അതിനെ എന്തിനു ഭയക്കണം..?
4 . ബില്ലും നിയമവും പാസാക്കാനുള്ള അധികാരം പാര്‍ലിമെന്റിനാണ്.. അതില്‍ ഹസാരെ കൈകടത്തുന്നത് ശരിയല്ല എന്നാണ് സര്‍ക്കാര്‍ വാദം.. ഇത് ജനപക്ഷത്ത് നിന്നുള്ള ബില്ലാണ്.. അല്ലെങ്കിലും 'ഞങ്ങള്‍ എന്തും ചെയ്യും നിങ്ങളാരാ ചോദിക്കാന്‍' എന്നാ തരത്തില്‍ നിയമം ഉണ്ടാകാനാവുമോ..?

5 . ഹസാരെ അഴിമാതിക്കാരന്‍ ആണെങ്കില്‍ നടപടി എടുക്കാന്‍ എന്തിനു കാത്തു നില്‍ക്കണം..? ഇന്ന് അറസ്റ്റ് ചെയ്യാന്‍ കാണിച്ചത്തിന്റെ പകുതി ഉത്സാഹം മതിയായിരുന്നല്ലോ..?

   യഥാര്‍ത്ഥ വസ്തുത ഇതൊന്നുമല്ലെന്ന് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ജനങ്ങള്‍ക്ക്‌ മനസ്സിലാവും.. ഇപ്പോള്‍ ഹസാരെയുടെ സമരം രാജ്യമാകെ വ്യാപിക്കാന്‍ സാധ്യതയുണ്ട്.. ഇപ്പോള്‍ തന്നെ 2-ജി സ്പെക്ട്രത്തില്‍ PM നെയും ചിദംബരത്തെയും ഉള്‍പ്പെടുത്തേണ്ട അവസ്ഥയിലാണ്.. അത് സര്‍ക്കാരിന്റെ പതനതിലെത്തും.. അതുകൊണ്ടാണ് ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ..ഇത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല.. ഒരു സമരത്തെ പോലും ഭയക്കുന്ന ഭരണകൂടം ആണെങ്കില്‍ രാജി വെച്ച് പുറത്ത് പോകുകയാണ് അഭികാമ്യം..

Saturday, May 21, 2011

127 Hours..

വളരെ ചെറിയ ഒരു വിഷയത്തെ (small thread) പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാങ്കേതികത്തികവാര്‍ന്ന ഒരു സൃഷ്ടിയായി സാക്ഷാത്കരിക്കുകയും ചെയ്ത ഡാനി ബോയലിനെ പരിചയമില്ലാത്ത ഇന്ത്യക്കാര്‍ കറവായിരിക്കും.. ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്ലം ഡോഗ് മില്ലെനയര്‍ എന്ന സിനിമയുടെയും സംവിധായകനാണ് അദ്ദേഹം..

വളരെ രസകരമായ, സന്തോഷകരമായ യാത്രക്കിടയില്‍ ഒരു യുവാവിനു സംഭവിക്കുന്ന ലളിതമായ അപകടം സങ്കീര്‍ണ്ണമാകുന്നതും യാദൃഛിക തലങ്ങളിലേക്കു ഗതി മാറുന്നതും എല്ലാം ദൃശ്യവത്കരണത്തിന്റെ വൈവിധ്യത്തിലൂടെ സന്നിവേശിപ്പിച്ചിരിക്കുന്നു. Ralston's autobiography എന്ന കൃതിയെ ആസ്പദമാക്കിയാണ് ഈ സിനിമ ചിട്ടപ്പടുത്തിയത്.വെളിച്ചത്തെ പോലും പ്രതീക്ഷയുടെ പ്രതീകമാക്കിയ സന്ദര്‍ഭം കാഴ്ചക്കാരനിലും പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.. ആറു അക്കാദമി അവാര്‍ഡുകള്‍ക്ക് ഈ സിനിമ നോമിനേറ്റ് ചെയ്യപ്പെട്ടു.
ഇത്തരം പ്രമേയങ്ങള്‍ (ചെറിയ ത്രഡ് വികസിപ്പിക്കുന്ന രീതി) ലോകസിനിമകളിലും ഇന്ത്യന്‍ സിനിമകളിലും മലയാള സിനിമകളിലും മുന്‍പും ഉണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം വന്ന ട്രാഫിക് എന്ന സിനിമയെ ഇതുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ചെറിയ ത്രഡ്ഡിനെ മറ്റു പലതുമായും കൂട്ടിയിണക്കുന്നുണ്ട്.

ഈ സിനിമയില്‍ സാഹസിക മലകയറ്റത്തിനിടയില്‍ ഒരു വ്യക്തിയ്ക്കു സംഭവിക്കുന്ന അപകടവും രക്ഷാശ്രമങ്ങളുമാണ് ചിത്രീകരിച്ചിട്ടുള്ളത്.
ഒറ്റയ്ക്കുള്ള മലകയറ്റത്തിനിടയില്‍ ആഴത്തിലുള്ള പാറയിടുക്കിലൂടെ അള്ളിപ്പിടിച്ച് താഴേക്കു ഇറങ്ങുന്ന യുവാവിന്റെ വലതുകൈ ഒരു പാറക്കിടയില്‍ കുടുങ്ങുകയണ്. അതില്‍ നിന്നു രക്ഷപ്പെടാന്‍ സ്വയം നടത്തുന്ന ശ്രമങ്ങള്‍.. ആദ്യം വളരെ നിസ്സാരമെന്ന വിധത്തിലുള്ള സമീപനം.. ഓരോ ശ്രമവും പരാജയപ്പെടുമ്പോള്‍ അതു പിന്നീട് അതിജീവനത്തിനുള്ള ശ്രമമായി രൂപാന്തരപ്പെടുന്നത്.. അതിനിടയില്‍ പ്രകൃതിയുടെ പരീക്ഷണങ്ങള്‍.. അനാഥമായിപ്പോകുന്ന അലര്‍ച്ചകള്‍.. വ്യര്‍ത്ഥമാകുന്ന സ്വന്തം രക്ഷാശ്രമങ്ങള്‍.. വായുവില്‍ മുങ്ങിയ സഹായ അഭ്യര്‍ത്ഥനകള്‍.. എല്ലാം എല്ലാം നിഷ്ഫലമായ നിരാലംബമായ ദുരിതത്തിന്റെ മണിക്കൂറുകള്‍..ഭക്ഷണമില്ലാതെ വെള്ളം പോലും തീര്‍ന്ന നിസ്സഹായാവസ്ഥ.. ശരീരത്തിലെ രക്തം പോലും ദാഹം ശമിപ്പിക്കാന്‍ ഉപകരിക്കുന്ന ദയനീയാവസ്ഥ.. ആ പാറയിടുക്കിനുള്ളില്‍ തന്നെ ജീവിതം അവസാനിക്കുമെന്ന ഘട്ടത്തില്‍, അനിര്‍വചനീയമായ മാനസികാവസ്ഥയില്‍ ഒരേയൊരു മാര്‍ഗ്ഗം മാത്രമേ ആ യുവാവിന്റെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. ജീവനു പകരം ജീവനൊഴിച്ച് എന്തും സമര്‍പ്പിക്കാമെന്നു ദൈവത്തോട് കേണപേക്ഷിക്കുന്ന നിസ്സഹായവസ്ഥയില്‍ അതു അയാള്‍ ചെയ്തു..
(എന്തായിരിക്കാമത്..? നിങ്ങളും ഞാനുമാണെങ്കിലും അതു ചെയ്യുമോ..?)
രക്ഷപ്പെടലിന്റെ ആശ്വാസം.. കാഴ്ചയിലേക്കെത്തുന്ന ആകാശം..

ഡാനി ബോയല്‍ വളരെ സുന്ദരമായി ഇതില്‍ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നു (പുത്തന്‍ വ്യാകരണം അല്ലെങ്കില്‍ പോലും).. സിനിമ നല്‍കുന്ന സന്ദേശം എന്തെന്നു ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം തരുന്നില്ല. എന്നാല്‍ സിനിമയെന്ന മാധ്യമത്തിന്റെ നൂതന സാങ്കേതികതയും അനന്തസാധ്യതയും വ്യക്തമാക്കുന്ന സൃഷ്ടിയാണിതെന്നു പറയാം..പ്രമേയത്തിന്റെ ശക്തിയും കെട്ടുറപ്പും അപാരമാണ്..അതാണ് അതിന്റെ സവിശേഷതയും..
See this link also http://www.imdb.com/video/screenplay/vi1403951897/

Sunday, April 17, 2011

The King's Speech (Oscar)

The King's Speech...
അവസാനം കണ്ട സിനിമ The King's Speech..
2011ലെ ഓസ്കാറില്‍ നാല് അവാര്‍ഡുകള്‍ നേടിയ സിനിമ..
ഏറ്റവും നല്ല സിനിമ, മികച്ച സംവിധായകന്‍ (Tom Hooper), മികച്ച നടന്‍ (Colin Firth), മികച്ച തിരക്കഥ (David Seidler) എന്നിവയായിരുന്നു അവാര്‍ഡുകള്‍..
118 മിനുറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ രണ്ടു തവണ കണ്ടു..
ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ബ്രിട്ടണിലെ ജോര്‍ജ്ജ് VI-മന്റെ കിരീടധാരണവും ജീവിതത്തിലെ പ്രധാന സംഭവവും ആണ് പ്രമേയം.. സാധാരണ കാണുന്ന രാജാവും പട്ടാളവും എതിരാളികളും യുദ്ധവും വാളും പരിചയും ഒന്നുമില്ലാതെ രാജാവിന്റെ വ്യക്തിപരമായ (വിശാലാര്‍ത്ഥത്തില്‍ രാഷ്ട്രീയവും ആയ) ഒരു വിഷയത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു..
തന്റെ അഞ്ചാം വയസ്സിനിടയില്‍ വന്നുപെട്ട വിക്കും അതിനെത്തുടര്‍ന്നുണ്ടാകുന്ന സദസ്സിനെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലായ്മയും ബെര്‍ട്ടിയെന്നു വിളിക്കുന്ന രാജകുമാരനെ രാജാവാകാന്‍ പറ്റാത്തവനെന്ന ധാരണ പൊതുവില്‍ സൃഷ്ടിച്ചു. അത് അദ്ദേഹത്തില്‍ അപകര്‍ഷതാബോധം വളര്‍ത്തി..


ഒരു വലിയ എക്സിബിഷന്റെ സമാപനചടങ്ങില്‍ പിതാവിന്റെ (ജോര്‍ജ്ജ് V-മന്‍) സന്ദേശം വായിക്കാന്‍ നിയുക്തനാകുന്ന ബെര്‍ട്ടി വല്ലാത്ത പ്രതിസന്ധിയിലാകുകയാണ്.. കേള്‍വിക്കാരും പ്രാസംഗികനും ഒരു പോലെ നിസ്സഹായരായ സന്ദര്‍ഭം.. വാക്കുകള്‍ വരാതെ തൊണ്ടയില്‍ കുരുങ്ങുന്നത് കാണികളുടെ തൊണ്ടയിലേക്കു കൂടി പകരുന്ന അവതരണ രീതിയും വിഷ്വലൈസേഷനും അഭിനയമികവും അപാരമാണ്.. അഞ്ചാം വയസ്സു മുതല്‍ നേരിട്ട അവഗണനയുടേയും തിരസ്കരണത്തിന്റേയും അപമാനത്തിന്റേയും നിഴലുകള്‍ ബെര്‍ട്ടിയുടെ ജീവിതത്തെ പിന്തുടരുകയാണ്.. അതില്‍ നിന്നു മുക്തനാകാനാവാതെ സഭാകമ്പവും സംസാരവൈകല്യവും അദ്ദേഹത്തെ വേട്ടയാടുന്നു..
അദ്ദേഹത്തിന്റെ ഈ വൈകല്യം ഭേദമാക്കാന്‍ വിവിധ ഡോക്ടര്‍മാരെ മാറി മാറി പരീക്ഷിക്കുന്നുണ്ടെങ്കിലും പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.. യാഥാസ്ഥിതിക ചികിത്സാ സമ്പ്രദായത്തോട് ക്ഷിപ്രകോപിയായ ബെര്‍ട്ടിക്ക് സമരസപ്പെടാനും കഴിയുന്നില്ല.. അതിനുള്ള ക്ഷമയും അദ്ദേഹത്തിനില്ല.. ബെര്‍ട്ടിയുടെ ഭാര്യ എലിസബത്ത് അദ്ദേഹത്തിന്റെ ഈ വൈകല്യം മാറുന്നതിനായി വല്ലാതെ ആഗ്രഹിക്കുകയും അതിനു വേണ്ടി പിന്തുണയേകുകയും ചെയ്യുന്നുണ്ട്..

അതിനിടയില്‍ കിരീടാവകാശിയായ എഡ്വെര്‍ഡ്(ബെര്‍ട്ടിയുടെ സഹോദരന്‍) തന്റെ നിയോഗം ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നു. അയാള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നത് വിവാഹമോചിതയായ ഒരു അമേരിക്കക്കാരിയെയാണ്.. ഭരണാധികാരിയായ രാജാവാണ് നിയമപരമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍.. ചര്‍ച്ചിന്റെ തലവനാകുന്നയാള്‍ക്ക് വിധവയെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. സവിശേഷ അധികാരങ്ങളുള്ള രാജാക്കന്മാര്‍ക്ക് സാധാരണ പൗരന്മാര്‍ക്കുള്ള പല അവകാശങ്ങളും നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നു സിനിമ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇതിന്റെയെല്ലാം പരിഹാരമായി കിരീടം ബെര്‍ട്ടിയുടെ തലയില്‍ വന്നുചേരുന്നു. ബെര്‍ട്ടിയുടെ സമ്മതമില്ലായെങ്കിലും വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ഇതു വല്ലാത്തൊരു പ്രതിസന്ധിയിലേക്കു രാജ്യത്തെ എത്തിച്ചു. പ്രത്യേകിച്ചും ഹിറ്റ്ലറുമായിട്ടുള്ള ഒരു യുദ്ധമുഖത്ത് രാജ്യം നില്കുമ്പോള്‍.. അണികളെ അഭിസംബോധന ചെയ്യാനാകാത്ത രാജാവ് എന്നത് സങ്കല്പിക്കാനാകാത്തതാണ്.. ഈ പ്രതിസന്ധിയില്‍ നിന്നു ബെര്‍ട്ടിയെ കരകയറ്റാന്‍ യാഥാസ്ഥിതികനല്ലാത്ത സ്പീച് തെറാപ്പിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ്.. അദ്ദേഹത്തിന്റെ പുതിയ എക്സര്‍സൈസുകളും രീതികളും അസ്വസ്ഥനാക്കുന്നുണ്ടെങ്കിലും ബെര്‍ട്ടി സാവകാശം ലയണല്‍ ലോഗ് എന്ന പരിശീലകനോട് അടുക്കുന്നു.. ഒരു രാജകുടുംബാംഗമെന്ന പരിഗണന ലോഗ് നല്കുന്നില്ല.. തിരുമനസ്സ് എന്നു വിളിക്കുന്നതിനു പകരം ബെര്‍ട്ടി എന്നാണ് വിളിക്കുന്നത്. അയാളുടെ സംസാരവൈകല്യത്തിനു പിന്നിലുള്ള മാനസിക പ്രശ്നം കണ്ടെത്തണമെങ്കില്‍ ചികിത്സകനു രോഗിയുടെ മേല്‍ ആധിപത്യം അനിവാര്യമായതിനാലാണ് അങ്ങിനെ വിളിക്കേണ്ടി വരുന്നത്.. അസഹിഷ്ണുതയുടെ രാജാവായ ബെര്‍ട്ടിയും ക്ഷമയുടെ രാജാവായ ലോഗും ഒന്നിച്ചുള്ള രംഗങ്ങള്‍ അതിഗംഭീരം തന്നെ.. അഭിനയത്തില്‍ ആരു ആരെ കവച്ചുവയ്ക്കുന്നുവെന്നു പറയാനാവുന്നില്ല.. ചികിത്സയുടെ പല ഘട്ടങ്ങളിലും ബെര്‍ട്ടി പൊട്ടിത്തെറിക്കുന്നുണ്ടെങ്കിലും അവസാനം മയപ്പെടുകയും ലോഗിന്റെ ചികിത്സ വിജയിക്കുകയും ചെയ്യുന്നു.. യുദ്ധത്തിനു കാതോര്‍ത്തിരിക്കുന്ന ജനതയോടു തന്മയത്വത്തോടെ അവര്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ റേഡിയോയിലൂടെ ഒഴുകിയപ്പോള്‍ സഹധര്‍മ്മിണി എലിസബത്തിന്റെ മുഖത്തെ ഭാവഭേദങ്ങള്‍, ഓരോരുത്തരുടേയും ഭാവങ്ങള്‍ ആ രാജ്യത്തിന്റെ സന്തോഷം പ്രകടമാക്കുന്നുണ്ടായിരുന്നു..
ആ പ്രഭാഷണത്തിനു ശേഷം വിജയശ്രീലാളിതനായി റെക്കോര്‍ഡിംഗ് റൂമില്‍ നിന്നു പുറത്തു വരുന്ന ജോര്‍ജ്ജ് ആറാമന്റെ ഗാംഭീര്യം.. നടത്തത്തിന്റെ ശൈലി.. കൈകള്‍ വീശുന്ന രീതി.. തോളിന്റെ ചലനം വരെ ഒരു രാജാവിന്റെ സമ്പൂര്‍ണ്ണതയെ ദൃശ്യവത്കരിക്കുന്നതായിരുന്നു.. അഭിനയത്തില്‍ ബെര്‍ട്ടിയായി വന്ന Colin Firth തന്നെ മുന്നില്‍.. അഭിനയത്തിലെ സ്വാഭാവികത കഥാപാത്രങ്ങള്‍ക്കു അസാമാന്യമാം വിധം ജീവന്‍ നല്കിയെന്നു മാത്രമല്ല, സിനിമ മുന്നോട്ടു വയ്ക്കുന്ന കഥാസന്ദര്‍ഭത്തിലെ ഭാഗമായി കാണികള്‍ മാറുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.. ഓരോ കഥാപാത്രത്തിനും അനുയോജ്യരായവരെ തിരഞ്ഞെടുത്തതില്‍ സംവിധായകന്‍ മുഴുവന്‍ മാര്‍ക്കും നേടിയിട്ടുണ്ട്..

Tuesday, March 15, 2011

ആണവറിയാക്റ്ററുകളുടെ സുരക്ഷ..

ജപ്പാനില്‍ ഭൂകമ്പവും സുനാമിയും അഗ്നിപര്‍വതങ്ങളുമെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളേക്കാളേറെ ദുരന്ത സാധ്യത കല്പിക്കപ്പെടുന്നത് സ്ഫോടനം നടന്നുകൊണ്ടിരിക്കുന്ന ആണവറിയാക്റ്ററുകളില്‍ നിന്നുണ്ടാകുന്ന അണുപ്രസരണമായിരിക്കുമെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.. ബി.ബി.സി പോലുള്ള ചാനലുകളും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ വാര്‍ത്താവിഭാഗവും ഈ ആശങ്ക പങ്കുവയ്ക്കുകയുണ്ടായി.. അതില്‍ നിന്നുണ്ടാകാന്‍ സാധ്യതയുള്ള അപകടം വരും തലമുറകളെക്കൂടി ബാധിക്കുമെന്നാണ് വിദഗ്ദാഭിപ്രായം.. ആണവ സാങ്കേതിക വിദ്യയിലും അതിന്റെ പ്രയോഗത്തിലും എത്രയോ മുന്നിലുള്ള ജപ്പാനു പോലും അതിന്റെ ദുരന്തം തടയാനാവുന്നില്ല എന്നത് സാങ്കേതികവിദ്യയിലും പ്രയോഗത്തിലും 25 വര്‍ഷമെങ്കിലും പുറകിലുള്ള ഇന്ത്യയുള്‍പ്പെടെയുള്ള ആണവോര്‍ജ്ജസാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ ഗൗരവമായി പുനര്‍വിചിന്തനം നടത്തേണ്ട കാലമായിരിക്കുന്നു.. ആണവനിലയങ്ങള്‍ സ്ഥാപിക്കുകയും ഉല്പാദിപ്പിക്കുകയും ചെയ്യുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ പോലും ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറല്ല. ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച നിലയങ്ങളില്‍ ഒന്ന് കന്യാകുമാരിക്കടുത്താണ്.. ഒരു ചാനല്‍ ചര്‍ച്ചയില്‍ കേട്ടത് കന്യാകുമാരിയില്‍ സ്ഥാപിക്കാന്‍ പോകുന്ന റിയാക്റ്റര്‍ തകര്‍ന്നാല്‍ കേരളത്തിന്റെ ഇങ്ങേയറ്റം വരെ അതിന്റെ ദുരന്തം എത്തുമെന്നാണ്..

അത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ വെന്തു മരിക്കുന്നത് മലയാളിയോ തമിഴനോ തെലുങ്കനോ ഇടതുപക്ഷമോ വലതുപക്ഷമോ അതിനു രണ്ടിനും ഇടയിലുള്ള പക്ഷമോ ഹിന്ദുവോ മുസ്ലിമോ കൃസ്ത്യനോ പാഴ്സിയോ ആണോ എന്നതായിരിക്കരുത് നമ്മെ നയിക്കുന്ന വികാരം.. അത്തരം നഷ്ടം അനുഭവിക്കുന്നവരും അവരുടെ പിന്‍ഗാമികളായ ഭാവിതലമുറയും ഭാരതീയരാണെന്നതാവണം ആ വികാരം.. അത്തരം ഒരു ചിന്ത നമ്മെ നയിക്കുന്നുവെങ്കില്‍ എനിക്കും നിങ്ങള്‍ക്കും നമ്മുടെ സഹോദരങ്ങള്‍ക്കുമാണ് ജപ്പാന്റെ ഇന്നത്തെ അവസ്ഥയുണ്ടാവാന്‍ പോകുന്നത്..

അത്തരം ഒരു ദുരന്തം താങ്ങാനുള്ള ശേഷി ഇന്ത്യന്‍ ജനതക്കില്ല.. ഭോപ്പാല്‍ ദുരന്തം പോലും നമുക്കുണ്ടാക്കിയ ക്ഷതം എത്ര ഭീകരമാണെന്നു അനുഭവിച്ചവര്‍ക്കു മാത്രമല്ല, അവിടെ പോയി കണ്ടവര്‍ക്കും ബോധ്യമായിട്ടുണ്ടാകും.. ഇതിനര്‍ത്ഥം നാം ശിലായുഗത്തിലേയ്ക്കു പോകണമെന്നല്ല.. അപകടസാധ്യത മുന്നില്‍ കണ്ട് വികസിത രാജ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകള്‍ (ആണവ റിയാക്റ്റര്‍ ഉള്‍പ്പെടെയുള്ളവ) നമുക്കു വേണമോയെന്നു ഈ പുതിയ സാഹചര്യത്തില്‍ ഒരു വീണ്ടുവിചാരമുണ്ടായെങ്കില്‍ എന്നു ആശിച്ചു പോകുകയാണ്..

കൂട്ടത്തില്‍ അത്തരം ദുരന്തങ്ങള്‍ നമുക്കു മാത്രമല്ല ലോകത്ത് എവിടേയും ഉണ്ടാകാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

http://library.thinkquest.org/17940/texts/nuclear_disasters/nuclear_disasters.html

Thursday, March 10, 2011

ഗദ്ദാമ അഥവാ ഖദ്ദാമ

ഖദ്ദാമയാണ് ശരിയായ പദം എന്നു തോന്നുന്നു.. കാരണം അറബിയില്‍ ഗ എന്ന അക്ഷരം ഇല്ല..

അതു ആധികാരികമായി പറയാന്‍ നമ്മുടെ ഫേസ്ബുക്ക് പ്രവാസികള്‍ രംഗത്തുവരട്ടെ..

വര്‍ത്തമാനകാല സിനിമാ സംവിധായകരില്‍ മധ്യവര്‍ത്തി സിനിമകളിലേക്കു തിരിഞ്ഞ കമലിന്റെ ഏറ്റവും പുതിയ സിനിമ "ഗദ്ദാമ" പ്രമേയത്തിലും കഥാഗതി നിയന്ത്രണത്തിലും വ്യത്യസ്തത പുലര്‍ത്തി.. സമീപകാല മലയാള സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ചും.. ഒരു സ്ത്രീയെ മുഖ്യ കഥാപാത്രമാക്കുകയെന്നതു തന്നെ വലിയ പരീക്ഷണമാണ്.. അതിനു ധൈര്യം കാണിക്കാന്‍ ഒരു രഞ്ജിത്തല്ലാതെ വേറെ സംവിധായകര്‍ ഉണ്ടാകുമെന്നു തോന്നുന്നില്ല..

ശ്രീനിവാസന്‍(റസാക്ക്) പ്രതിനിധാനം ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്റെ സാമൂഹ്യപ്രവര്‍ത്തന വലിപ്പം കാണിക്കാന്‍ കെട്ടിടത്തില്‍ നിന്നു വീഴ്ത്തി കാലൊടിക്കുന്ന ഒരാളൊഴികെയുള്ള മുഴുവന്‍ കഥാപാത്രസൃഷ്ടിയും പ്രശംസനീയം തന്നെ.. ആ കഥാപാത്രവും അയാള്‍ക്കുവേണ്ടിയുള്ള ശ്രീനിവാസന്റെ സേവനവും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണെന്നു മാത്രമല്ല കുറച്ചു exaggeratedഉം ആണ്.. ശ്രീനിവാസന്‍ ആണ് കാവ്യാമാധവന്‍(അശ്വതി) എന്ന ഗദ്ദാമയെ രക്ഷപ്പെട്രുത്താന്‍ ഉള്ള സാമൂഹ്യപ്രവര്‍ത്തകനെന്നു മനസ്സിലാക്കാന്‍ അതിനു മുന്‍പുള്ള റസാക്കിന്റെ രംഗങ്ങള്‍ തന്നെ ധാരാളം..

അശ്വതിയെന്ന ഗദ്ദാമയുടെ ഭാഗം കൃത്യതയോടെയും ഭംഗിയോടെയും കാവ്യാമാധവന്‍ അവതരിപ്പിച്ചു.(കാവ്യയുടെ രണ്ടാം വരവ് അതിഗംഭീരം).. രണ്ടാമതൊരു കുടുംബത്തിന്റെ കഷ്ടപ്പാടു കൂടി ഏറ്റെടുക്കുന്ന തീരുമാനമായിരുന്നു അശ്വതിയെ വിവാഹം ചെയ്യാനുള്ള ബിജുമെനോന്റെ തീരുമാനം.. വിദേശത്ത് പോയി രക്ഷപ്പെടാമെന്നു തീരുമാനിച്ച ബിജുമേനോന്റെ അപ്രതീക്ഷിത മരണം അശ്വതിക്കും രണ്ടു കുടുംബങ്ങള്‍ക്കും താങ്ങാവുന്നതിലും ഏറെയായിരുന്നു.. നിശ്ചയിക്കപ്പെട്ട വിദേശതൊഴില്‍ അശ്വതി ഏറ്റെടുക്കുന്നു.. വിദേശത്ത് വീട്ടുവേലക്കാരി.. ദുരിതക്കയത്തില്‍ നിന്നു കരകയറാമെന്ന ആഗ്രഹത്തോടെയെത്തുന്ന അശ്വതിയ്ക്ക് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ തൊട്ട് നേരിടേണ്ടി വരുന്ന ദുരിതം അവസാനം വരെയും പിന്തുടരുന്നു.. അറബി വീട്ടില്‍.. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍.. ദിക്കറിയാതെയുള്ള അലച്ചിലുകള്‍ക്കിടയില്‍.. വിവിധ ഘട്ടങ്ങളില്‍.. രക്ഷ പോലും ശിക്ഷയാകുന്ന സന്ദര്‍ഭങ്ങള്‍.. പാപി ചെന്നേടം പാതാളം എന്നതിനു പകരം അശ്വതി ചെന്നേടം പാതാളം എന്നു തിരുത്താവുന്ന അനുഭവങ്ങള്‍.. അതിനിടയില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ബഷീര്‍(പുതിയ നടന്‍).. ആടുകള്‍ക്കിടയില്‍ ആടുജീവിതം നയിക്കുന്ന ബഷീര്‍.. കാമവെറിയന്മാരില്‍ നിന്നും അവളെ രക്ഷിച്ച് സ്വയം ബലിയാടാകുന്നവന്‍.. അവന്റെ ജീവിതം കൊണ്ടു അവനുപോലും ഒരു ഗുണമില്ലെന്ന തിരിച്ചറിവാകാം അവനില്‍ ആ മാനവികത ഉണരാന്‍ ഹേതു.. അവന്റെ രൂപവും നിര്‍വികാര ഭാവവും ആണ് എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്നത്.. വളരെ കുറച്ചു സമയം സിനിമയില്‍ പ്രത്യക്ഷപ്പെടുകയും ഏറ്റവും കൂടുതല്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിക്കുകയും ചെയ്തത് ബഷീറെന്ന കഥാപാത്രമായിരിക്കും..

ദുരിതത്തില്‍ നിന്നു ദുരിതക്കയത്തിലേക്കു വലിച്ചെറിയപ്പെട്ട അശ്വതി അവസാനം ജയിലില്‍ എത്തിപ്പെടുന്നു.. രക്ഷകനായ അന്യപുരുഷന്റെ വീട്ടില്‍ താമസിച്ചു എന്നതാണ് കുറ്റം.. അശ്വതിയേയും കൂടെ ജയിലിലടക്കപ്പെട്ടയാളെയും(കൊടിയേറ്റം ഗോപിയുടെ മകന്‍) റസാക്ക് പൂറത്തെത്തിക്കുകയും നാട്ടിലേക്ക് ഒരേ വണ്ടിയില്‍ കയറ്റി വിടുകയും ചെയ്യുമ്പോള്‍ അതു പ്രതീക്ഷയുടെ പുതുജീവിതത്തിലേക്കുള്ള പ്രയാണമാകുകയാണ്.. പുതുമയുള്ള പ്രമേയവും അവതരണവും സമീപനവും..

ഇത്രയോക്കെ ദുരിതങ്ങള്‍ ഉണ്ടാകുമോ.. സിനിമയ്ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണോ.. സ്വന്തം തൊഴിലും ജീവിതവും കുടുംബവും മറന്ന് ഇത്തരത്തില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന റസാക്കുമാര്‍ ഉണ്ടാകുമോ തുടങ്ങിയ സംശയങ്ങള്‍ പ്രേക്ഷകനു ചോദിക്കാം.. പ്രവാസികളായ സുഹൃത്തുക്കള്‍ മറുപടി പറയട്ടെ..

ഇന്ത്യക്കാര്‍ പാവങ്ങള്‍...

"ഇന്ത്യക്കാര്‍ ദരിദ്രരാണ്..പക്ഷേ ഇന്ത്യ ദരിദ്രമല്ല.."

ഈ വാക്കുകള്‍ സ്വിസ് ബാങ്ക് ഡയറക്ടര്‍മാരില്‍ ഒരാളുടേതാണ്..

280 ലക്ഷം കോടി ഇന്ത്യന്‍ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

ആ തുകയുണ്ടെങ്കില്‍..

= ഇന്ത്യാ രാജ്യത്ത് 30 വര്‍ഷം നികുതിയില്ലാത്ത ബജറ്റ് നടപ്പിലാക്കാമായിരുന്നു..

= ഏതു വില്ലേജില്‍ നിന്നും ഡല്‍ഹിയിലേക്ക് 4 വരിപ്പാത ഉണ്ടാക്കാമായിരുന്നു..

= 500ല്‍ കൂടുതല്‍ സോഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്കാമായിരുന്നു..

= ഇന്ത്യയിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും മാസം 2000രൂപ തോതില്‍ 60വര്‍ഷം നല്കാമായിരുന്നു..

= നമുക്ക് ഐ.എം.എഫിന്റേയും ലോകബാങ്കിന്റേയും ലോണ്‍ വേണ്ടിവരില്ലായിരുന്നു..

ചിന്തിക്കുക.. നമ്മുടെ പണം എങ്ങിനെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന്..

അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയക്കാര്‍ക്കെതിരെ നിലയ്ക്കു നിര്‍ത്താന്‍ നമുക്ക് സമ്പൂര്‍ണ്ണ അവകാശമുണ്ട്..

ജനാധിപത്യ വ്യവസ്ഥയില്‍ അതു പ്രയോഗിക്കണം..

Take this seriously

All of us forwarding and sharing jokes, then why not this..?

Tuesday, December 21, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - മൂന്നാം ഭാഗം

2010 ഡിസംബര്‍ 15..

ഇന്നു രാവിലെ ഒരു സിനിമ മാത്രമാണ് കണ്ടത്.. "പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്".. അതിനെക്കുറിച്ചു രണ്ടാം ഭാഗത്തില്‍ എഴുതിയിട്ടുണ്ട്.. ഓഫീസ് സമയത്തിനു ശേഷം വൈകീട്ട് വീണ്ടും ഉത്സവലഹരിയില്‍..

6:00 മണി - അപര്‍ണസെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമ "ജാപ്പനീസ് വൈഫ്".. സൂപ്പര്‍ സിനിമ.. അപാരം.. ആശയം, അവതരണം, കാസ്റ്റിംഗ്, അഭിനയം, ചിത്രസന്നിവേശം.. എല്ലാം..

മിയാഗി എന്ന ജാപ്പാനീസ് യുവതിയുമായി ബംഗാളിയായ സ്നേഹമയി ചാറ്റര്‍ജിക്കുണ്ടാകുന്ന തൂലികാ സൗഹൃദം പ്രണയമായി വളരുന്നതും പരസ്പരം കാണാതെ തന്നെ വിവാഹിതരാകുന്നതും(?) ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതും(?) വളരെ തന്മയത്വത്തോടെയും പുതുമയോടെയും അപര്‍ണാസെന്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ അഭ്രപാളിയിലെത്തിച്ചിരിക്കുന്നു.. (ഇതു മതിയായില്ലെന്നു എനിക്കുതന്നെ അറിയാം)

മൊബൈല്‍ ഇല്ലാത്ത, ഇ-മെയിലും ഫേസ്ബുക്കുമില്ലാത്ത, ഫോണ്‍ വ്യാപകമല്ലാത്ത, ഫാക്സ് ചെയ്യണമെങ്കില്‍ ടൗണില്‍ മാത്രം ലഭ്യമായ, ആശയവിനിമയത്തിനു കത്തെഴുത്തു മാത്രം ഏകസാധ്യതയായ ആ കാലഘട്ടത്തിലാണ് കഥയെന്നതു പ്രത്യേകം ഓര്‍ക്കണം..!! കൂടാതെ ഇംഗ്ലീഷില്‍ എഴുതുന്നതു ഡിക്ഷനറിയില്‍ നോക്കി അര്‍ത്ഥം മനസ്സിലാക്കുന്നവരാണ് അവര്‍.. അതുകൊണ്ട് വിദൂരസാധ്യതയായ ഫോണില്‍ സംസാരിക്കുന്നതും നിഷ്ഫലം..!!

മിയാഗിയുടെ പേരു കൊത്തിയ മോതിരം തപാലില്‍ സ്നേഹമയിക്കു കിട്ടുന്നു, ബംഗാളി രീതിയിലുള്ള രണ്ടു വളകളും സിന്ദൂരവും മിയാഗിക്കും അയക്കുന്നു.. പരസ്പരം ധരിക്കുന്നതിലൂടെ അവര്‍ രണ്ടു രാജ്യങ്ങളില്‍ നിന്നു കൊണ്ടുതന്നെ വിവാഹിതരാകുന്നു.. അപ്പോഴും സ്നേഹമയി എന്ന പേര് മിയാഗിയുടെ നാവിനു വഴങ്ങിയിരുന്നില്ല.. പകരം അവള്‍ വിളിക്കുന്നത് സിനമോയ് എന്നാണ്.. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജീവിക്കുന്ന പ്രൈമറി അധ്യാപകനാണ് സ്നേഹമയി.. അയാളുടെ ചിറ്റമ്മയ്ക്കു ഒരിക്കലും ദഹിക്കുന്നതായിരുന്നില്ല അത്.. ജപ്പാനില്‍ ഷോപ്പ് നടത്തുന്ന മിയാഗിയുടെ സമ്മാനങ്ങളും കത്തുകളും ബംഗാളിലേക്കും, സ്നേഹമയിയുടേത് തിരിച്ചു ജപ്പാനിലേക്കും കൃത്യമായ ഇടവേളകളില്‍ തപാല്‍ വകുപ്പ് എത്തിച്ചുകൊണ്ടേയിരുന്നു.. അകന്ന ബന്ധുവുമായും മറ്റും വിവാഹം നടത്താനുള്ള ചിറ്റമ്മയുടെ ശ്രമം തള്ളിക്കളയുകയാണ് അയാള്‍.. മിയാഗി അദ്ദേഹത്തെ അത്രയും സ്വാധീനിച്ചു കഴിഞ്ഞിരുന്നു.. മുടി നരച്ചെങ്കിലും, ശരീരം തളര്‍ന്നെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പ്, ഒരിക്കലെങ്കിലും നേരില്‍ കാണാമെന്ന കൊതിയോടെയാണ്.. 15 വര്‍ഷത്തെ കാത്തിരിപ്പ്..

അതിനിടയില്‍ മിയാഗിയുടെ രോഗം പ്രതീക്ഷകളെ തകിടം മറിക്കുകയാണ്.. സ്നേഹമയ് നാട്ടിലുള്ള എല്ലാ ചികിത്സകരേയും(ആയുര്‍വേദം, ഹോമിയോ, അലോപതി,യൂനാനി) കണ്ട് മരുന്നു വാങ്ങി അയച്ചുനല്കുന്നുണ്ട്.. ഈ വേദനക്കും തത്രപ്പാടിനുമിടയില്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന സിനമോയ്ക്കു പനി ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു..

തികച്ചും അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്, കാണികളിലേക്കു പകര്‍ന്ന അവരുടെ സംഗമപ്രതീക്ഷ തകര്‍ക്കുന്നതായി.. അവരുടെ വേദന തിയേറ്ററിലെ അരിച്ചെത്തുന്ന തണുപ്പു പോലെ അഭ്രപാളിയില്‍ നിന്നു ഓരോരുത്തരിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു.. ഒരു വല്ലാത്ത ശൂന്യത..

ഒരു സുപ്രഭാതത്തില്‍ കടവില്‍ തല മുണ്ഠനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച ഒരു ജപ്പാന്‍കാരി വഞ്ചിയിറങ്ങി. (ബംഗാളില്‍ വിധവകള്‍ വെള്ളവസ്ത്രം ധരിക്കുമെന്നും ഭര്‍ത്താവിനോട് അതിയായ സ്നേഹം ഉള്ളവര്‍ തലമുണ്ഠനം ചെയ്യുമെന്നും സ്നേഹമോയ് ഒരിക്കല്‍ എഴുതിയിരുന്നു)

ആ വീട്ടിലേക്കുള്ള അവരുടെ പ്രവേശനം സഫലമാകാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരികരണമാവാം..

(അതു നിങ്ങള്‍ക്കു വിടുന്നു..)

(Miyagi reaches Snehamoy's Home)

9:00 മണി Ahamad Abdalla സംവിധാനം ചെയ്ത HELIOPOLIS എന്ന ഈജിപ്ഷ്യന്‍ ചിത്രമായിരുന്നു അടുത്തത്..

ഈജിപ്തിന്റെ സാമ്പത്തിക, രാഷ്ട്രീയ അപചയങ്ങളും, വൃഥാവിലാകുന്ന പ്രയത്നങ്ങളും അഞ്ചു വ്യത്യസ്ത ക്യാരക്റ്ററുകളിലൂടെ അവതീര്‍ണ്ണമാക്കുകയാണ് ഈ ചിത്രം.. (അത്രയും മതി..) സത്യം പറയാലോ.. ജാപ്പനീസ് വൈഫ് മനസ്സില്‍നിറഞ്ഞിരിക്കുന്നതിനാല്‍ ഇന്നിനി മറ്റു സിനിമക്കു സാധ്യതയില്ലായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയേണ്ടതായിരുന്നു..

(അവസാനിക്കുന്നില്ല..)