Tuesday, December 21, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - മൂന്നാം ഭാഗം

2010 ഡിസംബര്‍ 15..

ഇന്നു രാവിലെ ഒരു സിനിമ മാത്രമാണ് കണ്ടത്.. "പോര്‍ട്രെയ്റ്റ്സ് ഇന്‍ എ സീ ഓഫ് ലൈസ്".. അതിനെക്കുറിച്ചു രണ്ടാം ഭാഗത്തില്‍ എഴുതിയിട്ടുണ്ട്.. ഓഫീസ് സമയത്തിനു ശേഷം വൈകീട്ട് വീണ്ടും ഉത്സവലഹരിയില്‍..

6:00 മണി - അപര്‍ണസെന്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ സിനിമ "ജാപ്പനീസ് വൈഫ്".. സൂപ്പര്‍ സിനിമ.. അപാരം.. ആശയം, അവതരണം, കാസ്റ്റിംഗ്, അഭിനയം, ചിത്രസന്നിവേശം.. എല്ലാം..

മിയാഗി എന്ന ജാപ്പാനീസ് യുവതിയുമായി ബംഗാളിയായ സ്നേഹമയി ചാറ്റര്‍ജിക്കുണ്ടാകുന്ന തൂലികാ സൗഹൃദം പ്രണയമായി വളരുന്നതും പരസ്പരം കാണാതെ തന്നെ വിവാഹിതരാകുന്നതും(?) ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നതും(?) വളരെ തന്മയത്വത്തോടെയും പുതുമയോടെയും അപര്‍ണാസെന്‍ അഭിനന്ദനാര്‍ഹമായ രീതിയില്‍ അഭ്രപാളിയിലെത്തിച്ചിരിക്കുന്നു.. (ഇതു മതിയായില്ലെന്നു എനിക്കുതന്നെ അറിയാം)

മൊബൈല്‍ ഇല്ലാത്ത, ഇ-മെയിലും ഫേസ്ബുക്കുമില്ലാത്ത, ഫോണ്‍ വ്യാപകമല്ലാത്ത, ഫാക്സ് ചെയ്യണമെങ്കില്‍ ടൗണില്‍ മാത്രം ലഭ്യമായ, ആശയവിനിമയത്തിനു കത്തെഴുത്തു മാത്രം ഏകസാധ്യതയായ ആ കാലഘട്ടത്തിലാണ് കഥയെന്നതു പ്രത്യേകം ഓര്‍ക്കണം..!! കൂടാതെ ഇംഗ്ലീഷില്‍ എഴുതുന്നതു ഡിക്ഷനറിയില്‍ നോക്കി അര്‍ത്ഥം മനസ്സിലാക്കുന്നവരാണ് അവര്‍.. അതുകൊണ്ട് വിദൂരസാധ്യതയായ ഫോണില്‍ സംസാരിക്കുന്നതും നിഷ്ഫലം..!!

മിയാഗിയുടെ പേരു കൊത്തിയ മോതിരം തപാലില്‍ സ്നേഹമയിക്കു കിട്ടുന്നു, ബംഗാളി രീതിയിലുള്ള രണ്ടു വളകളും സിന്ദൂരവും മിയാഗിക്കും അയക്കുന്നു.. പരസ്പരം ധരിക്കുന്നതിലൂടെ അവര്‍ രണ്ടു രാജ്യങ്ങളില്‍ നിന്നു കൊണ്ടുതന്നെ വിവാഹിതരാകുന്നു.. അപ്പോഴും സ്നേഹമയി എന്ന പേര് മിയാഗിയുടെ നാവിനു വഴങ്ങിയിരുന്നില്ല.. പകരം അവള്‍ വിളിക്കുന്നത് സിനമോയ് എന്നാണ്.. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജീവിക്കുന്ന പ്രൈമറി അധ്യാപകനാണ് സ്നേഹമയി.. അയാളുടെ ചിറ്റമ്മയ്ക്കു ഒരിക്കലും ദഹിക്കുന്നതായിരുന്നില്ല അത്.. ജപ്പാനില്‍ ഷോപ്പ് നടത്തുന്ന മിയാഗിയുടെ സമ്മാനങ്ങളും കത്തുകളും ബംഗാളിലേക്കും, സ്നേഹമയിയുടേത് തിരിച്ചു ജപ്പാനിലേക്കും കൃത്യമായ ഇടവേളകളില്‍ തപാല്‍ വകുപ്പ് എത്തിച്ചുകൊണ്ടേയിരുന്നു.. അകന്ന ബന്ധുവുമായും മറ്റും വിവാഹം നടത്താനുള്ള ചിറ്റമ്മയുടെ ശ്രമം തള്ളിക്കളയുകയാണ് അയാള്‍.. മിയാഗി അദ്ദേഹത്തെ അത്രയും സ്വാധീനിച്ചു കഴിഞ്ഞിരുന്നു.. മുടി നരച്ചെങ്കിലും, ശരീരം തളര്‍ന്നെങ്കിലും വര്‍ഷങ്ങളുടെ കാത്തിരിപ്പ്, ഒരിക്കലെങ്കിലും നേരില്‍ കാണാമെന്ന കൊതിയോടെയാണ്.. 15 വര്‍ഷത്തെ കാത്തിരിപ്പ്..

അതിനിടയില്‍ മിയാഗിയുടെ രോഗം പ്രതീക്ഷകളെ തകിടം മറിക്കുകയാണ്.. സ്നേഹമയ് നാട്ടിലുള്ള എല്ലാ ചികിത്സകരേയും(ആയുര്‍വേദം, ഹോമിയോ, അലോപതി,യൂനാനി) കണ്ട് മരുന്നു വാങ്ങി അയച്ചുനല്കുന്നുണ്ട്.. ഈ വേദനക്കും തത്രപ്പാടിനുമിടയില്‍ മഴയില്‍ നനഞ്ഞു കുതിര്‍ന്ന സിനമോയ്ക്കു പനി ബാധിക്കുകയും മരിക്കുകയും ചെയ്യുന്നു..

തികച്ചും അപ്രതീക്ഷിതമായ ഈ വഴിത്തിരിവ്, കാണികളിലേക്കു പകര്‍ന്ന അവരുടെ സംഗമപ്രതീക്ഷ തകര്‍ക്കുന്നതായി.. അവരുടെ വേദന തിയേറ്ററിലെ അരിച്ചെത്തുന്ന തണുപ്പു പോലെ അഭ്രപാളിയില്‍ നിന്നു ഓരോരുത്തരിലേക്കും വ്യാപിക്കുന്നുണ്ടായിരുന്നു.. ഒരു വല്ലാത്ത ശൂന്യത..

ഒരു സുപ്രഭാതത്തില്‍ കടവില്‍ തല മുണ്ഠനം ചെയ്ത് വെള്ളവസ്ത്രം ധരിച്ച ഒരു ജപ്പാന്‍കാരി വഞ്ചിയിറങ്ങി. (ബംഗാളില്‍ വിധവകള്‍ വെള്ളവസ്ത്രം ധരിക്കുമെന്നും ഭര്‍ത്താവിനോട് അതിയായ സ്നേഹം ഉള്ളവര്‍ തലമുണ്ഠനം ചെയ്യുമെന്നും സ്നേഹമോയ് ഒരിക്കല്‍ എഴുതിയിരുന്നു)

ആ വീട്ടിലേക്കുള്ള അവരുടെ പ്രവേശനം സഫലമാകാത്ത ആഗ്രഹങ്ങളുടെ പൂര്‍ത്തീകരികരണമാവാം..

(അതു നിങ്ങള്‍ക്കു വിടുന്നു..)

(Miyagi reaches Snehamoy's Home)

9:00 മണി Ahamad Abdalla സംവിധാനം ചെയ്ത HELIOPOLIS എന്ന ഈജിപ്ഷ്യന്‍ ചിത്രമായിരുന്നു അടുത്തത്..

ഈജിപ്തിന്റെ സാമ്പത്തിക, രാഷ്ട്രീയ അപചയങ്ങളും, വൃഥാവിലാകുന്ന പ്രയത്നങ്ങളും അഞ്ചു വ്യത്യസ്ത ക്യാരക്റ്ററുകളിലൂടെ അവതീര്‍ണ്ണമാക്കുകയാണ് ഈ ചിത്രം.. (അത്രയും മതി..) സത്യം പറയാലോ.. ജാപ്പനീസ് വൈഫ് മനസ്സില്‍നിറഞ്ഞിരിക്കുന്നതിനാല്‍ ഇന്നിനി മറ്റു സിനിമക്കു സാധ്യതയില്ലായിരുന്നുവെന്നു ഞാന്‍ തിരിച്ചറിയേണ്ടതായിരുന്നു..

(അവസാനിക്കുന്നില്ല..)

ഫിലിം ഫെസ്റ്റിവല്‍ 2010 - രണ്ടാം ഭാഗം

2010 ഡിസംബര്‍ 15

ഇന്നലെ രാത്രി 11 മണിക്കു റൂമില്‍ എത്തിയതിനു ശേഷം ഇന്നു കാണേണ്ട സിനിമകള്‍ തിരഞ്ഞെടുത്തു..

ഒരേ സമയം 10 തിയേറ്ററിലാണെന്നു ഇന്നലെ പറഞ്ഞല്ലോ.. പിന്നെ ഓഫീസ് സമയവും ക്രമീകരിച്ചു 3 എണ്ണം ഉറപ്പിച്ചു..

9:00 മണി Carlos Gaviria സംവിധാനം ചെയ്ത PORTRAITS IN A SEA OF LIES (കൊളംബിയ)

മണ്ണിടിച്ചിലില്‍ മുത്തച്ചന്‍ മരണപ്പെടുന്നതോടെ അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിയാകുന്ന (ഒരു കണക്കിനു മുത്തശ്ശന്റെ രോഷത്തില്‍ നിന്നും കുറ്റപ്പെടുത്തലില്‍ നിന്നുമുള്ള രക്ഷപ്പെടല്‍) മരീന എന്ന യുവതി. അവളുടെ കൂടെ അവളുടെ കസിന്‍ ജെയ്റോയുണ്ട്. അവന്‍ ഫോട്ടോഗ്രാഫറാണ്. യാത്ര ഒരു പഴയ കാറില്‍.. യാത്രയുടെ ലക്ഷ്യം അവര്‍ക്കു ഉപേക്ഷിച്ചു പോരേണ്ടിവന്ന സ്വദേശമാണ്. അവരുടെ വീടും സ്ഥലവും സ്വപ്നങ്ങളും എല്ലാം അവിടെയാണ്. യാത്രയുടെ ഘട്ടങ്ങളില്‍ കൊളംബിയയുടെ വര്‍ത്തമാനകാല സ്ഥിതി അനാവരണം ചെയ്യപ്പെടുന്നുണ്ട്.. അശാന്തമായ രാഷ്ട്രീയാവസ്ഥ, അരാജകാവസ്ഥ, ഏറ്റുമുട്ടലുകള്‍... സിനിമയുടെ അര്‍ദ്ധഭാഗം വരെ മരീന മൂകയാണെന്നു തോന്നിപ്പോകുന്ന മൗനം. അതുപോലും പല സന്ദര്‍ഭങ്ങളിലും വാചാലമാണ്. ഏറെ പ്രതീക്ഷയോടെ കാണുന്ന കസിന്റെ വഴിവിട്ട ബന്ധങ്ങളില്‍ അവള്‍ അസ്വസ്ഥയാകുന്നതറിയാന്‍ സംഭാഷണത്തിന്റെ അനിവാര്യതയില്ലെന്നു ഈ ചിത്രം തെളിയിക്കുന്നു. യാത്രക്കിടയില്‍ പല തവണ അവളോടു കാണിക്കുന്ന അടുപ്പം പോലും അവള്‍ ഗൗനിക്കുന്നില്ല. ഒരു ഘട്ടത്തില്‍ അവന്റെ മുഖത്തേക്കു കണ്ണുകള്‍ ഉയര്‍ത്തി നോക്കാന്‍ പറയുന്നുണ്ട്. അവര്‍ സ്വന്തം ഗ്രാമത്തില്‍ എത്തുകയും സ്വന്തം ഭൂമി വീണ്ടെടുക്കുകയെന്ന അവരുടെ ആഗമനലക്ഷ്യം മനസ്സിലാക്കിയ അവിടെയുള്ള ഗുണ്ടാസംഘം അവരെ തട്ടിക്കൊണ്ടുപോവുന്നു. അവരുടെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ ജെയ്റോയ്ക്കു വെടിയേല്‍ക്കുന്നു. കുടുംബസ്വത്തിന്റെ ആധാരം മുത്തശ്ശന്‍ മണ്ണില്‍ കുഴിച്ചിട്ടത് മരീന കണ്ടെത്തുന്നു. കൃത്യമായ ചികിത്സ ലഭിക്കാതെ ജെയ്റോ മരണപ്പെടുന്നു. അതുവരെ അവനെ മാറ്റി നിര്‍ത്തിയ മരീനക്കു അവന്റെ നഷ്ടം ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ബോധ്യമാക്കുന്നതായിരുന്നു അവനെ പുണര്‍ന്നുകൊണ്ടുള്ള അവളുടെ കരച്ചില്‍. കടലിന്റെ മാറില്‍കിടന്നു മരിക്കുകയെന്ന അവന്റെ അവസാന ആഗ്രഹവും മരീന സാധിച്ചുകൊടുക്കുന്നു..

ഈ യാത്രയുടെ ഓരോ ഘട്ടത്തിലും മരീന നേരിടുന്ന/കാണുന്ന സംഭവങ്ങള്‍ ഓരോന്നും അവളെ വേട്ടയാടുന്ന ഭൂതകാലത്തിലേക്കുള്ള പാലങ്ങളായിരുന്നു. ഭൂതകാലത്തിലെ ദുരന്തങ്ങള്‍ അനാവരണം ചെയ്യപ്പെടുന്ന ചിത്രസന്നിവേശ രീതി പുതുമയല്ലെങ്കിലും ആസ്വദകരമാണ്. അച്ഛനും അമ്മയും എല്ലാം കൊല്ലപ്പെടുന്നതിനു മൂകസാക്ഷിയായ മരീന മൂകയായില്ലല്ലോയെന്നു സമാധാനിക്കാം..

(ഈ സിനിമ കണ്ടത് സംവിധായകന്‍ കാര്‍ലോസ് ഗവീരിയയുടെ തൊട്ടടുത്ത സീറ്റിലിരുന്നായിരുന്നുവെന്നതും ഒരു സവിശേഷത)

10:30നു തീര്‍ന്നതോടെ ഓഫീസിന്റെ തിരക്കിലേക്കു വീണ്ടും..

ഇനി 6:00 മണി വരെ കാത്തിരിക്കുക.. അടുത്തത് അപര്‍ണ്ണ സെന്‍ സംവിധാനം ചെയ്ത "ജാപ്പനീസ് വൈഫ്"..

(അവസാനിക്കുന്നില്ല..)

മരീന ജയ്റോമിനെ കടലില്‍ കൊണ്ടുവന്ന് ഒഴുക്കിയതിനു ശേഷം.. (അവസാനരംഗം)

Monday, December 20, 2010

ഫിലിം ഫെസ്റ്റിവല്‍ 2010 - ഒന്നാം ഭാഗം

2010 ഡിസംബര്‍ 14...

തിരുവനന്തപുരത്ത് കാലുകുത്തി..

ഫിലിം ഫെസ്റ്റിവല്‍ സിനിമകള്‍ കാണാന്‍ വല്ലാത്ത മോഹമാണ്.. അതുകൊണ്ടു തന്നെ വളരെ മുന്‍കൂട്ടി പ്രതിനിധിയായി രജിസ്റ്റര്‍ ചെയ്യാറുണ്ട്.. ഇത്തവണയും പതിവു തെറ്റിച്ചില്ല. പക്ഷേ തിരുവനന്തപുരത്തായിട്ടും ഉദ്ഘാടന ചിത്രം "പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്" (ഇറാന്‍) കാണാനായില്ലയെന്നത് വല്ലാത്ത സങ്കടം ആയി.. തിരക്കുപിടിച്ച ജോലിക്കിടയില്‍ ഒരു ഇടവേള ലഭിച്ചില്ല. 10 തിയേറ്ററുകളില്‍ 5 ഷോ വീതം 50 സിനിമകള്‍ ഒരു ദിവസം ഉണ്ട്.. ഇതില്‍ തിരഞ്ഞെടുപ്പ് ആണ് പ്രശ്നം.. 50ല്‍ നിന്നു 5 എണ്ണം..

നാട്ടില്‍ പോയതിനാല്‍ ശനി,ഞായര്‍,തിങ്കള്‍ തീര്‍ത്തും നഷ്ടമായി.. പിന്നീട് 14 നാണ് അവസരം ലഭിച്ചത്.. തിരക്കിനിടയില്‍ വൈകിട്ടുള്ള രണ്ടെണ്ണം കണ്ടു.. Diego Fried സംവിധാനം ചെയ്ത അര്‍ജന്റീന ചിത്രം Wine, Belma Bas സാക്ഷാത്കരിച്ച ടര്‍ക്കിഷ് ഫിലിം Zephyr.. രണ്ടും മത്സരവിഭാഗത്തിലുള്ള സിനിമകള്‍..

6.00 PM.. 'വൈന്‍'

ഒരാണും പെണ്ണും തമ്മിലുള്ള ഏറ്റുമുട്ടലും സന്ധി ചെയ്യലും, ബന്ധങ്ങളിലേയും സങ്കല്പങ്ങളിലേയും വിശദാംശങ്ങളുടെ വൈരുദ്ധ്യങ്ങള്‍, കുറഞ്ഞ സംഭാഷണത്തെ മറികടക്കുന്ന ഭാവാഭിനയം, ഒറ്റമുറിയെ ആസ്പദമാക്കിയുള്ള രംഗസജ്ജീകരണം,, പ്രണയത്തിന്റെ സാധ്യതകള്‍ക്കും അസാധ്യതകള്‍ക്കും ഇടയിലെ വ്യതിയാനങ്ങള്‍.. വ്യാകരണങ്ങളില്‍ നിന്നു പുറത്തു ചാടിയ ക്യാമറ വിന്യാസങ്ങള്‍.. ഇതൊക്കെയാണ് അതില്‍ കണ്ടെത്താവുന്നത്.. പക്ഷേ അവതരണത്തിലെ വ്യത്യസ്തത ആസ്വാദനത്തില്‍ എവിടെയോ നഷ്ടപ്പെടുന്നു.. ശരാശരി നിലവാരത്തിലേക്ക് എത്തിയില്ലെന്ന് എന്റെ നിരീക്ഷണം..

7:30 PM

സിനിമയ്ക്കു ശേഷം വീണ്ടും ഓഫീസില്‍..

9:00 PM.. 'സഫീര്‍'

(Zephyr with her Grandma & മദര്‍)

വലിയ പ്രതീക്ഷയോടെ അമ്മയെ കാത്തിരിക്കുന്ന സഫീര്‍ എന്ന കൗമാരക്കാരിയുടെ മാനസിക വിഹ്വലതകള്‍ വളരെ സുന്ദരമായും ശക്തമായും ആവിഷ്കരിച്ചിട്ടുണ്ട്..

(Zephyr & മദര്‍)

മാതൃസാമീപ്യത്തിനായുള്ള അവളുടെ അടങ്ങാത്ത മോഹം, ചുറ്റുപാടുകളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും വിട്ടു നില്ക്കാന്‍ പ്രേരിപ്പിക്കുന്നു.. പങ്കുവയ്ക്കപ്പെടാനാവാത്ത വേദനകള്‍ അവളുടെ മനസ്സിനെ വല്ലാത്തൊരു അവസ്ഥയിലേക്കു എത്തിക്കുന്നുണ്ട്.. അവള്‍ക്കു അമ്മയെ കിട്ടുമ്പോള്‍ അടുത്ത വീട്ടിലെ പശുക്കിടാവിനു അമ്മയെ നഷ്ടപ്പെടുന്നു.. അവള്‍ കൂടി അതിനു കാരണക്കാരിയാകുന്നു. ആക്റ്റിവിസ്റ്റ് ആയ അമ്മ വിദൂരദേശത്തേക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ അവളുടെ സന്തോഷവും നിയത്രണവും നഷ്ടപ്പെടുന്നു.. അവളുടെ കയ്യബദ്ധംഅമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയാണ്.. ചലനമറ്റ അമ്മയുടെ ശരീരത്തിനടുത്ത്, മുന്‍പ് കാണാതായ പശുവിനെ കണ്ടുമുട്ടുന്ന രംഗത്തോടെ സിനിമ അവസാനിക്കുന്നു..

ഒരു പക്ഷേ നഷ്ടപ്പെട്ട അമ്മയേക്കാള്‍ അവള്‍ക്കു കുടിക്കാനുള്ള പാല്‍ നല്കിക്കൊണ്ടിരുന്ന ആ പശുവായിരിക്കാം അവളുടെ ജീവിതത്തില്‍ അനിവാര്യം എന്നതിലൂടെ അമ്മയെന്ന ബിംബം ഉടയുകയാവാം..

എന്തായാലും തൃപ്തി നല്കുന്ന സിനിമ..

(Zephyr & Grandma)

(അവസാനിക്കുന്നില്ല..)

Wednesday, October 6, 2010

HOME (ഒരു പരിസ്ഥിതി സിനിമ)

2009 ല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ 5നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലീസ് ചെയ്ത ഹോം എന്ന 95 മിനുട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ഭൂമിയുടെ ആശ്ചര്യജനകമായ ദൃശ്യവര്‍ണ്ണനയാണ്.. Yaan Arthus-Bertrandന്റെ സംരംഭമായ ഈ അമേരിക്കന്‍ ഫിലിം ഡിസ്കവറി ചാനലിനെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും കാഴ്ചക്കപ്പുറം ചിന്തയിലേക്ക് ഒട്ടേറെ ആശങ്കകളും ചോദ്യങ്ങളും എറിഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.. ആഗോളതാപനത്തിന്റേയും ഭൗമവിഷയങ്ങളേയും അവതരിപ്പിക്കുന്ന രീതി തികച്ചും ആസ്വാദകരവും ലളിതവുമായാണ്.. ഭൂമിയുടെ പ്രശ്നങ്ങള്‍ എങ്ങനെ പരസ്പരബന്ധിതമാണെന്നു ചിത്രീകരിക്കാന്‍ 54 രാജ്യങ്ങളിലൂടെ ക്യാമറ സഞ്ചരിക്കുന്നുണ്ട്.. ബലൂണിലുടെ ആകാശത്തു സഞ്ചരിച്ചു ക്യാമറ ഒപ്പിയെടുത്തതു അത്ഭുതമുളവാക്കുന്ന ദൃശ്യങ്ങളാണെന്നതില്‍ രണ്ടഭിപ്രായമില്ല. വിവിധ ജന്തുവര്‍ഗ്ഗങ്ങളുടെ സൃഷ്ടിയും പരിണാമവും ചര്‍ച്ച ചെയ്യുന്ന സിനിമ മനുഷ്യവര്‍ഗ്ഗം വരെയെത്തുന്നു. ആദ്യകാലത്ത് പ്രകൃതിയുമായി സമരസപ്പെട്ട് സമാധാനപരമായി ജീവിച്ച മനുഷ്യന്‍ ജനസംഖ്യാവര്‍ദ്ധനവിലൂടെയും എണ്ണയുടെ കണ്ടെത്തലിലൂടെയും സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന കാഴ്ചകളിലൂടെ ഒരു കാര്യം ഉറപ്പിക്കുന്നു.. ഈ ദുരന്തങ്ങളുടെയെല്ലാം ഏക ഉത്തരവാദി മനുഷ്യന്‍ മാത്രമാണെന്ന യാഥാര്‍ത്ഥ്യം..

ലോകജനസംഖ്യയുടെ 20% ലോകത്തിലെ വിഭവത്തിന്റെ 80% ഉപഭോഗം ചെയ്യുന്നു.

മലിനജലം കുടിക്കുന്നതിനാല്‍ ലോകത്ത് പ്രതിദിനം 5000 ആളുകള്‍ മരണപ്പെടുന്നു.

ലോകത്ത് കച്ചവടം ചെയ്യപ്പെടുന്ന ധാന്യങ്ങളില്‍ പകുതിയിലധികവും ഉപയോഗിക്കുന്നത് മൃഗങ്ങളുടെ ഭക്ഷണത്തിനും ബയോഇന്ധനത്തിനുമാണ്.

ലോകത്തുള്ള ജന്തുവര്‍ഗ്ഗങ്ങളുടെ എണ്ണം ഭീതിതമായി കുറയുന്നു.

ലോകത്തെ കാട് കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 40% നശിച്ചു/നശിപ്പിച്ചു..

അന്റാര്‍ട്ടിക്കയിലെ ഐസ് പാളികളുടെ കനം അപകടകരമാം വിധം കുറഞ്ഞിരിക്കുന്നു..

ആഗോളതാപനത്തിന്റെ ഉയര്‍ച്ച അപകടകരമായി വര്‍ദ്ധിച്ചത്.

തുടങ്ങി മനുഷ്യനും വികസിതരാജ്യങ്ങളും ഗൗരവമായി പരിഗണിക്കപ്പെടേണ്ട സാമൂഹ്യപ്രസക്തമായ 13 കാര്യങ്ങള്‍ പ്രേക്ഷകചിന്തയിലേക്കു പ്രദാനം ചെയ്തുകൊണ്ടാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.. അപ്പോഴും കാഴ്ചയുടെ മായികലോകത്തില്‍ എത്തിപ്പെട്ട അനുഭവം പ്രേക്ഷകനില്‍ ബാക്കിയാവുന്നു..

88000 ആളുകള്‍ ഈ ഡോക്യുമെന്ററിക്കു വേണ്ടി അണിയറയില്‍ പ്രവര്‍ത്തിച്ചതായി വെളിപ്പെടുത്തുന്നു..

U can watch it in http://www.youtube.com/watch?v=jqxENMKaeCU

Wednesday, July 7, 2010

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധി

ആവിഷ്കാരസ്വാതന്ത്ര്യമെന്നത് പല ഘട്ടങ്ങളിലായി വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതുമായ ഒരു വിഷയമാണ്.. സല്‍മാന്‍ റുഷ്ദി, തസ്ലീമ നസ്രീന്‍, എം.എഫ്. ഹുസൈന്‍, കൃസ്തുവിന്റെ അന്ത്യപ്രലോഭനം എഴുതിയ വ്യക്തി കസന്ദ് സാക്കിസ് തുടങ്ങി കേരളീയര്‍ക്കു പരിചിതമായ ആവിഷ്കാരസ്വാതന്ത്ര്യ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നവര്‍...
യഥാര്‍ത്ഥത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യമെന്നാല്‍ എന്തും എഴുതാനും അവതരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമാണോ..? അതോ അതിനു പരിധിയുണ്ടോ..? മേല്പറഞ്ഞ വ്യക്തികളെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടത് അവരുടെ ചില കൃതികള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നതായിരുന്നു.. സല്‍മാന്‍ റുഷ്ദിയുടെ സാത്താന്റെ വചനങ്ങളും, തസ്ലീമയുടെ ലജ്ജയും, എം.എഫ്.ഹുസൈന്റെ ഹിന്ദു ദൈവങ്ങളെ മോശമായ വിധം ചിത്രീകരിച്ചതും, ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തില്‍ ക്രിസ്തുദേവനെ വികലപ്പെടുത്തുന്നതും ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ വരുമോ..? വരുമെങ്കില്‍ അത്തരം ആവിഷ്കാരസ്വാതന്ത്ര്യം വര്‍ഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കാനേ ഉപകരിക്കുകയുള്ളൂ.. കാരണം ഇന്നത്തെ സാഹചര്യത്തില്‍ മുറിപ്പെടുന്ന വിഭാഗം പ്രതിഷേധിക്കുമ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിക്കുന്നു.. ഇത്തരം പ്രവൃത്തികള്‍ വര്‍ഗ്ഗീയധ്രുവീകരണത്തിനു ആക്കം കൂട്ടും..
മതവിശ്വാസം, ദൈവം എന്നതെല്ലാം ഓരോരുത്തരുടേയും മനസ്സില്‍ വ്യത്യസ്ത രീതിയിലാണു കുടികൊള്ളുന്നത്.. ചിലര്‍ക്കു അതു ജീവിതമാണ്, ചിലര്‍ക്കു സങ്കടങ്ങളിലെ സമാധാനമാണ്, മറ്റു ചിലര്‍ക്കു പലതില്‍ നിന്നുള്ള മോചനവും ആശ്വാസവുമാണ്.. അത്തരം വിശ്വാസങ്ങളെ മുറിപ്പെടുത്തുന്ന, ഹനിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം അനുവദനീയമാണോ എന്നു പരിശോധിക്കപ്പെടണം.. മനസ്സില്‍ പുണ്യമായി കരുതുന്ന, മഹനീയമായി കരുതുന്ന, എന്തിനും അത്താണിയായി കരുതുന്ന ദൈവത്തെ, മതത്തെ, പ്രവാചകനെ, ദൈവപുത്രനെ അവഹേളിക്കുന്നതിനെ ഒരിക്കലും ന്യായീകരിക്കാനാവില്ല.. വിമര്‍ശനമാവാം, എതിര്‍പ്പുകളാവാം, വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയാം.. പക്ഷേ അതു അവഹേളനമാകരുത്.. നിന്ദിക്കലാകരുത്.. ഇടമറുകിനെപ്പോലുള്ളവര്‍ മതകാര്യങ്ങളിലെ, വിശ്വാസങ്ങളിലെ പലകാര്യങ്ങളേയും വിമര്‍ശിച്ചിട്ടുണ്ട്.. ശാസ്ത്രീയമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.. അതിനെ തിരിച്ചു വിമര്‍ശിക്കുന്നവരും ഉണ്ടല്ലോ.. അതു ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ ആരോഗ്യകരമായ രീതി.. ദൈവത്തെ, പ്രവാചകനെ, ദൈവവപുത്രനെ, വിശുദ്ധ മാതാവിനെ, ദേവിയെ, ദേവനെ മ്ലേച്ഛമായ ഭാഷയില്‍, സഭ്യമല്ലാത്ത ഭാഷയില്‍ ആരെങ്കിലും എഴുതുന്നുവെങ്കില്‍ /ആവിഷ്കരിക്കുന്നുവെങ്കില്‍ അതു ആരോഗ്യകരമായ ആവിഷ്കാരസ്വാതന്ത്ര്യമല്ല..
രാഷ്ട്രീയപാര്‍ട്ടികളേയോ സാംസ്കാരിക സംഘടനകളേയോ സര്‍ക്കാരുകളേയോ കണക്കാക്കുന്നതുപോലെയുള്ള പരിഗണന മതിയാവില്ല മതത്തിനും ദൈവവിശ്വാസത്തിനും.. ഏതു മതത്തിലും ദൈവത്തിലും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്.. അതു പക്ഷേ അവഹേളിക്കാനുള്ള സ്വാതന്ത്ര്യമല്ല.. അഥവാ ആരെങ്കിലും അവഹേളിച്ചാല്‍ അവഹേളിച്ചവരെ ആക്രമിക്കാനോ വധശിക്ഷ നടപ്പാക്കാനോ ഒരു മനുഷ്യനും അധികാരം നല്‍കിയിട്ടില്ല.. നല്ല വിശ്വാസി/ യഥാര്‍ത്ഥ വിശ്വാസി കരുതേണ്ടത് അവഹേളിച്ചവര്‍ക്ക് (എല്ലാം കാണുന്ന, അറിയുന്ന) ദൈവം അര്‍ഹമായ ശിക്ഷ നല്‍കുമെന്നാണ്..
ഇതൊക്കെയാണെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തിനു ഒരു പരിധി നിര്‍ബന്ധമാണ്..

Tuesday, June 8, 2010

വിലയില്ലാത്ത ജീവനുകള്‍..

വിലയില്ലാത്ത ജീവനുകള്‍...

ഇരുപതിനായിരത്തോളം പേര്‍ പിടഞ്ഞു മരിച്ച ഭോപാല്‍ ദുരന്തന്തില്‍ കുറ്റവാളികള്‍ ഉണ്ടെന്നു കോടതി കണ്ടെത്തി.. വാറന്‍ ആന്‍ഡേഴ്സണ്‍(ഒന്നാം പ്രതി) എന്ന പിടികിട്ടാപുള്ളി മാത്രം വിചാരണക്കു എത്തുകയോ സമന്‍സുകള്‍ക്കു പ്രതികരിക്കുകയോ ചെയ്തില്ല.. അദ്ദേഹത്തേയും 1984ല്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കിയെങ്കിലും ജാമ്യം നല്‍കി വിട്ടു.. പിന്നീട് ഇന്ത്യയിലേക്കു വന്നില്ല.. യൂണിയണ്‍ കാര്‍ബൈഡിന്റെ അമേരിക്കന്‍ ആസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു.. 1992മുതല്‍ ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ആന്‍ഡേഴ്സണ്‍ അമേരിക്കയില്‍ സുഖിച്ചു വിലസുകയായിരുന്നു.. 2003ല്‍ ഇന്ത്യ അദ്ദേഹത്തെ വിട്ടു തരണമെന്നു ആദ്യമായി അമേരിക്കയോടു ഔദ്യോഗികമാ‍യി ആവശ്യപ്പെട്ടെങ്കിലും അതു നിരസിക്കപ്പെട്ടു..

യൂണിയന്‍ കാര്‍ബൈഡിന്റെ മറ്റു പ്ലാന്റുകളെ അപേക്ഷിച്ചു ഭോപാലില്‍ ദുരന്തസാധ്യത കൂടുതലാണെന്നു ആരേക്കാളും നന്നായി ബോധ്യമുണ്ടായിരുന്ന വ്യക്തി ആന്‍ഡേഴ്സണ്‍ ആയിരുന്നു..കാരണങ്ങള്‍ പലതാണ്..
1. പരീക്ഷണം നടത്തി മേന്മ ഉറപ്പു വരുത്താത്ത സാങ്കേതികവിദ്യയാണു ഉപയോഗിച്ചത്
2. അപകടകരമായ രീതിയിലായിരുന്നു യന്ത്രസംവിധാനങ്ങളുടെ നിര്‍മ്മാണം
3. സുരക്ഷിതമല്ലാത്ത മേഖലയിലായിരുന്നു.. അതുകൊണ്ടുതന്നെ ചെറിയ പാകപ്പിഴപോലും സൃഷ്ടിക്കാന്‍ സാധ്യതയുള്ള അപകടത്തിന്റെ വ്യാപ്തി വലുതായിരുന്നു
4. സുരക്ഷാസംവിധാനങ്ങളോ ചോര്‍ച്ചയുണ്ടായാല്‍ തടയാനുള്ള സജ്ജീകരണങ്ങളോ ചെലവുചുരുക്കലിനു വേണ്ടി ഒരുക്കിയില്ല.. (ഇതു ആന്‍ഡേഴ്സണിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു..)
ഇതിനെല്ലാം കര്‍ബൈഡിന്റെ ഇന്ത്യന്‍ കമ്പനിക്കു കേവലം 5ലക്ഷം രൂപ പിഴ, പിന്നെ പലവകയായി 1750രൂപയും..!!!
അരുടെയെല്ലാമോ നിഷ്ക്രിയത്വം കൊണ്ടും ബോധപൂര്‍വ്വമായതോ അല്ലാത്തതോ ആയ അശ്രദ്ധ കൊണ്ടോ ഇരകള്‍ക്കു നീതി ലഭിച്ചില്ലയെന്നതു ഒരു വലിയ സത്യം.. (അതുകൊണ്ടാവാം “നീതി കുഴിച്ചുമൂടിയെന്നു” കേന്ദ്രനിയമമന്ത്രി വീരപ്പമൊയിലി പറഞ്ഞത്)

ധാബോളിലെ എന്റോണ്‍ കമ്പനി (അമേരിക്കന്‍ കമ്പനി) മറ്റോരു വിധത്തിലാണ് ഇന്ത്യന്‍ ജനതയെ ചതിച്ചത്.. മഹാരാഷ്ട്രയില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനും അതു സംസ്ഥാനസര്‍ക്കാരിനു യൂണിറ്റിനു 7രൂപ(വില കൃത്യമല്ല) നിരക്കില്‍ വില്ക്കാനും കരാറായി.. അതിനാവശ്യമായ പ്ലാന്റ് സ്ഥാപിക്കാന്‍ ഇന്ത്യയിലെ ബാങ്കില്‍ നിന്നും കടമെടുത്തു.. അതിനു ഗ്യാരണ്ടി (ജാമ്യം) നിന്നതു മഹാരാഷ്ട്ര സര്‍ക്കാരായിരുന്നു.. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളോടൊപ്പം ചില കമ്പനികളും കൂട്ടത്തോടെ പാപ്പരായി.. അതിലൊന്നു എന്റോണ്‍ ആയിരുന്നു.. അവര്‍ പാപ്പരായി അമേരിക്കന്‍ കോടതി അംഗീകരിച്ചതിന്റെ കോപ്പി നല്‍കി പെട്ടിയും മടക്കി ധാബോളില്‍ നിന്നും പോയി.. അവര്‍ക്കു ഒരു നഷ്ടവുമുണ്ടായില്ല.. വൈദ്യതി വിറ്റുണ്ടാക്കിയ ലാഭവും അവര്‍ക്ക്.. ഇന്ത്യന്‍ ബാങ്കിലുള്ള കടത്തിന്റെ ഉത്തരവാദിത്തം മഹാരാഷ്ട്ര സര്‍ക്കാരിനും.. നമ്മുടെ പണമെടുത്ത് (ഇന്ത്യന്‍ ബാങ്ക്) പ്ലാന്റ് തുടങ്ങി ലാഭം പോക്കറ്റിലാക്കി മുങ്ങിയവരുടെ കടവും നമ്മുടെ പണമെടുത്ത്(മഹരാഷ്ട്ര സര്‍ക്കാര്‍ പിരിച്ച നികുതിപ്പണം) വീട്ടേണ്ട അവസ്ഥയിലെത്തി..

ഇനി അടുത്ത മണ്ടത്തരമാണു ആണവബാധ്യതാബില്‍.. അതും അമേരിക്കന്‍ കമ്പനി.. നമ്മുടെ നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും അതീതരായ അമേരിക്കന്‍ കമ്പനി തന്നെയാണു ആണവറിയാക്റ്ററും സപ്ലൈ ചെയ്യുന്നത്.. അതുവഴി എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ മൊത്തം നഷ്ടപരിഹാരം 500കോടിയില്‍ ഒതുക്കണമെന്നതാണു ആണവബാധ്യതാ ബില്ലിലെ മുഖ്യനിബന്ധന.. അതു സമ്മതിച്ചുകൊടുക്കാനാണു മന്മോഹന്‍സിങ് ആ ബില്ല് ലോകസഭയില്‍ പാസ്സാക്കാന്‍ തിടുക്കപ്പെടുന്നത്.. ഇതു ഇന്ത്യന്‍ ജനതയുടെ ഗുണത്തിനാണോ എന്നു വിലയിരുത്തുക.. വീരപ്പമൊയിലിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ ആണവദുരന്തത്തിന്റെ സമ്പൂര്‍ണ്ണബാധ്യത ഏറ്റെടുക്കാന്‍ (റഷ്യയേയും ഫ്രാന്‍സിനേയും പോലെ) അമേരിക്കന്‍ കമ്പനിയെ സമ്മതിപ്പിക്കുകയാണു വേണ്ടത്.. ചെര്‍ണോബില്‍ ദുരന്തത്തില്‍ മരണപ്പെട്ടതു 6000ത്തോളം ആളുകളായിരുന്നു.. ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യന്‍ സാ‍ഹചര്യത്തില്‍ ഒരു ദുരന്തമുണ്ടായാല്‍ നഷ്ടം അതിലും എത്രയോ കൂടുമെന്നു സംശയമില്ല.. അതുകൊണ്ടു വിദേശകമ്പനികളെ സഹായിക്കുമ്പോള്‍ സ്വന്തം ജനതയെ മറന്നുകൊണ്ടാകരുത്..

ദുരന്തം തന്നെ ഒരു ജനതക്കു സമ്മാനിക്കുന്നത് തീരനഷ്ടമാണ്.. നഷ്ടപരിഹാരം പോലും നല്‍കാതെ അവരെ തീരാദുരിതത്തിലേക്കു നയിക്കുകയും അവഹേളിക്കുകയുമാണ്.. ഇതു ഇനിയും അനുവദിക്കരുത്..

Monday, May 31, 2010

ഇറാന്‍ സിനിമയിലെ സ്ത്രീസാന്നിധ്യം..

എം.എ.ലത്തീഫ്

സ്ത്രീ-പുരുഷ സമത്വം സാമൂഹ്യഘടനയുടെ ആധാരശിലകളിലൊന്നായി കാണുന്ന ആധുനിക സമൂഹം ചലചിത്രരംഗത്തേക്കു എത്ര വനിതാപ്രതിഭകളെ സംഭാവന ചെയ്തു എന്നു പരിശോധിക്കുമ്പോഴാണ് പുരുഷമേധാവിത്വം അചഞ്ചലമായി വാഴുന്ന മതാധിഷ്ഠിത ഇറാനിയന്‍ സമൂഹത്തില്‍ നിന്നു ആചാര്യസ്ഥാനത്തേക്കുയര്‍ന്ന ഇറാനിയന്‍ വനിതാസംവിധായകരുടെ ചരിത്രപരമായ പ്രാധാന്യം നമുക്കു ബോധ്യമാവുന്നത്. ലൈംഗികതയുടെ അതിപ്രസരവും അക്രമങ്ങളും കുത്തിനിറച്ച ജീവനില്ലാത്ത ഹോളിവുഢ് സിനിമകളുടേയും കാല്പനികപ്രണയത്തിന്റെ നിഴലില്‍ നിന്നു പുറത്തു ചാടാനാവാത്ത ബോളിവുഢിന്റേയും ചരിത്രത്തില്‍ കാണാനാവാത്ത സവിശേഷത വിപ്ലവാനന്തര ഇറാനില്‍ സിനിമാരംഗത്തു ദൃശ്യമായിട്ടുണ്ട്. പല അറേബ്യന്‍ നാടുകളുമായി താരതമ്യം ചെയ്താല്‍ കടുത്ത യാഥാസ്ഥികത്വം നിലനില്‍ക്കുന്ന ഇറാനില്‍ സ്ത്രീകളുടെ ഇടം അത്യുന്നതിയിലാണെന്ന അഭിപ്രായമില്ല. എങ്കിലും സാംസ്കാരിക മണ്ഡലങ്ങളില്‍ (പ്രത്യേകിചും സിനിമാരംഗത്ത്) വിശാലമായ പ്രവര്‍ത്തനസാധ്യതകള്‍ അവര്‍ ഒരുക്കിയെടുത്തിരുന്നുവെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഇറാനിയന്‍ സിനിമയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ തഹ്മിന അര്‍ദക്കനി, രഖ്ഷാന്‍ ബനീ‍ ഇത്തിമാദ്, പുരന്‍ ദിരഖ് ഷാന്ദെ തുടങ്ങിയ വനിതാസംവിധായകരെ ഒഴിവാക്കാനാവില്ല. പുത്തന്‍ തലമുറയിലെ തഹ്മിന മിലാനി, സമീറ മഖ്മല്‍ബാഫ്, ഹനാ മഖ്മല്‍ബാഫ്, മാനിയ അക്ബാരി എന്നിവര്‍ ഈ ഗണത്തില്‍ സ്ഥനം നേടിക്കഴിഞ്ഞു..
ഇറാനിലെ സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവാത്തവിധം കഠിനമാണെങ്കിലും സര്‍ക്കാരിന്റെ ഈ കടും പിടുത്തം ചലച്ചിത്രപ്രവര്‍ത്തകരെ പുതിയ ആവിഷ്കാരസാധ്യതകള്‍ കണ്ടെത്തുന്നതിനും വൈവിധ്യമാര്‍ന്ന ഭാവനകള്‍ മെനയുന്നതിനും നിര്‍ബന്ധിതരാക്കുന്നു. ഇതൊരു വിരോധാഭാസമാണെങ്കിലും പരിമിതമായ ഈ തലം പരമാവധി അവര്‍ ഉപയുക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച തിരക്കഥകള്‍ മാത്രമാണു സിനിമയാക്കാന്‍ അനുവാദമുള്ളതെന്നതില്‍ നിന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കടിഞ്ഞാണുകള്‍ ബോധ്യമാവും. ഇത്തരം പ്രതിബന്ധങ്ങളെ മറികടന്നു ഇറാനിലെ വനിതകള്‍ സാക്ഷാത്കരിച്ച സിനിമകള്‍ ലോകസിനിമാവേദികളില്‍ സമ്മാനിതമാവുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രതിബന്ധങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ സംവിധായകരിലെ വനിതാപ്രാതിനിധ്യം താരതമ്യം ചെയ്യേണ്ടതാണ്. അപര്‍ണാസെന്‍ (36 ചൌരംഗിലൈന്‍, മിസ്റ്റര്‍&മിസ്സിസ് അയ്യര്‍), ദീപാ മേത്ത (ഫയര്‍, വാട്ടര്‍. എര്‍ത്ത്), മീരാ നയ്യാര്‍ (സലാം ബോംബെ, മണ്‍സൂണ്‍ വെഡ്ഡിംഗ്) എന്നിവരില്‍ ഒതുങ്ങുകയാണ്. ഈ സംവിധായകരുടെ പ്രമേയങ്ങളേക്കാള്‍ ശക്തമായ ആശയങ്ങളും സങ്കല്പങ്ങളും ഇറാനിലെ വനിതാപ്രതിഭകള്‍ പ്രേക്ഷകര്ര്കു നല്‍കിയിട്ടുണ്ട്. പ്രധാനമായും സ്ത്രീപക്ഷ ആശയമുള്ള രചനകള്‍ ഒരു പുരുഷമേധാവിത്വ മതാധിഷ്ഠിത സമൂഹത്തിലെ കര്‍ക്കശസെന്‍സര്‍ഷിപ്പുകളെ അതിജീവിച്ചു പുറത്തു വരുന്നുവെന്നതു ആശ്ചര്യകരമണ്..
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ വിമര്‍ശനാത്മകവശങ്ങള്‍ സ്ത്രീപക്ഷകാഴ്ചയിലൂടെ (പ്രത്യക്ഷ സംവേദനത്തിലൂടെയല്ലെങ്കിലും) നമുക്കു മുന്നില്‍ അവതരിപ്പിച്ച പ്രധാനിയാ‍യ സിനിമാപ്രവര്‍ത്തകയാണു റഖ്ഷാന്‍ ബനീ ഇത്തിമാദ്. കാനറി യെല്ലോ (1989), ഫോറിന്‍ കറന്‍സി (1990), നര്‍ഗീസ് (1992),ദി ബ്ലൂ വെയ്ല്ഡ് (1995) എന്നിവ ഇതിനു സാക്ഷ്യമാണ്. സ്ത്രീകളെ മാത്രം ബാ‍ധിക്കുന്ന വിഭിന്നങ്ങളായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കുന്ന പുരന്‍ ദിരഖ് ഷാന്ദെയുടെ മ്യൂട്ട് കോണ്ട്രാക്റ്റ് (1986), ലിറ്റില്‍ ബോണ്ട് ഓഫ് ഹാപ്പിനെസ് (1988), പാസിംഗ് ത്രു ദ് മിസ്റ്റ് (1990), ലോസ്റ്റ് ടൈം (1990) എന്നിവ ശ്രദ്ധേയമായ സൃഷ്ടികളാണ്. സ്ത്രീപ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടിയിണക്കി, അധികാരി വര്‍ഗ്ഗത്തിനും മൂക്കുകയറിടുന്നവര്‍ക്കും നേരെ വിരല്‍ ചൂണ്ടാനും മേധാവിത്വങ്ങള്‍ക്കെതിരെ കലഹിക്കാനും തഹ്മിന മിലാനി തെരഞ്ഞെടുത്ത പരോക്ഷമാര്‍ഗ്ഗമാണു സിനിമ. ടൂ വിമന്‍ എന്ന ആദ്യ സിനിമ തന്നെ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തേയും മതമേധാവിത്വത്തേയും ചോദ്യം ചെയ്യുന്നതായിരുന്നു. നിനക്കു അയാള്‍ ഭക്ഷണം തരുന്നില്ലേ, വസ്ത്രം തരുന്നില്ലേ, സംരക്ഷണം തരുന്നില്ലേ, അയാള്‍ മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ലല്ലോ എന്ന മതമേധാവികളുടെ ചോദ്യത്തിനു “ ഞാനൊരു മനുഷ്യജീവി കൂടിയാണ്” എന്ന പെണ്ണിന്റെ മറുപടിയില്‍ ഒട്ടേറെ ഉത്തരങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതില്‍കൂടുതല്‍ സുവ്യക്തതയോടെ അവതരിപ്പിക്കാന്‍ മനസ്സുണ്ടായാലും സെന്‍സര്‍ബോര്‍ഡിന്റെ കത്രിക അനുവദിക്കില്ലെന്ന യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളണം. അവരുടെ രണ്ടാമത്തെ സിനിമ ഇറാന്‍ വിപ്ലവത്തിലെ ചില ഏടുകള്‍ വ്യത്യസ്ത വീക്ഷണകോണില്‍ ദര്‍ശിക്കുന്നതായിരുന്നു. ഇറാനിയന്‍ വിപ്ലവപോരാട്ടങ്ങളില്‍ ഇസ്ലാമിസ്റ്റുകളുടെ കൂടെ തോളോടുതോള്‍ ചേര്‍ന്നു ജീവന്‍ ബലിയര്‍പ്പിച്ച ബുദ്ധിജീവികളേയും കമ്മ്യൂണിസ്റ്റുകളേയും ഇസ്ലാമികഭരണകൂടം രേഖകളില്‍നിന്നു ബോധപൂര്‍വ്വം തിരസ്കരിച്ചുവെങ്കിലും അവരുടെ സംഭാവന ചരിത്രത്തിനു മറക്കനാവില്ല. ലോകത്തിനു മുന്നില്‍ തുറന്ന പുസ്തകമായി നിലനില്‍കുന്ന അത്തരം ചരിത്രസത്യങ്ങളെ എത്ര തന്നെ മൂടിവെച്ചാലും അതിന്റെ പ്രകാശകിരണങ്ങള്‍ ജ്വലിക്കാതിരിക്കില്ല. ‘ഹിഢണ്‍ ഹാഫ്’ എന്ന തന്റെ സിനിമയിലൂടെ തിരക്കഥാ പരിശോധനയേയും അതിജീവിച്ചു, ‘രാജ്യത്തിനു വേണ്ടി പോരാടിയ കമ്മ്യൂണിസ്റ്റുകളും ബുദ്ധിജീവികളും ഇന്നെവിടെപ്പോയി’ എന്ന ചോദ്യമുയര്‍ത്തിയതിനു തഹ്മിനയെ കുറ്റവാളിയാക്കി. ഹിഢണ്‍ ഹാഫ് എന്ന നാമകരണത്തിലൂടെ ചരിത്രത്തിന്റെ പകുതി ഒളിപ്പിച്ചതിനെയാണ് അവര്‍ സൂചിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയാണു ഭരണകൂടം അവര്‍ക്കു വിധിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന അതിശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു ശിക്ഷ നാടുകടത്തലായി ചുരുങ്ങി. ഇത്തരം മതിലുകള്‍ ചാടിക്കടക്കാനുള്ള മനോബലം ഇല്ലാത്തതുകൊണ്ടാവാം പരിയാ റിസ്വാനാ സബൂക്കിയെപ്പോലുള്ള വനിതാനിര്‍മ്മാതാക്കള്‍ വിദേശരാജ്യങ്ങളില്‍ വെച്ചു ഇറാന്‍ സിനിമ ചിട്ടപ്പെടുത്തുന്നത്.
ഒരു കുടുംബത്തില്‍ നിന്നു തന്നെ മൂന്നു വനിതാസംവിധായകര്‍ ഉണ്ടായിയെന്നതും അവരുടെ സൃഷ്ടികളെല്ലാം ലോകശ്രദ്ധ പിടിച്ചുപറ്റിയെന്നതും ഒരു ഇറാനിയന്‍ സവിശേഷത മാത്രമായിട്ടല്ല, മറിച്ചു ജനങ്ങളോടു ഏറ്റവും നന്നായി സംവദിക്കുന്ന സിനിമയെന്ന മാധ്യമത്തോടുള്ള ആ കുടുംബത്തിന്റെ പ്രതിബദ്ധതയാണ്. മൊഹ്സിന്‍ മഖ്മല്‍ബാഫ് എന്ന വിഖ്യാത ഇറാനിയന്‍ സംവിധായകന്റെ ഭാര്യ മാര്‍ഷിയേ മെഷ്കിനി, മൂത്തമകള്‍ സമീറ മഖ്മല്‍ബാഫ്, ഇളയമകള്‍ ഹാന മഖ്മല്‍ബാഫ് എന്നിവരാണവര്‍. മഖ്മല്‍ബാഫ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ച സാങ്കേതിക പരിജ്ഞാനത്തേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെട്ടതു പിതാവിന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ച അനുഭവജ്ഞാനം തന്നെയായിരുന്നു. ‘ദി ഡേ ഐ ബികേം എ വുമണ്‍’ എന്ന പ്രഥമ ചിത്രത്തിലൂടെ മെഷ്കിനി വിഷയമാക്കിയതും ഇറാനിലെ സ്ത്രീപദവി തന്നെയായിരുന്നു. ഒന്‍പതു വയസ്സായ ഒരു പെണ്‍കുട്ടി, ഒരു യുവതി, ഒരു വൃദ്ധ എന്നിങ്ങനെ മൂന്നു വിഭാഗത്തെ പ്രതിനിധീകരിച്ചുകൊണ്ടാണു അവര്‍ അതു പ്രതിഫലിപ്പിച്ചത്. മകള്‍ സമീറ പിതാവിന്റെ സിനിമയില്‍ (സൈക്ലിസ്റ്റ്) അഭിനയിച്ചുകൊണ്ടാണു രംഗത്തെത്തിയത്. പതിനെട്ടാം വയസ്സില്‍ ആദ്യസിനിമ ‘ദി ആപ്പിള്‍’. ഇരുപതാം വയസ്സില്‍ ചെയ്ത ‘ബ്ലാക്ക് ബോര്‍ഡ്’ കാന്‍ ഫെസ്റ്റിവലില്‍ അവാര്‍ഡു നേടി. കാനിലെ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ഖ്യാതിയും നേടി. അനിയത്തി ഹാനയുടെ ആദ്യസിനിമ വെനീസ് ചലചിത്രമേളയില്‍ സമ്മാനിതമായി. പക്ഷേ, ആ മേളയിലെ സിനിമകള്‍ കാണാന്‍ പതിനാലികാരിയായിരുന്ന യുവസംവിധായികക്കു അനുവാദമുണ്ടായിരുന്നില്ല. 18 വയസു തികയാത്തവര്‍ക്കു ഫിലിം ഫെസ്റ്റിവലുകളില്‍ പ്രവേശനം അനുവദനീയമല്ല. അതിനു ശേഷം സംവിധാനം ചെയ്ത ബുദ്ധ കൊലാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം, ഗ്രീന്‍ ഡെയ്സ് എന്നിവയും ലോകവേദികളില്‍ പുരസ്കാരങ്ങള്‍ നേടി.

ഇറാനിലെ പര്‍ദ്ദക്കുള്ളില്‍ നിന്നും ഇച്ഛാശക്തിയുള്ള, പ്രതിബന്ധങ്ങള്‍ തരണം ചെയ്യാന്‍ ആര്‍ജ്ജവമുള്ള, സാംസ്കാരികാവബോധമുള്ള, സാമൂഹ്യപ്രതിബദ്ധതയുള്ള മേല്‍ പരാമര്‍ശിക്കപ്പെട്ട വനിതകള്‍ സ്ത്രീപക്ഷചിന്തകള്‍ തന്മയത്വത്തോടെ പ്രായോഗികമായി ഫലപ്രാപ്തിയിലെത്തിച്ചവരാണ്. ആവിഷ്കാരപരിമിതികള്‍ക്കകത്തുനിന്നു ഉദിച്ചുവന്ന ഈ വനിതാപ്രതിഭകള്‍ സൂചകങ്ങള്‍ മാത്രം. അങ്ങിനെയെങ്കില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വിശാലഭൂമിക നിലനില്‍കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വനിതാപ്രതിഭകളുടെ ദാരിദ്ര്യത്തിനു ഏതു ആധിപത്യത്തെയാണു നാം കുറ്റപ്പെടുത്തുക..? മൂന്നിലൊന്നു സംവരണം കൊണ്ടെങ്കിലും രംഗത്തിറങ്ങുവാന്‍ നിര്‍ബദ്ധരാവുന്നവരില്‍ ഒരു വിഭാഗമെങ്കിലും ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കാം.. അതിനും വനിതാസംവരണം യാഥാര്‍ത്ഥ്യമാവണം..